ADVERTISEMENT

രാജീവ് എന്താണിത്??? കരഞ്ഞു വീർത്ത കണ്ണുകൾക്കും ഇടറിയ ശബ്ദത്തിനുമൊപ്പം പുറത്തേക്ക് വന്ന വാക്കുകളും ഹൃദയം പോലെ മുറിവേറ്റിരുന്നു… "Enough സ്നേഹ… enough… എന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത് ഇന്ന് കൊണ്ട് അവസാനിപ്പിച്ചിരിക്കണം… ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നു… I cant accept you anymore… ഒരു കാലത്തു നാടും വീടും വീട്ടുകാരെയും പേടിച്ചിട്ടാണ് ഈ രാജീവ് നിന്നെപ്പോലൊരു അബദ്ധത്തെ തലയിൽ എടുത്ത് വച്ചത്… പക്ഷേ ഇപ്പൊ… I don’t want to live like this… I need happiness. റിയ പുറത്ത് കാറിൽ ഉണ്ട്…. ഇനി ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കണ്ട കാര്യം ഇല്ല… ഇത് ഡിവോഴ്സ് പേപ്പർ ആണ്… ഒപ്പിട്ടു തരണം… ആവശ്യമുള്ള പൈസ നിനക്ക് എഴുതി ചേർക്കാം.. പക്ഷേ എല്ലാം ഇവിടം കൊണ്ട് അവസാനിച്ചിരിക്കണം…" രാജീവ് അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി പുറത്തെ കതക് വലിച്ചടച്ചു ഇറങ്ങിപ്പോയി… ഒരു വലിയ ശബ്ദത്തോടെ ഡോർ വന്നു അടഞ്ഞതും സ്നേഹ തന്റെ തകർന്ന ഹൃദയവുമായി പടികളിലേക്ക് ഊർന്നു വീണിരുന്നതും ഒന്നിച്ചായിരിന്നു.

എട്ടു വർഷങ്ങൾക്കു മുൻപ് നിറയെ മോഹങ്ങളുമായി രാജീവിന്റെ ജീവിതത്തിലേക്ക് കയറി വരുമ്പോൾ തുടർന്ന് പഠിക്കണമെന്നോ ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്നോ മനസ്സിൽ ഒട്ടും തന്നെയില്ലായിരുന്നു… ആഴ്ചപതിപ്പിലെയും സീരിയലുകളിലെയും പെൺ കഥാപാത്രങ്ങളെ നെഞ്ചിലേറ്റി കൊണ്ട് നടന്നിരുന്ന ഒരു സാധാരണക്കാരിയായ നാട്ടിൻപുറത്തുകാരിക്ക് പട്ടണത്തിന്റെ ചൂടും ചൂരിനും ഒത്തു മാറിമറിയാൻ കഴിഞ്ഞിരുന്നില്ല… ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെ കുറിച്ച് അറിവുണ്ടായിട്ടും തകർന്ന് പോയേക്കാവുന്ന ദാമ്പത്യത്തെ നിലനിർത്താൻ വേണ്ടി പറഞ്ഞു പഠിപ്പിച്ച സഹനത്തെ വാരിയെടുത്തണിഞ്ഞു കാണാതെയും കേൾക്കാതെയും കടന്നു പോയത് തെറ്റായി പോയി എന്ന് ഇന്നത്തെ രാജീവിന്റെ ഇറങ്ങി പോക്ക് മനസ്സിലാക്കി തരുന്നുണ്ട്.. ചുവരിലെ കല്യാണഫോട്ടോ തന്നെ നോക്കി അന്തസ്സായി കൊഞ്ഞനം കുത്തുന്നപോലെ അവൾക്ക് തോന്നി. തുടർന്നൊരു ജീവിതമില്ലെന്ന മിഥ്യധാരണയിൽ ഒരു മുഴം കയറിൽ ഭംഗിയായി കുരുക്ക് മെടഞ്ഞവൾ ഫാനിലേക്ക് എറിഞ്ഞിട്ടു..

കൃത്യം ലക്ഷ്യസ്ഥാനം കണ്ടു. മരണം പോലും അവൾക്കായി കാത്തു നിൽക്കുന്നതുപോലെ. ആത്മഹത്യയുടെ പതിവുകളൊന്നും തെറ്റിക്കാതെ അത്യാവശ്യം ഹൃദയസ്പർശിയായി തന്നെ ഒരു കടലാസെടുത്തു എഴുതാൻ തുടങ്ങിയെങ്കിലും പാതിവഴിയിൽ ചുരുട്ടി പുറത്തേക്കെറിഞ്ഞ പേപ്പർ കഷണം അവളെ നോക്കി അന്തം വിട്ടു നിന്നു. ആഘോഷിക്കട്ടെ… എന്റെ മരണത്തിന്റെ കാരണം തേടി ചൂടുപിടിച്ച ചർച്ചകൾ ഉണ്ടാകട്ടെ… അങ്ങനെയെങ്കിലും ഞാൻ ജീവിച്ചിരുന്നതായി പലരും അറിയട്ടെ… കുരുക്ക് കഴുത്തിലേക്ക് അടുപ്പിക്കും തോറും ഇനിയൊരിക്കലും മിടിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയിട്ടെന്നപോലെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു… തൊണ്ട വരണ്ടു തെക്കെപുറത്തെ വയലുപോലെ ഒരിറ്റു നീരിനായി കേണു. വിറയാർന്ന കൈകളോടെയും വിയർപ്പ് പൊടിഞ്ഞ ശരീരത്തോടെയും കഴുത്തിന്റെ താഴത്തെഞരമ്പിലേക്ക് കുരുക്കിനെ അവൾ ചേർത്ത് വച്ചു. രാത്രിയുടെ നിശബ്ദതയ്ക്ക് അവളുടെ ഹൃദയതാളം മുറിവേൽപ്പിച്ചുകൊണ്ടേയിരുന്നു.

പെട്ടെന്നാണ് ഫോണിലെ നോട്ടിഫിക്കേഷൻ ബാർ തെളിഞ്ഞു വന്നത്. മരിച്ചു ചിതയിലോട്ട് എടുക്കുമ്പോഴും നോട്ടിഫിക്കേഷൻ കേട്ടാൽ ഉയർത്തെഴുന്നേറ്റുവരുന്ന ഏതൊരുവനെയും പോലെ അവളും മേശ ലക്ഷ്യമാക്കി നടന്നു. സ്നേഹ ഫോൺ കൈയ്യിലേക്കെടുത്തു ഹായ്… ഞാൻ ഹരി… നിങ്ങളുടെ കഥകൾ വായിച്ചു. വല്ലാത്തൊരു ജീവനുണ്ട്. ഇനിയും എഴുതണം. തനിക്ക് മുന്നിൽ തെളിഞ്ഞു വന്ന അക്ഷരങ്ങളിലേക്ക് ഒന്നുകൂടി അവൾ കണ്ണുകൂർപ്പിച്ചു. ഏട്ടാം ക്ലാസ്സിലെ ലളിത ഗാന മത്സരത്തിനു ശേഷം തന്റെ സൃഷ്ടികളെ ഒരാൾ അംഗീകരിച്ചു രണ്ട് വാക്കുകൾ പറയുന്നത് ഇന്നാണ്. ഒന്നും ആലോചിക്കാതെ തന്നെ തിരികെ മറുപടി നൽകി… എനിക്കായി കുറിച്ച രണ്ട് വരിക്കും നീക്കി വച്ച സമയത്തിനും നന്ദി.. തിരികെ എത്തിയ സ്മൈലിയിൽ പതിയെ വിരലോടിക്കുമ്പോൾ ഫാനിൽ തൂങ്ങിയാടുന്ന കുരുക്കിനെ അവൾ മറന്നു പോയിരുന്നു. തന്നെ അംഗീകരിച്ച വാക്കുകളോട് തോന്നിയ ആകർഷണമോ എന്തോ അയാളിലേക്ക് അവളെ കൂടുതൽ അടുപ്പിച്ചു നിർത്തി. നാല് ദിവസങ്ങൾക്കു ശേഷം ഫാനിലെ കുരുക്കിനെ അഴിച്ചു മാറ്റുമ്പോൾ കണ്ണുകളോടൊപ്പം മനസ്സും നിറഞ്ഞിരുന്നു..

"ഹരി.. ഫ്രീ ആണോ???" "ഹേയ്… അല്ലന്നെ… കുറച്ചു കാര്യങ്ങൾ ഉണ്ട്.. വേഗം എത്താം." ഒരാൾക്കായി കാത്തിരിക്കുക അയാളെ മാത്രം ഓർമ്മിക്കുക അയാൾക്കായി സമയത്തെ മുഴുവൻ പണയപ്പെടുത്തുക എന്നോ വറ്റിവരണ്ടുപോയ പ്രണയത്തിന്റെ നാമ്പുകൾ മൊട്ടിട്ടു പോരുന്നത് അവൾ അറിഞ്ഞിരുന്നു.. പക്ഷേ തളിർക്കാൻ ഒരുങ്ങിയിറങ്ങുമ്പോഴേക്കും അവൾക്കുള്ളിലെ അത്യഹത്തിന്റെ ഏടുകൾ തലപൊക്കി പുറത്തുവരികയും അവയെ പിഴുത് ദൂരേക്ക് എറിയുകയും ചെയ്തു. ചീറിപ്പായുന്ന വണ്ടികൾക്കടിയിലും നടന്നു നീങ്ങുന്ന മനുഷ്യരുടെ കാലടികളിലും പെട്ടു ചതഞ്ഞരഞ്ഞു ചോരവാർന്നവ പരലോകം പൂണ്ടുകൊണ്ടിരുന്നു. "സ്നേഹ…. ഞാൻ നിന്നോട് ഒന്ന് ചോദിക്കട്ടെ??" "ഹാ.. പറയു ഹരി…" "എനിക്ക് നിന്നോട് സംസാരിക്കാതെ കഴിയുന്നില്ല... നീ എന്നിൽ നിന്നും അകന്നു പോകുമോ??? നമ്മൾ നാളെ പിരിയുമോ??" ഞാൻ.. ഹരി എന്താണ് ഉദ്ദേശിക്കുന്നത്..?? "സ്നേഹ.. എനിക്ക് നിന്നോട് പ്രണയമാണോ???" "ഹരി മതിയാക്കു… ഈ സംസാരം നമുക്ക് ഇവിടെ വച്ച് അവസാനിപ്പിക്കാം…." "സ്നേഹ നിനക്ക് എന്നെ സ്വീകരിച്ചുകൂടെ…." "ഹരി മതി… ഞാൻ പോവാണ്…."

ഫോൺ ലോക്ക്‌ ചെയ്ത് ബെഡിലേക്ക് വീഴുമ്പോഴും ചിന്തകളും വികാരങ്ങളും തമ്മിലുള്ള മൽപ്പിടുത്തമായിരുന്നു.. തന്നിലും പത്തുവയസ് ഇളയ ഒരു 23 വയസുകാരനോട് ഭർത്താവ് ഉപേക്ഷിച്ച തനിക്ക് തോന്നുന്ന പ്രണയത്തെ സമൂഹം എന്ത് വിളിക്കും??? ഈ സമൂഹത്തിൽ അയാളോടൊപ്പം ജീവിച്ചാൽ തന്നെക്കുറിച്ചു കേൾക്കാൻ പോകുന്ന അപവാദങ്ങളെ എങ്ങനെ സഹിക്കാൻ കഴിയും??? ആരായിരിക്കും പ്രണയത്തിനും വിവാഹത്തിനും ജാതിയും മതവും പ്രായവും ജോലിയും ഒക്കെ മാനദണ്ഡങ്ങൾ ആക്കിയിട്ടുണ്ടാവുക?? നിറഞ്ഞു കവിയുന്ന ഇൻബോക്സിലെ മെസ്സേജുകളിൽ നിന്നു കണ്ണുകളും കൈയ്യും ബ്ലോക്ക് ഓപ്ഷനിലേക്ക്‌ ചേക്കേറിയതും ജീവിതത്തിൽ നിന്നും ഹരി എന്ന രണ്ട് അക്ഷരത്തെ മായിച്ചു കളയാൻ ശ്രമിക്കുന്നതും അവൾ പതിയെ അറിഞ്ഞു. ഇല്ല മനസ്സ് ഇപ്പോഴും ഹരിയോടൊപ്പമാണ്… പക്ഷേ വേണ്ട… രണ്ട് ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്കു മടങ്ങി സ്വന്തം കാലിൽ നിൽക്കണം. മുടങ്ങിയ ആഗ്രഹങ്ങളെ പൊടിതട്ടി എടുക്കണം… ഹരിയോടുള്ളത് പ്രണയമാണോ ആകർഷണമാണോ ഒന്നും അറിയില്ല…. ജീവിതത്തെയും നഷ്ടപ്പെട്ടുപോയ സന്തോഷത്തെയും തിരികെ തന്ന മനുഷ്യനോടും നാല് ദിവസത്തോടും ജീവിതം മുഴുവൻ കടപ്പെട്ടിരിക്കും.. ആരാലും കൊത്തിവലിക്കാതെ സമാധാനമായുള്ള ഒരു ജീവിതമെങ്കിലും ഞാൻ അയാൾക്ക്‌ പകരം കൊടുക്കണ്ടേ… രാജീവിന് കഴിഞ്ഞത് എനിക്ക് കഴിയാത്തത് എന്തായിരിക്കും?? 

പഴകിയ ചിന്തകളും, പൂട്ടികെട്ടിയ ബാഗുകളുമായി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നടുക്കുമ്പോളും ഫോൺ ചിലയ്ക്കുന്നുണ്ടായിരുന്നു… രണ്ട് ദിവസമായി ഹരിയുടെ നമ്പറിൽ നിന്നും കാളുകളോ മെസ്സേജുകളോ ഉണ്ടായിട്ടില്ല. അത്കൊണ്ട് തന്നെ തനിക്ക് വേണ്ടാത്ത ശബ്ദങ്ങളെ കാറ്റിന് വിട്ടുകൊടുത്തു ട്രെയിൻ കയറി.. അടിച്ചു കേറുന്ന കാറ്റിൽ പറന്നു കളിക്കുന്ന തലമുടികളെ ഒന്നാകാൻ വിട്ടു കൊടുത്തു ഡോറിനരികിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് ഫോൺ വീണ്ടും നിലവിളിച്ചത്. 6,7 മിസ്സ്കാൾ… പരിചയമില്ലാത്ത നമ്പറിന്നുള്ള ഇത്രയും കോളുകൾ എന്തെന്നില്ലാത്ത ഭീതി വാരി വിതറി… അടുത്ത റിങ്ങിൽ ഫോൺ എടുത്ത് ചെവിയോട് ചേർത്തു… ഹലോ??? സ്നേഹ??? സ്നേഹ അല്ലേ… ഇത്… ഇത്… ഞാൻ… അലക്സ്… ഹരി എന്ന് പറയുന്ന ഒരാളെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ജനറൽ ഹോസ്പിറ്റലിൽ ആക്സിഡന്റ് ആയി എത്തിച്ചിട്ടുണ്ട്… നിങ്ങളെ കാൾ ഹിസ്റ്ററി നോക്കി വിളിച്ചതാ... ആൾ മരിച്ചു… ഞാൻ ഇത് ആരെയാണ് അറിയിക്കേണ്ടത്… അയാളുടെ ഫോൺ ഓഫ്‌ ആയിപോയി… പ്ലീസ് ഒന്ന് സഹായിക്കു…

ഒരു ഇടിതീ പോലെ ആ വാക്കുകൾ ട്രെയിനിന്റെ ശബ്ദത്തിലും മേലെ സഞ്ചരിച്ചു അവളുടെ കാതുകളിൽ മുഴങ്ങി… പാഞ്ഞുപോകുന്ന ട്രെയിനിന്റെ ഡോറിനരികിൽ ഒരു മരപ്പാവ കണക്കെയവൾ നിന്നു… തന്നിലെ കണ്ണുനീരിന്റെ ഉറവയെ പാതിവഴിയിലെവിടെയോ ദിശതെറ്റി മാറിയൊഴുകാൻ വിട്ടുകൊടുത്തു ആർത്തുകരയുന്ന മനസ്സിനെയും ചോരപൊടിയുന്ന ഹൃദയത്തെയും ചിന്തയുടെ പൊടികളാൽ പൊത്തിപ്പിടിച്ചവൾ പതിയെ പറഞ്ഞു… “റോങ് നമ്പർ..“

Content Summary: Malayalam Short Story ' Wrong Number ' Written by Navaneetha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com