'സ്വകാര്യത തേടി ഒറ്റയ്ക്ക് മുറിയെടുത്തു', അപ്രതീക്ഷിതമായി കയറി വന്ന സ്ത്രീയെ കണ്ട് അയാൾ...

HIGHLIGHTS
  • പ്രണയനക്ഷത്രങ്ങൾ (കഥ)
malayalam-story-april-lilly
Representative image. Photo Credit: FotoDuets/istockphoto.com
SHARE

നഗരത്തിൽ ഉള്ളപ്പോഴെല്ലാം അയാൾ മറൈൻ ഡ്രൈവിലെ അസ്തമയം കാണാൻ പോകും, എത്ര തവണ കണ്ടാലും മതിവരാതെ മാറി മാറി വരുന്ന മനോഹാരിത അയാൾ ഓർമ്മകളിലേക്ക് കൂട്ടിച്ചേർത്തു. ഇടയ്ക്കിടെ അസ്തമയ സമയത്ത് തന്നെ അയാൾ ബോട്ടിങ്ങിനും പോകും. അടുത്ത തവണ ഇവിടെ തന്നെ ഒരു മുറി വാടകക്ക് എടുക്കണം, ജനലുകൾ തുറന്നാൽ കടൽ, കടൽകാറ്റ്, കണ്ണെത്താത്ത കാഴ്ചകൾ, ബോൾഗാട്ടി പാലസിലെ ആഘോഷങ്ങൾ, അതെല്ലാം ഉയരത്തിലുള്ള മുറിയിലിരുന്ന് കാണണം. മുറിയെക്കുറിച്ച് ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്, വേഗം ശരിയാക്കാമെന്ന് പറഞ്ഞിരുന്നു. എല്ലാ സൗകര്യവും ഉണ്ടായിരിക്കണം, താൻ അത്യാവശ്യം വസ്ത്രവുമായി മാത്രം വരും. "എങ്കിൽ പിന്നെ ഹോട്ടലിൽ താമസിച്ചുകൂടെ" എന്നായി സുഹൃത്ത്, "വേണ്ട, എന്റെ സ്വകാര്യത എനിക്കെപ്പോഴും വേണം".

അന്നും അയാൾ ബോട്ടിങ്ങിന് പോയി, കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുന്നത് സാകൂതം ശ്രദ്ധിക്കുകയായിരുന്നു, വല്ലപ്പോഴുമേ ഈ കാഴ്ച കിട്ടൂ. അപ്പോഴാണ് ഫോണടിച്ചത്, മുറി നോക്കാൻ ഏൽപ്പിച്ചിരുന്ന സുഹൃത്താണ്, "മാഷെ മുറി കിട്ടി, കടലിനോട്  അഭിമുഖമായി തന്നെ, അതി മനോഹരം. പേപ്പറൊക്കെ  ഒപ്പിട്ട് കൊടുത്തു. ഇവിടെ ഉണ്ടെന്നല്ലേ പറഞ്ഞത്, വേഗം വരൂ, താക്കോൽ തന്നു എനിക്ക് അത്യാവശ്യമായി ആശുപത്രിവരെ പോകാനുണ്ട്, എമർജൻസി ആണ്." "അയ്യോ, ഞാൻ കടലിൽ ബോട്ടിൽ ആണല്ലോ, ഒരു അരമണിക്കൂർ എടുക്കും" അയാൾ പറഞ്ഞു. "എനിക്ക് അത്രയും നിൽക്കാൻ പറ്റില്ല മാഷെ, ഒരു കാര്യം ചെയ്യാം, താക്കോൽ ഞാൻ സെക്യൂരിറ്റിയുടെ കൈയ്യിൽ കൊടുക്കാം". "അത് മതി", അയാൾ സമ്മതിച്ചു. "മറ്റൊരു കാര്യം മാഷെ, ഈ നിലയിൽ മാഷ് മാത്രമേയുള്ളൂ, ബാക്കി മൂന്ന് ഫ്ലാറ്റിലും ആളില്ല." "അത് കൂടുതൽ നന്നായി, തന്റെ സ്വകാര്യത ഹനിക്കില്ലല്ലോ" അയാൾ പറഞ്ഞു.

അയാൾക്ക്‌ കരയിലേക്കെത്താൻ തിരക്കായി. കരയിലെത്തിയതും, അപ്പോൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മുറിയൊഴിഞ്ഞു. പുതിയ മുറിയിൽ ജനലുകൾ തുറന്നതും കടൽകാറ്റ് ഉള്ളിലേക്ക് ഇരച്ചുകയറി. രാത്രിയിലെ കാഴ്ചകൾ അതി മനോഹരമായിരുന്നു. അനന്തതയിലേക്ക് നീളുന്ന ആ കാഴ്ചകൾ അയാൾക്ക്‌ കട്ടിലിൽ കിടന്നാലും കാണാമായിരുന്നു. എഴുത്തിന്റെ പുതിയൊരു ലോകം തനിക്ക് ഇവിടെ നിന്ന് തീർക്കാൻ കഴിയുമെന്ന് അയാൾ വിശ്വസിച്ചു. അപ്പോഴാണ് അയാളുടെ പ്രസാധകൻ വിളിച്ചത്. "കഥാസമാഹാരത്തിന്റെ നക്കൽ ഞാൻ നാളെ കൊടുത്തയക്കാം, സാറ് നാളെയെവിടെയോ പോകുന്നു എന്നല്ലേ പറഞ്ഞത്, സാരമില്ല, ഞാനത് സെക്യൂരിറ്റിയെ ഏൽപ്പിക്കാം" "വേണ്ട, എന്റെ മുറിയുടെ വാതിലിൽ ഒരു സഞ്ചിയിലാക്കി കൊളുത്തിയിട്ടാൽ മതി, ഈ നിലയിൽ മറ്റാരുമില്ല, ഞാൻ വരുമ്പോൾ എടുത്തോളാം, പരമാവധി വേഗത്തിൽ തെറ്റുകൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തി തരാം". അയാൾ പറഞ്ഞു. "മുറി നമ്പർ 12എ" മറക്കണ്ട, എഴുതി വെച്ചോളൂ.

പിറ്റേന്ന് അയാളുടെ മുറിയുടെ വാതിലിൽ പുസ്തകം സഞ്ചിയിലാക്കി, സഞ്ചിയുടെ ചിത്രമെടുത്തു പ്രസാധകൻ അയാൾക്ക്‌ അയച്ചുകൊടുത്തു. രാത്രി വൈകീട്ട് അയാൾ വന്നപ്പോൾ വാതിലിൽ സഞ്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ നക്കൽ പുസ്തകമില്ലായിരുന്നു. അയാൾക്ക്‌ കലശലായ ദേഷ്യം വന്നു, സെക്യൂരിറ്റിയെ വിളിച്ചാലോ, അതോ പ്രസാധകനെ വിളിക്കണോ? ദേഷ്യം അടക്കി. തീർച്ചയായും ആരോ എടുത്തതാകാം, എന്തായാലും കുറ്റം തന്റെയാണ് സെക്യൂരിറ്റിയെ ഏൽപ്പിക്കാൻ പറഞ്ഞാൽ മതിയായിരുന്നു. സ്വകാര്യത കൂടുന്നതിന്റെ ഉപോൽപന്നങ്ങൾ, അയാൾ സ്വയം പഴിച്ചു. യാത്രയുടെ ക്ഷീണത്തിൽ അയാൾ വേഗം ഉറങ്ങിപ്പോയി. വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് അയാൾ ഉണർന്നത്. വെളിച്ചമിട്ട് വാച്ചിൽ നോക്കി, സമയം രാത്രി രണ്ട് മണി, ഈ നേരത്ത് ആരാണ് എന്ന ആകാംക്ഷയോടെ അയാൾ വാതിൽ തുറന്നു. മുന്നിൽ സുന്ദരിയായ ഒരു സ്ത്രീ, അയാളോട്  ചോദിക്കാതെ അവർ അയാളുടെ മുറിയിലേക്ക് കടന്നിരുന്നു, അവരുടെ കൈയ്യിലിരുന്ന പുസ്തകം നീട്ടികൊണ്ട് പറഞ്ഞു.

"ക്ഷമിക്കണം, ചോദിക്കാതെ എടുത്തതിന്, ഞാനൊരു നല്ല വായനക്കാരിയാണ്, വാതിലിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയിൽ പുസ്തകം കണ്ടപ്പോൾ എടുത്തു എന്ന് മാത്രം. ഇതൊരു നക്കൽ ആണെന്ന് ചട്ട കാണാത്തപ്പോൾ  തന്നെ മനസ്സിലായി, ഒരു പക്ഷെ ഈ പുസ്‌തകത്തിന്റെ ആദ്യ വായനക്കാരി ഞാൻ ആകും. ചില തിരുത്തുകൾ, വാക്കുകളുടെ മാറ്റം ഞാൻ ചുവന്ന മഷിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, വായിച്ചു കഴിഞ്ഞപ്പോൾ, പുസ്തകം തിരിച്ചു തരണമെന്ന് തോന്നി, മാത്രമല്ല, എനിക്ക് നേരം വെളുക്കുന്നതിന് മുമ്പ് പോകണം". അയാൾ  ഒന്നും പറയാനാകാതെ അവരെ തന്നെ നോക്കിയിരുന്നു. അവർ തുടർന്നു. "എന്നെ നിങ്ങൾക്ക് എങ്ങനെയറിയാം? നിങ്ങൾ എഴുതുന്ന കഥകൾ എല്ലാം എന്റെ ജീവിതമാണ്, നിങ്ങൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നോ? എന്റെ ചിന്തകൾ ഇത്ര കൃത്യമായി നിങ്ങൾ എങ്ങനെയാണ് എഴുതിയത്? എന്റെ കൂട്ടുകാരികൾ ആരെങ്കിലും നിങ്ങളുടെ സുഹൃത്താണോ? എന്റെ ഇടത് കൈക്ക് താഴെയുള്ള മറുക് വരെ നിങ്ങൾക്കറിയാം, അതെങ്ങനെ?"

അയാൾ പറഞ്ഞു, "എഴുതുമ്പോൾ കഥയെന്തെന്ന് എനിക്കറിയില്ല, തലക്ക് നല്ല കനമുണ്ടാകും, വാക്കുകൾ വരുന്നപോലെ എഴുതും, അതിൽ മുൻവിധികൾ ഒന്നുമില്ല, ആദ്യമോ അവസാനമോ കഥയെഴുതുന്നതിന് മുമ്പ് എനിക്കറിയില്ല". "നിങ്ങൾ നുണ പറയുകയാണ്, നിങ്ങൾ എന്റെ പുറകെയാണ്, ഞാൻ അറിയാതെ, എന്റെ എല്ലാ ചലനങ്ങളും നിങ്ങൾ ഒപ്പിയെടുക്കുന്നുണ്ട്". "ഈ പുസ്തകത്തിലെ എല്ലാ കഥകളിലും ഒരേ നായിക, ഒരേ പേര്! കഥകൾ മാത്രം പലത്" "എന്നാൽ ഒന്നുണ്ട്, കഥകൾ വായിച്ചു തുടങ്ങി പകുതിയായപ്പോൾ തന്നെ എനിക്ക് കഥാകാരനോട് പ്രണയം തോന്നിത്തുടങ്ങിയിരുന്നു. കഥകൾ വായിച്ചു തീർന്നപ്പോൾ അപ്പോൾ തന്നെ കാണണമെന്ന ആകാംക്ഷയും". "നിങ്ങളുടെ ജീവിതത്തിൽ ഒരുപക്ഷെ, ഇതാദ്യമായിരിക്കും അല്ലെ, നിങ്ങളുടെ കഥാപാത്രം തന്നെ നിങ്ങളെ പ്രണയിക്കുന്നത്, മറ്റൊരു എഴുത്തുകാരനും കിട്ടാത്ത സൗഭാഗ്യം" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, "എന്റെ കഥാപാത്രങ്ങൾ എന്നെ പ്രണയിക്കാൻ തുടങ്ങിയാൽ, എനിക്ക് ഒരുപാട് കാമുകിമാരുണ്ടാകും". "അത് വേണ്ട, ഞാൻ മാത്രം മതി" അൽപ്പം അധികാരത്തോടെയാണ് അവർ അത് പറഞ്ഞത്.

അപ്പോഴേക്കും അയാൾ യാഥാർഥ്യങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. "നിങ്ങൾ എവിടെയാണ് താമസിക്കുന്നത്" അയാൾ ചോദിച്ചു. "നിങ്ങളുടെ നേരെ എതിരെയുള്ള മുറിയിൽ, 12 ബി, പക്ഷെ ഞാൻ ഇവിടെ രാത്രി മാത്രമേ കാണൂ. എനിക്കാ മുറി ഇഷ്ടമല്ല, അതിന്റെ ജനാലകൾ നഗരത്തിന്റെ തിരക്കിലേക്കാണ് തുറക്കുന്നത്, ആ ബഹളം എനിക്ക് വെറുപ്പാണ്. നിങ്ങളുടെ ഈ മുറി ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ, ഇതിന്റെ താക്കോലും എന്റെ കൈവശമുണ്ട്, ഒന്നും എടുക്കാനല്ല, ജനൽ തുറന്നു കടൽ കാണാൻ മാത്രം. ജനലിലൂടെ കടലും ആകാശവും കാണുമ്പോൾ എനിക്ക് അവിടെയൊക്കെ പറന്നു നടക്കാൻ തോന്നാറുണ്ട്, ചിലപ്പോൾ ഞാൻ പറന്നു നടക്കാറുമുണ്ട്, നക്ഷത്രങ്ങൾ എന്റെ കണ്ണുകളിൽ ഒളിക്കാറുമുണ്ട്". ഈ നിലയിൽ മറ്റാരും തന്നെ താമസമില്ലെന്നല്ലേ താനറിഞ്ഞത്. പിന്നെ ഇവർ ആരാണ്? പക്ഷെ അയാൾക്ക്‌ അവരോട് കൂടുതൽ ചോദിക്കാൻ ഭയം തോന്നി. അവർ തുടർന്നു, "കഥകൾ എനിക്ക് ഏറെ ഇഷ്ടമായി, നിങ്ങളിനിയും പ്രണയിച്ചു തീർന്നില്ല അല്ലെ? നിങ്ങളുടെ വരികളിലൂടെ വായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിലെ പ്രണയസമുദ്രം ഞാൻ കാണുന്നുണ്ട്, അതിനാലാണോ ഈ കടലിനടുത്തേക്ക് താമസത്തിനെത്തിയത്, ഉള്ളിലെ പ്രണയം മുഴുവൻ എഴുതിത്തീർക്കാൻ"

"ഇപ്പോൾ നിങ്ങളാണ് എന്റെ മനസ്സ് വായിക്കുന്നത്" അയാൾ അവരോട് പറഞ്ഞു. അവർ പൊട്ടിച്ചിരിച്ചു, "എഴുതണം, പ്രണയവും, വേദനകളും, സ്നേഹവും, കാരുണ്യവും എല്ലാം ഉണ്ടാവണം, അതിന്നിടയിൽ എവിടെയെങ്കിലും ഞാനും ഉണ്ടാകണം". "എനിക്ക് പോകുവാൻ സമയമായി, എന്ന് പറഞ്ഞു അവർ കടലിലേക്ക് തുറന്നിട്ടിരുന്ന ജനലിന്നടുത്തേക്ക് നടന്നു. "നോക്കൂ, നക്ഷത്രങ്ങൾ എന്നെ വിളിക്കുന്നുണ്ട്, എനിക്ക് അവർക്കിടയിൽ പറന്നു നടക്കണം, അതിന്നിടയിൽ ഏതെങ്കിലും നക്ഷത്രം എന്റെ കണ്ണുകളിൽ ഒളിക്കും, ഞാനതിനെ നാളെ നിങ്ങൾക്കായി കൊണ്ടുത്തരാം". പ്രണയം തിളങ്ങുന്ന നക്ഷത്രങ്ങൾ അവരുടെ കണ്ണുകളിൽ അയാൾ കണ്ടു. അവർ ജനലിലൂടെ പറക്കാൻ തയാറാവുകയാണെന്ന് അയാൾക്ക്‌ മനസ്സിലായി, "ഒരു നിമിഷം, നിങ്ങളുടെ പേര് പറഞ്ഞിട്ടെങ്കിലും പോകൂ" അവർ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു, "ജെസ്സി, ജെസ്സി ഇട്ടിക്കോര!"

Content Summary: Malayalam Short Story ' Pranayanakshathrangal ' Written by Kavalloor Muraleedharan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS