യാത്രയുടെ ആദ്യ ദിവസം മൈസൂർ കൊട്ടാരം മ്യൂസിയത്തിൽ വെച്ചു കണ്ട ആ സ്ത്രീയെയും ചുറുചുറുക്കുള്ള അവരുടെ രണ്ടു പെൺകുട്ടികളെയും പറ്റിയാണ് അയാൾ ഓർത്തത്. ചരിത്രം ജീവൻവെക്കുന്ന ഓരോ ചിത്രങ്ങളും നോക്കി മുന്നോട്ട് നടന്നു. രാജഭരണ കാലത്തേക്ക് അയാളുടെ മനസ്സ് ഊളിയിട്ടു. രാജാവും രാജ്ഞിയും പരിചാരകരും പുനർജനിച്ചു. പ്രജാക്ഷേമതൽപരനായ രാജാവിന്റെ ചെയ്തികൾ വെറുതെ ഭാവനയിൽക്കണ്ടു. പെട്ടെന്ന് ആരോ തന്റെ പിന്നിൽ ഉണ്ടെന്ന ഒരു തോന്നലിൽ അയാളന്ന് തിരിഞ്ഞു നോക്കി. അതെ. അത് അവരായിരുന്നു! തന്നെ കാണുമ്പോഴെല്ലാം വശ്യമനോഹരമായി പുഞ്ചിരിക്കുന്ന ആ സുന്ദരിയായ സ്‌ത്രീയും അവരുടെ ചുറു ചുറുക്കുള്ള രണ്ട് കുട്ടികളും! ഒരു പക്ഷെ അവർ ഇരട്ടക്കുട്ടികളായിരിക്കും. അപരിചിതനായ തന്നെക്കാണുമ്പോൾ മാത്രം എന്തിനാണവർ സൗഹൃദ ഭാവം കാണിക്കുന്നത്? കാഴ്ചയിൽ അവർ മലയാളിയല്ലെന്ന് ഉറപ്പാണ്. ഒരു ട്യൂറിസ്റ്റു ബസ്സിൽ ഒന്നിച്ചു സഞ്ചരിച്ചു എന്നത് മാത്രമാണ് താനുമായി അവർക്കുള്ള ബന്ധം. ഇടയ്ക്കൊക്കെ അവരുടെ ഹസ്ബന്റും കൂടേക്കാണും. പക്ഷെ കാഴ്ചയിൽ ഹസ്ബന്റ് ആളൊരു പരുക്കനാണ്. അതുകൊണ്ടുതന്നെ ഒരു സൗഹൃദ സംഭാഷണത്തിന് അയാൾ മുതിർന്നില്ല. അക്വേറിയം സന്ദർശന വേളയിൽ വിവിധയിനങ്ങളിലും വർണ്ണങ്ങളിലുമുള്ള മീനുകളെ ചൂണ്ടി ആഹ്ലാദചിത്തരായ കുട്ടികൾ സംശയ നിവർത്തി വരുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കൗതുകകരമായി തോന്നി. മൈസൂരിന്റെ സമഗ്ര ചിത്രം പകർത്താനായി ചാമുണ്ഡി ഹില്ലിൽ ബസ് നിർത്തി. പലരും ആവേശപൂർവം മൈസൂരിന്റെ ദൂരക്കാഴ്ചകൾ പകർത്തി.
വൈകിയിട്ട് ഹോട്ടലിൽ തിരിച്ചെത്തിയ ഉടനെ ഇളം ചൂടുവെള്ളത്തിൽ കുളിച്ച് അയാൾ ഒന്ന് ഉന്മേഷവാനാകാൻ നോക്കി. പക്ഷേ നല്ല ക്ഷീണം തോന്നി. കിടന്ന ഉടനെ ഉറങ്ങിപ്പോയി. റിസപ്‌ഷനിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ. അയാൾ മെല്ലെ എഴുന്നേറ്റു. അത് അവരാണ്! എന്നാൽ ആ സ്ത്രീയെ മാത്രം കണ്ടില്ല. ഹസ്ബന്റും ആ രണ്ടു കുട്ടികളും റിസപ്ഷനടുത്തു നിൽപ്പുണ്ട്. അവർ റൂം വെക്കേറ്റ് ചെയ്യുകയാണ്. കുട്ടികൾ പരിചയഭാവത്തിൽ അയാളെ നോക്കി ചിരിച്ചു. "അമ്മയെവിടെ?" ഒരു സ്വകാര്യം പോലെ അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു. അരുതരുതാത്തത് എന്തോ കേട്ടത് പോലെ കുട്ടികൾ പരസ്പരം നോക്കി. അയാളുടെ ചോദ്യം ഒട്ടും ദഹിക്കാത്തത് പോലെ കുട്ടികളുടെ അച്ഛൻ അയാളെ പരുഷമായി ഒന്ന് നോക്കി. പിന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ച് അയാളെ മുറിയുടെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. നിങ്ങൾ എന്ത് അവിവേകമാണ് കാണിച്ചത് എന്ന് രോഷാകുലനായി ചോദിച്ചു. അയാൾക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ അവരുടെ കഥ കേട്ടപ്പോൾ അയാൾ ശരിക്കും ഞെട്ടി. മൂന്ന് മാസം മുൻപ് ഒരു വാഹനാപകടത്തിൽ ആ കുട്ടികളുടെ 'അമ്മ' മരണപ്പെട്ടു. സ്കൂളിൽ നിന്നും കുട്ടികൾക്കൊപ്പം സ്കൂട്ടിയിൽ തിരിച്ചു വരുന്ന വഴി പിന്നിൽ നിന്നും ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. അത്ഭുതകരമായി ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികൾ രണ്ടുപേരും രക്ഷപ്പെട്ടു. ആ ഷോക്കിൽ നിന്നും അൽപം ആശ്വാസത്തിനായി ഉല്ലാസ യാത്രയ്ക്ക് വന്നവരാണവർ. എല്ലാം ഒന്ന് മറന്ന് വരികയായിരുന്നു.
അയാളുടെ ആ ചോദ്യം കുട്ടികളെ വീണ്ടും സങ്കടത്തിലാഴ്ത്തി. അപ്പോൾ താൻ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി. പക്ഷെ കുട്ടികളോടൊപ്പം താൻ കണ്ട ആ സ്ത്രീ പിന്നെ ആരാണ്? അവരുടെ കൂടെ സദാ സമയവും ഒരു സ്ത്രീ ഉണ്ടായിരുന്നെന്ന് അയാൾ തറപ്പിച്ചു പറഞ്ഞപ്പോൾ കുട്ടികളുടെ അച്ഛൻ വീണ്ടും അസ്വസ്ഥനായി. അയാൾ തന്റെ ബാഗിൽ നിന്നും ഒരു ആൽബമെടുത്ത് ചില ഫോട്ടോകൾ അയാളെ കാണിച്ചു. "ഇവരാണോ നിങ്ങൾ കണ്ടെന്നു പറയുന്ന ആ സ്ത്രീ." "അല്ല." ഓരോ ചിത്രം കാണിക്കുമ്പോഴും അയാൾ അതെ ഉത്തരം ആവർത്തിച്ചുകൊണ്ടിരുന്നു. അവസാനം കുറച്ചു നേരം ഒന്നും ഉരിയാടാതെ മറ്റൊരു ആൽബം അയാളുടെ മുന്നിൽ തുറന്നു വെച്ച ശേഷം വിറയാർന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു. "ഇതാണോ?" അതെ എന്ന ഉത്തരം പറഞ്ഞപ്പോൾ സകല നിയന്ത്രണവും വിട്ടപോലെ അയാൾ പൊട്ടിക്കരഞ്ഞു. "സത്യം പറ ഇവരെ ശരിക്കും നിങ്ങൾ കണ്ടോ? അന്ന് അപകടത്തിൽ മരിച്ചുപോയ എന്റെ കുട്ടികളുടെ അമ്മയാണിത്." അതും പറഞ്ഞു അയാൾ സാവധാനം എഴുന്നേറ്റു. റിസപ്‌ഷനിൽ ചെന്ന് കണക്കുതീർത്ത് കുട്ടികളുടെ കൈ പിടിച്ച് അയാൾ ഗോവണിയിറങ്ങിപ്പോവുന്നത് വെറുതെ നോക്കി നിന്നു. അവിശ്വസനീയം! എന്തൊക്കെയാണ് സംഭവിക്കുന്നത്? ഒരെത്തും പിടിയും കിട്ടാതെ അസ്വസ്ഥനായി അയാൾ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.
നീണ്ട ഒരു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ അയാൾ ആകെ വിയർത്തിരുന്നു. എന്തൊരു ദുഃസ്വപ്നമാണ് താൻ കണ്ടത്? ഇന്ന് മൈസൂരിനോട് വിട പറയുകയാണ്. റൂമിന്റെ ചാവി റിസപ്‌ഷനിൽ തിരികെയേൽപിച്ചു അയാൾ ഹോട്ടലിന്റെ പടികളിറങ്ങി. കാർ പാർക്കിങ്ങിനടുത്ത് നിൽക്കുകയായിരുന്ന കുട്ടികൾ അയാളെ കണ്ടപ്പോൾ കൈ വീശിക്കാട്ടി. കുട്ടികളുടെ അച്ഛൻ അടുത്തു വന്ന് കൈ കൊടുത്ത് അയാളോട് യാത്രപറഞ്ഞു. 'അമ്മ' പഴയ പടി മനോഹരമായി ഒരു പുഞ്ചിരി സമ്മാനിച്ചു. തലേന്ന് കണ്ട ദുഃസ്വപ്നത്തിൽ നിന്നുള്ള മോചനം എന്നോണം ഒരു തണുത്ത കാറ്റ് വീശിയടിച്ചു. നാലുപേരും കാറിൽ കയറി പോകുന്ന ആ കാഴ്ച കണ്ണിൽ നിന്നും മറയുന്നത് വരെ അയാൾ നോക്കി നിന്നു.
Content Summary: Malayalam Short Story ' Oru Mysore Yathra ' Written by K. P. Ajithan