ഓണമായ് മനസ്സിൽ ഗൃഹാതുരമോർമ്മയായ്
പൂക്കളമിട്ടു നടന്നൊരാ നാളുകൾ
പൂക്കൾ പറിക്കുവാൻ പോയൊരാ വേളകൾ
ആരവമെങ്ങും മുഴങ്ങുന്ന വീഥികൾ
ഊഞ്ഞാലിലാടുവാൻ വന്നൊരു കൂട്ടുകാർ
ആടിത്തിമർത്തു നടന്നൊരാ ബാല്യങ്ങൾ
ഓണക്കളികൾ, തിരുവാതിരപ്പാട്ടും
കാണാൻ ഉറക്കം കളഞ്ഞൊരാ മുറ്റങ്ങൾ..
സദ്യയൊരുങ്ങവെ കൊതിയോടെയോടുന്ന
കാലങ്ങൾ ഇന്നലെയെന്നപോൽ ഓർക്കുന്നു
ഇലയിൽ നിരന്നൊരു വിഭവങ്ങളെണ്ണുവാൻ
പാൽപായസത്തിന്റെ മധുരം നുണയുവാൻ...
വീണ്ടുമിന്നെത്തി ഓണം, ഫെയ്സ്ബുക്കിൽ
വാട്ട്സാപ്പിൽ, ആശംസയായി നിറയുന്നു
ഇൻസ്റ്റന്റ് പൂക്കളം, ഹോട്ടലിൽ സദ്യയും
എങ്ങുപോയിന്നെന്റെ മാവേലി മന്നനും..
Content Summary: Malayalam Poem ' Onam ' Written by Naina Mannanchery