റബർത്തോട്ടത്തിന് നടുവിൽ താമസം, 'വേട്ടയാണ് പ്രധാന വിനോദം', ചുരുട്ട് വലിച്ച് ജീപ്പിൽ യാത്ര

Mail This Article
1) മണിമുഴക്കം.
റോഡരികിൽ രണ്ടു തെങ്ങുകളിലായാണ് ഏദൻതോട്ടത്തിൽ ഫിലിപ്പച്ചന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള ആ വലിയ ഫ്ലെക്സ്ബോർഡ് വലിച്ചു കെട്ടിയിരിക്കുന്നത്. മണ്ട മരച്ച തെങ്ങുകൾക്കു നടുവിൽ കൊമ്പൻ കപ്പടാ മീശ വച്ച ഫിലിപ്പച്ചൻ ചിരിച്ചുകൊണ്ടു നിന്നു. ഫ്ലെക്സ്ബോർഡിനടിവശത്തു ഫിലിപ്പച്ചന്റെ ഫോട്ടോയെക്കാളും വലിയ 'ഇന്ദുലേഖഫോണ്ടിൽ' പ്രമുഖപാർട്ടിയുടെ കുട്ടിസംഘടനയുടെ പേര് ചുവന്ന അക്ഷരങ്ങളിൽ എഴുതിച്ചേർത്തിരുന്നു. ഫിലിപ്പച്ചന്റെ നോട്ടം വെയിൽച്ചൂടിൽ പൊള്ളുന്ന ടാർറോഡും കടന്ന് അടുത്ത തോട്ടത്തിലേക്കു നീളുന്നതുപോലെ എനിക്കു തോന്നി. അത് അഞ്ചേക്കറോളം പരന്നുകിടക്കുന്ന പൂക്കാട്ടുപടിക്കാരുടെ റബർത്തോട്ടമാണ്. തൂമ്പാ കണ്ടിട്ടു വർഷങ്ങളായി എന്നു തോന്നിപ്പിക്കുന്ന റബർമരങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ തൊട്ടാവാടികളും മഞ്ഞനിറത്തിൽ പൂവിട്ടുനിക്കുന്ന കാട്ടുതകരകളും റോഡിൽനിന്നു നോക്കിയാൽ തന്നെ കാണാം. ചത്തുകഴിഞ്ഞിട്ടും ആ തോട്ടം നോക്കി നിക്കുന്ന ഫിലിപ്പച്ചന്റെ മുഖത്ത് ഒരു പരിഹാസച്ചിരി ഉള്ളതായി എനിക്കു തോന്നി. കാടുപിടിച്ചു കിടക്കുന്ന തോട്ടം കണ്ടു കോപിച്ച് ഫിലിപ്പച്ചൻ ഫ്ലെക്സ്ബോർഡിൽനിന്നും ഇറങ്ങിവരുമെന്നും തന്റെ ബോഡിക്കടുത്തു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ആൻസമ്മച്ചേടത്തിയെ മുടിക്ക് കുത്തിപ്പിടിച്ച് "റബർത്തോട്ടത്തി കാട് കേറി നിക്കുമ്പോഴാണോടീ മോങ്ങുന്നേ" എന്നു ചോദിച്ചു മൊത്തിക്കടിക്കുമെന്നും എനിക്കു ചുമ്മാ തോന്നിപ്പോയി.
തോട്ടത്തിൽ ഒരാൾക്കു വട്ടം പിടിക്കാൻ തക്ക മുഴുപ്പുള്ള റബർമരങ്ങൾ ഏതോ ഭൂതകാലത്തിന്റെ ഓർമ്മയിൽ ദുഃഖപൂർവം തലകുനിച്ചു നിന്നു. അവയും ഫിലിപ്പച്ചന്റെ മരണത്തിൽ അനുശോചിക്കുകയായിരിക്കാം. റബർമരങ്ങൾക്കരികു പറ്റി ഒരു കൈത്തോടൊഴുകുന്നു. തോടിന്റെ കലുങ്കിന്റെ അരികിൽ കാർ പാർക്കു ചെയ്തിറങ്ങുന്നതിനിടയിൽ ഞാൻ വെറുതേ റബർത്തോട്ടത്തിലേക്കു നോക്കി. ഏക്കറുകണക്കിനു പരന്നുകിടക്കുന്ന റബർമരങ്ങളുടെ ഇടതൂർന്ന തലപ്പുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന വെയിലിൽ ആ തോട്ടത്തിലാകമാനം ഒരു മഞ്ഞനിറം കലർന്നിരിക്കുന്നതായി എനിക്കു തോന്നി. അപ്പോൾ എനിക്കു വീണ്ടും ഫിലിപ്പച്ചനെ ഓർമ്മവന്നു. ഈ റബർത്തോട്ടം മുഴുവൻ ഫിലിപ്പച്ചന്റേതായിരുന്നു. ഫിലിപ്പച്ചനും ഭാര്യ ആൻസമ്മച്ചേടത്തിയും റബർമരങ്ങൾക്കിടയിൽ പാലെടുക്കുന്നതു പണ്ട് ഞാൻ സ്കൂളിൽ പോകുമ്പോഴുള്ള സ്ഥിരം കാഴ്ചയായിരുന്നു. അന്ന് റബർമരങ്ങൾക്കിടയിൽ ഈ തൊട്ടാവാടികളില്ല. ആർത്തുവളർന്ന കറുകപ്പുല്ലുകളും കാട്ടുതഴുതാമകളുമില്ല. നീണ്ടുമെലിഞ്ഞ ഏതാനും പച്ചിലകൾക്കു നടുവിൽ ഓറഞ്ചുനിറത്തിലുള്ള വലിയ പൂ വിരിയുന്ന കാട്ടുസസ്യത്തിന്റെ അരികിൽ നീലനിറമുള്ള വലിയ വീപ്പയിലേക്ക് പാൽ പകർന്നൊഴിക്കുന്നതിനിടയിൽ ആൻസമ്മച്ചേടത്തി ഞങ്ങളെ നോക്കി പുഞ്ചിരിക്കും.
"മഴ വരുന്നുണ്ട് മക്കളേ വേം സ്കൂളി പോ.." ചേടത്തി ഞങ്ങളോടു പറയും. എന്നാൽ ഫിലിപ്പച്ചന്റെ മുഖത്തു സദാ ഗൗരവമാണ്. "വേം പാലൊഴിക്കെടീ.." കൊമ്പൻമീശ പിരിച്ചു കയറ്റുന്നതിനിടയിൽ പുള്ളി മുറുമ്മും. പിന്നെ മടക്കിക്കുത്തിയ കൈലിയുടെ എടുപ്പിൽനിന്നും ചുരുട്ടു ബീഡിയെടുത്തു തെറുക്കും. "അങ്ങേരു പുലിയല്ലേ പുലി." - ചെലപ്പോഴൊക്കെ വീട്ടിൽ പട്ടച്ചാരായമടിച്ചു വന്നു ചാച്ചൻ അമ്മച്ചിയോടു പുലമ്പുന്നതു കേക്കാം. അന്ന് ഫിലിപ്പച്ചന്റെ റൈറ്റ്ഹാൻഡായിരുന്നു എന്റപ്പൻ. ഏദൻതോട്ടത്തിൽ ഫിലിപ്പച്ചൻ അക്ഷരാർഥത്തിൽ നിധികാക്കുന്ന ഒരു ഭൂതത്താനായിരുന്നു. അല്ല, ജീവിച്ചിരുന്നപ്പോൾ അങ്ങേരൊരു പുലിയായിരുന്നു. പൊന്നു പോലെ പരിപാലിക്കുന്ന തന്റെ തോട്ടത്തിൽ ഒരു തൊട്ടാവാടി കിളിർക്കുന്നതോ, എന്തിന് അയൽക്കാരാരെങ്കിലും ഒരു പശുവിനെയോ മാടിനെയോ കേറ്റിക്കെട്ടുന്നതുപോലും അങ്ങേർക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്ന കാര്യമായിരുന്നില്ല. ഫിലിപ്പച്ചന് പണം പലിശയ്ക്കു കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. വട്ടി പലിശ. അങ്ങേർക്ക് അന്നൊരു കമാൻഡർജീപ്പും അതിന്റെ ബാക്ക്സീറ്റ് നിറഞ്ഞിരിക്കാൻ തക്ക അനുചരവൃന്ദവുമുണ്ടായിരുന്നു. പിന്നെയൊരസൽ നാടൻ തോക്കും. ഫിലിപ്പച്ചന്റെ അനുയായികളിൽ പ്രധാനിയായിരുന്നു കുരിശിങ്കൽ തോമാ എന്ന എന്റെ അപ്പൻ. കുട്ടിക്കാലത്ത് അപ്പൻ പറഞ്ഞു തന്നെ ഫിലിപ്പച്ചന്റെ വീരകഥകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അങ്ങേരു പിടിച്ച പുലിയുടെ കഥ.
എവിടെനിന്നോ പള്ളിമണി മുഴങ്ങുന്ന ഒച്ച കേട്ടു. ഫിലിപ്പച്ചന്റെ വീട്ടിൽ നിന്നുള്ള പ്രാർഥനകൾ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നു. മഴ പെയ്യാൻ തുടങ്ങി. പൂക്കാട്ടുപടിക്കാരുടെ റബർമരങ്ങൾക്കിടയിൽ മൂടൽമഞ്ഞു വന്നു നിറയുന്നതു ഞാൻ കണ്ടു.
2) പുലി
അത് വളരെ വർഷങ്ങൾക്കു മുൻപാണ്. എൺപതുകളിൽ എപ്പോഴോ. റബർമരങ്ങൾക്കു മുകളിൽ ആകാശം കുങ്കുമത്തരി പുരണ്ട സുന്ദരിയുടെ കവിൾത്തടമെന്നപോലെ ചുവന്നു നിന്നയൊരു സന്ധ്യ. അനന്തമായ ആകാശത്തിനു കീഴിൽ മരച്ചില്ലകളിൽ കൂടണയുന്ന പക്ഷികളുടെ ശബ്ദം. ദൂരെ എവിടെ നിന്നോ പള്ളിമണി മുഴങ്ങുന്ന ഒച്ച കേട്ടു. കാടിനു നടുവിലൂടെയുള്ള ആ ഗട്ട് റോഡിലൂടെ കിഴക്കേക്കാട്ടിൽ ഫിലിപ്പച്ചന്റെ കമാൻഡർജീപ്പ് ആടിയും കുലുങ്ങിയും നീങ്ങിക്കൊണ്ടിരുന്നു. ജീപ്പിൽ മൊത്തം നാലു പേർ. അതിലൊരാൾ എന്റെ അപ്പനാണ്. കോഡ്രൈവിംഗ് സീറ്റിൽ മീശ പിരിച്ചു കൊണ്ട് കാലിനു മുകളിൽ കാൽ കയറ്റി വച്ചുകൊണ്ടു ഫിലിപ്പച്ചൻ ഇരിപ്പുണ്ട്. ഫിലിപ്പച്ചന്റെ ഇടത്തേ കൈയ്യിൽ ഒരു നാടൻ തോക്കുണ്ട്. ജീപ്പിന്റെ സൈഡിൽ ഫുട്പാത്തിൽ കുത്തിയാണ് അയാൾ തോക്കു പിടിച്ചിരിക്കുന്നത്. പിറകിലെ സീറ്റിൽ മൂന്നു പേർ. അല്ല നാലു പേർ. ഫിലിപ്പച്ചന്റെ പ്രിയപ്പെട്ട ജെർമ്മൻ ഷെപ്പേർഡ് ജീപ്പിന് പുറത്തേക്കു തലയിട്ട് കാടിനെ നോക്കി മുറുമ്മി. മൺപാതയുടെ ഇരുവശവും നിറയെ റബർമരങ്ങളാണ്. ഈ കാടിനുള്ളിൽ പണ്ടെങ്ങോ വച്ചു പിടിപ്പിച്ച തൈമരങ്ങൾ. വലിയ കുരുവിക്കൂടുകൾ പോലുള്ള ശിഖരങ്ങൾ പടർത്തി അവയിപ്പോൾ തഴച്ചുനിക്കുന്നു. ആനയും കടുവയുമിറങ്ങുന്ന കൊടുംകാടിനുള്ളിലെ മരങ്ങൾ വെട്ടാൻ ഇപ്പോൾ ആദിവാസികളെപ്പോലും കിട്ടില്ല. ജീപ്പിന്റെ സൈഡ്സീറ്റിൽ ഇരുന്ന ഫിലിപ്പച്ചൻ പുച്ഛത്തോടെ റബർമരങ്ങളെ നോക്കി.
അപ്പൻ പറഞ്ഞപ്രകാരം അതു വല്ലാത്തൊരു കറുത്ത രാത്രിയായിരുന്നു. നിലാവിന്റെ നേർത്ത അല പോലും ഒളിച്ചു കടക്കാൻ മടിക്കുന്ന മരത്തലപ്പുകൾക്കിടയിലൂടെ അവരുടെ കമാൻഡർജീപ്പ് കുലുങ്ങി നീങ്ങി. കാടിന്റെ ഉള്ളിലേക്കു പോയാൽ ഒരു പുഴയൊഴുകുന്നുണ്ട്. മലമടക്കുകളിൽ നിന്നും ഉത്ഭവിച്ച് കാടിന്റെ രഹസ്യധമനികളെ തൊട്ടറിഞ്ഞ് അറബിക്കടലിനെ ഉമ്മ വയ്ക്കുന്ന ഒരു നീർച്ചാൽ. കാടിനെ അറിഞ്ഞവർക്കു കാട്ടുമൃഗങ്ങൾ എവിടെയാണ് വരുന്നതെന്ന് കൃത്യമായി അറിയാം. അതിനെ വരുത്താനുള്ള വഴികളും. ജീപ്പിന്റെ പിറകിൽ സീറ്റിനടിയിൽ നിന്നും വെളിയിലേക്കു തള്ളിനിക്കുന്ന ഒരു നീല ടാർപ്പോളിന്റെ ഭാഗം കാണാം. അതിനുള്ളിൽ ഫുഡ് വേസ്റ്റാണ്. അന്ന് ഫിലിപ്പച്ചന്റെ ഏദൻതോട്ടത്തിന്റെ പാലു കാച്ചലായിരുന്നു. ഒരു വിത്തിൽനിന്നും മുളച്ചുപൊന്തി ആൽമരം ചിറകു വിരിക്കുന്നതു പോലെയായിരുന്നു ഫിലിപ്പച്ചന്റെ വളർച്ചയും. അപ്പന്റെ ഭാഷയിൽ പറഞ്ഞാ കണ്ണടച്ച് തുറക്കുന്ന വേഗം. അനന്തമായ റബർമരങ്ങൾക്കിടയിൽ വെളുത്ത നിറത്തിൽ തലയെടുപ്പോടെ നിക്കുന്ന പുതിയ ഏദൻതോട്ടത്തിന്റെ അടുക്കളയിൽ പാൽ തിളച്ചുമറിയുന്ന നേരം പുറത്തു ചരൽവിരിച്ച മുറ്റത്തു തന്റെ കപ്പടാ മീശയിൽ വൃഥാ തടവിക്കൊണ്ടിരുന്ന ഫിലിപ്പച്ചന്റെ ഉള്ളിലെ പുലി മുറുമ്മിയത് തീർത്തും അവിചാരിതമായിട്ടായിരുന്നു. ഇഷ്ടപ്പെട്ടതിനെ വേട്ടയാടി പിടിക്കാനുള്ള പാരമ്പര്യശൗര്യം അയാൾക്കുള്ളിൽ പതഞ്ഞു പൊന്തി. ചിന്തയിൽ അനന്യമായ വന്യതയുടെ മരുതുകൾ പൂത്ത ഫിലിപ്പച്ചൻ കസേരയിൽ നിന്നും ചാടിയെണീറ്റലറി. "ഡീ ആൻസമ്മേ.." ആ അലർച്ച കടുംകാപ്പിക്കു വേണ്ടിയാണെന്നറിയാവുന്ന സ്വീകരണമുറിയിലെ മാതാവിന്റെ മുന്നിൽ കൊന്ത ചൊല്ലിക്കൊണ്ടിരുന്ന ആൻസമ്മച്ചേടത്തി ചാടിപ്പിടഞ്ഞെണീറ്റ് അടുക്കളയിലേക്കോടി.
നിലാവെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന നീർച്ചാലിനരികിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വിതറിയാൽ കാടിറങ്ങി കാട്ടുപന്നി വരും. ഫിലിപ്പച്ചന്റെ ഭാഷയിൽ പറഞ്ഞാൽ ഒളിഞ്ഞിരുന്ന് ആയം പിടിച്ച് കാഞ്ചിയിൽ ഒറ്റ വലിയാ.. പന്നി "ഠിം" റബർമരങ്ങൾക്കിടയിൽ മൂടൽമഞ്ഞു വന്നു നിറഞ്ഞു. എവിടെനിന്നോ കാലൻകോഴി കൂവുന്ന ശബ്ദം കേട്ട ആൻസമ്മച്ചേടത്തി കിടക്കപ്പായയിൽ ഞെട്ടിപ്പിടഞ്ഞെണീറ്റിരുന്നു കോട്ടുവാ വിട്ടു. നീലനിറമുള്ള ചിറകുകളുള്ള മാലാഖമാർ ആലസ്യത്തിൽനിൽക്കുന്ന ജാലകവിരിയുടെ ഞൊറിവുകൾ മാറ്റി അവർ പുറത്തേക്കു നോക്കി. എങ്ങും മഞ്ഞാണ്. അകലെ കണ്ണത്താദൂരത്തോളം അനന്തമായ റബർ മരങ്ങൾ മഞ്ഞിൽ കുളിരുന്നു. റബർമരങ്ങൾക്കിടയിലെ മൺപാതയിലൂടെ ഒരു സംഘം നടന്നുവരുന്നത് കണ്ടു. മുന്നിൽ നെഞ്ചും വിരിച്ച് നടക്കുന്ന കെട്ടിയോനെ ചേടത്തി കണ്ടു. "ഡീ ആൻസമ്മേ.." വൈകാതെ പുറത്തുനിന്നും ഫിലിപ്പച്ചന്റെ മുറുമ്മൽ അവർ കേട്ടു. നിലാവെളിച്ചം മുത്തിക്കുടിക്കുന്ന ചരൽവരിച്ച മുറ്റത്ത് വിരിച്ച നീല ടാർപോളിനിൽ നിന്നും ചുവന്ന രക്തത്തുള്ളികൾ ഇറ്റിറ്റു വീഴുന്നത് ഒരു ദുഃസ്വപ്നത്തിൽ എന്നവണ്ണം ചേടത്തി കണ്ടു. "കർത്താവേ എന്നതാ ഇത്.. മ്ലാവോ പന്നിയോ?" ചേടത്തി നെഞ്ചിൽ കൈവച്ചു. "നിന്നു ചെലയ്ക്കാതെ ചെന്നുനോക്കെടീ.." ഫിലിപ്പച്ചൻ പിന്നേം മുറുമ്മി. ഒട്ടൊരു ഭയത്തോടെയും എന്നാൽ തെല്ലൊരു കൗതുകത്തോടെയുമാണ് ചേടത്തി ചാക്കുകെട്ടിനടുത്തേക്കു നടന്നത്. ഒറ്റ കാഴ്ചയിൽ ജീവനറ്റ ജന്തു മാനാണെന്നോ മറ്റോ പുള്ളിക്കാരിക്കു തോന്നി. എന്നാൽ ഒന്നുകൂടിയൊന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ...
3) പുലിവാൽ
' 99 ' പള്ളിസെമിത്തേരിയിലെ ഇറ്റാലിയൻ മാർബിൾക്കൊണ്ട് പണിത ഫലകത്തിൻ മേൽ ഇപ്പോഴും ആ നമ്പർ മായാതെ കാണാം. അത് ഫിലിപ്പച്ചന്റെ അപ്പൻ ഏദൻതോട്ടത്തിൽ ഔതായുടെ കല്ലറയാണ്. ഏദൻതോട്ടത്തിൽക്കാരുടെ കുടുംബക്കല്ലറ. ഫിലിപ്പച്ചൻ പുലിയായിരുന്നെങ്കിൽ ഔത കടുവായായിരുന്നു. സെഞ്ച്വറിയടിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കുമ്പോൾ കർത്താവിൽ നിദ്ര പ്രാപിച്ച അപ്പന്റെ ഓർമ്മ നിലനിർത്താൻ ഫിലിപ്പച്ചൻ ആ കല്ലറയിങ്ങ് വിലയ്ക്കു വാങ്ങി. അന്ന് നാട്ടുകാർക്ക് അതൊരു അത്ഭുതമായിരുന്നു. അന്നൊന്നും ഇന്നത്തെ പോലെ കുടുംബക്കല്ലറ വാങ്ങിയിടുന്ന പതിവില്ല. വർഷത്തിൽ ഇടവകയിൽ തന്നെ ഒന്നോ രണ്ടോ മരണമുള്ളിടത്ത് എന്തിനാ ഇപ്പോ കുടുംബക്കല്ലറ?
ഫിലിപ്പച്ചനെ കിടത്താൻ വേണ്ടി ഔതായുടെ കല്ലറ പൊളിച്ചു ചെന്നവരാണ് ആദ്യം പുലിവാലു പിടിച്ചത്. പെട്ടി ദ്രവിച്ചു നാമാവശേഷമായിട്ടും പെട്ടിക്കുള്ളിൽ കിടന്ന ഔതായ്ക്കു കുലുക്കമൊന്നുമില്ല. കുഴി വെട്ടി ചെന്നവരെ നോക്കി അങ്ങേര് പുച്ഛിച്ചു ചിരിച്ചു. ആ ചിരി കണ്ട് പേടിച്ച് "ഹെന്റീശോയേ.." എന്നൊരുത്തൻ മേലോട്ടു തുള്ളിക്കുതിച്ചതും ആ കഥ ഇടവകയാകെ കത്തിപ്പടർന്നു. പിന്നങ്ങോട്ട് ഒരു ഒഴുക്കായിരുന്നു. മരിച്ച് മണ്ണോടടിഞ്ഞിട്ടും ദഹിക്കാതെ കിടന്ന ഔതായെ കാണാൻ ഇടവക മുഴുവൻ സെമിത്തേരീലോട്ടു കുതിച്ചു. ഔതായ്ക്ക് വിശുദ്ധപദവി നേടിക്കൊടുക്കാൻ ഏതോ സംഘടനക്കാര് ബിഷപ്പ്ഹൗസിലേക്കും പോയതായി വിവരം കിട്ടിയതോടെ കുണ്ടുകുഴിയിലച്ചൻ ആകെപ്പാടെ വെട്ടിലായി. ഏദൻതോട്ടത്തിൽ ഔതാക്കടുവ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വാഴ്ത്തപ്പെട്ടവരുടെയും നടുവിൽ മീശ പിരിച്ച് നില്‍ക്കുന്നത് സങ്കൽപ്പിച്ച അച്ചന് ഇപ്പോൾ തന്നെ തനിക്ക് ഹാർട്ടറ്റാക്ക് വരുമെന്നു തോന്നി. കോഴിയിറച്ചി കൂട്ടിയുള്ള ഊണു കഴിഞ്ഞുള്ള ഉച്ചമയക്കത്തെ മടിയോടെ പള്ളിമേടയിൽ ഉപേക്ഷിച്ച അച്ചൻ പള്ളിസെമിത്തേരിയിലേക്കോടി കർമ്മനിരതനായി. പണിക്കാർക്ക് ഔതായുടെ കുഴി പെട്ടെന്നുതന്നെ അടച്ചു മൂടാനും, ഫിലിപ്പച്ചനു മറ്റൊരു കുഴി കുത്താനും കർശനനിർദ്ദേശം നൽകി. അതിനിടയിൽ "ഔതാച്ചന്റെ കുഴിയിൽ നിന്നും ഒരു ദിവ്യ പരിമളം വരുന്നുണ്ടച്ചോ " - യെന്നു ചെവിയിൽ കുശുകുശുത്ത കപ്യാരു വക്കനെ അച്ചൻ നല്ലൊരാട്ടാട്ടി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഔതായുടെ കല്ലറ തുറന്ന പോലെ തന്നെ അടയ്ക്കപ്പെട്ടു. അവസാനദിവസങ്ങളിൽ മേഘം പിളർന്ന് കർത്താവു വന്നു വിളിക്കുമ്പോൾ ഔതാ മാത്രം ഉടലോടെ എണീറ്റുവരുമെന്നു പേടിച്ച കുണ്ടുകുഴീലച്ചൻ രണ്ടു വെട്ടുകല്ലും കൂടി പൊക്കിയെടുത്ത് കല്ലറയ്ക്കു മുകളിൽ വച്ചു. ഔതായുടെ അടുത്തു തന്നെ ഫിലിപ്പച്ചനായി പുതിയ കുഴി കുഴിക്കപ്പെട്ടു. എല്ലാം കഴിഞ്ഞു കരഞ്ഞുതളർന്നു സെമിത്തേരിയിൽനിന്നും തിരിച്ചുനടക്കുമ്പോൾ ആൻസമ്മച്ചേടത്തി ചുമ്മാ ഒന്നു തിരിഞ്ഞുനോക്കി. മുഖത്തേക്കടിക്കുന്ന നട്ടാ കുരുക്കാത്ത വെയിലത്ത് ഫിലിപ്പച്ചന്റെ കല്ലറയിൽനിന്നും എന്തോ ഒന്ന് പുറത്തേക്കു നീണ്ടുകിടക്കുന്നതുപോലെ ആൻസമ്മയ്ക്കു തോന്നി. ഒറ്റ നോട്ടത്തിൽ മിന്നായം പോലെ കണ്ട കാഴ്ചയിൽ അതൊരു പുലിയുടെ വാലാണെന്ന് ചേടത്തിക്കു തോന്നുകയും കർത്താവിന്റെ നാമത്തിൽ അത് അതുതന്നെയാണെന്ന് ആൻസമ്മച്ചേടത്തിയങ്ങ് ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
Content Summary: Malayalam Short Story ' Puli ' Written by Grince George