ADVERTISEMENT

1.

നീ എനിക്കെന്നുമൊരു

മരമായ് വേണം.

നിന്റെ നൃത്തങ്ങളിൽ

എന്റെ വിത്തുണരണം. 
 

2.

വേരുകൾ കൊണ്ട്

നാം 

പുണരുമ്പോഴും

ചില്ലകൾ മാത്രം

അകലുന്നതെന്തേ?
 

1.

ആകാശത്തു നിന്ന്

കാണുന്ന കിളികൾക്ക്

നാമൊരു ഒറ്റമരം.

നമ്മിൽ വന്നിരിക്കുന്ന

ഇണക്കിളികൾ

കൊക്കുരുമ്മുന്നു! 
 

2.

വെള്ളം തിരഞ്ഞു പോയ 

വേരുകളും മടങ്ങുന്നു.

ആകെ മടുത്തു പോയ്‌ 

പൂക്കളും കൊഴിയുന്നു.
 

1.

തെല്ലിട കണ്ണടച്ചു

വേരുകളാഴ്ത്തട്ടെ ഞാൻ

ഓർമയുടെ തളിരിലയെങ്കിലും

കാണാതിരിക്കില്ലല്ലോ. 
 

2.

ഉടൽപൊട്ടി കൊടും വെയിൽ

രക്തമൂറ്റിയെത്തും മുമ്പേ

കഴിയുമോ നമുക്കിനിയും 

തോളിൽ തലചായ്ച്ചുറങ്ങുവാൻ?
 

1.

നീയും ഞാനുമുണങ്ങി

വസന്തം മരിക്കും മുമ്പേ

എനിക്കായ് കരുതാറുള്ള 

പഴങ്ങൾ 

മുളപ്പിക്കുമോ വീണ്ടും? 
 

2.

ഒറ്റുകാർ വന്നൊരാളെ

വെട്ടിമാറ്റും മുന്നേ

ചെറു മഴയെങ്കിലും

ചാറിയാൽ ഒന്നു വിളിക്കണേ.
 

1.

ഓർക്കില്ലേ പഴയ 

പെരുമഴക്കാലം.

പേടിച്ചുവിറച്ച നീ

രാവേറെയും 

എന്റെ കുടക്കീഴിൽ പാർത്തത്? 
 

2.

മണ്ണിനടിയിലൂടെ 

നീ ഇക്കിളിയിട്ടതും 

ആരെന്നറിയാതെ

എന്റെ പരിഭ്രമം കണ്ടു നീ

ആർത്തു ചിരിച്ചതും
 

1.

കല്ലുകൾ കൊണ്ടെന്റെ

തല തകരുമ്പോൾ

കായ്ച്ചു കായ്ച്ചു 

നീ വേദന ഏറ്റുവാങ്ങുന്നതും 
 

2.

വേനലിൽ 

കാൻസർ രോഗിയെപ്പോൽ 

നീ മെലിഞ്ഞിടുന്നു.

നിന്നോട് താദാത്മ്യനായ് ഞാൻ

മുടികൾ കൊഴിച്ചിടുന്നു 
 

1.

തണലാവാം 

നമുക്കിനിയെന്നും 

പൂത്തു കായ്ച്ചു കഴിയാം.

ഒടുവിൽ മരിക്കാമൊരുമിച്ച് 

വേദനയറിയാതെ. 
 

2. മരമായിട്ടില്ല ഇതേവരെ നാം

സ്വയം മറന്നതുമില്ല.

ഒരു നാൾ തളർന്നു വീണാലും

തണലായി ഓർക്കും നമ്മെ. 
 

1.

നിന്നെയെനിക്കെന്നുമൊരു

മരമായ് വേണം

എന്റെ സ്വപ്നങ്ങളിൽ

നീ പൂത്തുലയണം! 
 

2.

തണലായി നിൽക്കേണ്ടാ.

നീ ഏൽക്കുന്ന വെയിൽ

എനിക്കും അനുഭവിക്കണം.

നീയറിയാതെ നിന്റെ വസന്തം

അകലെനിന്നു കാണണം.
 

Content Summary: Malayalam Poem Written by Hashir Kamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com