നിഷേധിക്കപ്പെട്ട
നിശ്വാസങ്ങളേ !
ചീന്തിയെറിയപ്പെട്ട
പ്രണയപുഷ്പങ്ങളേ !
ഒരു തുപ്പലിന്റെ വെറുപ്പിനോളം
പെരുവഴിയിലുതിർക്കപ്പെട്ടവരേ !
വിശ്വാസത്തിന്റെ തീക്കുംഭം
ശിരസ്സിലാളപ്പെട്ടു
കരിഞ്ഞുവീണ കദനങ്ങളേ!
തൻ നിഴലെന്ന നിജത്തിന്റെ
നേർമയറിയാതെ
നക്കിത്തുടച്ചുമാറ്റപ്പെട്ട
സംസ്കാരസമ്പന്നതയെ
നെറ്റിമേലൊട്ടിച്ച
കീറക്കടലാസിന്റെ പെരുമയാക്കിയ
ഭാവരൂപങ്ങളേ!
വേണമീ പരാജയജീവിതങ്ങൾക്കു
മുൻപിലൊരു ഛായാമുഖി.
മഹാഭാരതത്തിലെയു-
ള്ളുനൊന്ത ഭീമനും,
നൊമ്പരച്ചൂടിന്റെ വേവേറ്റു
വേരടർത്തിയകലേ
മറഞ്ഞൊരാഹിഡുംബിയും,
അലഞ്ഞ മനസ്സിന്നകമറിഞ്ഞ
കീചകനും,
തിരിച്ചറിഞ്ഞ സത്യത്തിനായ്
ഈ മണ്ണു തേടണമിനിയുമൊരു
ഛായാമുഖിക്കായ്.
സത്യമേഘത്തിന്റെ
മഴകൊണ്ടുണരുവാൻ,
ധർമ്മജലത്തിനാൽ
വരണ്ടചുണ്ടുകൾക്കു
ദാഹമകറ്റുവാൻ,
എന്നിലൊരു ഛായാമുഖി
സ്വപ്നമായുണരുന്നു.
വേണം !!
ഇവിടെയിനിയുമൊരു
ഛായാമുഖി !!
Content Summary: Malayalam Poem ' Chayamukhi ' Written by Pramodini Das