എൻ നെറുകയിൽ മിന്നുന്ന ചെം സൂര്യവട്ടത്തിൻ
കരുതലാം താപത്തിൽ മയങ്ങുന്നെൻ പെൺമനം
സുകൃതമോ മമ മനതാരിൽ ഒഴുകുന്നു
മകരന്ദ ചോലയിൻ ശീതജലകണം
ചഞ്ചലമാമെൻ ഹൃത്തിൽ തലോടുന്നു
നിൻ മന്ദസ്മിതത്തിൻ നേരിയ ഊഷ്മാവ്
നോവേതും തോന്നാതെ മൗനത്തിൻ തുമ്പാൽ
നീ തുടക്കുന്നു എൻ ക്രോധവർണ്ണം
നീ എൻ ആത്മാവിൽ പൂജിച്ചുകെട്ടിയ
പീതച്ചരടിൻ തുമ്പിൽ തിളങ്ങുമാ
പൊന്നില വെട്ടം എന്നുള്ളിൽ നിറക്കുന്നു
ആത്മവിശ്വാസത്തിൻ അണയാത്ത ദീപം
വിൺ അരുവിയിൽ നീന്തുന്ന വെണ്മുകിലിനറിയാം
കാറ്റേകും കരുത്തിൽ താൻ നീങ്ങുന്നതെന്ന്
വെണ്മുകിൽ പോലെ ചലിക്കുന്നു ഇന്ന് ഞാൻ
നിൻ കരങ്ങളാൽ നെയ്ത കരുതലിൻ കരുത്തിൽ
പനികണം ചില്ലിൽ എഴുതിയ കവിതയിൽ
ഒരുവരി മായ്ച്ചു നിൻ മുഖമതിൽ വരച്ചു
വർണങ്ങളേതും ഇല്ലേലും ഇന്നതെൻ
മനതാരിൽ നിറയുന്നു വിൺസീമ ദൂരം
നീ അറിയുന്നുവോ നീ എൻ രാമശരമെന്ന്
സ്വതന്ത്രമായ്, പ്രതിബിംബം നോക്കാതെ
നിൻ കൈ പിടിച്ചൊഴുകുന്നു ഇന്ന് ഞാൻ
എൻ അര്‍ദ്ധജീവനേ...
Content Summary: Malayalam Poem ' Arddhajeevan ' Written by Nayana Gopi