ദ്രൗപതീ രൂപേ നിന്ന-
ശ്വതീ വദനത്തിൽ
മൺചിരാതായിരം
ദ്യുതി പരത്തും.
അരവിന്ദ,മശോകം,
ചൂതം,നവ മാലിക,
നീലോൽപലങ്ങൾ
പൂത്തു നിൽക്കും.
അധര ദളങ്ങളിൽ
മാധുര്യമൂറുന്ന
പവിഴ പാത്രങ്ങൾ
തുളുമ്പി നിൽക്കും.
ദേഹത്തു വാസനാ
ദ്രവ്യങ്ങൾ തോൽക്കുന്ന
മദഭര സൗരഭ്യം
ലയിച്ചു നിൽക്കും.
നീ മുന്നിലണയുമ്പോൾ
സൂര്യ ദീപത്തിനാൽ
തീർത്തൊരു ശിൽപ്പ-
മാണെന്നു തോന്നും.
അപ്സര സൗന്ദര്യം
ഉളിയന്നൂർ തച്ചൻ
പൗർണ്ണമിയാൽ തീർ-
ത്തതാണെന്നു തോന്നും.
കടലോരക്കാഴ്ചകൾ
കാണുവാനെത്തിയ
ദേവ നർത്തകി-
യാണെന്നു തോന്നും.
തോഴനെക്കാണാഞ്ഞു,
തോഴിമാരെത്താഞ്ഞു,
ഒറ്റക്കിരിപ്പതാ-
ണെന്നു തോന്നും.
പാർക്കുവാൻ നിന്നുടെ
ഹൃദയമുണ്ടല്ലോ
കുടിലെനി-
ക്കെന്തിനു വേറെ.
പാടുവാൻ സ്വപ്‌നങ്ങൾ
രാഗമായുള്ളപ്പോൾ
പാട്ടു വേറെ-
ന്തിനു പിന്നെ.
മോഹത്തിന്നായിരം
നദിയൊന്നു ചേരുന്ന
സാഗരമാണി-
ന്നെന്റെയുള്ളം.
എന്റെ ഹൃദയത്തിലെ
ദേവ ദർബാറിലെ
മഞ്ജീര ശിഞ്ജിത-
മായ് വന്നിടൂ.
രാത്രി തന്നിറയത്ത്
രാപ്പാടിപ്പാട്ടിന്റെ
സ്വപ്നാടനങ്ങ-
ളുണർത്തിയോളേ....
എന്നാണു ദേവി
ഇനി നിന്റെ സാമീപ്യം
മധുരാർദ്ര നൈവേദ്യം
അനുഭവ വേധ്യം!
നുരയിടും ചഷകത്തിൽ
നീരാടി നിൽക്കുന്ന
ദിവസങ്ങളിനിയു-
മുണ്ടായീടുമോ...?
കാട്ടാറിൻ കരയിലെ
ഏറുമാടത്തിലെ
യാമം നിനക്കോർമ-
യുണ്ടാകുമോ...?!
കരളിന്റെ വനികയിൽ
നൃത്തം ചവിട്ടുന്ന
മരതകക്കനവിന്റെ
ശലഭങ്ങളേ....
നിനവ് നിങ്ങൾക്കായി
തുന്നിയ പട്ടുട-
യാടകളണിയാതെ
പോകരുതേ...!
നിന്റെയീ പീഠ-
ത്തിന്നരികത്ത് പീഡകൾ
നോക്കാതെ തുടരുന്ന
വെഞ്ചാമരം;
ഞാനെന്നുമീ ചാരു-
മഞ്ചത്തിന്റെ വഴികളിൽ
അനുയാത്ര ചെയ്യുന്നൊ-
രിന്ദീവരം!!
Content Summary: Malayalam Poem ' Venchamaram ' Written by Abdul Basith Kuttimakkal