ഓഫിസിലെ പല ഡിപ്പാർട്ട്മെന്റിൽ ഉള്ളവരും ചേർന്ന് അവരവരുടെ വകുപ്പുകളുടെ കാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യം ചെയ്യുന്നതിന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. ഇതറിഞ്ഞത് മുതൽ വാച്ച്മാൻ ഗംഗാധരന് ഒരാഗ്രഹം ഓഫിസിലെ എല്ലാവരെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വേണം. പക്ഷഭേദം പാടില്ല മാനേജർ മുതൽ ഓഫീസ് ബോയ് വരെ എല്ലാവരുമുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്. ഒഫീഷ്യൽ ആയ കാര്യങ്ങൾ മാത്രമല്ല അൽപസ്വൽപം തമാശകളും പോസ്റ്റ് ചെയ്യാം പക്ഷേ നിർബന്ധമായും പോസ്റ്റ് ചെയ്യുന്ന ഓരോ വീഡിയോയ്ക്കും ഫോട്ടോയ്ക്കും താഴെ അടിക്കുറിപ്പ് നിർബന്ധമാണ്, ആവർത്തനവിരസത ഉണ്ടാക്കുന്ന രീതിയിൽ മെസ്സേജ് അയക്കരുത്, വ്യക്തിഹത്യ ഗ്രൂപ്പിൽ അരുത്, മതം, രാഷ്ട്രീയം ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ പാടില്ല, അങ്ങനെ ഒരുപാട് നിബന്ധനകളോടുകൂടി ഗംഗാധരൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ആർക്കും എതിരഭിപ്രായമില്ല എന്ന് മാത്രമല്ല ചിലരൊക്കെ പ്രശംസിക്കുക കൂടി ചെയ്തതോടെ ഗംഗാധരൻ താൻ ചെയ്ത കാര്യം ഓർത്ത് അഭിമാന പുളകിതനായി. ബാത്റൂമിലെ കണ്ണാടിക്കു മുന്നിൽ നിന്ന് വലിയൊരു ഓഫിസിലെ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ എന്ന നിലയിൽ അഭിമാനം കൊണ്ടു അതിന്റെ സന്തോഷത്തിൽ ഒരു സെൽഫി കൂടി പാസാക്കി. അടുത്തകാലത്ത് ഇത്ര തനിമയോടെ ചിരിച്ച ഒരു സെൽഫി അയാൾക്ക് എടുക്കാൻ സാധിച്ചിരുന്നില്ല.
ഗ്രൂപ്പ് തുറന്നതിന്റെ ആവേശത്തിൽ മെസ്സേജുകളുടെ പ്രവാഹമായിരുന്നു ആദ്യ രണ്ടു നാളുകളിൽ പതിയെ മറ്റു ഗ്രൂപ്പുകളുടെ അതേ അവസ്ഥ തന്നെ ഈ ഗ്രൂപ്പിനും പിടിപെട്ടു. വല്ലപ്പോഴും ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് അല്ലാതെ മറ്റൊരു മെസ്സേജും ആ ഗ്രൂപ്പിലേക്ക് വരാതായതോടെ ഗംഗാധരൻ അതീവദുഃഖിതനായി. ഗ്രൂപ്പിനെ ഇങ്ങനെ ഉറങ്ങാൻ സമ്മതിക്കരുത് എന്തെങ്കിലും ചെയ്തേ പറ്റൂ.... എന്ത് ചെയ്യാൻ പറ്റും ഗംഗാധരൻ പല പൊടിക്കൈകളും പ്രയോഗിച്ചിട്ടും ആവേശകരമായ ഒരു ചലനവും ഗ്രൂപ്പിന് ഇല്ലാതായതോടെ ഗംഗാധരന്റെ നിരാശ വർധിച്ചു. ഓഫിസിന് കാവൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം അയാൾ ഗ്രൂപ്പിന്റെ ചലനത്തിനുവേണ്ടി ചിലവഴിച്ചിട്ടും ഒരു മാറ്റവും ഇല്ലാതായതോടെ തന്റെ ദുഃഖം ഭാര്യയുമായി പങ്കുവെച്ചു.
"ഇതാണോ മനുഷ്യ ഇത്രയും വലിയ കാര്യം. നാളെ ഡ്യൂട്ടിക്ക് പോകുമ്പോൾ നിങ്ങൾ നിങ്ങളുടെ ടോർച്ച് കൊണ്ടുപോകേണ്ട. പകരം നിങ്ങളുടെ ടോർച്ച് കാണാനില്ല ആരെങ്കിലും കണ്ടവരുണ്ടോ..? എന്നും ചോദിച്ചു ഒരു മെസ്സേജ് അയക്കൂ..." കൊള്ളാം അതാവുമ്പോൾ ഒഫീഷ്യലുമാണ് എവിടെ വച്ചാണ് എപ്പോഴാണ് കിട്ടിയോ തുടങ്ങിയ ചെറിയ ചെറിയ അന്വേഷണങ്ങളോട് പ്രതികരിച്ചു ഗ്രൂപ്പിൽ ചെറിയൊരു അനക്കം സൃഷ്ടിക്കാം. അവസാനം വീട്ടിൽ വച്ച് മറന്നതാണെന്ന കാര്യം പറയുന്നതോടെ പ്രശ്നം തീരുകയും ചെയ്യും. ഐഡിയ കൊള്ളാം. പെൺബുദ്ധി പിൻ ബുദ്ധി എന്ന് പറഞ്ഞവനെ കുറ്റപ്പെടുത്തിക്കൊണ്ട് തന്റെ ഭാര്യയെയോർത്ത് അയാൾ അഭിമാനം കൊണ്ടു.
പിന്നെ അൽപം പോലും താമസിച്ചില്ല ഗ്രൂപ്പിലേക്ക് ടോർച്ച് കാണാതായ വിവരം അറിയിച്ചു. എന്നാൽ അയാളുടെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചുകൊണ്ട് ഗ്രൂപ്പിൽ അതിനുശേഷം ഒറ്റ മെസ്സേജ് മാത്രമേ വന്നുള്ളൂ... "സ്വന്തം ടോർച്ച് പോലും സൂക്ഷിക്കാൻ അറിയാത്ത നിങ്ങൾ എങ്ങനെ നമ്മുടെ ഓഫിസിന് കാവൽ നിൽക്കും. നിങ്ങളുടെ ജോലിയിലെ കാര്യക്ഷമത ഇതോടെ കമ്പനിക്ക് ബോധ്യമായി. ഇനി താങ്കളുടെ സേവനം കമ്പനിക്കാവശ്യമില്ല" ഇംഗ്ലിഷിലുള്ള ആ മെസ്സേജ് വായിച്ചതോടെ ഗംഗാധരൻ തലകറങ്ങി വീണു.
Content Summary: Malayalam Short Story ' Group Admin ' Written by Hashir Moosa