'സ്ഥലം അറിയില്ല', സഹയാത്രികനോട് കാര്യം പറഞ്ഞു, ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ...

Mail This Article
ഒരിക്കൽ കൂടി ചവറയിൽ നിന്ന് ചിറ്റാറിലെ മോഹൻ ചേട്ടന്റെ വീട്ടിലേക്ക് വിരുന്നു പോവുകയാണ്. ആദ്യ യാത്ര 20 വർഷങ്ങൾക്കു മുമ്പ് ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്തവണ ഭാര്യ ആഗ്നസ്സും മകൾ 10 വയസ്സുകാരി മേഴ്സിയും കൂടെയുണ്ട്. കാർ പത്തനംതിട്ടയൊക്കെ കഴിഞ്ഞ് ഇരു വശവും വൃക്ഷ ലതാദികൾ നിറഞ്ഞ പാതയിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്ന വേളയിൽ ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ജോജോക്ക് അറിയാതെ ചിരി വന്നു. അടുത്ത് മുൻ സീറ്റിൽ ഒപ്പം ഉണ്ടായിരുന്ന മേഴ്സി മോൾക്ക് അതു കണ്ട് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. അവൾ ചോദിച്ചു അല്ല... പപ്പ എന്താ ചുമ്മാ ചിരിക്കുന്നത്? മേഴ്സിയുടെ സംസാരം കേട്ടപ്പോഴാണ് ആഗ്നസ്സ് അത് ശ്രദ്ധിച്ചത്, അല്ല മോള് പറഞ്ഞത് ശരിയാണല്ലോ. എന്താ കാര്യം? ഞങ്ങളും കൂടി അറിയട്ടെ.. ആഗ്നസ്സിനും ആകാംക്ഷയായി. ഓ... മനുഷ്യനൊന്ന് ചിരിക്കാൻ കൂടി കഴിയില്ലേ എന്ന് ജോജോ. അല്ല ഞങ്ങളും കൂടി അറിയാതിരിക്കാൻ പറ്റാത്ത എന്തു കാര്യമാ ഇങ്ങനെ മനസ്സിൽ ഒളിപ്പിച്ചു വെച്ച് ചിരിക്കാൻ.. ആഗ്നസിന്റെ പരിഭവവും മേഴ്സിയുടെ സമ്മർദ്ദവും കൂടിയായപ്പോൾ ജോജോ പെട്ടുപോയി.
ജോജോയുടെ മനസ്സിലെ ഓർമ്മകൾ കാലങ്ങൾ പിറകിലേക്ക് പോയി. അത്... അത്..... ആ പോരട്ടെ... പോരട്ടെ... ആഗ്നസ് പ്രോത്സാഹിപ്പിച്ചു. അത്... ഞാനും മോഹൻ ചേട്ടനും സൗദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഒരു അവധിക്കാലത്ത് ഞങ്ങൾ ഒന്നിച്ചാണ് നാട്ടിൽ വന്നത്. മോഹൻ ചേട്ടൻ നിർബന്ധിച്ചതിനാൽ ഞാൻ ചേട്ടന്റെ ചിറ്റാറിലെ വീട്ടിലേക്ക് ഒരു ദിവസം ഇതുപോലെ യാത്ര പോയി. പത്തനംതിട്ടയിൽ നിന്ന് കയറേണ്ട ബസ്സും ഇറങ്ങേണ്ട സ്റ്റോപ്പും ഒക്കെ ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ചിറ്റാർ വഴി കടന്ന് പോകുന്ന ഒരു പ്രൈവറ്റ് ബസ്സാണ് എനിക്ക് ലഭിച്ചത്. ബസ്സിലാണെങ്കിൽ നല്ല തിക്കും തിരക്കും. ഇറങ്ങേണ്ട സ്ഥലം ആരോടാണ് ഒന്ന് പറഞ്ഞു വയ്ക്കുന്നത്. അടുത്തിരിക്കുന്ന യാത്രക്കാരനോട് കാര്യം പറഞ്ഞു. അയാൾ സ്വമേധയാ അത് ഏറ്റെടുത്തു. കുഴപ്പമില്ല ഞാനും ആ വഴിക്കാണ് സ്റ്റോപ്പ് എത്താറാകുമ്പോൾ പറയാം. ഇങ്ങനെയും കരുണയുള്ളവർ ഉണ്ടല്ലോ.. മനസ്സൊന്ന് കുളിർത്തു. ബസ്സ് വളഞ്ഞും പുളഞ്ഞും കാനന പാതയിൽ കൂടി യാത്ര തുടർന്നുകൊണ്ടിരുന്നു. വാഹനത്തിരക്കില്ലാതിരുന്ന ആ റോഡ് കണ്ടപ്പോൾ എനിക്ക് ആവലാതിയായി. രണ്ടു മൂന്നു പ്രാവശ്യം വീണ്ടും ഞാൻ ആ ചേട്ടനോട് ചോദിച്ചു, സ്ഥലം എത്താറായോ.. എത്താറായോ എന്ന്.
ഇല്ല... ഇല്ല... വിഷമിക്കേണ്ട എത്തുമ്പോൾ പറയാം. അയാളുടെ ആശ്വാസവാക്കുകൾ കേട്ടപ്പോൾ എനിക്ക് സമാധാനമായി. ഇതിനിടെ ആളുകൾ കയറുന്നുമുണ്ട് ഇറങ്ങുന്നുമുണ്ട്. ബസ്സ് നല്ല സ്പീഡിലാണ് പോയിക്കൊണ്ടിരിക്കുന്നത്. തിരക്കിനിടയിൽ കണ്ടക്ടർ പറയുന്നത് എനിക്ക് കേൾക്കാൻ പാകത്തിലായിരുന്നില്ല സീറ്റ് കിട്ടിയത്. അതുകൊണ്ട് സഹയാത്രികനെ വിശ്വസിച്ച് അങ്ങനെ ഇരുന്നു. വയലുകളുടെയും അരുവികളുടെയും ഇടയിൽ കൂടി കടന്നു വന്ന ഇളങ്കാറ്റിൽ സഹയാത്രികൻ ഉറങ്ങിപ്പോയി. പ്രദേശവാസിയല്ലേ, സ്ഥലം എത്താറാകുമ്പോൾ ഉണർന്നോളും... എന്റെ മനസ്സ് മന്ത്രിച്ചു. കുറച്ചു സമയം കഴിഞ്ഞ് ബസ്സ് വലിയൊരു ഗട്ടറിൽ വീണപ്പോൾ സഹയാത്രികൻ ഉറക്കം ഉണർന്ന് പുറത്തേക്കൊന്ന് പരതി നോക്കി. സംഗതി അത്ര പന്തിയല്ലെന്ന് എനിക്ക് അപ്പോൾ ബോധ്യമായി. ആൾ ഇറങ്ങണം... ആൾ ഇറങ്ങണം.... അയാൾ കൂകി വിളിച്ചു. എന്നിട്ട് തത്രപ്പാടിൽ സീറ്റിനടിയിൽ നിന്ന് കുറെ കെട്ടുകൾ വലിച്ച് പുറത്തേക്കെടുത്തു. അപ്പോൾ ഞാൻ ചോദിച്ചു.. ചേട്ടാ ചിറ്റാർ അടുത്തോ...? ഓ.. ചിറ്റാറൊക്കെ എപ്പോഴേ കഴിഞ്ഞു. എനിക്ക് ആകെ സംബ്രാന്തിയായി. ഇനി ചേട്ടൻ മാത്രമേയുള്ളൂ ആകെ ഒരു ആശ്രയം. ഞാൻ ചേട്ടനൊപ്പം കൂടി. ചേട്ടാ... ഇനി എങ്ങനാ ചിറ്റാറിന് പോകുന്നത്?. ബസ്സ് ഒന്നും ഉടനെയില്ല. ജീപ്പ് വല്ലതും വന്നാലായി സമയം കളയണ്ട നമുക്ക് നടക്കാം എന്നായി ചേട്ടൻ.
എനിക്ക് ദേഷ്യം വന്നു പിമ്പിരി കൊണ്ടു. ഞങ്ങൾ സംസാരിച്ച പ്രകാരം മോഹൻ ചേട്ടൻ ബസ്റ്റാൻഡിൽ വന്ന് കാത്തു നിന്നിട്ട് തിരികെ പോയിട്ടുണ്ടായിരിക്കും. അങ്ങനെ വല്ലാത്തൊരു വിഷമ സന്ധിയിലായി. അപ്പോഴാണ് ശബരിമലയിലേക്ക് പോകുന്ന ഒരു സംഘം സ്വാമിമാർ അതുവഴി കാൽനടയായി വന്നത്. ഞാൻ സമാശ്വസിച്ചു. കാൽനടയായി കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ കിലോമീറ്ററോളം ദൂരം താണ്ടി കടന്നുപോകുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒന്നുമില്ലല്ലോ 3 കിലോമീറ്റർ തിരികെ നടക്കാൻ എന്ന്. അങ്ങനെ സ്വാമിമാര്‍ക്കൊപ്പം കൂടി ശരണം വിളികളോടെ ഞങ്ങൾ ചിറ്റാറിലേക്ക് തിരികെ നടന്നു. ജോജോയുടെ കഥ കേട്ട് മേഴ്സി മോൾക്ക് ചിരിയടക്കാതിരിക്കാൻ കഴിഞ്ഞില്ല. ആധുനിക സാങ്കേതികവിദ്യയിൽ രമിക്കുന്ന മേഴ്സി ചോദിച്ചു, പപ്പാ എന്ത് മണ്ടനാ.. ഗൂഗിൾ മാപ്പ് നോക്കി കൂടായിരുന്നോ...?. ജോജോയും ആഗ്നസും മുഖത്തോട് മുഖം നോക്കി മന്ദഹസിച്ചു. അപ്പോൾ കാറിന്റെ വിൻഡ് ഷീൽഡിൽ തട്ടി ഒരു "കിളി പോയി".
Content Summary: Malayalam Short Story ' Google Map ' Written by Baskal Raju