പുത്തനോണം – കിഷോർ കണ്ടങ്ങത്ത് എഴുതിയ കവിത

656885119
Photo Credit:greenaperture/Shutterstock.com
SHARE

നഷ്ട ബാല്യത്തിന്റെ 

വിങ്ങും മധുരമായ്

വീണ്ടുമൊരോണം

പടി കടന്നെത്തുന്നു

പിഞ്ചു കിടാങ്ങൾ തൻ

പൂവിളിയില്ലാരും

പൂവിറുക്കാനെങ്ങും

പായുന്നുമില്ല

എങ്കിലുമോർമ്മയിൽ

സുന്ദര ബാല്യത്തിൻ

പൊൽത്തേരിലെന്മനം

പാഞ്ഞിടുന്നൂ...
 

തുമ്പയും മുല്ലയും

പിച്ചകം ചെത്തിയും

ചെണ്ടുമല്ലിപ്പൂവിൻ

സമ്മിശ്ര കാന്തിയും

ആറുമാസത്തിന്റെ

ഫുല്ലമാ പൂങ്കുല,

നന്ദിയാർവട്ടത്തിൻ

പൊട്ടിച്ചിരികളും

തിങ്ങി നിറഞ്ഞൊരാ

ഓണക്കളങ്ങളും

കൊയ്ത്തു കഴിഞ്ഞോരോ

പത്തായപ്പുരയിലും
 

പുന്നെല്ലിൻ നിറവാർന്ന

ഹൃദ്യമാം ഗന്ധവും

നേരത്തേ തേനുണ്ട്

കൂടാർന്ന ശലഭവും

നിറവയർ പുളകമായ്

പാടുന്ന കിളികളും,

അന്തിയിൽ പുത്തരി-

ച്ചോറു സമൃദ്ധമായ്

മൃഷ്ടാന്നമുണ്ടതിൻ

ലഹരിയിൽ തുടിച്ചിടും

മനവുമായീണത്തിൽ

പാട്ടുകൾ പാടുന്ന

ചെറുമക്കുടിലുകൾ

സ്മരണയിൽ തെളിയുന്നൂ
 

അന്തിയിൽ ചന്ത

പിരിഞ്ഞതിൻ ശേഷവും

ചന്തത്തിൽ മോദമായ്

മോടിയിലൊരുങ്ങിടും

മങ്കമാർ പാട്ടുകൾ

ഒന്നൊന്നായ് പാടിക്കൊ-

ണ്ടാനന്ദനൃത്തങ്ങൾ

ചെയ്തിടും ഗ്രാമവും,

വള്ളംകളികളും

തേക്കുപാട്ടും പിന്നെ 

ഉള്ളം ത്രസിച്ചിടും

നാട്ടിലെ പാട്ടുകൾ

പാടിക്കൊണ്ടായിരം

തരുണീ യുവാക്കളും

മേളിച്ചിരുന്നൊരാ

തിരുവോണമെങ്ങുപോയ്!
 

മാവേലിമന്നനെ

തുയിലുണർത്താനിന്ന്

മലയാളിമക്കൾക്ക്

നേരമില്ലൊട്ടുമേ

അന്തിക്ക് കൂട്ടിന്നു

കൗതുകമോലുവാൻ

ടിവി തൻ

മായിക ലോകമുണ്ട്;

നേർക്കുനേർ കലശലായ്

ലോഹ്യം പറയുന്ന

സെല്ലുലാർ

ഫോണിന്റെ കൂട്ടുമുണ്ട്
 

ഏതൊരു ചിന്തയും

വിളംബം വരുത്താതെ

കാതിൽ മൊഴിയുവാൻ

ഗൂഗിളുണ്ട്...

ആയവ്യയങ്ങൾ

തെറ്റാതെ മുറയായി

കാത്തുസൂക്ഷിക്കുവാൻ

'ഫോൺപേ' യുമുണ്ട്

ഓണപ്പുടവയും

തുമ്പപ്പൂ ചോറൂണും

ആർക്കുവേണം ഇന്ന്

'ആമസോണു'ള്ളപ്പോൾ!
 

എങ്കിലും മക്കളേ,

ഒരു കാര്യമോർമ്മയിൽ

സൂക്ഷിച്ചിടാമെങ്കിൽ

നന്നായിരിക്കുമേ...

ഇന്നലെപ്പോയോരെ

വിയർപ്പും കിതപ്പുമാ-

ണവരുടെ ത്യാഗവും,

കഠിനശ്രമങ്ങളും

ഒന്നുചേർന്നാണിന്ന്

നിങ്ങൾ നുകർന്നിടും

സുഖഭോഗ മിശ്രമാം

ജീവിതപ്പറുദീസ..!

പഴമയെപ്പാടേ

വെടിഞ്ഞിടും മുൻപൊന്നു

ചികയണം അകതാരിൽ

അപ്പനപ്പൂപ്പരെ...
 

ഇന്നലെകളെ

ബോധ്യമായെങ്കിലേ

നാളെ നിങ്ങൾ തൻ

ജീവിതപ്പാതയിൽ

വർണ്ണ സുരഭില

വസന്തങ്ങൾ പൂത്തിടൂ

സ്വപ്ന സുന്ദര

സാമ്രാജ്യ വീഥിയിൽ

സ്വർണ്ണ ഖചിതമാം

തേരുകൾ പാഞ്ഞിടൂ.

പഴമയാം പവിഴ

വചനങ്ങൾ കേട്ടിടൂ,

പുതുമ തൻ പ്രൗഢി

ആവോളം നുകർന്നിടൂ...
 

Content Summary: Malayalam Poem ' Puthanonam ' Written by Kishore Kandangath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS