ADVERTISEMENT

"മോളെ, കുറച്ചു പോകേല തര്വോ.." അമ്മ എന്നെ വിളിച്ചു.. "രവിയേ.. ഡാ രവിയെ.. നാണി വല്യമ്മക്ക് കുറച്ച് പുകയില കൊണ്ടുകൊടുക്കൂ.." ഗുണന പട്ടികയുമായി മല്ലിടുകയായിരുന്ന ഞാൻ അതൊരു അവസരമായിക്കണ്ട് മുത്തശ്ശിയുടെ മുറിയിലേക്കോടി. കട്ടിലിനടിയിൽ ഗാഢ നിദ്രയിലായിരുന്ന മുറുക്കാൻ പെട്ടിയെ തട്ടിയുണർത്തി പൊക്കിയെടുത്തു. അതൊരു മരപ്പെട്ടിയാണ്. ചിത്രപ്പണികളോടുകൂടിയ അടപ്പുള്ള എന്റെ സ്ലേറ്റിനേക്കാളും വലിപ്പമുള്ള പെട്ടി. അതിലെപ്പോഴും മുറുക്കാനുള്ള സാമഗ്രികൾ ഉണ്ടാകും. അതൊരു അക്ഷയ പെട്ടിതന്നെയാണ്. ഒരിക്കലും മുറുക്കാൻ സാമാനങ്ങൾ തീരുകയില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിത്തളത്തകിടുകൊണ്ട് അതിന്റെ മുക്കുംമൂലയും ഉറപ്പിച്ചിട്ടുണ്ടായിരുന്നു. മൊട്ടുപോലുള്ള മിനുസമുള്ള ആണികൾ ഉയർന്നു കാണും. അതിനകം മൂന്നു ഭാഗങ്ങളായി തിരിച്ചിരുന്നു, ചെറിയ രണ്ടു അറകളിൽ അടയ്ക്ക നുറുക്കുകൾ, മറ്റൊന്നിൽ ഒരു ഡബ്ബയിൽ ചുണ്ണാമ്പും. വലിയ അറയിൽ നീളൻ പുകയില മടക്കിയും, ഒരു ചെപ്പിൽ നുറുക്കിയ പുകയിലയും എന്നും നിറഞ്ഞു കിടന്നിരുന്നു.

മുറുക്കാൻ പെട്ടി മൊത്തമായി കണ്ടതിൽ നാണി വല്യമ്മയ്ക്ക് സന്തോഷം. അവർ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു. കവിളിൽ എനിക്കൊരു നുള്ളും കിട്ടി, കൂടെ "നല്ല മോൻ" എന്നൊരു സർട്ടിഫിക്കറ്റും. വരാന്തയിൽ തൂണും ചാരി അവർ ഇരുപ്പുറപ്പിച്ച് മുറുക്കാൻ പെട്ടി തുറന്നു. കൂടെ വർത്തമാനത്തിന്റെ ഭാണ്ഡക്കെട്ടും. അവർ അമ്മയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. "ഏടപ്പോയി നിന്റെ ബെല്ലൊയോൻ" അമ്മ: " ഓൻ ഈട ഏഡിയോ ണ്ട്" നാണി വല്യമ്മ മുത്തച്ഛന്റെ അകന്ന ബന്ധത്തിൽ ഉള്ളതാണ്. അവർക്ക് ദൂരെ എവിടെയോ വീട് ഉണ്ട്. അവരുടെ ഒരേ ഒരു മകൻ രവി എന്തൊക്കെയോ അല്ലറ ചില്ലറ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞാൻ കേട്ടത്, ഞാൻ കണ്ടിട്ടില്ല. നാണി വല്യമ്മ എപ്പോഴും യാത്രയിലായിരിക്കും. എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോകും. രണ്ടോ മൂന്നോ ദിവസം താമസിക്കും. അപ്പോൾ ആ  വീട്ടുകാർ എന്തെങ്കിലും പൈസ കൊടുക്കും, അതും വാങ്ങി അവർ വീണ്ടും യാത്ര തുടരും. അമ്മ പറയാറുണ്ട് "ഒരു ജോലിയും ചെയ്യാതെ ജീവിക്കണം അതാണ് ഇങ്ങനെ വീടുതോറും ചെല്ലുന്നത്" അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അവർ എന്തെങ്കിലും ജോലി ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. അവർ ഭക്ഷണം കഴിച്ച പാത്രം പോലും അമ്മയാണ് കഴുകുന്നത്.  

അടുക്കളയുടെ ഒരു ഭാഗത്ത് അടുക്കളയോട് ചേർന്ന് ഒരു മുറിയുണ്ട്, കുളിമുറിപോലെ ഒരു മുറി, അതിനകത്തുനിന്ന് കിണറ്റിലെ വെള്ളം കോരാം. അതുകൊണ്ടുതന്നെ അവിടെ വെച്ചാണ് അമ്മ പാത്രങ്ങൾ കഴുകിയിരുന്നത്. അമ്മ പാത്രങ്ങൾ കഴുകുമ്പോൾ നാണി വല്യമ്മ വാതിൽപ്പടിയിൽ ഇരുപ്പുറപ്പിക്കും, എന്നിട്ട് വായ അടയ്ക്കാതെ പറഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ ഒരു കാലിന് അൽപം നീളക്കുറവുണ്ടോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. കാരണം അവർ നടക്കുമ്പോൾ ഒരു താളം തെറ്റിയതുപോലെ. അതുകൊണ്ടായിരിക്കും അവരുടെ ഉടുമുണ്ട് നിരങ്ങി താഴോട്ടുപോകും അപ്പോൾ അവർ അരക്കെട്ടിൽ പിടിച്ച് ഉടുമുണ്ട് ഒന്ന് ചുരുട്ടി അരക്കെട്ടിൽ ഇറുക്കിവെക്കും. അപ്പോൾ ആ മുണ്ട് നല്ലപോലെ അരക്കെട്ടിൽ ഉറച്ചുനിൽക്കും, പക്ഷെ താഴെ അതിന്റെ നീളം കുറയുന്നുണ്ട് എന്ന കാര്യം അവർ മറന്നുപോകും. അങ്ങനെ കുറെ പ്രാവശ്യം ഉടുമുണ്ട് തിരുകിക്കയറ്റി നീളം കുറഞ്ഞാൽ എവിടെയെങ്കിലും മറഞ്ഞുനിന്ന് മുണ്ട് അഴിച്ച് ഉടുക്കും. അപ്പോൾ ആ മുണ്ടു കാലിന്റെ നെരിയാണി വരെ എത്തും. 

കാലിന്റെ ഈ നീള വ്യത്യാസം അവരെ ദേശങ്ങൾ താണ്ടുന്നതിൽനിന്നും പിൻതിരിയാൻ കാരണമായില്ല. അവർ നടക്കുമ്പോൾ തല കുനിച്ചുപിടിച്ചിട്ടുണ്ടെങ്കിൽ കരുതുക അവർ അഗാധമായ ചിന്തയിലാണെന്ന്. അപ്പോൾ അവരുടെ വലതുകൈപടം ചുരുട്ടി അരക്കെട്ടിൽ കുത്തിയിട്ടുണ്ടാകും. ഇത്തവണ അവർ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. അവരുടെ മകൻ രവി അവരോട് പണം ആവശ്യപ്പെട്ടുപോലും. അപ്പോളവരുടെ കൈയ്യിൽ പണം ഉണ്ടായിരുന്നില്ല. രവി സ്വന്തം അമ്മയെ തല്ലി, നിലത്തുരുട്ടി. അവർ കൈമുട്ടിലെ പാടുകൾ അമ്മയെ കാണിച്ചു. അതുകണ്ടപ്പോൾ അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ നിറയുന്നത് ഞാൻ കണ്ടു. "നാണിയമ്മയ്ക്ക് വീട്ടിനടുത്തുള്ളവരെ വിളിച്ചു കൂട്ടാമായിരുന്നില്ലേ?" നാണിയമ്മ :"എന്തിനാ മോളെ അതൊക്കെ? അവൻ എന്റെ മകനല്ലേ!" അപ്പോൾത്തന്നെ അമ്മ ഒരു ടിൻ ഡബ്ബ കൊണ്ടുവന്ന് നാണിയമ്മയ്ക്ക് കൊടുത്തു. അമ്മ "ഇതിൽ എത്രയുണ്ടെന്ന് അറിയില്ല നാണിയമ്മ തന്നെ നോക്കൂ." നാണിയമ്മ വലിയ പ്രതീക്ഷയോടെ അതെടുത്ത് കുലുക്കി നോക്കി. ചില്ലറയുടെ കിലുക്കം അവരുടെ കണ്ണുകളിലെ കണ്ണുനീരിനെ വറ്റിച്ചു. മുറുക്കാൻ പെട്ടിയിലെ അടയ്ക്ക മുറിക്കുന്ന കത്തികൊണ്ട് അവർ ആ ഡബ്ബ കുത്തിത്തുറന്നു. കുറെ ചില്ലറയും ഒരു രൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകൾ അവർ എണ്ണിത്തിട്ടപ്പെടുത്തി. "മുപ്പതുരൂപയുണ്ട് മോളെ" അമ്മ "നാണിയമ്മ ഇത് എടുത്തോളൂ.. എന്റെ കൈയ്യിൽ ഇത്രയേ ഉള്ളൂ.." നാണിയമ്മ : "മോൻ വന്നാൽ കുറച്ചുകൂടി കിട്ടുമായിരിക്കും അല്ലേ മോളെ" അമ്മ പറഞ്ഞു "അങ്ങേര് ഇത് അറിയേണ്ട.. എന്നെ ചീത്ത പറഞ്ഞു കൊല്ലും" 

അച്ഛന് ഇവരെ അത്ര ഇഷ്ടമല്ല എന്ന് അമ്മയ്ക്കറിയാം. അതിന് കാരണം ഇവരുടെ മകന്റെ സ്വഭാവം കൊണ്ടുതന്നെയാണ്. അച്ഛൻ പലപ്പോഴും ഇവരോട് പറഞ്ഞിട്ടുണ്ട് "രവിയെ പണം കൊടുത്ത് സഹായിക്കരുത്, അതുകൊണ്ടാണ് അവൻ ജോലിക്കൊന്നും പോകാത്തത്" നാണി വല്യമ്മ അത് കേട്ടതായി ഭാവിക്കാറില്ല. അവർ അത് പറഞ്ഞു മടുത്തുകാണും. അമ്മ പറഞ്ഞു "ഏട്ടൻ വരുന്നതുവരെ കാത്തുനിൽക്കേണ്ട.. ഇപ്പോൾ പുറപ്പെട്ടാൽ വൈകുന്നേരത്തോടെ വീട്ടിലെത്താം" നാണി വല്യമ്മ :"വേണ്ട.. ഞാൻ നാളെ പോയിക്കോളാം" അമ്മ മറുത്തൊന്നും പറഞ്ഞില്ല. വൈകുന്നേരത്തോടെ അച്ഛൻ ജോലികഴിഞ്ഞ് വീട്ടിലെത്തി. നാണിവല്യമ്മ ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ മുറിയിൽ കൂനിക്കൂടിയിരുന്നു. അവർ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ അച്ഛനോട് പറഞ്ഞു "നാണി വല്യമ്മ വന്നിട്ടുണ്ട്" അച്ഛൻ :"മനസ്സിലായി.. അമ്മയുടെ മുറിയിലെ കുശുകുശുക്കൽ ഞാൻ ശ്രദ്ധിച്ചു." പിന്നെ അമ്മയെ നോക്കി നീട്ടിയൊന്നു മൂളി. അതിനർഥം "വേഗം പറഞ്ഞുവിട്ടോളൂ" എന്നായിരുന്നു. അച്ഛൻ ഷർട്ടിന്റെ കീശയിൽനിന്നും അമ്പതുരൂപ നോട്ട് എടുത്ത് അമ്മയ്ക്ക് നൽകി. "ഇത് കൊടുത്തേക്കു.. ഇനി ഈ മാസം ഇങ്ങോട്ട് വരരുത് എന്നും പറയണം.. പിന്നെ ആ രവിയെ വല്ല പണിക്കും പോകാനും പറയണം.. കേട്ടല്ലോ.." അമ്മ : "ഇത് നിങ്ങൾ തന്നെ നേരിട്ട് പറഞ്ഞൂടെ.." അച്ഛൻ: "അത് വേണ്ട.." 

പിറ്റേന്ന് അതിരാവിലെ നാണി വല്യമ്മ പോയി. അച്ഛൻ അത് ശ്രദ്ധിച്ചു. "ഓ.. നാണിയമ്മ പോയി അല്ലേ" അമ്മ ഒന്നു മൂളുക മാത്രം ചെയ്തു. എന്നിട്ട്  തുടർന്നു "അമ്മ പറയുന്നുണ്ടായിരുന്നു പുകയില തീർന്നു എന്ന്" അച്ഛൻ "അത് ഞാൻ പ്രതീക്ഷിച്ചതാണ്.. അമ്മയോടൊന്ന് പറയൂ ഈ പുകയില തീറ്റി കുറയ്ക്കാൻ" അമ്മ: "പറഞ്ഞാൽ കേൾക്കേണ്ടേ? നിങ്ങൾ തന്നെ പറഞ്ഞൊള്ളൂ" അച്ഛൻ: "ഞാൻ പറയും... എനിക്കതിന് ആരെ പേടിക്കണം?" മുത്തശ്ശി അത് കേട്ടു... അവർ അവരുടെ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു "ഞാൻ അല്ല തീർത്തത്.. അവളാണ്.. ആ നാണി" അച്ഛൻ മറുത്തൊന്നും പറഞ്ഞില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞശേഷമുള്ള ഒരു വൈകുന്നേരം അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു "ആ നാണിയമ്മ മരിച്ചു.." അമ്മ : "എങ്ങനെ?" അച്ഛൻ : "അതൊന്നും അറിയില്ല.. അവരുടെ വീട്ടുമുറ്റത്ത് വീണു കിടക്കുകയായിരുന്നു പോലും.. മടിക്കുത്തിൽ കുറെ പൈസ ഉണ്ടായിരുന്നു എന്നും കേട്ടു.

Content Summary: Malayalam Short Story ' Immini Ballyaromma ' Written by Premraj K. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT