'ഇതവരുടെ അവസാന യാത്രയാണ്', അത് അറിഞ്ഞുകൊണ്ട് അവർക്കൊപ്പം യാത്ര ചെയ്യേണ്ട അവസ്ഥ
Mail This Article
ശൈത്യകാലത്തെ വാരിപ്പുണർന്ന നിദ്രയില്ലാത്ത നഗരരാവുകൾ. സദാ മിഴി തുറന്നിരിക്കുന്ന ദീപങ്ങൾ നിറഞ്ഞ മനോഹരവീഥികളിൽ ടാക്സി സിഗ്നൽ കാത്തു കിടക്കുമ്പോൾ അക്ഷമനായി വാച്ചിലേക്ക് നോക്കി. സമയം വൈകിയിട്ടൊന്നുമില്ല. എന്നാലും നാടെത്തുന്ന വരെ ഇത്തരം സുഖമുള്ള അക്ഷമയും പരിഭ്രമവും തനിക്ക് പതിവാണ്. എയർ പോർട്ടിലെത്തി. ലോകത്തിലെ തിരക്കു പിടിച്ച വിമാനത്താവളങ്ങളിലൊന്നാണ് ദുബായിലേത്. പല മുഖങ്ങൾ, പല രാജ്യക്കാർ. സഹായിക്കാൻ സദാ സന്നദ്ധരായി എയർപോർട്ട് ജീവനക്കാർ. ഇതെല്ലാം കണ്ടിട്ട് ഏറെ പഴകിയ കാഴ്ചകളാണ്. എന്നിരുന്നാലും ഓരോ തവണയും അതെല്ലാം പുതുമയുള്ളതായി തോന്നും.
"വിജയകുമാർ മേലേവീട്ടിൽ'' എന്ന് പെട്ടെന്ന് മനസിലാവാത്തൊരു ഉച്ചാരണ ശൈലിയിൽ മൊഴിഞ്ഞ ചെക്കിൻ കൗണ്ടർ സ്റ്റാഫിനെ തെല്ലൊന്ന് തുറിച്ചു നോക്കി. ഏതോ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ളയാളാണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ പേരുകൾ, സ്ഥലനാമങ്ങളെല്ലാം ഉച്ചരിക്കാൻ തെല്ലു പ്രയാസമുണ്ട്. പഠിപ്പിച്ചു വെച്ചൊരു റെഡിമെയ്ഡ് ചിരി സമ്മാനിച്ച് കൗണ്ടർ സ്റ്റാഫ് ബോർഡിങ്ങ് പാസ് കൈമാറി. സ്മാർട്ട് ഗേറ്റിലൂടെ എമിഗ്രേഷനും നടത്തി സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ഡിപ്പാർച്ചർ ഗേറ്റിലെ കാത്തിരിപ്പ് ഭാഗത്തേക്കെത്തിയപ്പോൾ ഒരാവർത്തി കൂടി സമയം നോക്കി. ഇനിയും സമയം ബാക്കിയുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പ് മാടി വിളിക്കുന്നുണ്ട്. 'കുപ്പി'യില്ലാതെ നാട്ടിലേക്ക് ചെല്ലുന്നതൊരു 'റിസ്കിടാസ്ക്' തന്നെ. അശ്വിനും, രഘുവും, പ്രേമനും വിളിക്കുമ്പോൾ മറ്റൊന്നും ചോദിച്ചില്ലെങ്കിലും കുപ്പിയെ പറ്റി പറയാൻ മറക്കാറില്ല. വൈവിധ്യങ്ങളായ മദ്യക്കുപ്പികൾ ഭംഗിയായി അടുക്കി വെച്ച ഷെൽഫുകളിൽ കൂട്ടുകാർക്കിഷ്ടപ്പെടുന്ന ബ്രാൻഡ് വലിയ പരിക്കുപറ്റാത്തൊരു തുകയ്ക്ക് കണ്ടെത്തി കൈക്കലാക്കി.
വീണ്ടും ഒരു അരമണിക്കൂറോളം കാത്തിരിപ്പ് ബാക്കിയുണ്ട്. പഹയന്മാർ ഉറങ്ങിയിട്ടുണ്ടാവില്ല. നാട്ടിലേക്ക് വിളിച്ചു. ഒന്നര വർഷത്തിനു ശേഷം തമ്മിൽ കാണാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റ്, അവർക്കും തനിക്കും. "വിജയൻ കുപ്പി മറന്നിട്ടില്ലല്ലോ? നമുക്കൊരു കലക്ക് കലക്കണം. രാവിലെ എത്തില്ലേ? വേഗം വാ. ഞാൻ എയർപോർട്ടിൽ ഉണ്ടാവും" രഘു പറഞ്ഞു വെച്ചു. പുറപ്പെടൽ ഗേറ്റ് തുറന്നു. വരി വരിയായി നിന്ന് ഏപ്രൺ ബസ്സിലൂടെ ഫ്ലൈറ്റിനടുത്തെത്തി കയറി. ഹാൻഡ് ബാഗ് ഓവർ ഹെഡ് ഷെൽഫിൽ വെച്ചു ഒന്ന് സൗകര്യപൂർവം സീറ്റിലിരുന്നു. മൊബൈൽ ഫ്ലൈറ്റ് മോഡിലിടുന്നതിനു മുൻപ് വാട്സാപ്പ് മെസേജുകളുമായി ധൃതിയിൽ സംവദിച്ചു. അശ്വിന്റെ മെസേജ്. "അളിയാ നല്ല എയർഹോസ്റ്റസുമാരോക്കെയുണ്ടാവുമോ? നിന്റെ കോഴിത്തരം അവിടെ കാണിക്കരുത് കേട്ടോ?" ഉള്ളിൽ വന്ന ചിരി അടക്കി വെച്ചു സീറ്റ് ബെൽറ്റിട്ടു. നാട്ടിലെത്താൻ ഇനി നാല് മണിക്കൂർ.
ഒരു ട്രെയിൻ യാത്രയോ ബസ് യാത്രയോ പോലെയൊന്നും അല്ലാത്ത അത്യധികം വിരസമായ ഒന്നാണ് വിമാനയാത്ര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറത്തേക്ക് നോക്കി ഇരിക്കാനോ കാഴ്ചകൾ ആസ്വദിക്കാനോ ഒന്നുമില്ല. സ്റ്റാറ്റിക് ആയ ഒരേ ഇരുത്തവും കാഴ്ചകളും. എമർജൻസി സിറ്റുവേഷനിൽ ചെയ്യേണ്ട കാര്യങ്ങളുടെ പതിവ് മോക്ക് എല്ലാം ക്യാബിൻ ക്രൂ കാണിച്ചതിനു ശേഷം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു. ഉറക്കം ഒന്നും വരുന്നില്ല എന്നാൽ ക്ഷീണമുണ്ട് താനും. എമിറേറ്റ്സ് ആണ്. റിഫ്രഷ്മെന്റുകൾക്ക് പഞ്ഞമില്ല. കാറ്ററിംഗ് ട്രോളിയുമായി എയർഹോസ്റ്റസ് എത്തി, ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൈമാറി. ഫ്ലൈറ്റിൽ മുക്കാൽ ഭാഗത്തോളം സീറ്റുകൾ മാത്രമാണ് നിറഞ്ഞിരിക്കുന്നത്. സീറ്റിനു മുന്നിലെ കൊച്ചു സ്ക്രീനിൽ ലഭ്യമായ സിനിമകളിൽ ഏതൊക്കെയോ കുറച്ചുനേരം ഇരുന്നു കണ്ടു. കോഫിയുടെ അവസാന സിപ്പ് നുണഞ്ഞിറക്കി ഒന്ന് നിവർന്നിരുന്നു. ആകാശത്തിലൂടെ ചിറകുവിരിച്ച് മേഘങ്ങൾക്കിടയിലൂടെ ഒരു പക്ഷിയായി പറന്നു കൊണ്ടിരിക്കുകയാണ് താനെന്ന് ഫിലോസഫിക്കലായി ചിന്തിച്ചു കൂട്ടി.
വളരെ അത്യാവശ്യം അല്ലെങ്കിലും ടോയ്‌ലറ്റ് വരെ ഒന്ന് പോയി വരാം എന്ന് കരുതി എണീറ്റതാണ്. സീറ്റുകൾക്ക് നടുവിലൂടെ തിരിച്ച് നടക്കുമ്പോഴാണ് ഒരു എയർഹോസ്റ്റസിനെ ശ്രദ്ധിച്ചത്. കോഴിത്തരം കാണിക്കല്ലേയെന്നുള്ള അശ്വിന്റെ മെസ്സേജ് ഓർമ്മ വന്നത് കൊണ്ടല്ല, റെഡിമെയ്ഡ് ചിരി ചിരിക്കുന്നുണ്ടെങ്കിലും ചെറിയൊരു വിഷമം ഉള്ളിൽ എവിടെയോ അവൾ ഒളിപ്പിച്ചു വച്ചത് പോലെ തോന്നി. ചിലപ്പോൾ വെറും തോന്നൽ ആവാം. തിരിച്ചു കൂടുതൽ എന്തെങ്കിലും സംസാരിക്കുമോ എന്നുള്ള ഉറപ്പൊന്നും ഉണ്ടായിരുന്നില്ല എന്നാലും ഒന്ന് ചോദിക്കാം എന്ന് കരുതി. "വിരോധമില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ? എന്തെങ്കിലും പ്രശ്നമുണ്ടോ? എനിക്കങ്ങനെ തോന്നിയത് കൊണ്ട് ചോദിക്കുകയാണ്." അവൾ ചിരിച്ചെന്ന് വീണ്ടും വരുത്തി പറഞ്ഞു. "ഏയ് അങ്ങനെ കാര്യമായി പ്രശ്നമൊന്നുമില്ല" നെയിംബോർഡ് വായിച്ചപ്പോൾ "അനിഖ" എന്ന പേര് മലയാളിയായേക്കാമെന്ന ഊഹം ശരിയായിരുന്നു. സംവദിക്കാൻ എളുപ്പമായല്ലോ എന്ന ചിന്തയായിരുന്നു മനസ്സിൽ ഉറവയെടുത്തത്. "ഉറപ്പാണോ? ഒരു പ്രശ്നവുമില്ലെന്ന് കള്ളം പറയുകയാണെന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാമോ?" "താൻ കൊള്ളാമല്ലോ! ആളുകളുടെ മനസ്സൊക്കെ വായിക്കാൻ അറിയാമോ?" എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് അവൾ പറഞ്ഞത്. "മനസ്സ് വായിക്കാൻ ഒന്നും അറിയില്ലെങ്കിലും ഒരാൾക്ക് വിഷമമുണ്ടോ സന്തോഷമുണ്ടോ എന്നൊക്കെ കണ്ടു പിടിക്കാൻ പറ്റും. ഞാൻ വിജയകുമാർ, ദുബായിൽ ജോലി ചെയ്യുന്നു. തൃശ്ശൂരാണ്. രണ്ടു മാസത്തെ വെക്കേഷന് നാട്ടിൽ പോവുന്നു". പരിചയപ്പെടുത്തൽ ഒരു ഇടിച്ചു കയറലായോ എന്ന് സംശയിച്ചാൽ നുണയാവില്ല.
"സീ മിസ്റ്റർ വിജയകുമാർ നിങ്ങൾ ഞങ്ങൾ എയർലൈൻകാർക്ക് ഒരു ഗസ്റ്റ് ആണ്. ആ നിലയ്ക്ക് നിങ്ങളെ ട്രീറ്റ് ചെയ്യുന്നതിനപ്പുറം വ്യക്തിപരമായ കാര്യങ്ങൾ ഷെയർ ചെയ്യാൻ നിങ്ങൾ എന്റെ സുഹൃത്തോ മുൻപ് പരിചയമുള്ള ആളോ അല്ല. പിന്നെ വിഷമം ഉള്ളതായി എന്ന് തോന്നിയതിന്റെ കാരണം പ്രൊഫഷണൽ പരമായതുകൊണ്ട് ഞാൻ പറയാം. ഓരോ ദീർഘനിശ്വാസമെടുത്ത് അവൾ അലക്ഷ്യമായി പുറത്തേക്ക് നോക്കി. പറയാൻ പോകുന്നത് എന്തായിരിക്കുമെന്ന് ആകാംക്ഷ എന്നിൽ പ്രകടമായിരുന്നു. ചോദിക്കാൻ പോയതിന്റെ അനൗചിത്യം എന്ന ജാള്യത വേറൊരു വശത്ത്. മിനിറ്റുകൾ ഇടവേളയെടുത്തു നിർത്തിയിടത്തു നിന്ന് അനിഖ തുടർന്നു. "കഴിഞ്ഞ അഞ്ചു വർഷമായി ഇതേ ജോലിയിൽ കയറിയിട്ട്. പലതരം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. യാത്രക്കാരെ, ഞങ്ങളുടെ അതിഥികളെ പുഞ്ചിരിച്ചു സ്വീകരിച്ച്, സീറ്റ് കണ്ടുപിടിക്കാൻ സഹായിച്ച്, യാത്ര അവസാനിക്കുന്നത് വരെ അവർക്ക് വേണ്ടുന്ന സപ്പോർട്ട് ചെയ്യലാണ് ഈ ജോലിയുടെ ഒരു പ്രൊഫൈൽ. കുറച്ചൊക്കെ താങ്കൾക്ക് അറിയാമായിരിക്കുമല്ലോ?". അതെയെന്ന് തലയാട്ടി. "ഇപ്പോൾ പറഞ്ഞില്ലേ യാത്ര അവസാനിക്കുന്ന വരെയെന്ന്. യാത്ര അവസാനിപ്പിക്കാനായി 3 പാസഞ്ചേഴ്സ് ഈ ഫ്ലൈറ്റിലുണ്ട്. യാത്ര മീൻസ് ജീവിതയാത്ര". കേട്ട ഉടനെ ഒന്നും മനസിലായില്ലെങ്കിലും തരിച്ചു പോയി. "എന്താണെന്ന് ഒന്ന് വ്യക്തമായി പറയാമോ?"
"യൂറോപ്പിൽ നിന്നും ദുബായ് കണക്ട് ചെയ്തുള്ള യാത്രയാണിത്. യൂറോപ്പിൽ സ്ഥിരതാമസക്കാരായിരുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് ഈ പറഞ്ഞവരിലെ രണ്ടു പാസഞ്ചേഴ്സ്. അവർ 2 മക്കളുടെ കൂടെ റോഡ് ട്രിപ്പ് പോവുന്നതിനിടക്ക് വാഹനം അപകടത്തിൽ പെട്ട് മറിഞ്ഞു. മക്കൾ 2 പേരും അവിടെ ഹോസ്പിറ്റലിലാണ്. ഇവർ അതീവ ഗുരുതരാവസ്ഥയിലും. ഹോസ്പിറ്റലിൽ വച്ച് ആരോഗ്യ നില വീണ്ടെടുക്കാൻ മറ്റൊന്നും ചെയ്യാനില്ല എന്ന് മനസ്സിലായി. ഗുരുതരാവസ്ഥയിലുള്ള ഇവർ വെന്റിലേറ്ററിലാണ്." ശബ്ദമിടറി എന്ന് മനസ്സിലായപ്പോൾ അനിഖ ഒന്ന് നിർത്തി. "ഇവരുടെ കൂടെ യാത്ര ചെയ്യുന്ന നഴ്സാണ് ഈ കാര്യങ്ങൾ എന്നോട് പറഞ്ഞത്" സിനിമയാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. "അപ്പോൾ മൂന്നാമത്തെയാൾ?" "നിർഭാഗ്യവശാൽ ഇതേ അവസ്ഥയിൽ തന്നെയുള്ള റാസൽഖൈമയിലുണ്ടായിരുന്ന 35 വയസ്സുള്ള ഒരു കോഴിക്കോട്ടുകാരൻ ആണാ പാസഞ്ചർ. വെന്റിലേറ്ററിൽ തന്നെ. കൊച്ചിയിൽ ഈ ഫ്ലൈറ്റ് ലാൻഡ് ചെയ്ത്, അവരുടെ നാടായ കോഴിക്കോട് എത്തിയതിനുശേഷം വെന്റിലേറ്റർ റിമൂവ് ചെയ്യും. കൂടുതൽ തുടരാനാവാതെ അനിഖ ശബ്ദം നിയന്ത്രിച്ചു. "സോറി വിജയകുമാർ. ഈ വിവരങ്ങൾ അറിഞ്ഞ മെന്റൽ ട്രോമയിലായിരുന്നു ഞാൻ. കടന്നു പോയ വർഷങ്ങളിൽ ഒന്നും ഉണ്ടായിട്ടില്ലാത്ത ശരിക്കും ഷോക്കിങ്ങ് ആയ അനുഭവം. താങ്കൾക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ കഴിയുമായിരിക്കും. ഇനിയും അധികനേരം ഇവിടെ തുടരാതെ താങ്കളുടെ സീറ്റിലേക്ക് മടങ്ങു." അനിഖ പറഞ്ഞു നിർത്തി. കണ്ണുകൾ നിറഞ്ഞിരുന്നു. തികട്ടി വന്ന സങ്കടത്തെ പുഞ്ചിരിയിൽ ഒളിപ്പിച്ച് അവൾ സീറ്റിന്റെ ദിശയിലേക്ക് കൈനീട്ടി കാണിച്ചു. "ശരി" എന്ന് തലയാട്ടി സീറ്റിലേക്ക് നടക്കുമ്പോൾ തന്റെ മനസ്സ് ശൂന്യമായി പോയി എന്ന് തോന്നി.
അവൾ പറഞ്ഞറിഞ്ഞ കാര്യങ്ങൾ അവൾക്ക് എന്ന പോലെ എനിക്കും മനസ്സിൽ കൊണ്ടു. യാത്ര തീരുന്നിടത്ത് ജീവിത യാത്ര അവസാനിപ്പിക്കുന്നവർ. കാണാത്ത, അറിയാത്ത അവരെപ്പറ്റി ഓർത്തു പോയി. അന്യ നാട്ടിൽ നിന്ന് ജന്മ നാട്ടിലേക്കുള്ള യാത്ര ആർക്കും പ്രിയപ്പെട്ടതാണ്. വെന്റിലേറ്ററിന്റെ മാത്രം സഹായത്തോടെ പേരിന് ജീവനുണ്ടെന്ന് മാത്രം പറയാവുന്ന 3 ശരീരങ്ങൾ നാടെത്തുന്നതോടുകൂടി ചേതനയറ്റു പോകാൻ പോവുകയാണ്. നാളെ ആരുടെയൊക്കെയോ നഷ്ടങ്ങളായി ഒരോർമ്മ മാത്രമാവാൻ പോവുകയാണ്. ജീവിതം എത്രയോ ക്ഷണികമെന്ന് വീണ്ടും തിരിച്ചറിയുന്നു. മറ്റുള്ളവരുടെ വിഷമം തന്റെയും വിഷമമായി ഉൾകൊണ്ട ആകാശത്തെ ആതിഥേയയായ അനിഖയെ ഓർത്തു. നമ്മൾ പുറമെ കാണുന്ന പളപളപ്പ് മാത്രമല്ല ചിലരിലെങ്കിലും മനുഷ്യത്വം ബാക്കിയുണ്ട്. അതീ ആതിഥേയയിലുമുണ്ട്. കൈയ്യിൽ പരതിയ മൊബൈലിനും മുന്നിലെ ചെറിയ സ്ക്രീനിലെ സിനിമയ്ക്കുമൊന്നും ഈ തരിപ്പിൽ നിന്നും (യാഥാർഥ്യത്തിൽ നിന്നും) തന്നെ രക്ഷിക്കാൻ കഴിയില്ല. കൊച്ചിയിൽ ലാൻഡ് ചെയ്ത വരെയും ഒരു പോള കണ്ണടയ്ക്കാൻ പോലും മനസ്സനുവദിച്ചില്ല. ഹാൻഡ് ബാഗ് എടുത്ത് എക്സിറ്റ് ഡോറിനടുത്ത് സ്നേഹാഭിവാദ്യങ്ങളോടെ യാത്ര ഭാവുകം അർപ്പിച്ച എയർ ഹോസ്റ്റസുമാർക്കിടയിൽ അനിഖ ഉണ്ടായിരുന്നു. പ്രകടമാക്കാവുന്ന നല്ലൊരു പുഞ്ചിരി അവൾ തന്നു അവളെ നോക്കി യാന്ത്രികമായി ചെറുതായി ചിരിച്ചു.
എയർപോർട്ട് ഫോർമാലിറ്റികൾ തീർത്ത് പുറത്തു കാത്തുനിന്ന സൗഹൃദ കൂട്ടങ്ങൾക്കൊപ്പം സമാഗമിച്ചപ്പോൾ മനസ്സിൽ യാത്ര അവസാനിപ്പിക്കാനായി യാത്ര ചെയ്തവരെ കുറിച്ചായിരുന്നു ചിന്തകൾ. കൂടെ മനുഷ്യത്വം ബാക്കിയുള്ള ആതിഥേയയെ കുറിച്ചും. രഘുവിന്റെ തമാശകൾക്ക്, പ്രേമന്റെ വിശേഷം ചോദിക്കലുകൾക്കുമൊന്നും അത്ര പെട്ടെന്ന് ആ ചിന്തകളിൽ നിന്ന് തന്നെ ഉണർത്താൻ ആയില്ല. വെറും ഓർമ്മകൾ മാത്രമാവാൻ പോകുന്നവരെ കാത്തു കൊണ്ട് എയർപോർട്ടിൽ വേണ്ടപ്പെട്ടവർ എത്തികാണണം. അവരെ തനിക്കറിയാൻ പോകുന്നില്ല. വിവരങ്ങൾ അറിയിച്ച അനിഖയെയും ഇനി കാണാൻ വഴിയില്ല. വീണ്ടും കാണാനിടയില്ലാത്തവർ തന്ന ആഘാതം മനസ്സിൽ എവിടെയോ ഉണ്ട്. യാത്രകൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാവാം. പുതിയ അനുഭവങ്ങൾ തന്ന് പാഠം പഠിപ്പിച്ചു നേരിൽ കാണാത്തവരെ പറ്റി ഇടയ്ക്കെങ്കിലും ഓർമിപ്പിച്ചു അതിങ്ങനെ മുന്നോട്ടു പോകും...
Content Summary: Malayalam Short Story ' Yathrayavasanikkunnidathu ' Written by Dhanith A. V.