'തട്ടിക്കൊണ്ടുപ്പോയി, നഗ്നനാക്കി കാട്ടിലുപേക്ഷിച്ചു'; മുന്നിൽ രണ്ട് സിംഹക്കുഞ്ഞുങ്ങൾ, മരണം തൊട്ടടുത്ത്..
Mail This Article
കുർബാന കഴിഞ്ഞ് ബലിപീഠത്തിൽ വിരിച്ചിരുന്ന തുണികളും കാസയും പീലാസയുമൊക്കെ തോൾ സഞ്ചിയിലാക്കുമ്പോഴാണ് ഇബാദ കാഴ്ചവസ്തുക്കളെക്കുറിച്ച് സൂചിപ്പിച്ചത്. ഇത്തവണ പതിവിലും കൂടുതലുണ്ട്. അതിൽ തന്നെ ചേമ്പും വാഴക്കയും കസാവയുമാണ് കൂടുതൽ. കാഴ്ചവസ്തുക്കളെല്ലാം വെഞ്ചിരിച്ചു കഴിയുമ്പോൾ കുർബാനയ്ക്ക് വന്നവർക്കിടയിൽ തന്നെ പങ്കുവെക്കലാണ് പതിവ്. പലരും മണിക്കൂറുകളോളം കാൽനടയായും തലച്ചുമടായും കൊണ്ടുവന്നതാണ്. ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് എല്ലാവരും പള്ളിയിൽ എത്തുന്നത്. നേരംവൈകൽ ആഫ്രിക്കയിൽ ഒരു വിഷയമല്ല. വിശിഷ്ടാതിഥികളെത്തി എന്ത് പരിപാടി തുടങ്ങാനും ആറേഴു മണിക്കൂറുകൾ കാത്തിരിക്കാനുള്ള ക്ഷമ അവർക്കുണ്ട്. ഇബാദ പറയുന്നതിനു മുൻപേ പലരും കായ് കറികളെടുത്ത് തൊലി കളഞ്ഞ് നുറുക്കി അടുപ്പത്ത് വെച്ചിരിക്കുന്ന കലങ്ങളിലിട്ട് തിളപ്പിക്കാൻ തുടങ്ങിയിരുന്നു. പുല്ലുമേഞ്ഞ പള്ളിക്കകത്ത് കഷ്ടിച്ച് ഇരുപത്തഞ്ച് പേർക്ക് നിൽക്കാവുന്ന സ്ഥലമേ ഉള്ളൂ. ചുമരുകൾ മുളകൾ അടുക്കി കെട്ടിയുണ്ടാക്കിയതാണ്.
ഇബാദയുടെ അച്ഛനാണ് അൾത്താരയ്ക്ക് വേണ്ട 'ഐറോക്കൊ' മരം കണ്ടെത്തി മുറിച്ചു കൊണ്ടു വന്ന് ചെത്തി മിനുക്കിയെടുത്തത്. കട്ടിയുള്ള ഐറോക്കൊ മരത്തടി കൊണ്ടുണ്ടാക്കിയ ബലിപീഠം പള്ളിക്കകത്ത് സ്ഥാപിച്ചെങ്കിലും മിക്കപ്പോഴും കുർബാന പള്ളിക്ക് പുറത്താണ് നടത്താറ്. താൽക്കാലികമായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ബെഞ്ചാണിപ്പോൾ ബലിപീഠം. വാഴയ്ക്ക കുറുക്കിന്റെയും കസാവ പുഴുങ്ങുന്നതിന്റെയും മണം മൂക്കിലടിച്ചു കയറാൻ തുടങ്ങിയപ്പോൾ വിശപ്പേറി വന്നു. മഞ്ഞളിട്ട് പുഴുങ്ങിയ കസാവ കണ്ടപ്പോൾ പണ്ട് പള്ളിക്കൂടത്തിൽ പഠിച്ചിരുന്നപ്പോഴത്തെ സേവനവാരമാണ് ഓർമ്മയിൽ വരുന്നത്. കാടുപിടിച്ച റോഡുകളും തോടുകളും വൃത്തിയാക്കുന്നതിനിടയിൽ ചെണ്ടൻ കപ്പ പുഴുങ്ങിയതും ചമ്മന്തിയും കിട്ടുമായിരുന്നു. നന്നായി വെന്തുടഞ്ഞതൊരെണ്ണം കിട്ടിയാൽ ഇത് 'മലങ്കൊള്ളിയാടാ' എന്നും പറഞ്ഞ് കൂട്ടുകാർക്കൊക്കെ പങ്കുവെയ്ക്കും.
അത്യാവശ്യ സാധനങ്ങളൊക്കെ പൊതിഞ്ഞ് സഞ്ചിയിലാക്കി ഇബാദയുടെ ബൈക്കിന്റെ പുറകിൽ കയറി ബസ്സ്റ്റോപ്പിലേക്ക് വിട്ടു. ഇനി അധികമിവിടെ നിന്നാൽ അരൂഷയിൽ ചെല്ലുമ്പോൾ നേരമിരുട്ടും. പള്ളിയിലെ കാര്യങ്ങളൊക്കെ ഇബാദ നോക്കിക്കൊള്ളും. ബൈക്കിന്റെ നെഞ്ചിടിക്കുന്ന ശബ്ദത്തിനിടയിൽ പള്ളിയിൽ കൂടിയിരുന്നവരുടെ പാട്ടിന്റെ ഈണം അലിഞ്ഞലിഞ്ഞില്ലാതായി. ഒരു ദിവസം മൊമല്ലെയിലെ ഗ്രാമത്തിൽ താമസിക്കണമെന്ന് ഇബാദ പറയാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. മൊമെല്ലയിൽ കുർബാനയ്ക്ക് വരുന്നത് മാസത്തിലൊരിക്കലാണ്. കാടിനോട് ചേർന്ന ഗ്രാമത്തിൽ വന്യമൃഗങ്ങൾ എപ്പോഴുമിറങ്ങും എന്ന് ഇബാദ തന്നെയാണ് പറഞ്ഞു പേടിപ്പിച്ചത്. ഒരിക്കൽ വേട്ടയ്ക്ക് പോയ ഇബാദയുടെ അച്ഛൻ പിന്നെ തിരിച്ചുവന്നില്ല. സിംഹമോ മറ്റോ പിടിച്ചു കൊണ്ടു പോയി കാണും എന്നാണ് ഗ്രാമവാസികൾ പറയുന്നത്. മാസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഇബാദയുടെ അച്ഛന്റെ ജഡമൊന്നും ഇതുവരെ കണ്ടുകിട്ടിയില്ല. അരൂഷയിൽ ചെയ്തുതീർക്കാൻ ഒരുപാട് പണികൾ നിത്യേനയുള്ളതുകൊണ്ട് ഇബാദയുടെയും ഗ്രാമവാസികളുടെയും ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല.
മൊമെല്ലയിൽ നിന്നും അരൂഷയിലേക്കുള്ള ബസ്സിന് പ്രത്യേകിച്ച് സമയമൊന്നുമില്ല. വന്നാലായി വന്നില്ലെങ്കിലായി. അതിനുപകരം ഊസാ റിവർ വരെ ചെന്നെത്തിപ്പെട്ടാൽ അരൂഷയിലേക്കുള്ള ബസ്സ് കിട്ടാൻ എളുപ്പമുണ്ട്. മൊമെല്ല മുതൽ ഊസാ റിവർ വരെയുള്ള റോഡിന് ഇരുവശവും കനത്ത കാടുകളാണ്. ബസ് കാത്തിരുന്ന് മടുത്തപ്പോൾ ഇബാദയോട് ഊസാ റിവർ വരെ കൊണ്ടുവിടാമോന്ന് ചോദിക്കാമായിരുന്നു എന്ന് തോന്നി. പക്ഷേ അവന്റെ ബൈക്കിൽ അത്രയും എണ്ണ കാണാൻ വഴിയില്ല. തന്നെയുമല്ല പള്ളി പിരിഞ്ഞ് ആളുകൾ പോകുന്നത് വരെ ഇബാദയ്ക്കാണ് മേൽനോട്ടം. വരട്ടെ, ബസ് വരാതിരിക്കില്ല എന്നാശ്വസിച്ച് കാടിനരികിലുള്ള വിജനമായ ബസ്സ്റ്റോപ്പിനരികിൽ കണ്ട മരക്കുറ്റിയിൽ ഇരുന്നു. റോഡിനപ്പുറത്തായി മറിഞ്ഞു കിടക്കുന്ന ഒരു വീപ്പയിൽ കുന്തിച്ചിരിക്കുന്ന ഒരു ചെറുക്കനെ കണ്ടു. കൈയ്യിലിരുന്ന വടി കൊണ്ട് അവൻ വെറുതെ നിലത്ത് വരയ്ക്കുകയും നിർന്നിമേഷനായി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
സൊഹൈലി ഭാഷയിൽ അവനോടെന്ത് പറഞ്ഞു തുടങ്ങണം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ജീപ്പ് വരുന്നത് കണ്ടു. മേൽമൂടിയില്ലാത്ത ജീപ്പിൽ നാലുപേർ ഇരിപ്പുണ്ടായിരുന്നു. ഒരാൾക്ക് കൂടി ഇരിക്കാൻ സ്ഥലമുള്ളതുകൊണ്ടും, ഊസാ റിവറിലേക്കുള്ള വഴിയിലേക്കാണ് വരുന്നതും, അതു കൊണ്ടു തന്നെ ഒന്നും ആലോചിക്കാതെ ജീപ്പിന് കൈകാണിച്ച് ചാടിക്കയറി. ജീപ്പോടിച്ചിരുന്നവൻ വെറുതെ മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടിരുന്നതല്ലാതെ വേറെയാരും മിണ്ടുന്നുണ്ടായിരുന്നില്ല. ജീപ്പിലേക്ക് കയറിയെങ്കിലും എന്തോ അസ്വാഭാവികത അനുഭവപ്പെടാൻ തുടങ്ങി. ജീപ്പിൽ ഉണ്ടായിരുന്നവരുടെ നിശബ്ദത ഒരു പരിധിവരെ പേടിപ്പിച്ചു. ജീപ്പ് പുറപ്പെടാൻ തുടങ്ങിയപ്പോൾ ബസ്റ്റോപ്പിലേക്കൊന്ന് തിരിഞ്ഞുനോക്കി. വീപ്പയിൽ ഇരുന്നിരുന്ന ചെറുക്കനപ്പോഴേക്കും എഴുന്നേറ്റ് റോഡിന് നടുവിലായി നിന്ന് ജീപ്പിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖത്തും എന്തോ ഭയം നിഴലിച്ചിരുന്നൊ എന്നൊരു സംശയം. ഊസാ റിവറിൽ എപ്പോഴെത്തും എന്ന് ചോദിച്ചതിന് ജീപ്പിലുണ്ടായിരുന്നവർ ആരും മറുപടി പറഞ്ഞില്ല. ഡ്രൈവറൊഴികെ മറ്റുള്ള മൂന്നുപേരും ഗൗരവം വിടാതെ പുറത്തേക്ക് നോക്കിയിരുന്നു. ഡ്രൈവർ ഇടയ്ക്കിടെ പല്ലിളിക്കുകയും തലവെട്ടിച്ച് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കയറിയത് ശരിയായ വണ്ടിയിലല്ല എന്നൊരു തോന്നൽ കലശലായി ഉണ്ടായി. എങ്ങനെ ഇതിൽ നിന്നും ഇറങ്ങും എന്നുള്ളതായി പിന്നത്തെ ചിന്ത.
ഡ്രൈവർ ഇതിനകം വണ്ടിയുടെ വേഗത കൂട്ടി കാടിനു നടുവിലൂടെയുള്ള പാതയിലേക്ക് തിരിച്ചുവിട്ടു. ഇടതൂർന്ന കാട്ടിലൂടെ വണ്ടി അതിവേഗം പായാൻ തുടങ്ങിയപ്പോൾ വരാൻ പോകുന്ന ആപത്തെന്താകുമെന്ന ആശങ്കയിലായി. ഇവർ കൊള്ളക്കാരൊ അതോ തീവ്രവാദികളോ. ദേഹം മുഴുവൻ ഭയം ഇരച്ചു കയറി. പാതിരിയാണെന്ന് അറിഞ്ഞാൽ ഒരു പക്ഷെ കാട്ടിൽ എവിടെയെങ്കിലും കൊന്നു തള്ളിയേക്കാം. പായുന്ന ജീപ്പിൽ നിന്നും ചാടി രക്ഷപ്പെടുക എളുപ്പമല്ല. എതിർക്കാൻ ശ്രമിച്ചാലത്തെ അവസ്ഥയും വിജയകരമാകണമെന്നില്ല. ദൈവത്തിൽ മുറുകെ വിശ്വസിച്ചു കൊണ്ട് മനസ്സിൽ പ്രാർഥനകൾ ചൊല്ലി. എന്തിനും തയാറായി കാത്തിരിക്കുക തന്നെ. ജീപ്പിനൊരരികിൽ ഇരുന്നതുകൊണ്ട് കുറ്റിച്ചെടികളിലും മരച്ചില്ലകളിലും തട്ടി ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിക്കൊണ്ടിരുന്നു. മരിക്കാൻ പോവുകയാണോ എന്നുള്ള മരവിപ്പിൽ മുറിവുകളിൽ നിന്നും ചോര വന്നതും വേദനിച്ചതും ഒന്നും അറിഞ്ഞില്ല. എത്ര ദൂരം കാട്ടിലൂടെയവർ വണ്ടിയോടിച്ചു എന്നോർമ്മയില്ല. കാട്ടുവഴികളിലെ കുണ്ടിലും കുഴിയിലും വീണ് ജീപ്പാകെ ആടിയുലഞ്ഞ് തലയാകെ പെരുത്ത് മദ്യപിച്ചവനെ പോലെ ലക്ക് കെട്ടിരുന്നു. ഇതിനുമുമ്പ് മൂന്നാറിൽ നിന്നും വെളുപ്പിന് സൂര്യോദയം കാണാൻ കൊളുക്കു മലയിലേക്കുള്ള യാത്രയിലാണ് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടുള്ളത്.
ഡ്രൈവർ ഒരു കുന്നിൻ മുകളിലേക്കാണ് ജീപ്പോടിച്ചു കയറ്റിയത്. ഒരുത്തൻ കഴുത്തിലൊരു കത്തിയും വെച്ച് ജീപ്പിൽ നിന്നും പിടിച്ചിറക്കി, കുന്നിൻപുറത്തെ ഒരൽപം വിജനമായ ഒരിടത്ത് നിൽക്കുന്ന മരത്തിനടുത്ത് കൊണ്ടു നിർത്തി. വേറൊരുത്തൻ വസ്ത്രങ്ങളെല്ലാം ഊരിയെടുത്ത് കൈയ്യിലുണ്ടായിരുന്ന വാച്ചും പോക്കറ്റിൽ കിടന്നിരുന്ന പണവും കൈക്കലാക്കി. മൂന്നാമത്തവൻ ജീപ്പിൽ നിന്നും ഒരു കയറുമായി ഇറങ്ങിവന്ന് കൈകൾ പുറകോട്ടാക്കി മരത്തിനോട് ചേർന്ന് ബന്ധിച്ചു. അപ്പോഴും ഡ്രൈവർ ഇളിച്ചു കൊണ്ടിരുന്നു. തോൾ സഞ്ചിയിൽ ഉണ്ടായിരുന്ന കുർബാനയ്ക്കുള്ള സാധനങ്ങളെല്ലാം അവർ നിലത്തേക്ക് കുടഞ്ഞിട്ടു. കാസയും പിലാശയും സ്വർണ്ണപ്പാത്രങ്ങളാണെന്ന് കരുതിയിട്ടാവണം അതെല്ലാം പെറുക്കി എടുത്തു വീണ്ടും സഞ്ചിയിലാക്കി. ബാക്കിയുള്ള സാധനങ്ങളോടൊപ്പം ഇബാദ പൊതിഞ്ഞ് കെട്ടിക്കൊടുത്ത വാഴയ്ക്കപ്പുഴുക്കും കസ്സാവയും റവയും ചേർത്ത ഒരു ഭക്ഷണവും ഉണ്ടായിരുന്നു. ആ ഭക്ഷണമെങ്കിലും ബാക്കി വെച്ചിട്ട് പോകും എന്ന് കരുതിയെങ്കിലും അതെല്ലാം കൊണ്ടവർ ജീപ്പിൽ കയറി സ്ഥലംകാലിയാക്കി. അറിയാവുന്ന സൊഹൈലി ഭാഷയിലൊക്കെ കെഞ്ചി നോക്കിയെങ്കിലും അവരതൊന്നും ഗൗനിച്ചതേയില്ല. ദേഹോപദ്രവം ഏൽപ്പിക്കാഞ്ഞത് തന്നെ ഭാഗ്യം.
കുന്നിൻ മുകളിൽ നിന്നും താഴോട്ട് നോക്കിയാൽ മനോഹരമായ താഴ്‌വരയാണ്. വിവസ്ത്രനായി മരത്തോട് ചേർത്ത് കെട്ടപ്പെട്ട രീതിയിൽ നിൽക്കുന്ന സമയത്ത് ഈ മനോഹരമായ താഴ്‌വരയുടെ ഭംഗി ആസ്വദിക്കാനേത് മനുഷ്യനും കഴിയില്ല. അക്കേഷ്യാ മരങ്ങൾ നിറഞ്ഞ താഴ്‌വാരത്തിന് നീലപ്പട്ടുടുത്ത ആകാശം. അങ്ങകലെ ആകാശച്ചെരുവിലായി തലയുയർത്തി നിൽക്കുന്ന കിളിമഞ്ചാരോ പർവ്വതം, പടിഞ്ഞാറ് അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. സൂര്യകിരണങ്ങളെ എത്തിപ്പിടിക്കാനെന്നോണം തല നീട്ടിപ്പിടിച്ച് നടന്നു നീങ്ങുന്ന ജിറാഫുകൾ. ബേയുബാബ് മരിച്ചില്ലകളിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാർ. നാളം കുണുങ്ങികളായ സീബ്രകൾ. ദേശാടനപ്പക്ഷികൾ ടാൻസാനിയയിൽ നിന്നും മഡഗാസ്ക്കറിലേക്ക് പറക്കുന്ന കാലമാണ്. അവ കാടിളക്കി മരച്ചില്ലകൾ വിട്ടൊഴിഞ്ഞ് തെക്കോട്ട് പറക്കുന്നത് അതിസുന്ദരമായ കാഴ്ചയാണ്. സന്ദർഭം മറ്റൊന്നായിരുന്നെങ്കിൽ കഥയോ കവിതയോ രചിക്കാനുള്ള ഒരഭിനിവേശം ഉണ്ടായേനെ. കാൽപനികതയിൽ കണ്ടുകൊണ്ടിരുന്ന ദൃശ്യാവിഷ്കാരങ്ങളാണ് കൺമുമ്പിൽ. ഏറ്റവും സന്തോഷിക്കേണ്ട സമയം. നഷ്ടപ്പെട്ടതൊന്നിനെക്കുറിച്ചും ദുഃഖമില്ല. ജീവനോടെ ഈ കാട്ടിൽനിന്നും തിരിച്ചു പോകാനൊരു വഴി, അതു മാത്രമാണിപ്പോൾ ചിന്ത.
താഴ്‌വരയാരംഭിക്കുന്നതിന് തൊട്ടു താഴെയായി കുറ്റിക്കാടിനുള്ളിൽ ആരോ പതുങ്ങുന്നുണ്ടോ എന്നൊരു തോന്നൽ ചിന്തയിലേക്ക് വന്നു. താഴ്‌വരയിൽ നിന്നും ഒരു തെക്കൻ കാറ്റ് ഇരച്ചു കയറി കുന്നിൻ മുകളിലെ ചൂടകറ്റാൻ ശ്രമിക്കുന്നതിനിടയിലും വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. കുറ്റിക്കാടിനുള്ളിൽ അനങ്ങിക്കൊണ്ടിരിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഇടയ്ക്കിടെ അതിന്റെ ചലനം നിൽക്കുന്നുണ്ട്. ഏതെങ്കിലും കാട്ടുമൃഗങ്ങൾ ആയിരിക്കുമോ. പെട്ടെന്നൊരു സിംഹമോ പുലിയോ ചാടി വീഴുന്നത് ഓർത്തപ്പോൾ ശരീരമാകമാനം ഒരു വിറയൽ വന്നു. ഇബാദയുടെ അച്ഛനെക്കുറിച്ചോർത്തു. മൊമെല്ലയിലെ പള്ളിയിൽ വരുന്ന വിശ്വാസികളെ ഓർത്തു. സകല പുണ്യാളൻമാരും മനസ്സിലേക്കോടി വന്നു. എന്തിന്, മരിച്ചുപോയ അപ്പച്ചനും അമ്മച്ചിയും സ്വർഗത്തിലിരുന്ന് വിഷമിക്കുന്നത് കണ്ടു. കുറ്റിക്കാടുകൾക്കിടയിൽ നിന്നും ഏതാനും കണ്ണുകൾ ഉറ്റു നോക്കുന്നുണ്ടോ എന്നൊരു സംശയം. അരൂഷയിലെ സിംഹങ്ങളെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. അവ അതിക്രൂരമായി മനുഷ്യരെ വേട്ടയാടുമെന്ന് ഗ്രാമവാസികൾ പറയാറുണ്ട്. ഈ സമയം രണ്ട് സിംഹക്കുഞ്ഞുങ്ങൾ കാടിനുള്ളിൽ നിന്നും പുറത്ത് വന്ന് മണ്ണിൽ പതിഞ്ഞു കിടന്നു. നോട്ടം മരത്തിലേക്കാണ്. പുറകെ വലിയ സിംഹങ്ങൾ വരാതിരിക്കില്ല.
കെട്ടിയിട്ട കയറുകൾ പൊട്ടിച്ചോടാൻ ഒരു അവസാന ശ്രമം നടത്തിയെങ്കിലും ശരീരം വേദനിച്ചതല്ലാതെ യാതൊന്നും സംഭവിച്ചില്ല. സിംഹക്കുഞ്ഞുങ്ങൾ കണ്ടു കഴിഞ്ഞു. ഇനി അഭ്യാസപ്രകടനങ്ങൾക്ക് പ്രസക്തിയില്ല. അവരൊരുപക്ഷെ ആക്രമിക്കില്ലായിരിക്കും. അവരുടെ പുറകെയെത്തുന്ന സിംഹങ്ങളൊ. അങ്ങകലെ കിളിമഞ്ചാരൊ പർവ്വതങ്ങളെ പ്രകാശിപ്പിച്ചിരുന്ന വെള്ളി വെളിച്ചങ്ങൾക്ക് മങ്ങലേറ്റു തുടങ്ങി. അത് ചുവപ്പാവുകയും രക്തവർണ്ണമാകാൻ തുടങ്ങുകയുമായിരുന്നു. അരൂഷയിലെ ഉൾക്കാടുകളിൽ ഇരുട്ട് പെട്ടെന്ന് പടരും. രക്ഷപ്പെടാൻ ഒരു മാർഗ്ഗവും കാണുന്നില്ല. വലിയ വായിൽ കരയണമെന്നു തോന്നി. അല്ലെങ്കിൽ ഒന്ന് അലറി വിളിച്ചാലൊ. അത് കേട്ട് പേടിച്ച് സിംഹക്കുഞ്ഞുങ്ങൾ ഓടിപ്പോകുമായിരിക്കും, പക്ഷേ ശബ്ദം കേട്ട് വേറെ സിംഹങ്ങൾ വരും. താഴ്‌വരയുടെ ഒരരികു ചേർന്ന് ഇരുട്ടിന്റെ നിഴൽ വീഴാൻ തുടങ്ങിക്കഴിഞ്ഞു. സിംഹക്കുഞ്ഞുങ്ങൾ കണ്ണടക്കാതെ നോക്കിക്കൊണ്ട് കിടക്കുവാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അവയുടെ വയറുകൾ ഒരേ താളത്തോടെ ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ വാലുയർത്തിതറയിലടിക്കുന്നു. പലയിടത്തുമായി കുറ്റിച്ചെടികൾ ഇളകിക്കൊണ്ടിരുന്നു. മരണം താഴ്‌വരയിൽ പതിയിരിപ്പുണ്ടെന്ന് ഉറപ്പാണ്. ഇങ്ങടുത്ത് വരുവാനുള്ള താമസമേയുള്ളൂ. ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ഒരു പട്ടിക തന്നെ മനസ്സിലേക്ക് വന്നു. പക്ഷേ ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നില്ല. കണ്ണടച്ചെങ്കിലും സിംഹങ്ങൾ കാട്ടിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് നിറയെ.
കുന്നിൻ നെറുകയിൽ ചുറ്റിക്കറങ്ങുന്ന കാറ്റിന് പുതിയൊരു വാട അനുഭവപ്പെട്ടു തുടങ്ങി. സംശയമില്ല, ഏതോ കാട്ടുമൃഗങ്ങളുടേതാണത്. അരൂഷയിലെ സിംഹങ്ങളുടെ വായിലെ കൂർത്ത പല്ലുകൾക്കിടയിൽ ജീവിതം തീരാൻ പോവുകയാണ്. മരണത്തിനായി കാതോർത്ത് കണ്ണടച്ചു നിൽക്കുമ്പോൾ ദൂരെ നിന്നും വരുന്ന ഇരമ്പലാദ്യം കേട്ടില്ല. അതടുത്തു വന്നപ്പോഴാണ് കുറച്ചു മുൻപേ തന്നെ ആ ശബ്ദം കേട്ടുകൊണ്ടിരുന്നു എന്ന് ബോധ്യമായത്. ഇപ്പോൾ സിംഹക്കുഞ്ഞുങ്ങൾ രണ്ടും അലർട്ടായി എണീറ്റ് നിന്ന് മുന്നോട്ട് വരണോയെന്ന് ശങ്കിക്കുകയാണ്. അപരിചിതമായതെന്തോ അവരും കേൾക്കുന്നുണ്ടായിരിക്കണം. പെട്ടെന്നവർ പുറകോട്ട് നടന്ന് ഉൾക്കാട്ടിലേക്ക് വലിഞ്ഞു. അധികം ദൂരെയല്ലാതെ സിംഹത്തിന്റെ കരച്ചിൽ കേട്ടു. കുഞ്ഞുങ്ങളെത്തേടി നടന്ന അച്ഛനൊ അമ്മയൊ ആയിരിക്കും. കുന്നു കയറി ആദ്യം വന്നത് ഇബാദയുടെ മോട്ടോർ ബൈക്കാണ്. ഇബാദയ്ക്ക് പുറകിൽ ബസ് സ്റ്റോപ്പിൽ കണ്ട ചെറുക്കനുമുണ്ട്. പുറകെ ഓളിയിട്ടും അട്ടഹസിച്ചും വിവിധ ശബ്ദങ്ങൾ പുറപ്പെടുവിച്ചും ഗ്രാമവാസികളുടെ നിരവധി മോട്ടോർ ബൈക്കുകൾ കുന്നു കയറി വന്നു. വന്യമൃഗങ്ങളെയോ കൊള്ളക്കാരെയോ ഓടിക്കാനായിരിക്കണം അവരുച്ചത്തിൽ കാറിക്കൊണ്ടിരുന്നത്.
ഇബാദ ഓടി വന്ന് അവന്റെ ഷർട്ട് ഊരി നാണം മറയ്ക്കാൻ തന്നു. കെട്ടുകളഴിച്ച് മരണത്തിൽ നിന്നും സ്വാതന്ത്രനാക്കി. ഇബാദയുടെ വണ്ടിയുടെ പുറകിലിരുന്ന് കുന്നിറങ്ങുമ്പോൾ ജീവൻ രക്ഷിച്ച ആ ബാലൻ രണ്ടു കൈയും വീശി കാണിച്ചു. അവരോടൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയാതെ കരഞ്ഞുപോയി. കിളിമഞ്ചാരോ മലനിരകളിലെ വെളിച്ചമെല്ലാം ഇതിനകം അപ്രത്യക്ഷമായിരുന്നു. ഗ്രാമവാസികൾ പന്തങ്ങൾ കൊളുത്തി വട്ടത്തിലൊത്തു കൂടി നൃത്തം വെച്ചു. അവർക്ക് നടുവിൽ അവരാ ബാലനെ നിർത്തി. അരൂഷിയിലെ സിംഹക്കുഞ്ഞുങ്ങൾ കുറ്റിക്കാടുകൾക്കിടയിലിരുന്ന് അതെല്ലാം കാണുന്നുണ്ടാകണം.
Content Summary: Malayalam Short Story ' Arushayile Simhakkunjungal ' Written by J. P.