'സങ്കടപ്പെട്ട് ക്ലാസിനു പുറത്തു നിൽക്കുന്ന അനിയൻ', കാരണം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ടീച്ചർ അവനെ...

Mail This Article
ഇന്ദിര ടീച്ചർ ബോർഡില്‍ ഹിന്ദി അക്ഷരമാല എഴുതി തുടങ്ങുമ്പോൾ ആണ് ക്ലാസ് മുറിയുടെ വാതിൽക്കൽ ഒരു കുഞ്ഞു മുഖം ഞാൻ കാണുന്നത്. വാതിലിനോട് ചേർന്നു നാണിച്ചു നിൽക്കുന്നത് എന്റെ അനിയൻ ആണ്. അവൻ അന്ന് ഒന്നാം ക്ലാസ്സിൽ ജോയിൻ ചെയ്‌തതെ ഉള്ളു. കമ്പനിയുടെ സ്കൂൾ ആയതിനാൽ ഞങ്ങൾ രണ്ടാളും ഒരു സ്കൂൾ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. മൂന്നാം ക്ലാസ്സിന്റെ വാതിൽക്കൽ, അതും ക്ലാസ് നടക്കുന്ന സമയത്തു, ഭയന്നു വന്ന് എത്തി നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോ എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. ഹിന്ദി പോയിട്ട്, മലയാളം പോലും നന്നായിട്ട് സംസാരിക്കാൻ അറിയാത്ത ഒരു കൊച്ചു കുട്ടി നിൽക്കുന്നത് കണ്ടപ്പോ ഇന്ദിര ടീച്ചറും ഒന്നും പകച്ചു.
"എന്താ മോനെ?" ടീച്ചർ ചോദിച്ചു. "ചേട്ടനെ കാണണം" അവൻ പറഞ്ഞു. "ഈ കുട്ടിയുടെ ചേട്ടൻ ക്ലാസ്സിൽ ഉണ്ടോ?" ടീച്ചർ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളെ നോക്കി ഉറക്കെ ചോദിച്ചു. ഞാൻ എണീറ്റു. "അർജുൻ, പോയി വരൂ, അനിയൻ വിളിക്കുന്നു," ടീച്ചർ എന്നോട് പറഞ്ഞു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. "എന്താടാ? എന്തുപറ്റി? ക്ലാസ് ഇല്ലെ?" ഞാൻ ചോദിച്ചു. "എന്നെ ടീച്ചർ ക്ലാസ്സിൽ നിന്ന് പുറത്താക്കി, പെൻസിൽ കൊണ്ടുവന്നില്ല." "അമ്മ രാവിലെ പുതിയ പെൻസിൽ തന്നതല്ലെ.?" ഞാൻ ചോദിച്ചു. "അതെ പോയി, കാണാനില്ല". അവൻ സങ്കടത്തിൽ പറഞ്ഞു. "ടീച്ചർ പറഞ്ഞു ചേട്ടൻ ഇവടെ തന്നെ അല്ലെ പഠിക്കുന്നത്, ചേട്ടന്റെ അടുത്ത് നിന്ന് മേടിച്ചോണ്ട് വാ." അങ്ങനെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടനെ കാണാൻ വന്നതാണ് എന്റെ അനിയൻ.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. "ഒരു കൊച്ചു കുട്ടിയല്ലേ, പെൻസിൽ ഒക്കെ കളയുക എന്നുള്ളത് ഒരു സാധാരണ കാര്യം അല്ലെ? അതൊക്കെ എല്ലാ കുട്ടികളും ചെയ്യുന്നത് അല്ലെ? അതിന് ക്ലാസ്സിൽ നിന്ന് പുറത്താക്കാൻ ഒക്കെ ഉണ്ടോ?" എന്നൊക്കെ ഉള്ള ചിന്തകൾ എന്റെ മനസ്സിൽ കൂടി കടന്നുപോയി. തലകുനിച്ചു സങ്കടപ്പെട്ടു നിൽക്കുന്ന അവനോട് ഞാൻ എന്ത് പറയാൻ ആണ്. അവനെ അവിടെ നിർത്തി ഞാൻ ക്ലാസ്സിൽ കേറി എന്റെ ബോക്സിൽ ഉണ്ടായിരുന്ന പെൻസിൽ എടുത്തു കൊടുത്തു. എന്നിട്ട് ക്ലാസ്സിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. കോറിഡോറിലൂടെ മതിലിനോട് ചേർന്ന് അവൻ അവന്റെ ക്ലാസ്സിലേക്ക് ഓടി മറയുന്നത് ഞാൻ നോക്കി നിന്നു.
തിരിച്ചു ക്ലാസ്സിൽ കേറിയപ്പോഴാണ് ഞാൻ അവന് കൊടുത്തുവിട്ടത് എന്റെ കൈയ്യിൽ ആകെ ഉണ്ടായിരുന്ന പെൻസിൽ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. ബാഗിൽ ഒന്ന് തപ്പി നോക്കാം എന്ന് കരുതി തപ്പി നോക്കിയപ്പോൾ ഒരു ചെറിയ മുന ഒടിഞ്ഞ പെൻസിൽ കിട്ടി. കൈയ്യിൽ ഉണ്ടായിരുന്ന ഷാർപ്നർ വച്ച് ഞാൻ അത് ചെത്തി മിനുക്കി എഴുതാൻ തുടങ്ങിയപ്പോൾ അതിന്റെ മുന ഒടിഞ്ഞു. വീണ്ടും ചെത്തി. വീണ്ടും ഒടിഞ്ഞു. ഇന്ദിര ടീച്ചർ ബോർഡിൽ എഴുതിയത് മായിച്ചു അടുത്തത് എഴുതാൻ തുടങ്ങി, ഞാൻ അപ്പോഴും പെൻസിൽ ചെത്തികൊണ്ട് ഇരിക്കുവായിരുന്നു. എല്ലാവരും നിശബ്ദമായി ഇരുന്നു എഴുതുന്നു. എന്താ ചെയ്യുക ഇനി ഓർത്തു ഇരിക്കുമ്പോ പുറകിൽ നിന്ന് ആരോ എന്നെ തോണ്ടുന്നത്. എന്റെ സഹപാഠി ആയ പെൺകുട്ടി ആണ്. "ഇന്നാ, ഇത് വച്ച് വേഗം എഴുതിക്കോ" അവൾ ഒരു പെൻസിൽ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അത് മേടിച്ചു എഴുതുവാൻ തുടങ്ങി. അവൾ എന്നോട് ആ പെൻസിൽ തിരിച്ചു ചോദിച്ചതുമില്ല.
ഇപ്പോ ഇതൊക്കെ ആലോചിയ്ക്കുമ്പോ, ഒരു സങ്കടം വരും. എന്തിനാണാവോ ആ ടീച്ചർ ഒന്നും അറിയാത്ത ഒരു കൊച്ചു കുട്ടിയെ ക്ലാസ്സിൽ നിന്ന് പെൻസിൽ കാണാതെ പോയി എന്ന കാരണത്താൽ പുറത്താക്കിയതും ചേട്ടന്റെ അടുത്ത് പോയി മേടിച്ചുകൊണ്ട് വരാൻ പറഞ്ഞതും. ഇന്ന് എനിക്ക് 29 വയസുണ്ട്, എന്റെ അനിയന് 27 ഉം. അന്ന് എനിക്ക് ഒന്നും ചോദിക്കാതെ പെൻസിൽ എടുത്ത് തന്ന ആ പെൺകുട്ടി എന്റെ ഭാര്യയും. അവളോട് ഞാൻ ഇന്നും ചോദിക്കും "എന്തിനാ നീ അന്ന് അങ്ങനെ ചെയ്തത്?" അപ്പോൾ അവൾ പറയും, "ആവൊ എനിക്ക് ഒന്നും ഓർമയില്ല!!!".
Content Summary: Malayalam Short Story ' Kalanju Poya Pencil ' Written by Arjun Prakash