"ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ആ ഉണക്കമീൻ എടുത്ത് കളയണം.." രവി അത് പറയുമ്പോൾ എനിക്ക് വിശ്വസിക്കുവാൻ ആയില്ല. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ആദ്യമായി ഞാൻ കാണുകയാണ്. ഇഷ്ടമുള്ള ഒന്നിനോട് ഇത്ര വിരക്തി കാണിക്കുന്നത്. മീൻ കറി ആഹാരത്തിന് നിർബന്ധമാണ്. പച്ചമീനില്ലെങ്കിൽ ഉണങ്ങിയത്. അതാണ് പതിവ്. വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കടന്നു പോയത് ഇന്നലെ ആയിരുന്നു. അത് നന്നായി ആഘോഷിക്കുകയും ചെയ്തു. അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊതുവേ ആഘോഷങ്ങളോട് വിമുഖത കാട്ടുന്ന രവിക്ക് ഇതെന്തു പറ്റിയോ! ഞാൻ ഓർക്കാതിരുന്നില്ല. എന്തിനോടും തീവ്രമായ ആഭിമുഖ്യം, തന്റെ രാഷ്ട്രീയ വിശ്വാസം, സഹജീവികളോടുള്ള കരുതൽ, ഇതൊക്കെ മതി രവി എനിക്ക് ആരെന്നറിയാൻ.. "എന്തിനാണ് അത് കളയുന്നത്." ഞാൻ ചോദിച്ചില്ല. രവി പറയുന്നത് കേൾക്കുവാനാണ് എനിക്കിഷ്ടം. അതുപോലെ ചെയ്തു. പൊതിയോടെ എടുത്ത് പുറത്തേക്കിട്ടു. പൂച്ചകൾക്ക് ഇന്നത്തെ ഭക്ഷണമാകട്ടെ. പച്ചമീൻ കിട്ടാത്ത ദിവസങ്ങളിൽ തനിക്കിനിയും പേടിയില്ല. രവി തന്റെ ഒരു ശീലം ഉപേക്ഷിച്ചിരിക്കുന്നു. എന്നാലും അതിൽ അസാധാരണമായ എന്തോ.. ഉള്ളിലെവിടെയോ ഒരു വിങ്ങൽ.. "ഇതെന്താ കയ്ക്കുന്നെല്ലോ."
വീട്ടിൽ ഉച്ചവട്ടങ്ങൾക്ക് ഒരുങ്ങുമ്പോൾ അവധി ദിവസങ്ങളിൽ രവിയും കൂടും. അന്ന് ഞങ്ങൾ ഒരുമിച്ചാണ് പാചകം. ഒരു മകനുള്ളത് വിദേശത്ത് പഠിക്കുന്നു. ആകുന്നത്ര പറഞ്ഞിട്ടും അവൻ പോയി. പോകുന്നതുവരെ അവന് അച്ഛനോ, അമ്മയോ കൂട്ടുവേണം. എങ്കിലേ അവൻ ഉറങ്ങു. ചില കാര്യങ്ങളിൽ മക്കൾ എപ്പോഴും കുട്ടികൾ തന്നെ. ശീലങ്ങൾക്ക് പ്രായമില്ലല്ലോ. ഒരു കുട്ടിയല്ലേ. നിർബന്ധം മകന് അൽപം കൂടുതൽ ആയിരുന്നു. സ്നേഹത്തിന്റെ മുന്നിൽ തോറ്റു കൊടുക്കുക. അതായിരുന്നു ഞങ്ങളുടെ ഇഷ്ടം. അച്ഛനമ്മമാർ തോറ്റാലും മക്കൾ ജയിക്കണം. അവർ തോൽക്കരുത്. ഉപരി പഠനത്തിനായി കൂട്ടുകാർ പോയപ്പോൾ അവനും പോണമത്രെ. അവിടെ ആകുമ്പോൾ പഠനം, ജോലി എല്ലാം ഒരുപോലെ പോകും; ജീവിതവും. മകൻ വളരട്ടെ..
"ഇതിന് കയ്പ്പെന്നോ! രവിക്ക് ഇതെന്തു പറ്റിയോ.." എല്ലാ കറികളും നന്നായിട്ടുണ്ട്. രവിക്ക് തോന്നുകയാണ്. ഒന്നിനും കുറ്റം പറയുന്ന ആളല്ലല്ലോ! "കുറ്റവും കുറവുമൊക്കെ നോക്കാൻ, അതിന് സമയം എവിടെ." രവി അങ്ങനെയേ പറയാറുള്ളൂ. ജീവിതമാണ് വലുത്. ജീവിക്കുന്നത് അതിലും വലിയ കാര്യം. ജീവിക്കുക, ഇഷ്ടത്തോടെ.. അതാണ് രവി. അങ്ങനെ പറയുന്ന ഒരാൾ.! "പനിക്കുന്നുണ്ടോ." ഞാൻ രവിയുടെ നെറ്റിയിൽ കൈ തൊട്ടു. "പനിയോ.. ആർക്ക്..?" ചിരിച്ചുകൊണ്ട് അവൻ ഒഴിഞ്ഞു മാറി. "രവി ഇന്നു തന്നെ മറന്നെല്ലോ!" എന്റെ ചോദ്യം കേട്ട് എന്താണ് താൻ മറന്നത് എന്നറിയാൻ, രവി എന്നെ തന്നെ നോക്കി. സാധാരണ അവധി ദിവസങ്ങളിൽ അയൽ വീട്ടിലെ കിടപ്പ് രോഗിയായ ആ അമ്മയെ കാണാൻ പോകുന്നതാണ്. പ്രായാധിക്യം. ഒറ്റപ്പെട്ട ജീവിതവും! മക്കളെല്ലാം വിദേശത്ത് നല്ല നിലയിൽ. അച്ഛൻ മരിച്ചതിന് ശേഷം അവർ അമ്മയെ വിളിച്ചിരുന്നു. കൂടെ ചെല്ലാൻ. അമ്മ ഒരിടത്തും പോകാതെ സ്വന്തം വീട്ടിൽ തന്നെ ജീവിച്ചു. അതായിരുന്നു അമ്മയുടെ ഇഷ്ടം. "മനസ്സും ഓർമ്മകളും ഒരുമിച്ച് ചേരുന്നിടത്ത് ജീവിക്കണം. എങ്കിലേ അത് ജീവിതമാകൂ." ജീവിതത്തെകുറിച്ച്, എന്താണ് ജീവിതം അല്ലെന്നുള്ളത് അമ്മ പറയും.
വലിയ വീട്. ചുറ്റു മതിൽ. അടഞ്ഞു കിടക്കുന്ന ഗേറ്റ്. വീടിന് കാവലാകാൻ ഒരു നായ. അമ്മയ്ക്ക് കൂട്ടിരിക്കാൻ ഒരു ജോലിക്കാരി. അമ്മയുടെ ജോലിയത്രയും അവർ ചെയ്യണം. ആഹാരം, മരുന്ന്, വസ്ത്രം കഴുകൽ, വീട് തുടച്ച് വൃത്തിയാക്കുക. അമ്മ കാണുന്നില്ലെങ്കിലും ടെലിവിഷൻ വച്ച് കൊടുക്കണം. വെറുതെ ശബ്ദം കേൾക്കാൻ.. ഇത്രയും കൊണ്ട് അവരുടെ ജോലി തീരേണ്ടതാണ്. തീരുന്നില്ല. "അറ്റോണിന്റെ കാര്യം പ്രത്യേകം നോക്കണേ. പത്തുലക്ഷം ആണ് അവന്റെ വില. ശക്തിയിലും ബുദ്ധിയിലും ഏറ്റവും മുന്തിയ ഇനം. അവൻ കുരയ്ക്കുകയല്ല. സിംഹഗർജ്ജനം ആണത്. ഞങ്ങൾക്ക് ഇവിടിരുന്നും കേൾക്കാം!" വിദേശത്ത് നിന്ന് മക്കൾ വിളിച്ചാൽ നായയെകുറിച്ചുള്ള വായ്ത്താരികൾ നീണ്ടുപോകും. എല്ലാം മൂളികേൾക്കണം. ഇന്നലെ പറഞ്ഞത് തന്നെയായിരിക്കും ഇന്നും പറയുന്നത്. ഇതിനിടയിൽ അമ്മയെക്കുറിച്ച് ചോദിച്ചാൽ ആയി!
"ഓ! ഞാൻ മറന്നു. അമ്മയെ കാണാൻ വൈകി." "വരൂ.." രവി പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ ഒരുമിച്ചാണ് പോകാറുള്ളത്. അവിടെ ചെന്നാൽ അമ്മയുടെ അടുത്തിരുന്നു സംസാരിക്കണം. അമ്മ പറയുന്നത് കേൾക്കണം. അപ്പോൾ അമ്മയുടെ മിഴികളിൽ നിലാവ് ഉദിക്കുന്നത് കാണാം. "അല്ലാ, രവി നീയിത് എങ്ങോട്ടാ.. അമ്മയുടെ വീട്ടിലേക്കുള്ള വഴി നീ മറന്നോ.!" ഞാൻ അവന്റെ കൈയ്യിൽ ബലമായി പിടിച്ചു. "വരൂ, നമുക്ക് തിരിച്ചു വീട്ടിലേക്ക് പോകാം." എനിക്കാണ് വഴി തെറ്റിയത് എന്ന ഭാവത്തിൽ രവി എന്നെ തന്നെ സംശയത്തോട് നോക്കി. മാതാപിതാക്കൾ ചെറുപ്പത്തിൽ നഷ്ടമായ രവിക്ക് ബന്ധങ്ങൾ ഒത്തിരി വലുതായിരുന്നു. നഷ്ടപ്പെടുമ്പോൾ തിരിച്ചറിയുന്നതാണ് സ്നേഹം എന്ന് രവി അറിഞ്ഞു. അമ്മ അവന് സ്നേഹമായിരുന്നു. "ഓ! തനിക്കാണ് തെറ്റിയത്.!" രവിയുടെ ആത്മഗതം അവന്റെ മുഖത്തു നിന്നും വായിച്ചെടുത്തു. "അമ്മയെ കണ്ടിട്ട് മടങ്ങാം." രവി ധൃതി കൂട്ടി. "പേടിക്കണ്ട, എനിക്ക് ഒന്നുമില്ല." മുന്നോട്ടുള്ള വഴിയിലെ ചാഞ്ഞു കിടക്കുന്ന ഇലയിൽ തൊട്ട് രവി ഉത്സാഹം കാട്ടി. അമ്മയെ കണ്ടിട്ട് പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു. സാധാരണ അങ്ങനെയല്ല. ഇന്ന് തിരിച്ചു പോരുമ്പോൾ അമ്മയും വിലക്കിയില്ല.
"ആര്, എപ്പോഴാണ് കിടപ്പിലാകുന്നത് എന്ന് ആർക്കറിയാം. വീഴുന്നവരെ വീഴാത്തവർ നോക്കണം. അതാണ് പ്രകൃതിയുടെ നിയമം. അവരാണ് മക്കൾ! നമ്മൾ അപ്പോഴാണ് ജീവിക്കുന്നത്.." രവിയുടെ മനസ്സ് അവന്റെ ജീവിതം ആയിരുന്നു. "നല്ല മനുഷ്യർ ആകാതിരിക്കുവാൻ ഇവിടെ ഒരു കാരണവുമില്ല. ശരിയല്ലേ.." അവൻ എന്നെ നോക്കി. ദൃഷ്ടി മാറ്റാതെ.. വെറുതെ തർക്കിക്കാനായി ഞാൻ പറഞ്ഞു "സാഹചര്യത്തിന്റെ സൃഷ്ടിയാണ് മനുഷ്യൻ." അപ്പോൾ പെട്ടെന്നായിരുന്നു അവന്റെ ഉത്തരം. "മനുഷ്യൻ സാഹചര്യത്തിന്റെ സൃഷ്ടിയാണ്. അത് മാറ്റിയെടുക്കേണ്ടതും മനുഷ്യൻ തന്നെ. അതാണ് മനുഷ്യൻ!" രവി പറഞ്ഞതാണ് ശരി. ചിരി മായാത്ത മുഖം ഞങ്ങൾ പരസ്പരം പങ്കുവച്ചു. "ഇന്നത്തെ വെയിലിനും കാറ്റിനും ഒക്കെ വേറൊരു മണമാണ്." രവി വീണ്ടും അവന്റെ പതിവുകൾ തെറ്റിക്കുന്നു. എവിടെയോ പിടി വിട്ടു പോകുകയാണ്. മകനെ വിളിച്ചാലോ.. ഏയ്, അതു വേണ്ട. അവനവൻ തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.
ആ അമ്മ പറയാറുള്ളത് ഞാൻ ഓർത്തു. ജനനവും മരണവും.. ഇതിനിടയിലെ സമയത്തോടൊപ്പമുള്ള യാത്ര. അതാണ് ജീവിതം. ഒരു ദിവസം സമയം പറയും. മതി കൂടെ വന്നത്. അതിനെ മരണമെന്ന് വിളിക്കാം. അതുവരെയുള്ള യാത്രയിൽ സമയം മാത്രമാണ് കൂട്ട്. രവി നീയാണ് എന്റെ സമയം. നമ്മൾ ഒരുമിച്ച് യാത്ര തുടരുകയാണ്.. "നോക്കെ.!" രവി മുകളിലേക്ക് ദൃഷ്ടി പായിച്ചു. "ആകാശത്തിലെ ചിതറിക്കിടക്കുന്ന മേഘങ്ങളെ കാണുന്നില്ലേ. പാതി നെഞ്ചിലെ വാരിയെല്ലുകൾ പോലെ.." അവൻ പറഞ്ഞപ്പോൾ എനിക്കും തോന്നി. ശരിയാണ്. ആകാശം കാണുമ്പോഴൊക്കെ മേഘങ്ങളെ ഏതെങ്കിലും ചിത്രമായെ രവി കാണൂ. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ രവി പറഞ്ഞു. പുറത്തെ കുന്നിൻ ചെരുവിലേക്ക് നമുക്ക് പോകാം. എനിക്ക് ആകാശം കണ്ടിട്ട് മതിയാകുന്നില്ല!" പച്ച മരങ്ങൾ തണൽ വിരിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു. കുന്നിൻ ചെരുവിൽ തല ചായ്ച്ച് കിടക്കുമ്പോൾ രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു. "നമ്മൾ ആകാശത്തോളം വളരുകയാണ്!." "മതി സ്വപ്നങ്ങൾ കണ്ടത്. രവീ കണ്ണു തുറക്ക്.." എന്തിനാണ് താൻ കരഞ്ഞത് എന്നറിയാതെ അവനെ ഉണർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.!
Content Summary: Malayalam Short Story ' Meghacharthile Chithrangal ' Written by Hari Karumadi