നിദ്രാവിഹീനമാം രാത്രിയിൽ,
പശിയുണ്ണും വയറുമായൊരു
പിഞ്ചോമന അലറുന്നുണ്ട്
ഉമ്മാ... ഉമ്മാന്ന്!
കാതിലിരുന്ന ഹെഡ്സെറ്റ്
അവളെ വിദൂരത്താക്കി,
മാതൃത്വം നാമമാത്രം.
ബസിൽ, തിരക്കിൽ,
തള്ളലുകൾക്കുള്ളിൽ
വിറക്കുന്ന കാലുകൾ ദാഹിക്കുന്നുണ്ട്,
ഒരൽപ്പ നേരത്തെ ഇരുത്തത്തിനായ്.
സ്ക്രീനിലാഴ്ന്ന കണ്ണുകൾ കാഴ്ചയെ മണ്ണിലാഴ്ത്തി,
കടമ നാമമാത്രം.
നീണ്ട പ്രവാസത്തിനൊടുവിൽ,
നാട്ടിലെത്തിയ പുത്രനോട്
സ്നേഹത്തിൽ പൊതിഞ്ഞ
കുശലാന്വേഷണം നടത്തുന്നുണ്ടോരുമ്മ,
അഭ്രപാളിയിലാഴ്ന്ന ഹൃത്തടം
ആ സ്നേഹത്തിനു മുന്നിൽ തല കുനിച്ചു,
സ്നേഹം നാമമാത്രം.
നിസ്സഹായരാം മനുഷ്യർ
ആശ്രയത്തിനായൊരു ഫോണായിരുന്നെങ്കിലെന്ന്
കൊതിക്കുന്നുണ്ടാവും.
Content Summary: Malayalam Poem ' Oru Phonayirunnenkil ' Written by Muhammad Thasleem Perumbavoor