'ചികിത്സയ്ക്ക് പോകാൻ സമ്മതിക്കാത്ത ഭർത്താവിന്റെ അച്ഛൻ', ആരുമറിയാതെ സൗകര്യം ഒരുക്കി കൊടുത്തത്...

HIGHLIGHTS
  • സ്നേഹത്തിൽ വിരിഞ്ഞ ചെറു പുഷ്പത്തിന് (കഥ)
malayalam-short-story-vazhiyil-kalanju-poya-kurup-by-p-k-prakashan
Representative Image. Photo Credit : Dubova / Shutterstock.com
SHARE

“ലില്ലി ചേടത്തിയേ..... നേരം പോയി പെട്ടെന്ന് വായോ.. കുർബാന തുടങ്ങുന്നേന് മുന്നേ പള്ളീലെത്തണം. എല്ലാ ഞായറാഴ്ച്ചയും നമ്മളാണ് അവസാനം ചെല്ലാറ്” സൂസമ്മ നിന്ന് വിളിക്കുന്നത് കേട്ട് ലില്ലി ചേടത്തി തന്റെ കാലൻ കുടയും എടുത്ത് മുറ്റത്തോട്ട് ഇറങ്ങി. എല്ലാ ഞായറാഴ്ച്ചയും നാട്ടുവർത്തമാനവും അത്യാവശ്യം കുശുമ്പും ഒക്കെ പറഞ്ഞുള്ള ആ യാത്ര അവർ രണ്ടാളും അങ്ങ് ആസ്വദിക്കും. “ഓ.. നീ വെറുതെ വെപ്രാളപ്പെടാതെടീ പെമ്പിളേ... കർത്താവിന് അറിയത്തില്ലായോടീ നമ്മളെ... വേറെ ആരെയാണ് ബോധിപ്പിക്കേണ്ടത്..” “കഴിഞ്ഞ ആഴ്ച്ച താമസിച്ചു ചെന്നപ്പോളും അച്ചൻ ഏറു കണ്ണിട്ട് നോക്കുന്ന കണ്ടായിരുന്നോ... ചേടത്തി” “ഒന്ന് പോടി, എത്ര അച്ചൻമാരെയും മെത്രാൻമാരെയും കണ്ടിരിക്കുന്നു.. ഈ ലില്ലി.. ഒന്നുമല്ലേലും നൊന്തു പെറ്റ രണ്ട് മക്കളെ ഞാൻ സഭയ്ക്ക് കൊടുത്തില്ലായോടീ..” ലില്ലി ചേടത്തി കുടയ്ക്കകത്തു നിന്ന് ഒരു പൊതി എടുത്ത് സൂസമ്മയ്ക്ക് കൊടുത്തു.

“എടി കുറച്ച് കുടംപുളി ആണ്.. അന്തോണിച്ചായൻ കടയിൽ കൊടുക്കാനായി വെച്ചിരുന്നതിൽ നിന്ന് ഞാൻ കുറച്ചെടുത്തു മാറ്റിയതാണ്. ചാളയിൽ ഈ കുടംപുളി ഇട്ട് വറ്റിച്ചു നിന്റെ മാപ്പിളയ്ക്ക് കൊടുത്ത് നോക്ക്.. പിന്നെ അവൻ നിന്നോട് ഒരു വഴക്കും ഉണ്ടാക്കത്തില്ല..” ലില്ലി ചേടത്തി ഉറക്കെ ചിരിച്ചു. “ഓ.. എന്തിനാ ചേടത്തി വെറുതേ.. അന്തോണിച്ചായൻ വെല്ലോം അറിഞ്ഞാൽ പുകില് ആവില്ലേ..” “ഇച്ചായൻ അറിയത്തില്ലടീ... അതിനുള്ള വിദ്യ ഒക്കെ എനിക്കറിയാം.. കൊല്ലം പത്തൻപത് ആയില്ലേ അതിയാന്റെ കൂടെ കൂടിയിട്ട്..” “അല്ല ചേടത്തി ഈ അന്തോണിച്ചായൻ എന്നാത്തിനാ ഇങ്ങനെ പിശുക്കുന്നേ.. മക്കള് നാലഞ്ചു പേര് അങ്ങ് അമേരിക്കയിലും ഓസ്ട്രേലിയയിലും നല്ല നിലയില്.. ബാക്കി രണ്ട് പേര് അച്ഛൻ പട്ടവും എടുത്തു. വന്നിട്ടും പോയിട്ടും റോയിച്ചൻ മാത്രം അല്ലേ വീട്ടിൽ ഉള്ളൂ... അവർക്ക് ഇട്ട് മൂടാൻ ഉള്ള സ്വത്തും ഇല്ലേ..” “എടീ ഇട്ട് മൂടാൻ സ്വത്തും പറമ്പും ഉള്ള അന്തോണിച്ചനേ നിനക്കറിയത്തുള്ളൂ. ഒന്നും ഇല്ലാതെ വെറും കൈയ്യോടെ ജീവിതം തുടങ്ങിയ അന്തോണിച്ചനെ ഞാൻ കണ്ടിട്ടുണ്ട്... അവിടുന്ന് ഈ നിലയില് എത്താൻ പാട് കുറെ പെട്ടിട്ടുണ്ടടീ.. പഴയ സ്വഭാവം ഒന്നും അങ്ങനെ മാറത്തില്ലടീ കൊച്ചേ..” “ഹമ്മ്... ശരിയായിരിക്കും....” സൂസമ്മ നെടുവീർപ്പെട്ടു.

“എടീ നമുക്കിന്നു ഡയറി മിൽക്ക് സിൽക്ക് വാങ്ങണം.” “നമ്മുടെ വർക്കീടെ കടയിൽ ഉണ്ടെന്നാണ് കുട്ടൻ പറഞ്ഞത്. ഈ മധുരം ഇല്ലാത്ത കാപ്പിയും പലഹാരവും തിന്ന് തിന്ന് മടുത്തു. ഇങ്ങനെ എങ്കിലും പുറത്തോട്ടൊന്ന് ഇറങ്ങുന്നത് കൊണ്ട് ഇഷ്ടം ഉള്ള മിഠായി എങ്കിലും വാങ്ങി കഴിക്കാം.” ലില്ലി ചേടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇനി കുട്ടൻ ഒറ്റുമോ ചേടത്തീ?. “അന്തോണിച്ചായൻ എങ്ങാനും അറിഞ്ഞാൽ നമ്മളെ വെച്ചേക്കുകേല കെട്ടോ?” സൂസമ്മ ഓർമിപ്പിച്ചു. “പിന്നേ .. അതിനല്ലേടി ഞാൻ കുട്ടന് അഞ്ഞൂറ് രൂപ കൂടുതൽ കൂലി കൊടുക്കുന്നത്” ലില്ലി ചേടത്തി ആത്മവിശ്വാസത്തോടെ പറഞ്ഞു. “എന്ത്യേ ചേടത്തീ പ്രിയ? അവളെ പള്ളിലോട്ടൊന്നും കാണാനില്ലല്ലോ?” “ഓ... അവൾക്ക് വീട്ടിലെ പണി ഒതുങ്ങീട്ട് ഒന്നിനും നേരം ഇല്ലല്ലോ.. ഈ കാണുന്ന വസ്തു മുഴുവൻ നോക്കി നടത്തണ്ടേ. എനിക്ക് ഇപ്പോൾ പഴയ പോലെ അങ്ങ് ഒക്കുന്നും ഇല്ലന്നേ.. പിന്നെ നാട്ടുകാരുടെ ചോദ്യം കേട്ട് മടുത്തിട്ടും കൂടെ ആണടീ... കെട്ട് കഴിഞ്ഞ് വർഷം 10 ആയില്ലേ?.. അവർക്ക് കൊച്ചുങ്ങൾ ഇല്ലാത്തതിന്റെ ദുഃഖം നാട്ടുകാർക്കാണ് കൂടുതൽ എന്ന് ചിലപ്പോൾ തോന്നും. നാട്ടുകാരുടെ നാക്ക് വായിലിരിക്കുമോ? അത് കൊണ്ട് ആ കൊച്ചിനിപ്പോൾ വീടിന് പുറത്തോട്ടിറങ്ങുന്നത് ഇഷ്ടമല്ല.”

“കെട്ട് കഴിഞ്ഞ ഇടക്കൊന്നു ഗർഭിണി ആയതല്ലാരുന്നോ ചേടത്തീ?” “പിന്നെ.... 6 മാസം ആയപ്പോൾ അല്ലയോ ആ കുഞ്ഞിനെ നഷ്ടപെട്ടത്. അതിന്റെ തെണ്ണം ആ കൊച്ചിന് ഇപ്പോഴും ഉണ്ടടീ... പിന്നെയൊട്ട് അത് ഗർഭിണി ആയതും ഇല്ല.” ലില്ലിചേടത്തി ഒരു നെടുവീർപ്പോടെ പറഞ്ഞു. “എന്നാൽ പിന്നെ വല്ല ചികിത്സയും ചെയ്യാൻ വിടാരുന്നില്ലേ ചേടത്തീ.” “ഓ... ഒന്നും പറയണ്ടടീ... അന്തോണിച്ചായൻ പറയുന്നത്, ചികിത്സക്കൊന്നും പോവണ്ടാ അതൊക്കെ വിശ്വാസത്തിനെതിരാണെന്ന്. എനിക്കൊന്നും അറിയാൻ മേലേ... പക്ഷെ എനിക്ക് ആ കൊച്ചിന്റെ പ്രയാസം കാണാൻ മേലേ.. എന്നാ.. വീട്ട് പണിക്ക് ആരേലും ഒന്ന് നിർത്താൻ പറഞ്ഞാൽ, അപ്പൻ അതും സമ്മതിക്കത്തില്ല. പ്രിയ തന്നെ എല്ലാം ചെയ്യണമെന്ന് ദുഃശാഠ്യം പിടിക്കും. പുറം പണിക്ക് മാത്രമേ ആളിനെ നിർത്തൂ. എനിക്ക് ചിലപ്പോൾ സങ്കടം വരുമടീ... റോയിക്ക് ആണേൽ അപ്പനെന്ന് വെച്ചാൽ വല്യ പേടിയാ..” “എന്ന് പറഞ്ഞാൽ എങ്ങനാ ചേടത്തീ.. കൊച്ചുങ്ങളുടെ ജീവിതത്തിന് ഒരു അർഥം വരണ്ടേ??” “നമ്മുടെ വടക്കേലെ മോളീടെ മോൻ ഡോക്ടർ ആണെന്നല്ലയോ പറഞ്ഞത്. പുറത്തൊക്കെ പോയി പഠിച്ചതാണെന്ന് കേട്ടു. കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരുപാട് പേർക്ക് ആ ഡോക്ടറുടെ ചികിത്സയിൽ ഫലം കണ്ടെന്നു കേട്ടു. ചേടത്തി ഒരു കാര്യം ചെയ്യ് റോയിയോടും പ്രിയയോടും ആ ഡോക്ടറെ ഒന്ന് പോയി കാണാൻ പറ. അപ്പൻ അറിയാതെ നിങ്ങൾ എന്തെങ്കിലും ചെയ്യെന്റെ പൊന്നു ചേടത്തീ...” സൂസമ്മ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് ലില്ലി ചേടത്തിക്കും തോന്നി.

“എന്നതാടീ പെണ്ണും പിള്ളേ നീ ഈ മേലാഴികയും വച്ച് അടുക്കളയിൽ കയറിയോ?” കപ്പപ്പുഴുക്കിലേക്ക് മീൻ ചാറ് ഒഴിച്ചു കൊണ്ട് അന്തോണിച്ചൻ ചോദിച്ചു. “നിന്റെ മരുമോൾ എന്തിയേ? കുറച്ച് മാസങ്ങൾ ആയി രണ്ട് ആഴ്ച കൂടുമ്പോൾ അവൾ വീട്ടിലേക്ക് എന്നും പറഞ്ഞു പോവുന്നുണ്ടല്ലോ?? എടീ അമ്മായിയമ്മേ, നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അവളിങ്ങനെ സർക്കീട്ട് നടക്കുന്നത്. ഇവുടത്തെ കാര്യങ്ങൾ നടത്താതെ അവൾ വീട്ടിൽ പോയി എന്നാ കാണിക്കാൻ ആണ്.” “അത് നേരാണ്... എന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ് നിങ്ങടെ എട്ട് കെടാമുട്ടന്മാർ മക്കളെ പെറ്റ് വളർത്തിയത്. അത്രേം എണ്ണത്തിനെ വളർത്തി വിടാവെങ്കിലേ ഒരു നേരം ഭക്ഷണം ഉണ്ടാക്കാനും എനിക്ക് കുഴപ്പം ഒന്നും ഇല്ല. പ്രിയ കറി എല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടാണ് പോയത്. കെട്ടിച്ചു വിട്ടെന്നോർത്ത് അവക്കവടെ അപ്പച്ചനേം അമ്മച്ചിയേം കാണണ്ടായോ?” “ഓ.. നീ അവളുടെ സൈഡ് പിടിച്ചോ... അവസാനം നീ തന്നെ എല്ലാം ചെയ്യണ്ടി വരും.” അന്തോണിച്ചന്റെ വാക്കുകൾ കേൾക്കാത്ത പോലെ ലില്ലിചേടത്തി അടുക്കളയിലേക്ക് പോയി.

പ്രിയയും റോയിച്ചനും കാറിൽ വരുന്ന ഒച്ച കേട്ടാണ് ലില്ലിചെടത്തി വീടിന്റെ ഉമ്മറത്തേക്ക് വന്നത്. ഉമ്മറത്തേക്ക് കയറിയ പ്രിയ ലില്ലിചേടത്തിയെ കെട്ടി പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “അമ്മച്ചി ഒരാളുടെ പ്രാർഥനയും പിന്തുണയും കൊണ്ടാണ് ഞങ്ങൾക്ക് ഡോക്ടറെ കാണാൻ പറ്റിയത്. ഇപ്പോൾ ദൈവ കൃപയാൽ നമുക്ക് ഒരു കുഞ്ഞിനെ ലഭിക്കാൻ പോവുന്നു.” ലില്ലി ചേടത്തിയുടെ കണ്ണുകൾ നിറഞ്ഞു. അവർ പ്രിയയുടെ തലയിൽ തലോടി അനുഗ്രഹിച്ചു. “നന്നായി മോളേ... കർത്താവ് നമ്മുടെ പ്രാർഥന കേട്ടു.. നീ ഇങ്ങോട്ട് വന്നേ... എനിക്ക് ഒരാളോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്‌.” ലില്ലി ചേടത്തി പ്രിയയുടെ കൈകൾ പിടിച്ച് അന്തോണിച്ചന്റെ മുൻപിൽ നിർത്തി. “അപ്പൻ വല്ലോം അറിഞ്ഞോ?? ഇവിടെ ഒരു പേരകുട്ടി വരാൻ പോന്നൂന്ന്. പ്രിയയ്ക്ക് ബെഡ് റസ്റ്റ്‌ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് എല്ലാ പണികളും കൂടെ പറ്റത്തില്ലന്ന് അപ്പനറിയാമല്ലോ?.. വീട്ട് പണിക്ക് ഒരാളെ പെട്ടെന്ന് തന്നെ ഏർപ്പാട് ചെയ്യണം.” തിരിഞ്ഞ് നടന്നപ്പോൾ ലില്ലി ചേടത്തി പ്രിയയെ ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു. “മോളെ ഓരോന്നും വരാനുള്ള സമയത്ത് വന്നു എന്ന് കരുതണം. നമുക്ക് കിട്ടാതെ ഈ ലോകം വിട്ടു പോയ കുഞ്ഞിനായി നമുക്ക് പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തണം. ഈ ലോകത്ത് വന്നില്ലെങ്കിലും 6 മാസം എന്റെ പേര കുട്ടിയായി നിന്റെ വയറ്റിൽ ജീവിച്ച ജീവൻ അല്ലയോ അവനും. പഴയതൊക്കെ ഓർത്തു വിഷമിപ്പിക്കാൻ വേണ്ടി അല്ല അമ്മച്ചി അങ്ങനെ പറഞ്ഞത്. ഒരു പക്ഷെ നിന്റെ മനസിന് അതിലൂടെ സമാധാനം കിട്ടുകയും, നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞു ജീവനെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ മനസാന്നിധ്യം ലഭിക്കുകയും ചെയ്യും.” മുൻപോട്ടുള്ള ജീവിത യാത്രക്കുള്ള കരുത്തേകാനായി ഹാളിൽ ഇരുന്ന മാതാവിന്റെയും ഉണ്ണി യേശുവിന്റെയും രൂപത്തിന് മുൻപിൽ പ്രിയ കണ്ണടച്ച് നിന്ന് പ്രാർഥിച്ചു.

Content Summary: Malayalam Short Story ' Snehathil Virinja Cheru Pushpathinu ' Written by Lakshmi Maneesh

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA