ഓണദിവസം 'അച്ഛന്റെ ആശുപത്രി ബില്ലടയ്ക്കാൻ' പണത്തിനായി താലി വിൽക്കേണ്ടി വന്ന അമ്മ
Mail This Article
"കുട്ടിക്കാലത്തെ ഓണം ഓർമ്മകൾ ഞങ്ങൾ ആരാധകരോടും കൂടി പങ്കുവക്കാമോ...?" "അത്തം കറുത്താൽ ഓണം വെളുക്കും കുട്ടീ..." പൊട്ടിയ ഓടിന്നിടയിലൂടെ വീഴുന്ന മഴവെള്ളം തടയാൻ പഴയ അലുമിനിയ പാത്രങ്ങൾ നീക്കി വയ്ക്കുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിൽ മുത്തശ്ശിയുടെ ചിലമ്പിച്ച ശബ്ദത്തിലുള്ള ഓണച്ചൊല്ലുകൾ മുങ്ങി പോയത്.. അമ്മയുടെ മഞ്ഞയിൽ വെള്ളപ്പൂക്കളുള്ള കീറലുകൾ വീണുതുടങ്ങിയ നൈലോൺ സാരി അപ്പുറത്തെ മിനിച്ചേച്ചിയെക്കൊണ്ട് തയ്പ്പിച്ച് പാവാടയും ബ്ലൗസ്സുമാക്കി. ഓണക്കോടിയണിഞ്ഞത്...
വാടിയ പൂക്കൾക്കൊപ്പം വൈകുന്നേരം അച്ഛൻ ആഘോഷിച്ചുടച്ച ചാരായക്കുപ്പിച്ചില്ലുകളും പെറുക്കി കളയേണ്ടി വരുന്നതിനാൽ ഇത്തിരി മുറ്റത്ത് 'പൂക്കളമെന്ന പേരിൽ പൂക്കൾ നിരത്തുന്നത് ഇനി മേലാൽ ആവർത്തിക്കരുതെന്ന്' അനിയത്തിയോട് കയർത്തത്... മിനി ചേച്ചിയുടെ വീട്ടിൽ നിന്ന് പിടിയുള്ള ചോറ്റു പാത്രത്തിലാക്കിത്തരുന്ന ഗോതമ്പു പായസ മധുരത്തിൽ ഓണം ഉണ്ടറിഞ്ഞിരുന്നത്.. ഓണമടുത്ത ദിവസങ്ങളിലൊന്നിൽ അച്ഛന്റെ ആശുപത്രി ബില്ലടയ്ക്കാൻ പണത്തിനായി അമ്മയുടെ താലിയെന്ന അവസാനതരിപൊന്നു വിൽക്കാൻ കയറിയ സ്വർണ്ണക്കടക്കുള്ളിലെ തിരക്കിൽ കുടുങ്ങിയതു പോലെ പൊന്നോണമെന്നു കേൾക്കുമ്പോൾ ഇപ്പോഴും ശ്വാസം മുട്ടുന്നത്.. ചോദ്യത്തിനു മറുപടിയായി ഈ ഓർമ്മകളെല്ലാം ഒരു തെളിഞ്ഞചിത്രം പോലെ മനസ്സിലൂടെ കടന്നു പോയെങ്കിലും...
തലയൽപം ചരിച്ച് ഓർമ്മകളിലേക്കുറ്റു നോക്കും പോലെ, ഐലൈനറിന്റെ കരവിരുതിൽ ചാരുത കൂട്ടിയ വലിയ നീണ്ട മിഴികളാൽ ദൂരേക്ക് ദൃഷ്ടിയൂന്നി കടുചുവപ്പു ലിപ്സ്റ്റിക്കിന്നിടയിലൂടെ, മുത്തു പോലെ തിളങ്ങുന്ന പല്ലുകൾ ആവശ്യത്തിനു മാത്രം വെളിയിൽ കാണിച്ച് മനം മയക്കുന്ന പുഞ്ചിരിയോടെ, മലയാളികളുടെ പ്രിയ ഗായിക പറഞ്ഞു തുടങ്ങി.. "എല്ലാക്കൊല്ലവും അമ്മയുടെ തറവാട്ടിലായിരുന്നു ഞങ്ങൾ ഓണം ആഘോഷിച്ചിരുന്നത്... അവിടെയടുത്ത് വലിയൊരു പുഴയുണ്ട്... ചിങ്ങമാസമാകുമ്പോഴേക്കും പുഴക്കരയെ പച്ചപുതപ്പിച്ച് വളർന്നു നിൽപ്പുണ്ടാകും നിറയേ പൂക്കൾ വിരിഞ്ഞ തുമ്പക്കുടവുമായി തുമ്പകൾ... പൂക്കൾക്കു മേലെ വട്ടമിട്ടു പറക്കുന്ന ഓണത്തുമ്പികൾ... അവിടെയുള്ള മരങ്ങളിലും, ചെറുചെടികളിലുമെല്ലാം പല നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ടാകും മുക്കൂറ്റിയും, കാക്കപ്പൂവും, കണ്ണാന്തളിയും, രാജകിരീടവുമെല്ലാം..."
കൂട്ടുകാരിയുടെ വീട്ടിൽ വച്ചു കണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് ചതുരത്തിലെ ഓണാഘോഷ ദൃശ്യങ്ങളിലെ പട്ടുപാവാടയണിഞ്ഞ, മുടി നിറയേ മുല്ലപ്പൂ ചൂടിയ പെൺകുട്ടിയെ മനസ്സിലോർത്ത് മൃദുസ്വരത്തിൽ തുടർന്നൂ... "എല്ലാ ഓണത്തിനും അച്ഛൻ ഓണക്കോടികളായി വാങ്ങിത്തന്നിരുന്നത് പട്ടുപാവാടകളായിരുന്നു.. മഞ്ഞപ്പട്ടുപാവാടയുടുത്ത് കൂട്ടുകാരോടൊത്ത് പൂവേ.. പൊലി പാടി അതിരാവിലെ തന്നെ പുഴക്കരയിൽ പൂ പറിക്കാനിറങ്ങും..." ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മത്തിരത്തള്ളലിൽ നിന്നും പുറത്തുകടക്കാനാകാതെ, ചോദ്യകർത്താവിന്റെ അടുത്ത ചോദ്യം വൈകിയ ഇടവേളയിൽ അവളുടെ സ്വരമാധുരിയിൽ റെക്കോഡു ചെയ്ത ഗാനം സ്റ്റുഡിയോയിൽ അലയടിക്കുന്നുണ്ടായിരുന്നു... "മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ..!!"
Content Summary: Malayalam Short Story ' Oronakkalathu ' Written by Divyalakshmi