ADVERTISEMENT

ബാലുശ്ശേരി ഗ്രാമത്തിലെ താമസക്കാരാണ് ചായ അടിക്കാരൻ ബാബുവും ഭാര്യ നഴ്‌സ്‌ ആയ ബീനയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബം. അതിരാവിലെ അടുത്തുള്ള ചായക്കടയിൽ ചായ അടിക്കുവാൻ പോകുന്ന ബാബു വൈകുന്നേരം ബീന നൈറ്റ്‌ ഡ്യൂട്ടിക്ക് പോകുന്നതിനുമുൻപ് വീട്ടിൽ തിരിച്ചെത്തും. ബാബുവിന് അൽപം മദ്യപാന ശീലം ഉള്ളതുകൊണ്ട് ബീന നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നതാണിഷ്ടം. ബീന ജോലിക്ക് പോയിക്കഴിയുമ്പോൾ അയൽപക്കത്തെ അടുത്ത സുഹൃത്ത് ബാഹുലേയനുമായി വീട്ടിൽ ഇരുന്ന് അൽപം സല്ലപിക്കുക പതിവാണ്. ഒരു ദിവസം പെട്ടെന്ന് ബാബു ചായ അടിച്ചിരുന്ന ചായക്കട നിർത്തിപ്പോയി. ബീനയുടെ ഒറ്റ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോകണ്ട സ്‌ഥിതി വന്നു. കുടുംബത്തിലുണ്ടായിരുന്ന സന്തോഷം നഷ്ടപ്പെട്ടു. നാളുകൾ പിന്നിട്ടു അങ്ങനെ ഇരിക്കുമ്പോൾ ആണ് ബീനയ്ക്കു അമേരിക്കയിലേക്ക് പോകുവാനുള്ള വിസ വന്നത്. ഫാമിലി വിസയാണ്. അതോടെ കുടുംബത്തിൽ നഷ്ടപെട്ട സന്തോഷവും സമാധാനവും തിരികെ എത്തി. അമേരിക്കയിലേക്കു പോകുവാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. 

അപ്പോഴാണ് ബാബു തന്റെ ഒരു സ്വകാര്യ ദുഃഖം ബാഹുലേയനുമായി പങ്കുവച്ചത്. ബീനയ്ക്കു അമേരിക്കയിൽ ചെന്നാൽ നഴ്‌സ് ആയി ജോലി ചെയ്യാം. ഒരു തൊഴിലും അറിയാത്ത വിദ്യാഭ്യാസം ഇല്ലാത്ത താൻ എന്ത് ചെയ്യും. ബാഹുലേയൻ ഉടൻ അമേരിക്കയിലുള്ള അകന്ന ബന്ധുവിനെ വിളിച്ചു ബാബുവിന്റെ വിഷമം പറഞ്ഞു. അമേരിക്കയിൽ ഉള്ള ബന്ധു പറഞ്ഞു ബാബുവിനോട് ഒന്നുകിൽ എയർകണ്ടിഷൻ റിപ്പയറിങ് പഠിക്കുവാൻ പറയുക അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വീടുകളിൽ പണിയെടുക്കാം, അതല്ലെങ്കിൽ ബട്ടർ ചിക്കൻ ഉണ്ടാക്കുവാൻ പഠിക്കുക അമേരിക്കയിൽ ഉള്ള ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും ഇഷ്ടമുള്ള ഭക്ഷണം ആണ് ബട്ടർ ചിക്കൻ. ബാബു പിറ്റേ ദിവസം തന്നെ പട്ടണത്തിൽ ഉള്ള വലിയ ഹോട്ടലിൽ ചെറിയ ജോലിക്ക് ചേർന്ന് അവിടുത്തെ ഷെഫ് ബട്ടർ ചിക്കൻ ഉണ്ടാക്കുന്നത് നോക്കി കാണുവാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞു ബാബുവിനും കുടുംബത്തിനും അമേരിക്കയിലേക്കു പോകുവാനുള്ള ദിവസം എത്തി. നാട്ടുകാരോടും ബന്ധുക്കളോടും കടം വാങ്ങിയ പണവുമായി സൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച ബാബു കുടുംബത്തോടൊപ്പം അമേരിക്കയിലേയ്ക്കു പറന്നു. 

അമേരിക്കയിൽ എത്തിയ ബാബുവും കുടുംബവും വാടകയ്ക്കെടുത്ത അപ്പാർട്മെന്റിൽ താമസം തുടങ്ങി. ബീനയ്ക്കു കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലി കിട്ടി. ബാബു കുട്ടികളെയും നോക്കി വീട്ടിൽ ഇരുന്നു. മാസങ്ങൾ കഴിഞ്ഞു ബാബുവിന് ബോറടിക്കുവാൻ തുടങ്ങി. ബാബു ജോലിയില്ലാത്ത തന്റെ വിഷമം അടുത്ത അപ്പാർട്മെന്റിൽ താമസിക്കുന്ന ബേബിയോട് പറഞ്ഞു കൂട്ടത്തിൽ ബട്ടർ ചിക്കൻ ഉണ്ടാക്കുവാൻ അറിയാം എന്നും പറഞ്ഞു. അങ്ങനെ ബേബിയുടെ നിർദ്ദേശപ്രകാരം ബാബു അവിടുത്തെ ഇന്ത്യൻ അസോസിയേഷനിൽ മെമ്പർഷിപ്പ് എടുത്ത് പ്രവർത്തിക്കുവാൻ തുടങ്ങി. പെട്ടെന്ന് തന്നെ ജനങ്ങളുമായി ബന്ധം സ്‌ഥാപിച്ച ബാബുവിന് ബട്ടർ ചിക്കന്റെ ഓർഡറുകൾ കിട്ടുവാൻ തുടങ്ങി. ആദ്യമൊക്കെ ബാബുവിന്റെ ബട്ടർ ചിക്കൻ കഴിച്ച പലരും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ബാബുവിന്റെ അവസ്‌ഥ ഓർത്തു മൗനം പാലിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ബാബുവിന്റെ ബട്ടർ ചിക്കൻ പേരെടുത്തു. ഇന്ത്യക്കാരുടെയും അമേരിക്കൻസിന്റെയും വലിയ പാർട്ടികളിൽ ബാബുവിന്റെ ബട്ടർ ചിക്കൻ പ്രധാന ഘടകമായി. ബാബുവിന്റെ കൈയ്യിലേക്കു ബാബു പ്രതീക്ഷിക്കാത്ത രീതിയിൽ ഡോളർ വരുവാൻ തുടങ്ങി. ബാബു പുതിയ വീട് വാങ്ങി അങ്ങോട്ട് താമസം മാറി. 

ഡോളർ കൂടുതൽ വരുവാൻ തുടങ്ങിയപ്പോൾ ബാബു കൂട്ടുകാരുമൊത്തു മദ്യപാനം പതിവാക്കി വീട്ടിൽ വരുന്നത് അസമയത്തായി. കുടുംബത്തു അസ്വാരസ്യങ്ങൾ ഉണ്ടാകുവാൻ തുടങ്ങി. ഇതിനിടയിൽ അസോസിയേഷനിൽ ഇലക്ഷൻ വന്നു. ബാബു പ്രസിഡന്റ് സ്‌ഥാനാർഥിയായി പത്രിക സമർപ്പിച്ചു. അപകടം മണത്തറിഞ്ഞ ബീനയുടെ കൂട്ടുകാരി ബിന്ദു ബീനയെ ഉപദേശിച്ചു പ്രസിഡന്റായാൽ ബാബുവിന് പിടിച്ചാൽ കിട്ടില്ല. അങ്ങനെ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം അവസാന മണിക്കൂറിൽ വളരെ നാടകീയമായി കൂട്ടുകാരികളോടൊപ്പം വന്നു ബീന പ്രസിഡന്റ്‌ സ്‌ഥാനാർഥിയായി നാമ നിർദ്ദേശക പത്രിക സമർപ്പിച്ചു. പിന്നീട് കണ്ടത് അസോസിയേഷൻ ഇതുവരെ ചരിത്രത്തിൽ കാണാത്ത രീതിയിലുള്ള വീറും വാശിയും നിറഞ്ഞ ഇലക്ഷൻ പ്രചരണം ആയിരുന്നു. ബാബുവും കൂട്ടുകാരും രാപകലില്ലാതെ വോട്ട് അഭ്യർഥിച്ചു പ്രചരണം കൊഴുപ്പിച്ചപ്പോൾ മാറ്റത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞാണ് ബീനയും കൂട്ടുകാരികളും വോട്ട് ചോദിച്ചത്. ഒടുവിൽ ഇലക്ഷൻ ദിവസം എത്തി. ഫലം പുറത്തുവന്നപ്പോൾ രണ്ട് വോട്ടിനു ബാബുവിനെ പരാജയപ്പെടുത്തി ബീന പ്രസിഡന്റായി. അതോടെ മാനസികമായി തകർന്ന ബാബു അടിയന്തിരമായി പൊതുയോഗം വിളിച്ചു കൂട്ടണമെന്ന് പുതിയ കമ്മറ്റിയോട്‌ ആവശ്യപ്പെട്ടു. അങ്ങനെ ബീനയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു ബാബു വികാരഭരിതനായി പ്രഖ്യാപിച്ചു. മാസങ്ങൾ കഴിഞ്ഞുപോയി മദ്യപാനം പാടെ ഉപേക്ഷിച്ചു കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്ന ബാബുവിനെയാണ് പിന്നീട് കണ്ടത്. അസോസിയേഷന്റെ ഈ വർഷത്തെ മാതൃക ദമ്പതികൾ ആയി അവാർഡ് ലഭിച്ചത് ബാബുവിനും ബീനയ്ക്കും ആണ്.

Content Summary: Malayalam Short Story ' Balusseri Babuvinte Butter Chicken ' Written by Sunil Vallathara Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com