ഓണനിലാവത്ത് – അംബിക പെരുമ്പിള്ളി എഴുതിയ കവിത
Mail This Article
ഓണനിലാവിന്റെ പുഞ്ചിരി കണ്ടമ്മ
ഓമനക്കുഞ്ഞിനോടോതി മെല്ലേ ...
അമ്പിളിമാമനെ കണ്ടോയെൻ കുഞ്ഞേ നിൻ
ഓമനപ്പൂമുഖം പോലെത്തന്നേ ...
വെണ്ണിലാക്കിണ്ണത്തിൽ ചോറു വിളമ്പിയാ
വിണ്ണിലെ കുഞ്ഞു മാമുണ്ണുന്നല്ലോ...
പൗർണമിയായി വിരുന്നിനെത്തീടുന്ന
കണ്ണിനാനന്ദമാം കുളിരഴകേ....
ആകാശമുറ്റത്തു പൂക്കൾ വിതാനിച്ചു
മണ്ണിന്നിരുളുമകറ്റിടുന്നൂ ....
പൂമകരന്ദം നുകർന്നോണത്തുമ്പികൾ
പൂമാനത്തു പൂത്തുലഞ്ഞതാണോ....
നാളെ വെളുക്കുമ്പോൾ മുറ്റത്ത് പൂവിടാ-
നിത്തിരി താരകപ്പൂ തരുമോ?
നീലവിഹായസ്സിൽ മിന്നിത്തിളങ്ങുന്ന
സ്വർണ്ണത്തളികപോലിന്നമ്പിളി...
കാർമേഘക്കമ്പളം മൂടിപ്പുതച്ചുള്ളിൽ
ഓടിയൊളിക്കല്ലേ പൂനിലാവേ
ആലോലം താലോലം ആയത്തിലങ്ങനെ
താരാട്ട് പാടുന്ന പൊന്മതിയേ...
അൽപ്പനേരം കൂടി നിന്നിട്ടു പോകാമോ
ചിത്തം നിറയട്ടെ നൽകിനാക്കൾ...
ആയിരം വർണ്ണങ്ങൾ സ്വപ്നത്തിൽ ചാലിച്ചു
ഓണക്കിളികളായ് പാറീടട്ടെ...
Content Summary: Malayalam Poem ' Onanilavathu ' Written by Ambika Perumpilly