ADVERTISEMENT

പുറത്തു നല്ല മഴ... ജനലിലൂടെ എത്തി നോക്കിയപ്പോ മഴ കോരിച്ചൊരിയുന്നതു കാണാം,.. പുതപ്പിനടിയിലോട്ടു ഒന്നൂടി ചേർന്ന് കിടന്നപ്പോൾ കുഞ്ഞിപ്പെണ്ണ് അമ്മയെ ഒന്നുകൂടി ഇറുക്കി പിടിച്ച കിടത്തം ആണ്, കുറച്ചു നേരം കൂടി ഉറങ്ങാം മ്മക്ക് അമ്മെ എന്നു കൊഞ്ചിയുള്ള ഒരു പറച്ചിലും..,, മെല്ലെ ഒന്ന് തലപൊക്കി ക്ലോക്കിലോട്ടു നോക്കിയപ്പോ അയ്യോ.. എഴുന്നേൽക്കാനായുള്ള സമയം ആയി അല്ലോ... ചാടി പിടിച്ചു എഴുന്നേറ്റു.. നേരെ കുളിമുറിയിലോട്ടു ഒരു ഓട്ടം.. അതിനിടയിൽ കുഞ്ഞിപ്പെണ്ണിന്റെ മേലിൽ പുതപ്പൊണ്ട് പുതപ്പിച്ചു കിടത്തി... കുറച്ചു കൂടി ഉറങ്ങിക്കോട്ടെ.. പല്ലു തേച്ചു മുഖം കഴുകി ഫ്രഷ് ആയി നേരെ അടുക്കളയിലോട്ട് കേറിയപ്പോ ഒരു ഗ്ലാസ് ചായ എനിക്ക് ചൂടോടെ ഇരിപ്പുണ്ട്.. സന്തോഷേട്ടൻ നേരത്തെ എണീക്കും നാലു മണിക്ക്... എല്ലാം കഴിഞ്ഞു മൂപ്പരൊന്നു അടുക്കളയിൽ കേറും അപ്പൊ ഉണ്ടാക്കുമ്പോൾ ഒരു ഗ്ലാസ് കൂടി വെക്കുന്നതാണ്... അതും എടുത്തു കുടിച്ചു നേരെ പാചകത്തിലോട്ടു..

കുഞ്ഞിപ്പെണ്ണിന് കാലത്ത് കഴിക്കാൻ മസാല ദോശയാണ് രാത്രി കിടക്കാൻ നേരം ഓർഡർ ഇട്ടിരുന്നത്.. ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും എല്ലാം റെഡി ആക്കി മസാല ഉണ്ടാക്കാൻ വച്ച് കൂട്ടത്തിൽ ദോശ കഴിക്കുന്നവർക്കായി സാമ്പാറും വേണമല്ലോ... അതും വറുത്തരച്ച സാമ്പാർ അതിനായുള്ളതും ഒരു സൈഡ് റെഡി ആക്കി.. വെണ്ടയ്ക്ക, ഉള്ളി, കിഴങ്ങ്.. തക്കാളി (ഒന്നേ എടുത്തുള്ളൂ ഇരുന്നൂറു രൂപ ആണ് ഇപ്പോൾ വില) അപ്പോഴേക്കും കുഞ്ഞിപ്പെണ്ണ് എണീറ്റു.. തനിയെ കുളിക്കാൻ ഒക്കെ പഠിച്ചതോണ്ട് അത് നോക്കണ്ട എനിക്ക്. സ്വയം കുളിച്ചും പല്ലുതേച്ചും ഒക്കെ വരും അപ്പോഴേക്കും കഴിക്കാനുള്ളത് റെഡി ആക്കി വെക്കണം മേശയ്ക്കു മുകളിൽ... അവൾക്കുള്ള മസാല ദോശ മൊരിയിച്ചെടുത്ത് പ്ലേറ്റിലേക്ക് ഇട്ടു.. അപ്പോഴേക്കും അടുത്ത പരിപാടി സ്കൂളിലേക്ക് രണ്ടു ഡബ്ബകൾ കൊണ്ട് പോകണമല്ലോ ഒന്ന് ചപ്പാത്തിയും എന്തെങ്കിലും ഒരു കറിയും വേണം മറ്റേതിലേക്കു ചെറിയ ചെറിയ കുഞ്ഞു അപ്പങ്ങൾ ഉണ്ടാക്കി കെച്ചപ്പും കൂടി വക്കണം. പിന്നെ അത് ആയിവന്നപ്പോഴേക്കും അമ്മെ...ന്ന വിളി വന്നു. യൂണിഫോം ഒക്കെ ഇട്ടു റെഡി ആയി ഇനി മുടി പിന്നി മെടഞ്ഞുകെട്ടി കൊടുക്കണം അതിനുള്ള വിളി ആണ്.

ഒരു പാത്രത്തിൽ രണ്ടു ചപ്പാത്തിയാണ് ആക്കിയത് കൂടെ ഒരു മുട്ട ബുർജി.. മറ്റേ പാത്രത്തിൽ കുഞ്ഞു അപ്പവും ആക്കി വെള്ളം കുപ്പിയും എടുത്തു വച്ച് കൊടുത്തു. മുടി പിന്നി കെട്ടി കൊടുത്തു.. പിന്നേ അവൾ ഓടി പോയി അവളുടെ ഉണ്ണിഗണപതിയുടെ മുന്നിലേക്ക്. എന്നും പോവാൻ നേരം എന്തൊക്കെയോ പറഞ്ഞു പ്രാർഥിച്ചാണ് സ്കൂളിലേക്ക് പോവൂ.. അവിടെന്നു വന്നു വാതിൽക്കൽ ഞാൻ നിൽക്കണം. ബാഗ് എടുത്തു പപ്പാ അവളുടെ കൂടെ ഉണ്ടാവും. അപ്പൊ അവൾ എന്നോട് പറയും താഴെ മുട്ടുകുത്തി നിൽക്കാൻ.. കെട്ടിപ്പിടിച്ച് എന്നെ തുരു തുരാ എന്ന് കുറെ ഉമ്മ വെക്കും.. എന്നിട്ട് മുറുകെ കെട്ടിപ്പിടിച്ച് പറയും ഞാനെ പോവട്ടെ....ട്ടോ ലേറ്റ് ആയി..അച്ഛന്റെ കൈ പിടിച്ചവൾ രണ്ടാമത്തെ നില ഇറങ്ങി സ്കൂളിലോട്ടു... അവരെ രണ്ടാളെയും പറഞ്ഞു വിട്ട ഉടനെ നേരെ അടുക്കളയിലോട്ടു തന്നെ.. ഉച്ചക്ക് ഉള്ള ചോറ് വാർത്തു വച്ച്... സാമ്പാറും ആയി ഇനി ചപ്പാത്തിക്ക് ഉണ്ടാക്കിയ കറി  അത് രണ്ടാമത് മതി.. വേഗം എല്ലാം ക്ലീൻ ആക്കി, കൗൺസിലേറ്റ് നിന്ന് തിരിച്ചു വരുന്ന സന്തോഷേട്ടന് കഴിക്കാൻ ദോശയും ആക്കി പാത്രത്തിൽ വച്ച് കൂട്ടിനു സാമ്പാറും...

ഓഫിസിലേക്ക് കൊണ്ടുപോവാനുള്ള ചപ്പാത്തി പാത്രത്തിലേക്ക് ആക്കി. ചോറ് കൊണ്ട് പോവാറില്ല. കാരണം ഓഫിസിൽ  ഇരുന്നാൽ ഉറക്കം വരും ഉച്ചക്ക് ചോറ്  കഴിച്ചാൽ, അപ്പൊ എന്നും ചപ്പാത്തി തന്നെ ശരണം.. എല്ലാവരും അത് താനെ കൊണ്ടുവരുക. വേഗം ഒന്നുകൂടി കേറി കുളിമുറിയിലോട്ടു. കുളിച്ചു് തുണി അലക്കി ഓട്ടം ആണ് പിന്നെ. ഒൻപതേ പതിനഞ്ചിന്റെ ട്രെയിൻ പിടിക്കണം എങ്കിലേ പത്തിന് ഓഫിസിൽ പഞ്ച് ചെയ്യാൻ പറ്റുള്ളൂ അല്ലേൽ അവിടേം ലേറ്റ്. കുളി കഴിഞ്ഞ ഉടനെ ഓടിവന്നു കുഞ്ഞിപെണ്ണ് വന്നു പരിഭവം പറഞ്ഞ അതെ ഉണ്ണിഗണപതിയുടെ മുന്നിൽ വിളക്ക് തെളിയിക്കും. അതിനി എത്ര ലേറ്റ് ആയാലും അത് ചെയ്തേ ഇറങ്ങാറുള്ളു. വീട്ടിൽനിന്ന് ഒരു മനസ്സമാധാനം ആണ് മൂപ്പരോടു ഒന്ന് പോയി പറഞ്ഞു ഇറങ്ങിയാൽ. കഴിക്കാൻ ഒന്നും സമയം ഇല്ല.. ഒരു പാത്രത്തിൽ എടുത്ത് ബാഗിലോട്ടു വയ്ക്കും ട്രെയിനിൽ കേറി ഇരുന്നാൽ കഴിക്കാൻ എന്തെങ്കിലും.. പിന്നെ ഓട്ടം... ട്രെയിൻ പിടിക്കാൻ.. നേരെ ഓഫിസിലോട്ടു..

ട്രെയിനിൽ കേറി ഇരുന്നാൽ പിന്നെ ഒരേ ഒരു ലക്‌ഷ്യം കുർള സ്റ്റോപ്പ് കഴിഞ്ഞാൽ അടുത്ത എനിക്ക് ഇറങ്ങാൻ ഉള്ള വിദ്യാവിഹാർ സ്റ്റോപ്പ്.. അമ്പതു മിനിറ്റ് പോയതേ അറിയില്ല. ഇറങ്ങിയ ഉടനെ തന്നെ നേരെ ഓട്ടം ഓഫിസിലോട്ടു.. സമയത്ത് വന്നു കേറിയാൽ സമാധാനം... എന്റെ കസേരയിൽ ഒന്ന് ഇരുന്നു AC യുടെ തണുപ്പും കൊണ്ട് ഒരു പത്തുമിനിറ്റ് നേരം സമാധാനത്തോടെ ഉള്ള ഒരു ഇരിപ്പ്.. പിന്നെ നേരെ സിസ്റ്റം ഓപ്പൺ ആക്കി വർക്കിലോട്ടു, അത് പിന്നെ വൈകിട്ട് ആറുമണി വരെ നീളും. പറയുമ്പോൾ ഒരുപാടു ഒരുപാടു ചെയ്യാനുണ്ട് എന്നാൽ എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ തിരക്കുള്ള ഈ ദിവസങ്ങളെ... ഞാൻ സ്വയം സന്തോഷം കണ്ടെത്തുന്ന എന്റെ ഈ ഓട്ടപാച്ചിലുകളെ. ആരോടും ഗമയോട് കൂടി പറയാല്ലോ ഞാനും വർക്കിംഗ് ആണ്.. എനിക്കൊരു ജോലി ഉണ്ട്.. എന്നെ ആരും ഇറക്കി വിടാതെ എനിക്ക് വയ്ക്കും കാലം ചെയ്യാം എന്ന് ഉറപ്പുള്ള സ്ഥിരമായി ഉള്ള ഒരു ജോലി ഉണ്ടല്ലോ എനിക്കിപ്പോ.. അതും എന്നെ റെസ്‌പെക്ട് ചെയ്യുന്ന കുറെ പേരുടെ ഇടയിൽ തന്നെ.. തല ഉയർത്തി നിൽക്കാം എനിക്കും... ആരും കൊണ്ടു തന്നതല്ല കാരണം ഞാൻ തന്നെ കഷ്ടപ്പെട്ട് നേടിയ എന്റെ ജോലി.. ഒപ്പം എന്റെ കുട്ടിയേം അവളുടെ അച്ഛനേം നല്ല പോലെ നോക്കാനും പണിയെടുക്കാനും എനിക്ക് ഒരു മടിയും ഇല്ല... ദൈവം കൂടെ ഉണ്ടായാൽ മാത്രം മതി എനിക്ക്.

Content Summary: Malayalam Short Story Written by Sajitha Santhosh Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com