ADVERTISEMENT

വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ അയാൾ സ്ഥിരമായുള്ള അഞ്ച് മണിയുടെ അലാറം ഓഫ് ചെയ്തു വെക്കാറാണ് പതിവ്, എന്നാൽ അഞ്ചിന് തന്നെ കണ്ണുകൾ തുറക്കും, പിന്നെ വീണ്ടും കണ്ണുകൾ പൂട്ടി ഉറങ്ങും, ഉച്ചവരെ ഉറങ്ങണം എന്ന് കരുതും, ഒരിക്കലും നടക്കാറില്ല എന്ന് മാത്രം. കൂടിയാൽ ഏഴ്, അതാവുമ്പോഴേക്ക് അയാൾ ഉണരും, കട്ടൻ ചായയിൽ ചെറുനാരങ്ങ, ഇഞ്ചി എന്നിവ ചേർത്ത് വിശാലമായ ആദ്യ ചായ, അതിനിടയിൽ സന്ദേശങ്ങളിലേക്ക് ഒരെത്തി നോട്ടം. "ഓണമല്ലേ, നീ വരുന്നില്ലേ?" നാട്ടിലെ കൂട്ടുകാരൻ ആണ്. "ജോലിയിൽ തിരക്കാണ്, വരാനാകില്ല" മറുപടി അയച്ചു. "ശ്രമിച്ചുകൂടേ, കുറെ നാളായില്ലേടാ" സ്നേഹം നിറഞ്ഞ ചോദ്യം. "നുണപറഞ്ഞു ശ്രമിക്കാം, വീട്ടിൽ അടിയന്തിരമായി, അത്യാവശ്യമായി പോകണമെന്ന്‌ ആവശ്യപ്പെടാം, അങ്ങനെ നമ്മുടെ കാരണവന്മാർ പഠിപ്പിച്ചിട്ടില്ലല്ലോ. ആത്മാർഥത പലപ്പോഴും ഒരു വെല്ലുവിളിയാണ്". അയാൾ മറുപടി കുറിച്ചു.

തീർച്ചയായും നാട്ടിൽ പോകണമെന്ന് കരുതിയിരുന്നതാണ്, പക്ഷെ എന്തുചെയ്യാം, ഓണത്തിന്റെ അതേ ആഴ്ചയിലാണ്, പദ്ധതിയുടെ പ്രധാന യന്ത്രസാമഗ്രികൾ എത്തുന്നത്. താനില്ല എന്ന് കരുതി നടക്കാതിരിക്കില്ല. ആരുമില്ലെങ്കിലും ഈ ലോകം മുന്നോട്ട് പോവുക തന്നെ ചെയ്യും, ഞാൻ ഈ പദ്ധതിയുടെ പ്രധാനഭാഗമാണെന്നും, ഈ അവസരത്തിൽ ഇവിടെത്തന്നെ വേണമെന്നും നിശ്ചയിക്കുന്നത് ഞാൻ തന്നെയാണ്, അത് തന്റെ മനസ്സിന്റെ തോന്നലാണ്. തെറ്റും ശരികളും നിറഞ്ഞ തോന്നലുകൾ. ആ തോന്നലുകൾക്കിടയിൽ ജീവിതത്തിൽ ലാഭങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നു. ഈ ലാഭനഷ്ട കണക്കുകൾ ആരാണ് തീരുമാനിക്കുന്നത്? എല്ലാം നമ്മുടെ തന്നെ തോന്നലുകൾ. സത്യത്തിൽ ജീവിതം മാത്രമല്ലേ സംഭവിക്കുന്നത്. ലാഭങ്ങളും നഷ്ടങ്ങളും നാം സ്വയം  സൃഷ്ടിച്ചിരിക്കുന്നതാണ്, ഈ ഭൂമി വിട്ടുപോകുമ്പോൾ ഒരു ലാഭവും നഷ്ടവും നാം കൂടെ കൊണ്ടുപോകുന്നില്ല. എന്നിട്ടും ജീവിതത്തിൽ എല്ലാ ദിവസവും യുദ്ധമാണ്. എന്തൊക്കെയോ നേടിയെടുക്കാനുള്ള യുദ്ധങ്ങൾ. വിജയങ്ങളിൽ അഹങ്കാരവും, പരാജയങ്ങളിൽ നീറ്റലും  അനുഭവിക്കുന്ന മനുഷ്യൻ.

നാട്ടിലേക്ക് പോകുവാൻ വിമാനനിരക്ക് വളരെ കുറവാണ്, എന്നാൽ തിരിച്ചുവരാൻ ടിക്കറ്റ് ഇല്ല എന്നതാണ് ബുദ്ധിമുട്ട്. ഗൾഫിലാണെങ്കിൽ സ്കൂളുകൾ തുറക്കുന്ന സമയം, ഓണം കഴിയാൻ നീട്ടിവെച്ച യാത്രക്കാരുടെ പട വേറെയും. മനുഷ്യൻ എന്ത് വിചാരിക്കുന്നുവോ അതിനൊരു മറുപുറം പ്രകൃതിയിലുണ്ട്, അതിനെ സ്വീകരിക്കുവാൻ കഴിയുക എന്നതാണ് തകർന്നുപോകാതിരിക്കാനുള്ള ഉപാധി. വസ്‌ത്രങ്ങൾ അലക്കി കഴിഞ്ഞെന്ന് വാഷിങ് മെഷീനിൽ നിന്ന് അലാറം വന്നപ്പോഴാണ് അയാൾ ചിന്തകളിൽ നിന്ന് ഉണർന്നത്. വസ്ത്രങ്ങൾ ഉണങ്ങാൻ വിരിച്ചിട്ടു. തന്റെ ജീവിതവും ഇങ്ങനെ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുകയാണല്ലോ! ചൂട് കൂടുതലാകുന്നതിന് മുമ്പ് പോയി പ്രഭാത ഭക്ഷണം കഴിക്കാം. ഇഡ്ഡലി, ദോശ, പുട്ട്  - എല്ലാ ഭക്ഷണങ്ങളോടും വിരക്തിയായിരിക്കുന്നു. ഒരേ ഭക്ഷണവും, ഒരേ ജീവിതവും പിന്തുടരുന്നവർക്ക് ആവേശപ്പെടാൻ, ആകാംക്ഷപ്പെടാൻ ഒന്നുംതന്നെയില്ലല്ലോ.

അപ്പോഴാണ്, കൂട്ടുകാരന്റെ സന്ദേശം വീണ്ടും കാണുന്നത്. "ഞങ്ങൾ നമ്മുടെ പഴയകാല സഹപാഠികൾ ഓണാവധിക്ക് ടൂർ പോകാം എന്ന് കരുതുന്നു, അതാണ് നീ വരുന്നുണ്ടോ എന്ന് ചോദിച്ചത്, നീയുമായി പഠനത്തിൽ മത്സരത്തിലായിരുന്ന ലതികയും വരുന്നുണ്ട്, നീ എവിടെയാണെന്ന് ലതിക തിരക്കിയിരുന്നു, നിനക്ക് ആരുമായി ഒരു ബന്ധവുമില്ലല്ലോ, ശരിക്കും നീയൊരു ഒട്ടകമായി മാറിക്കഴിഞ്ഞോ?" ശരിയാണ്, താനൊരു ഒട്ടകമായിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു, മരുഭൂമി മുന്നോട്ട് നയിക്കുന്ന നേർ രേഖകളിലൂടെ മാത്രം സഞ്ചരിച്ചു, താനും ഒരു മനുഷ്യനാണ് എന്ന് എന്നേ മറന്നുപോയിരിക്കുന്നു. "ക്ഷമിക്കൂ, എനിക്ക് വരാൻ കഴിയില്ല, എന്നെകുറിച്ച് ആരോടും പറയുകയും വേണ്ട, ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു, കിട്ടിയില്ല എന്ന് മാത്രം പറഞ്ഞാൽ മതി". എനിക്ക് എന്നെ, എന്റെ ഏകാന്തതകളിൽ തളച്ചിടുന്നതാണ് ഇഷ്ടം. പരിഭവങ്ങൾ അയവിറക്കിയിട്ട് ജീവിതം മാറിപ്പോവുകയൊന്നുമില്ലല്ലോ. കഴിഞ്ഞുപോയ ജീവിതം കഴിഞ്ഞിരിക്കുന്നു. തിരിച്ചുപോകാൻ കഴിയാത്ത സമയക്രമത്തിന് പ്രണാമം, അല്ലെങ്കിൽ എനിക്ക് ഇന്നലെകളിൽ മാത്രം ജീവിക്കേണ്ടിവരുമായിരുന്നു.

പ്രഭാത ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോൾ ഓഫിസിൽ നിന്ന് ഫോൺ, എമർജൻസി ആണ്, അതിവേഗം പദ്ധതി സ്ഥലത്ത് എത്തണം, എന്തോ അപകടം നടന്നിരിക്കുന്നു. കൈയ്യിൽ തിരിച്ചറിയൽ കാർഡും, ഡ്രൈവിംഗ് ലൈസൻസും ഉണ്ട്, മുറിയിലേക്ക് കയറാതെ അയാൾ കാറിലേക്ക് ചാടിക്കയറി, അതിവേഗം പദ്ധതി സ്ഥലത്ത് എത്തണം, അവിടെ എന്ത് നടന്നാലും തന്റെ ഉത്തരവാദിത്വമാണ്. എന്നാൽ തന്റെ ജീവിതം, അത് മറ്റാർക്കോ, എന്തിനോ വേണ്ടി പണയപ്പെടുത്തിയിരിക്കുകയാണ്.

Content Summary: Malayalam Short Story ' Onamalle Varunnille ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com