'തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് ആരോപിക്കുന്ന നിർമ്മലിനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റം കെട്ടിച്ചമച്ചതാണെന്ന് ഈ കോടതിക്ക് ബോധ്യം വന്നിരിക്കുന്നതിനാൽ..' മുഖത്ത് ഗൗരവഭാവമുള്ള കറുത്ത ഗൗണിട്ട ജഡ്ജിയുടെ വാക്കുകൾ തുടർന്നു കേൾക്കാൻ ശക്തിയില്ലാതെ അയാൾ കോടതി വരാന്തയിലൂടെ നിറകണ്ണുകളോടെ നടന്നു നീങ്ങി. പ്രമാദമായ 'ആലത്തൂർ പീഡന കേസിലെ' ഒന്നാം പ്രതിയായ നിർമ്മലിനെ വെറുതേ വിട്ടു കൊണ്ടുള്ള കോടതി വിധിയാണ് കുറച്ച് മുന്നേ കേട്ടത്. വലത് കൈയ്യിൽ മുറുകി പിടിച്ചിരുന്ന മകളുടെ ഫോട്ടോ ദൈന്യതയോടെ അയാൾ നെഞ്ചോട് ചേർത്തു. ഒഴുകി വരുന്ന കണ്ണീർ ഭൂമിയിൽ പതിക്കുമ്പോൾ വരണ്ട് കിടന്ന മണ്ണിൽ നിന്നും പുക മേലോട്ട് ഉയർന്നു. നിരാലംബരായ സാധുക്കളുടെ നിലവിളികൾ കോടതി വളപ്പിൽ തങ്ങി നിൽക്കുന്നത് അയാൾക്ക് ശ്രവിക്കാൻ കഴിയുമായിരുന്നു.! കാരണം അയാളും നീതി നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉള്ളതായിരുന്നല്ലോ.
എട്ട് വയസ്സുള്ള ഏക മകൾ സ്കൂൾ വിട്ടു വരും വഴി മയക്കുമരുന്നിന്റെ ലഹരിയിൽ നിർമ്മൽ എന്ന അയൽപക്കത്തെ പയ്യൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നും ചിരിച്ച മുഖത്തോടെ കാണുന്ന സഹോദരനെ പോലെ അവൾ കാണുന്ന നിർമ്മലിന്റെ ക്ഷണത്തിൽ അവൾക്കും സംശയം ഒന്നും തോന്നിയില്ല. എന്നാൽ അവന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്ന് ആ പെൺകുട്ടി തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സിരകളിൽ തിളച്ചു മറിയുന്ന ലഹരിയുടെ ആവേശത്തിൽ എട്ട് വയസുകാരിയുടെ ശരീരത്തിൽ നിന്നും ജീവൻ പോയതിനു ശേഷമാണ് നിർമ്മലിന് സ്വബോധം വന്നത്. പണം വാരിയെറിഞ്ഞ അഴകേശൻ മുതലാളി നിയമത്തിന്റെ വായ മൂടി കെട്ടി. കാശ് കിട്ടിയാൽ ഏത് ക്രിമിനലിനെയും രക്ഷിക്കുന്ന, എന്ത് നെറികേടിനൊപ്പവും കൂട്ട് നിൽക്കുന്ന മാളൂർ വക്കീൽ നിർമ്മലിനെ പൂ പോലെ നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷിച്ചെടുത്തു.
അരയിൽ ഒളിപ്പിച്ചിരുന്ന ചെറിയ പേനാക്കത്തി അവിടെ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി കവിളിലൂടെ പടർന്ന കണ്ണീർ തുടച്ചു കൊണ്ട് അയാൾ കുറച്ച് അകലെയായി മാറി നിന്നു. മാളൂർ വക്കീലിന്റെ ഒപ്പം ചിരിച്ചു കളിച്ചു നടന്നു വരുന്ന നിർമ്മലിന്റെ കണ്ണുകളിൽ ഇന്നാട്ടിലെ നിയമവ്യവസ്ഥയോടുള്ള പുച്ഛമാണ് അയാൾ കണ്ടത്. ആരും കാണാതെ അയാൾ കത്തി വലത് കൈയ്ക്കുള്ളിലാക്കി. ഏത് നിമിഷവും അവൻ കാറിലേക്ക് കയറും. അതിനു മുന്നേ അവന്റെ ചങ്കിൽ തന്നെ കത്തി കുത്തിയിറക്കണം. ഇര തേടി ഇറങ്ങിയ പുലിയെ പോലെ അയാൾ പതുങ്ങിയിരുന്നു..! കാറിന്റെ മുന്നിലെത്തിയ നിർമ്മലിന്റെ മുന്നിലേക്ക് ശരവേഗത്തിൽ കത്തിയുമായി അയാളെത്തി. വലത് കൈ ഉയർത്തും മുന്നേ നെഞ്ചിൽ ആരുടെയോ ചവുട്ടേറ്റ് അയാൾ താഴേക്ക് വീണു. തറയിൽ നിന്നും എണീക്കാൻ ശ്രമിച്ച അയാളുടെ വയറ്റിൽ ആരൊക്കെയോ മാറി മാറി ചവുട്ടി. ഒരു നിലവിളി അവിടെ ഉയർന്നു കേട്ടു. ആള് കൂടുമെന്ന അവസ്ഥ വന്നപ്പോൾ ആരോ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി. 'കടന്ന് പോടാ..' നിർമ്മലിന്റെ മുഖത്തേക്ക് എരിയുന്ന പകയോടെ എന്നാൽ നിസ്സഹായനായി ഒന്ന് നോക്കിയതിന് ശേഷം അയാൾ തിരികെ നടന്നു. അയാളുടെ കാതുകളിൽ അവരുടെ പൊട്ടിച്ചിരികൾ മുഴങ്ങി കേട്ടു.
കാലം തെറ്റി പെയ്ത മഴയിൽ ആളുകൾ ചിതറിയോടുമ്പോഴും അയാൾ കോടതി വളപ്പിൽ നിന്നും നനഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. പരിചിതമായ മുഖങ്ങളുടെ നോട്ടം അയാൾ ശ്രദ്ധിച്ചു. തനിക്ക് കിട്ടിയ മർദ്ദനത്തേക്കാളും ആളുകളുടെ തുറിച്ചു നോട്ടമാണ് സഹിക്കാൻ കഴിയാത്തത്. അഴിഞ്ഞു വീഴാൻ പോയ മുണ്ട് ഒന്നൂടെ മുറുക്കി കെട്ടി റോഡിലൂടെ അയാൾ നടന്നു നീങ്ങി. അൽപദൂരം കഴിഞ്ഞ് ഇരുമ്പ് പാലത്തിന്റെ അടുത്തെത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം കണ്ടു അയാൾ അവിടേക്ക് ചെന്നു. ആളുകളെ വകഞ്ഞു മാറ്റികൊണ്ട് അയാളും മുന്നിലേക്ക് കയറി. 'എന്താ ഉണ്ടായേ..' ആരോടോ അയാൾ ചോദിച്ചു. 'വണ്ടി ഇടിച്ചു മറിഞ്ഞതാ.. പാലത്തുങ്കലെ അഴകൻ മുതലാളിയുടെ വണ്ടിയാ.. ഡ്രൈവർ രക്ഷപെട്ടു.. പക്ഷെ അവിടുത്തെ പയ്യൻ സ്പോട്ടിൽ തീർന്നു.' നിർമ്മലിന്റെ ബോഡി ആരൊക്കെയോ ചേർന്ന് ഉയർത്തുമ്പോൾ ചലനമറ്റ അവന്റെ ശരീരത്തിലേക്ക് അയാൾ നോക്കി നിന്നു.! ഇടയ്ക്കൊന്ന് പെയ്തു തോർന്ന മഴ കൂടുതൽ ശക്തിയോടെ ഭൂമിയിലേക്ക് പതിച്ചു.!!
Content Summary: Malayalam Short Story ' Anthima Vidhi ' Written by Vivek