'ബോധമറ്റ് അര്‍ദ്ധനഗ്നയായി പതിനേഴുകാരി' മാലിന്യക്കൂമ്പാരത്തിൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിയുന്നത്...

HIGHLIGHTS
  • ഇരുമ്പഴി (കഥ)
rape-victim
പ്രതീകാത്മക ചിത്രം. Photocredit : Doidam 10 / Shutterstock.com
SHARE

ഒരുപാട് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു സ്വബോധം വീണ്ടെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞത്. വേദനയാല്‍ മരവിച്ചു പോയ തന്‍റെ ശരീരത്തെ അവള്‍ക്ക് ഒരു ഭാരയായി തോന്നി അപ്പോള്‍. വാഹനങ്ങളുടെ ഭീകരമായ ശബ്ദം തന്‍റെ കര്‍ണ്ണപടങ്ങളില്‍‍ പതിക്കുമ്പോള്‍ ചെവികള്‍ രണ്ടും കൊട്ടി അടക്കുന്നതുപോലെ അവള്‍ക്ക് തോന്നി. അസ്വസ്ഥയായവള്‍ തല ഇരുവശത്തേക്കായി ചലിപ്പിച്ചു കൊണ്ട് കണ്ണുകള്‍ പതിയെ തുറന്നു. അരോചകമായി തോന്നിയ സൂര്യ കിരണങ്ങള്‍ കണ്ണുകള്‍ തുറക്കുന്നതില്‍ നിന്നും അവളെ പിന്തിരിപ്പിച്ചു. ഒരു തുള്ളി വെള്ളത്തിന്‌ വേണ്ടി അവള്‍ കൊതിച്ചു. ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കപ്പെടാന്‍ വേണ്ടി അവശേഷിക്കുന്ന സര്‍വ ശക്തിയുമുപയോഗിച്ചവള്‍ കണ്ഠമനക്കി, പക്ഷെ ശബ്ദമൊരു ഞരങ്ങലിന്‍റെ രൂപത്തിലാണ് പ്രതിധ്വനിച്ചത്‌. ആ വീര്‍പ്പുമുട്ടലില്‍ നിന്ന് ശക്തമായി ശ്വാസമെടുത്തവള്‍ കൂമ്പി അടഞ്ഞ മിഴികള്‍ തുറന്ന്, ചുറ്റിലും ഒന്നു പരതി. ജീര്‍ണിച്ചഴുകിയ മാലിന്യകൂമ്പാരത്തിലാണ് താന്‍ കിടക്കുന്നതെന്ന ബോധം എഴുന്നേല്‍ക്കാന്‍ അവളെ പ്രേരിപ്പിച്ചു. കൈകളൂന്നികൊണ്ടവളൊരു വിഫലശ്രമം നടത്തി. തന്‍റെ എല്ലാം നഷ്ടപെട്ടു എന്ന് മനസ്സിലാക്കിയവളുടെ ശ്വാസഗതി കരച്ചിലിന് വഴിമാറി. 

വഴിയേ പോകുന്ന ആരോ ഒരാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നപ്പോഴാണ്, ശരീരത്തില്‍ അങ്ങിങ്ങായി രക്തം പൊടിഞ്ഞ് അര്‍ദ്ധ നഗ്നയായ ഒരു പതിനേഴുകാരിയുടെ ദയനീയമായ അവസ്ഥ കാണാനിടയായത്. അപകടം മനസ്സിലാക്കിയ അയാള്‍ അവളുടെ അരികിലേക്കോടുന്നതിന് പകരം മറ്റൊരാളുടെ സഹായം തേടാനാണ് പോയത്. അയാള്‍ കാണുന്നവരെയെല്ലാം വിവരമറിയിക്കുകയും തിരിച്ച് അവളുടെ അരികിലേക്ക് തന്നെ വരികയും ചെയ്തു. അര്‍ദ്ധ നഗ്നയായ അവളുടെ ശരീരം മറക്കാനായി തന്‍റെ മേല്‍വസ്ത്രം അവളെ അണിയിച്ചു. അയാള്‍ അവളെ കോരിയെടുത്ത് റോഡരികിലേക്കോടി, ഈ രംഗം കണ്ടവരെല്ലാം അയാളെ അനുഗമിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ആംബുലന്‍സും മറ്റു സന്നദ്ധ സേനകളും അവിടെ എത്തി, അയാളുടെ കൈകളില്‍ നിന്ന് സ്ട്രക്ച്ചറിലേക്ക് മാറ്റുമ്പോള്‍ അവള്‍ വീണ്ടും ബോധരഹിതയായിരുന്നു. തിരക്കേറിയ പാതയിലൂടെ അവളുടെ ജീവന്‍റെ തുടിപ്പുമായി ആംബുലന്‍സ് തൊട്ടടുത്ത ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു. 

മൂന്ന് ദിവസത്തിന് ശേഷമാണ് അവള്‍ വീണ്ടും കണ്ണുതുറന്നത്, ഉമ്മയുടെ വികാരാധിക്യമാര്‍ന്ന സ്വരമായിരുന്നു അവളെ ഉണര്‍ത്തിയത്. വാത്സല്യപൂരിതമായ മുഖത്ത്  കരഞ്ഞ്‌ കലങ്ങിയ കണ്ണുകളെ അവള്‍ ഒന്ന് നോക്കുകമാത്രം ചെയ്ത് വീണ്ടും അവള്‍ ആലസ്യത്തിലേക്ക് മടങ്ങി. ആ ഉമ്മയുടെ ശബ്ദം കേട്ടിട്ടാവണം നഴ്സുമാരും ഡോക്ടര്‍മാരും ഐസിയുവിലേക്ക് ഓടി എത്തിയത്. ഡോക്ടര്‍ അവരോട് ചോദിക്കുന്നതിന് മുമ്പ് തന്നെ ആ ഉമ്മ വളരെ അധികം ഉത്കണ്ഠയോടെ എന്‍റെ മോള് കണ്ണുതുറന്നു..., ന്‍റെ കുട്ടി എന്നെ നോക്കി... ഡോക്ട്ടരെ... എന്ന് വിതുമ്പി. അവരില്‍ മുതിര്‍ന്ന ഡോക്ടര്‍ അവളുടെ അരികിലെത്തുകയും അവളുടെ കവിളില്‍ മെല്ലെ തട്ടി, റാഹിലാ... ഏയ്.. എന്ന് വിളിക്കുകയും ചെയ്തു. ഒന്ന് രണ്ടു പ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ അവള്‍ മെല്ലെ കണ്ണുകള്‍ തുറന്ന് സ്വബോധത്തെ വീണ്ടെടുത്തു. മൂകമായ തീവ്ര പരിചരണ മുറിയിലുണ്ടായിരുന്നവരെല്ലാം ആ നിമിഷത്തില്‍ ജഗനിയന്താവായ ദൈവത്തെ സ്തുതിച്ചു. ഡോക്ടര്‍ ദീർഘമായൊന്ന് നിശ്വസിച്ച് ആ ഉമ്മയുടെ ചുമലില്‍ ഒന്ന് തട്ടുക മാത്രം ചെയ്ത് അയാളും മറ്റു ഡോക്ടര്‍മാരും പരസ്പരം എന്തൊക്കയോ സംസാരിച്ച് ധൃതിയില്‍ പുറത്തേക്ക് നടന്നു. 

മകളുടെ മുഖം ഇരുകൈകൾകൊണ്ടും കോരിയെടുത്ത് അവളുടെ നെറുകയില്‍ മുത്തമിടുമ്പോള്‍ ആ മാതാവിന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റി വീഴുന്നുണ്ടായിരുന്നു. ആ ഉമ്മയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ നഴ്സുമാരില്‍ ഒരാള്‍ അവരെ താങ്ങിയെടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി. ഈ കാഴ്ച്ച കണ്ട ICUവിനു പുറത്തുകൂടിയവരെല്ലാം വളരെ അധികം പരിഭ്രാന്തിയിലായി. കാര്യമന്വേഷിച്ചവരോട് റാഹില കണ്ണു തുറന്ന സത്യം വെളിപ്പെടുത്തി. ഈ സന്തോഷവാര്‍ത്ത അറിഞ്ഞവര്‍ പലരും പരസ്പരം ആഹ്ലാദം കൈമാറി. നിമിഷങ്ങള്‍ക്കകം സമൂഹത്തില്‍ വളരേ ഏറെ സംസാര വിഷയമാകപെട്ട റാഹില പീഡനക്കേസിനു വലിയൊരു വഴിത്തിരിവാകുകയായിരുന്നു. ദൃശ്യമാധ്യമങ്ങളുടെ സംവാദങ്ങളും നിയമപാലകരിലെ സമ്മര്‍ദ്ദങ്ങളും കുറ്റവാളികള്‍ക്ക് വേണ്ടി തിരയുമ്പോള്‍ കൃത്രിമ ശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ആ പതിനേഴുകാരി ഇതൊന്നുമറിയാതെ മണിക്കൂറുകള്‍ ചിലവഴിച്ചു. തുടര്‍ന്നുള്ള ദിനങ്ങളില്‍ സുമനസ്സുകളുടെ സഹായങ്ങള്‍ ആ കുടുംബത്തിനും അവള്‍ക്കും മാനസികമായും മറ്റും വളരെ വലിയ ആശ്വാസം നല്‍കി. 

ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേക്ക് വന്നിട്ടും അവള്‍ മറ്റാരേയും കാണാന്‍ താൽപര്യപ്പെട്ടില്ല. വീട്ടിലെ അടച്ചിട്ട മുറിയില്‍ അവളൊരു മരപ്പാവ കണക്കെ ദിവസങ്ങള്‍ കഴിച്ച്കൂട്ടി. ഇതിനിടയില്‍ മാധ്യമങ്ങളും സമൂഹവും റാഹിലയെന്ന ബാലികയുടെ പേരും മുഖവും മറന്ന്തുടങ്ങിയിരുന്നു. യഥാർഥ കുറ്റവാളികള്‍ക്ക് പിറകില്‍ സര്‍ക്കാരും നിയമപാലകരും വാഗ്ദാനങ്ങളുടെ പ്രഹസനങ്ങളുമായി മുന്നോട്ടു പോയി. പേരിനു മാത്രം കുറ്റവാളികളെ പിടികൂടുകയും വിചാരണ നടത്തുകയും അവര്‍ യഥാര്‍ഥ കുറ്റവാളികളല്ല എന്ന് മുദ്ര വെക്കുകയും അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു. നാല് ചുമരുകള്‍ക്കുള്ളില്‍ മാസങ്ങളോളം ഒതുങ്ങി കഴിഞ്ഞ അവളുടെ മനസ്സും ശരീരവും മരവിച്ച് തുടങ്ങിയിരുന്നു. പ്രായത്തിന്‍റെ പരിധിയില്‍ നിന്ന് മനസ്സിനെ നിയന്ത്രിക്കാനാവാതെ അവള്‍ ഒരു മുഴു ഭ്രാന്തിയായിതീര്‍ന്നു. ഭ്രാന്തിന്‍റെ വൈകൃതമായ ഭാവങ്ങള്‍ കാണാന്‍ കഴിയാതെ ആ കുടുബം അവളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി. പാറി പറന്നുല്ലസിക്കേണ്ട പ്രായത്തില്‍ താന്‍ പെണ്ണായി പിറന്നതിന്‍റെ പേരില്‍ അവളെ ഈ അവസ്ഥയിലാക്കിയ കാമവെറിയന്മാര്‍ അവളെ നോക്കി കളിയാക്കി ചിരിക്കുന്നതും കണ്ട് ഇരുമ്പഴിക്കുള്ളില്‍ കാലങ്ങള്‍ ചിലവഴിക്കുന്നു. ഇപ്പോഴും ഉണങ്ങാത്ത മുറിവുമായി ഇരുമ്പഴിക്കുള്ളിലാക്കപ്പെട്ട ഒരുപാട് റാഹിലമാരേ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്.. 

Content Summary: Malayalam Short Story ' Irumbazhi ' Written by Thanveer Mullara

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS