'എന്റെ കുഞ്ഞിനെ അയാൾ...', മകൾ മരിച്ചു കിടന്നപ്പോളും കരയാൻ കഴിയാൻ പറ്റാത്തവിധം സമനില തെറ്റിപ്പോയി
Mail This Article
അരണ്ട വെളിച്ചത്തിൽ, ഇരുവശത്തും തിരിയിട്ടു കത്തുന്ന വിളക്കിനു ചുറ്റും അലമുറയിട്ടു കരയുന്ന ശബ്ദം കേൾക്കുമ്പോളും.. കൊച്ചരി പല്ലുള്ള ചിരി കാണുമ്പോളും... കൊലുസ്സിട്ടു ഓടി നടക്കുന്ന മകളുടെ ശബ്ദം മിന്നിമറയുമ്പോളും... ഒരു തരി കണ്ണുനീർ അടർന്നു വീഴാതെ മുറിയുടെ ഓരം ചേർന്നിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. എനിക്ക് എന്താ കരയാൻ ആകാത്തെ എന്ന് എല്ലാവരും ഉറ്റു നോക്കുന്നു. സ്വന്തം മകൾ മരിച്ചു കിടന്നപ്പോളും കരയാൻ പോലും കഴിയാൻപറ്റാത്ത വിധം സമനില തെറ്റിപ്പോയി കാണുമോ എന്ന് വരെ അവർ സംശയിച്ചു കാണും. പുറത്തു നിന്നവർ പിറുപിറുത്തു "ഈ പിഞ്ചുകുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ അവനു എങ്ങനെ തോന്നി..?" എപ്പോഴേ അടക്കം ചെയ്ത മകളുടെ നിമിഷങ്ങൾ മനസ്സിന്റെ സമനില തെറ്റിപ്പിക്കുന്നതു തന്നെ. ദിവസങ്ങളും രാത്രികളും ഇരുട്ട് മുറിയിൽ മറഞ്ഞു നീങ്ങി..!
അടുത്ത വീട്ടിൽ കളിക്കാൻ പോകുന്നത് വരെ ചോദിച്ചിട്ടു മാത്രം പോകുന്ന അവളെന്തിനാ ഒറ്റയ്ക്ക് പോയത്?? മിട്ടായിയോ കളിപ്പാട്ടവോ കാണിച്ചു വിളിച്ചതാണോ..?? ആരും ഇല്ലാത്ത ഇടനാഴിയിൽ എന്റെ കുഞ്ഞുമോൾ അലറിവിളിച്ചു കാണും.. എത്ര തവണ എന്നെ വിളിച്ചു കരഞ്ഞു കാണും..? മനസ്സിൽ ഒരായിരം ചോദ്യങ്ങൾ വന്നു നിറയുമ്പോൾ പോലും എനിക്ക് കരയാൻ ആയില്ല. പലരും ചേർത്തുപിടിച്ചു ആശ്വാസവാക്കുകൾ പറഞ്ഞു, വാർത്തകളിലും പത്രങ്ങളിലും എന്റെ മകൾ നിറഞ്ഞു നിന്നു.. പക്ഷെ എനിക്കറിയാം ദിവസങ്ങൾക്കുള്ളിൽ അവനെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആകും, ശിക്ഷ ലഭിക്കും.. വീണ്ടും തിരിച്ചിറങ്ങും. പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു തരാൻ ആർക്കും കഴിയില്ല.
മാസങ്ങളും ദിവസങ്ങളും കഴിഞ്ഞു.. ഇന്ന് ഞാൻ ഒറ്റയ്ക്ക് ആണ്. കളിചിരികൾ നിറഞ്ഞു നിൽക്കുന്ന വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് കടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഭിത്തിയിൽ ചിരിക്കുന്ന മുഖത്തോടെ മാലയിട്ടു വെച്ചേക്കുന്ന എന്റെ കുഞ്ഞിന് ഞാൻ കൊടുത്ത വാക്ക് പാലിച്ച ദിവസമാണ്. "കരഞ്ഞു വിളിച്ചപ്പോഴും.. വേദനയിൽ പിടഞ്ഞപ്പോഴും സന്തോഷം കണ്ടെത്തിയവനെ കൊണ്ട് ഇനി ഒരു കുഞ്ഞിനും കരയേണ്ടി വരില്ല എന്ന്" എനിക്കറിയാം പ്രായം അല്ല... വസ്ത്രം അല്ല.. പിന്നെ എന്താണ്? തൊട്ടാൽ ഭയക്കുന്ന വിധികൾ ഇല്ലാത്തതു തന്നെ ആണ് പ്രശ്നം. എന്റെ ശരികൾ ചെയ്യേണ്ടത് ഞാൻ തന്നെ അല്ലേ..? എന്റെ മകളുടെ നീതി ഞാൻ തന്നെ അല്ലെ നടപ്പിലാക്കേണ്ടത്..! ചിലപ്പോൾ ഞാൻ നിയമത്തിനു മുന്നിൽ വരാം.. ശിക്ഷ ലഭിക്കാം പക്ഷെ എന്റെ മകളെ ഓർത്തു കരയാൻ ആകുന്നു എങ്കിൽ അതിനർഥം എന്റെ മകൾക്കു നീതി ലഭിച്ചു എന്നുറപ്പുള്ള കൊണ്ടാണ്.
Content Summary: Malayalam Short Story ' Neethiyude Kannuneer ' Written by Neenu Dileep