ADVERTISEMENT

രംഗം 1

ഒരു സൈക്കോളജിസ്റ്റിന്റെ ക്ലിനിക്. അവിടെ ഒരു ബോർഡിൽ എഴുതിയിരിക്കുന്നു- 'ഡോ. സുമേഷ് ചാമ്പിയത്ത്'. ഇവിടെ വന്നവരുടെ കൗൺസിലിംഗ് കഴിഞ്ഞപ്പോൾ സമയം ആറ് മണി. അവസാനത്തെ ഊഴം കാത്തിരുന്ന ഒരാൾ, സൈക്കോളജിസ്റ്റിന്റെ ക്യാബിനിലേക്ക് അക്ഷമയോടെ കയറി. സൈക്കോളജിസ്റ്റ് അയാളെ തലയുയർത്തി നോക്കിപ്പറഞ്ഞു "ഇരുന്നോളൂ". ഉടനെ അയാൾ, തന്റെ പുറകിൽ നിന്ന് ഒരു ഇരുമ്പ് വടി ഊരി, മേശമേൽ വച്ചു. സൈക്കോളജിസ്റ്റ് ഞെട്ടി. പിന്നെ അയാൾ അരയിൽ നിന്ന് കത്തിയും, കീശയിൽ നിന്ന് ഇടിക്കട്ടയും എടുത്ത് മേശപ്പുറത്ത് വച്ചു. സൈക്കോളജിസ്റ്റ് പിന്നേയും ഞെട്ടി. ഒന്നും മനസ്സിലാവാതെ അന്ധാളിച്ചുകൊണ്ട് ഡോക്ടർ എഴുന്നേറ്റു. അയാൾ സ്വരം താഴ്ത്തി, അപേക്ഷയുടെ സ്വരത്തിൽ തൊഴുതുകൊണ്ട് പറഞ്ഞു "ഡോ.. ഡോക്ടറെ.. എന്നെ സഹായിക്കണം.. ഞാൻ വ.. വല്ലാ.. വല്ലാത്തൊരു അവസ്ഥയിലാ.." വാക്കുകൾ കിട്ടാതെ വന്നപ്പോൾ, അയാൾ ഇരുകൈകളും മേശമേൽ കുത്തി, തലകുനിച്ച് നിന്നു. ഡോക്ടർ, അയാൾക്ക് വെള്ളം കൊടുത്തിട്ട് പറഞ്ഞു "കുടിക്കൂ". അയാൾ ആ വെള്ളം മേടിച്ച് കുടിച്ചു. ശേഷം, മുഖം തുടച്ചു. എന്നിട്ട് ഡോക്ടർ സമാധാനത്തിൽ ചോദിച്ചു "താൻ ആരാ? എന്താ തന്റെ പേര്? എന്താ പ്രശ്നം?".

അയാൾ തന്റെ ഇടംകൈ ഡോക്ടറുടെ തോളിൽ വച്ചുകൊണ്ട് പറഞ്ഞു "പേര്- സുധീർ. അത്യാവശ്യം അടീം, പിടീയുമായ് നടന്ന ഒരുത്തനാ ഡോക്ടറേ, ഞാൻ. എ.. എന്ത് പറ്റീന്നറിയില്ല. ഇ.. ഇത് വരെ ഇല്ലാതിരുന്ന എന്തൊക്കെയോ ചി.. ചില തോന്നല് എന്നെ കീഴടക്കണ പോലെ. പണ്ടത്തെ പോലെ വയ്യ ഒന്നിനും. ഒരു കൂസലൂല്ല്യാതെ ആരേം തല്ലിയിരുന്ന എനിക്കിപ്പൊ പണ്ടത്തെ പോലെ പറ്റണില്ല. എ.. എനിക്കെന്തോ കൊ.. കൊഴപ്പണ്ട്, ഡോക്ടറേ.. എന്നെ.. എന്നെയൊന്ന് ചികിത്സിക്കണം. എനിക്ക് ആ പഴയ 'എന്നെ' തിരിച്ച് കിട്ടണം. അതിന് ഡോക്ടറ് സഹായിക്കണം.." ഇത്രയും പറഞ്ഞ് സുധീർ, ഡോക്ടറുടെ കൈകൾ മുറുക്കെപ്പിടിച്ച് തല കുനിച്ച് തൊഴുത് കണ്ണീരൊഴുക്കി. ഇതെല്ലാം കേട്ട ഡോക്ടർ മന്ദഹസിച്ച് ചോദിച്ചു "അപ്പൊ, പഴയ പോലെ തല്ലാനും, അടിക്കാനും ധൈര്യം വേണം.. ല്ലേ?". സുധീർ 'അതെ' എന്നർഥത്തിൽ തല കുലുക്കി. "ഇരിക്ക്". സുധീർ ഇരുന്നില്ല. അപ്പോൾ ഡോക്ടർ വീണ്ടും "ഹാ..ഇരിക്കെടോ". സുധീർ ഇരുന്നു. ഡോക്ടർ ചോദിച്ചു "എന്താ താൻ പറഞ്ഞേ? പഴയ പോലെ തല്ലാൻ വയ്യ, എനിക്കെന്തോ കൊഴപ്പണ്ടെന്നല്ലേ? എടോ.. നാളിത് വരെ തനിക്ക് മനുഷ്യ രൂപം മാത്രേണ്ടായിരുന്നുള്ളൂ. ഇപ്പഴാണ് താനൊരു മനുഷ്യനായി തൊടങ്ങീത്. ഈ സെന്റിമെന്റ്സും, ഇമോഷനും ഒന്നൂല്ല്യെങ്കി പിന്നെ നമ്മളൊക്കെ വെറും പാവകളാടോ. ഇപ്പൊ താൻ ഒരു പച്ച മനുഷ്യനാവണേന്റെ ലക്ഷണാ നേരത്തേ പറഞ്ഞ മാറ്റങ്ങളൊക്കെ" "വേ.. വേണ്ട ഡോക്ടറെ. എ.. എനിക്ക് പഴയ പോലെയായാ മതി. മനുഷ്യനാവണ്ട. അത് ഭാരാണ്" "എന്തേ ഇങ്ങനൊക്കെ തോന്നാൻ? എന്തേ ഇങ്ങനൊക്കെ മാറാൻ?" ഈ ചോദ്യം കേട്ട സുധീർ അസ്വസ്ഥനായി. എന്ത് പറയണമെന്നറിയാതെ സുധീർ, ഡോക്ടറെ നോക്കി നിന്നു. പിന്നെ, ഒരു പത്രത്തിന്റെ കഷ്ണമെടുത്ത് ഡോക്ടറുടെ നേരെ നീട്ടി. ഡോക്ടർ അത് വാങ്ങി, വായിച്ചു തുടങ്ങി. അതൊരു ചെറിയ കോളം വാർത്തയാണ്, ഒപ്പം ഒരാളുടെ ചിത്രവും. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു 'അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു'. ഇത്രയും വായിച്ച ഡോക്ടർ ആ പത്രക്കഷ്ണം മടക്കി, സുധീറിനോട് ചോദിച്ചു "തന്റെ ആരാ ഇയാള്?"

കണ്ണുകൾ തുടച്ച്, കൈമലർത്തി സുധീർ പറഞ്ഞു "എന്റെ ആരുമല്ല. ആരോ ഒരാൾ. ഏതോ ഒരാൾ". ഡോക്ടർ മുഖം ചുളിച്ച്, ചോദ്യം തുടർന്നു "പിന്നെ ഈ വാർത്തേം, താനും എന്ത് ബന്ധം?" "പറയാം. ഒരാൾടെ കൈ തല്ലിയൊടിച്ച് തിരിച്ച് വരുമ്പോ, പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞുനോക്കി. ആ കാഴ്ച ഒറ്റത്തവണേ എനിക്ക് കാണാൻ പറ്റീള്ളൂ. പിന്നാകെ ഒരു തരിപ്പായിരുന്നു. ഞാൻ കണ്ടത്- ഏതോ ഒരു വണ്ടി ഇടിച്ച്, ഒരാൾ ചോരയിൽ കിടന്ന് പെടയണതാ. ആ വണ്ടി നിർത്താതെ പോയി. ആ അപകടം കണ്ടവരോ, അത് വഴി പോയവരോ ആരും.. ആരും അപകടത്തിൽ പെട്ടയാളെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. അയാൾടെ കൂടെണ്ടായിരുന്ന ഒരു കൊച്ചു പെൺകുട്ടി സഹായത്തിനായി നിലവിളിക്കണത് കണ്ട് എനിക്ക് സഹിച്ചില്ല. എന്നിട്ട് ഞാൻ, ദേ.. ഈ ഇരുമ്പ് വടി കാണിച്ച് ഒരു വണ്ടി തടഞ്ഞിട്ടാണ് ഇയാളെ ആശുപത്രീലെത്തിച്ചേ. ഉടനെ ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. അതിന് അടിയന്തിരമായി, ഇരുപത്തയ്യായിരം രൂപ കെട്ടിവെക്കാനും പറഞ്ഞു. ഞാൻ വേറെ ഒന്നും ആലോചിച്ചില്ല. കൈ തല്ലിയൊടിച്ചേന് കൂലിയായ് കിട്ടിയ ഒരു അമ്പതിനായിരം രൂപേന്ന്, ആ തുക അടച്ച്, അയാളെ ഓപ്പറേഷന് കേറ്റി. അയാൾടെ പേഴ്സീന്ന് കിട്ടിയ അഡ്രസ് വച്ച് വീട്ടുകാരെ അറിയിച്ചു. ഉടനെ അവര് ആശുപത്രീലെത്തി. ആ കൊച്ചുകുട്ടി വഴി കാര്യങ്ങളൊക്കെ അറിഞ്ഞ അയാൾടെ അമ്മ 'നീ ദൈവാണ്, മോനെ' എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത് കേട്ട ഞാൻ.. ഞാൻ ഞെട്ടിപ്പോയി. ഒരുത്തന്റെ കൈ തല്ലിയൊടിച്ച വരണ വഴിയാ ഇതൊക്കെ സംഭവിച്ചത്. അന്ന് ഞാൻ ആശുപത്രീലാക്കിയ ആൾടെ മരണ വാർത്തയാ, ഇപ്പൊ ഡോക്ടർടെ കൈയ്യിലുള്ളത്. ഇപ്പൊ കൈയ്യിലെ കാശും പോയി, ആൾടെ ജീവനും പോയി. മരിച്ചാൾടെ വീട്ടീന്ന് ആ കാശ് മേടിക്കാൻ പോയപ്പൊ അവിടാകെ കരച്ചിലും, ബഹളോം. മാത്രല്ല, അയാളൊരു പാവപ്പെട്ടനാ, സാറേ. ചിലപ്പൊ തോന്നും, അയാളെ രക്ഷിക്കണ്ടേർന്നില്ലെന്ന്. അവനവന്റെ കാര്യം നോക്കിപ്പോയാ മതിയായിരുന്നൂന്നൊക്കെ. ഇനി ഡോക്ടറ് പറ- ഞാനെന്താ ചെയ്യണ്ടേ?".

ഇത്രയും പറഞ്ഞ് സുധീർ വീണ്ടും വെള്ളം കുടിച്ചു. ക്ഷമയോടെ ഇതെല്ലാം കേട്ട ഡോക്ടർ പറഞ്ഞു "ങേ? ഇതെന്ത് പറ്റി? ചോര കണ്ട് അറപ്പ് മാറിയ തനിക്ക്, ഒരപകടത്തിൽ പെട്ടയാൾടെ ചോരയൊലിപ്പ് കണ്ട് നിക്കാൻ പറ്റീല്ലെന്നോ? ഇതെന്ത് അദ്ഭുതം? താനൊരു വലിയ കാര്യാടോ ചെയ്തത്. ഒരു ജീവൻ രക്ഷിക്കാൻ താൻ കാണിച്ച ഈ ശുഷ്ക്കാന്തി, വിദ്യാഭ്യാസ സമ്പന്നരെന്ന് സ്വയം വിശേഷിപ്പിക്കണ നമ്മടെ ഈ സമൂഹത്തിന് ഇല്ലാതെ പോയല്ലോ? ഒരപകടം കണ്ടിട്ടും യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ, വേണ്ടതൊന്നും ചെയ്യാതെ മരവിച്ച മനസ്സുമായി ജീവിക്കണ നമ്മടെ സമൂഹത്തിനാടോ, ശരിക്കും ചികിത്സ വേണ്ടത്. അല്ലാ.. താനിപ്പൊ ഇങ്ങോട്ട് വരണ്ട കാര്യെന്തായിരുന്നു?" "ഞാൻ പറഞ്ഞല്ലോ, ഡോക്ടർ? എന്റുള്ളിലെ ഈ സെന്റിമെന്റ്സൊക്കെ കളഞ്ഞ് എനിക്ക് ആ 'പഴയ എന്നെ' തിരിച്ച് കിട്ടണം" "എന്തിനാന്നാ ചോദിക്കണേ?" "അതാണെങ്കി, വെറുതെ അടീം, പിടീം, തീറ്റേം ഒക്കെയായി എവിടേലും കൂടിയാ മതി. വെഷമോ, സങ്കടോ ഒന്നുമറിയണ്ട. മറ്റേത്, ഈ പറഞ്ഞ പോലെ എളുപ്പല്ല. സ്നേഹവും, അടുപ്പവും, വിഷമങ്ങളും, ദു:ഖങ്ങളും, നിരാശേം.. ഹൗ! വല്ല്യ പാടാ, മനുഷ്യനായി ജീവിക്കാൻ.." "ഹഹഹഹ... അത് കൊള്ളാം. ങും! ഞാനൊരു കാര്യം ചോദിക്കട്ടേ- ഇത് വരെ, താൻ ആരേം സ്നേഹിച്ചിട്ടില്ലേ?" "സ്നേഹിക്കാൻ പേടിയാ, ഡോക്ടറേ" "പേടിയോ? എന്തിന്?" "എന്റച്ഛൻ ഒരു കള്ളുകുടിയനായിരുന്നു, സാറേ. എന്റമ്മേനെ തല്ലണത് ഞാൻ പലപ്പോഴും കണ്ടിട്ട്ണ്ട്. 'ഏത് കഷ്ടകാലത്താണാവോ ഇങ്ങേരേ ഞാൻ കെട്ടീത്' എന്ന് അമ്മ ഇടയ്ക്ക് പറയണതും ഞാൻ കേട്ടിട്ട്ണ്ട്. അങ്ങനെ കുടിച്ച് കുടിച്ച് എന്റച്ഛൻ മരിച്ചപ്പോ, ഇതേ അമ്മ അച്ഛന്റെ ബോഡി കെട്ടിപ്പിടിച്ച് കരയണതും ഞാൻ കണ്ടിട്ട്ണ്ട്. പിന്നെ, സ്ക്കൂളില് പഠിക്കുമ്പൊ എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക്, ഒരു ചേട്ടൻ ലവ് ലെറ്ററ് കൊടുത്തു. ദേഷ്യം വന്ന ആ കുട്ടി ഇക്കാര്യം മാഷോട് പറഞ്ഞു. ഇത് കേട്ട മാഷ് ആ ചേട്ടനെ ചൂരലോണ്ട് പൊതിരെ തല്ലിക്കൊണ്ടിരുന്നു. അപ്പൊ ഇതേ പെൺകുട്ടി, കരഞ്ഞുകൊണ്ട്- 'അയ്യോ! ഇനി തല്ലണ്ട മാഷേ, ആ ചേട്ടനൊരു പാവാണ്, എനിക്ക് പരാതിയില്ല, മാഷേ' എന്ന് പറയണതും ഞാൻ കണ്ടിട്ട്ണ്ട്. അപ്പൊ ഒരാളെത്തന്നെ സ്നേഹിക്കാനും, വെറുക്കാനും എങ്ങനാ പറ്റണതെന്ന് എനിക്ക് മനസ്സിലാവണില്ല. അതാ പറഞ്ഞേ- എനിക്ക് സ്നേഹിക്കാൻ പേടിയാന്ന്. സ്നേഹിക്കണോരെ മനസ്സിലാക്കാൻ പാടാ. അവര് തന്നെ ചതിച്ചാലോ?"

"ഇപ്പൊ താൻ അടിക്കണോരും, തല്ലുന്നോരുമൊക്കെ തന്നെ ചതിച്ചവരാണോ?" "അത്.." "അത്..?" വീണ്ടും മൗനം. ഡോക്ടർ തുടർന്നു "ശരി. വീട്ടിലാരൊക്കേണ്ട്?" "അമ്മേം, അനിയനും" "അനിയനെന്ത് ചെയ്യുണു?" "അവന് ബിസിനസ്സാ" "ശരി. ബിസിനസ്സാവുമ്പൊ സാധാരണ ശത്രുക്കളുണ്ടാവല്ലോ? അങ്ങനെ അനിയന്റെ ഒരു ശത്രു, അനിയനെതിരെ നല്ലൊരു തുക തന്ന് തനിക്കൊരു കൊട്ടേഷൻ തന്നൂന്ന് വിചാരിക്ക്യാ. താൻ ആ കൊട്ടേഷൻ ഏറ്റെടുക്ക്വോ?" "ഇല്ല" "അതെന്താ?" "അവനെന്റെ അനിയനല്ലേ?" "ഓ.. അപ്പൊ, അനിയൻ തനിക്കൊരു കൊട്ടേഷൻ തന്നാലോ?" "അത് ഫ്രീയായിട്ടേറ്റെടുക്കും" "ഓഹോ! അപ്പൊ അങ്ങനെ ചില അറ്റാച്ച്മെന്റൊക്കേണ്ട്. പണിയേറ്റെടുക്കുമ്പൊ സ്വന്തോം, ബന്ധോം ഒക്കെ നോക്കണോ? അത് ഭാരമല്ലേ? ക്യാഷല്ലേ വലുത്?" "ജീവിക്കുക എന്നത് സന്തോഷം. മരിക്കുക എന്നാൽ അതിലേറെ സന്തോഷം. രണ്ടായാലും, വീട്ടുകാർക്ക് വേണ്ടിയാവുമ്പൊ കൂടുതൽ സന്തോഷം" "ഹൗ! തല്ലുകാരനും ഫിലോസഫി! കൊള്ളാം! അപ്പോ.. തനിക്ക് മാത്രേ വീട്ടുകാരുള്ളോ? താൻ തല്ലേം, അടിക്കേം ചെയ്യണോർക്ക് വീട്ടുകാരൊന്നും ഇല്ലേ?" "ഡോക്ടറെന്നെ കൊഴപ്പിക്ക്യാണ്" "അല്ലാ! തന്നെ, താൻ തന്നെയാ കൊഴപ്പിക്കണേ. താനിങ്ങനെ ആവണ്ട ആളല്ലാ. ഞാനൊരു കാര്യം ചോദിക്കട്ടെ- താനെങ്ങനെ ഇങ്ങനെയായി?" "അത് ഒരു കഥയാ, സാറെ" "ങാഹാ? എന്നാ പറ. കേക്കട്ടെ"

രംഗം 2

"അത്.. കോളജില് പഠിക്കണ സമയത്ത് എനിക്കൊരു പ്രേമണ്ടായിരുന്നു" "ങേ? താൻ കോളജിലൊക്കെ പഠിച്ചണ്ടോ?" "എന്റെ സാറെ, ഇക്കണോമിക്സില് പീ.ജീ ഉള്ളവനാ, ഞാൻ" "എന്റമ്മേ.." ഡോക്ടർ അന്തം വിട്ടു. "എന്താ സാറെ? കൊഴപ്പാണോ?" "ഹഹഹഹ... ഹേയ്! താൻ കാര്യം പറ" "ങാ! ഞാനെന്റെ ഇഷ്ടം അവളോട് പറഞ്ഞു. അപ്പൊ അവള് പറഞ്ഞു 'എനിക്ക് താൽപര്യല്ല്യ, ബാംഗ്ലൂര് ഒരു ജോലി റെഡിയായി, ഞാൻ പോവാണ്' എന്നൊക്കെ. അങ്ങനെ ഞാനും തട്ടി മുട്ടി ഓരോ ജോലി ചെയ്തോണ്ടിരിക്ക്യായിരുന്നു. അങ്ങനെ, അവള് ബാംഗ്ലൂർക്ക് പോണ സമയത്ത്, അവൾടെ കൈയ്യില് കൊടുക്കാൻ പറഞ്ഞ് എനിക്കൊരു പൊതി തന്നു. അതങ്ങനെത്തന്നെ എയർപ്പോർട്ടില് ചെക്കിംഗില് പിടിച്ചപ്പൊ, അവളെ കസ്റ്റംസോ മറ്റോ പൊക്കി. അതില് കടത്താൻ പാടില്ല്യാത്ത എന്തോ ആയിരുന്നത്രേ. ഇപ്പൊ, നാട്ടില് അവളെ കള്ളക്കടത്തുകാരിയായിട്ടാ എല്ലാരും കാണണത്. അവൾടെ ജീവിതം നാശായി. എന്റെ പ്രേമം നിരസിച്ചേന്, ഞാനവളോട് പക വീട്ടീതാന്നാ അവളും, അവൾടെ വീട്ടുകാരും വിശ്വസിക്കണേ. ആ തെറ്റിദ്ധാരണ എനിക്ക് മാറ്റ്യേ പറ്റൂ. അതിന്റെ കലിപ്പില് ഞാൻ, അവന്റെ നാട്ടില് പോയി കൈയ്യും, കാലും തല്ലിയൊടിച്ചു. അത് കഴിഞ്ഞ് വരണ വഴിയാ, ഞാൻ നേരത്തേ പറഞ്ഞ ആ ആക്സിഡന്റുണ്ടായേ. പിന്നെയാ, ഞാൻ മറ്റൊരു കാര്യറിഞ്ഞേ- ആ പൊതി കൊടുത്തയയ്ക്കാൻ പറഞ്ഞത് മറ്റൊരാളാന്ന്. ആ പൊതി അവൾക്കുള്ള പിറന്നാൾ സമ്മാനാണ്, സർപ്രൈസാണ്, എന്നൊക്കെ അയാളോട് പറഞ്ഞൂത്രെ. അയാളും, അതങ്ങനെത്തന്നെ വിശ്വസിച്ചു. അവൻ നിരപരാധിയായിരുന്നു. അങ്ങനെ, അവന്റെ വീട്ടുകാർടെ പരാതീല് എനിക്ക് ആദ്യ കേസ് വീണു. സാരല്ല്യ! ഒരു നിരപരാധിയെ തല്ലിയേനല്ലേ? പക്ഷേ, ചെയ്യാത്ത കുറ്റത്തിന് എന്റെ പെണ്ണിനെ കുടുക്കീത് എനിക്ക് സഹിക്കില്ല്യ. ഹും! നാട്ടാർടെ മുന്നില് ആ കൊടുത്തയച്ചാള് ഇപ്പൊ മാന്യനും; ഞാനും, അവളും ഒക്കെ സാമൂഹ്യ ദ്രോഹികളുമായി. സത്യം ആർക്കും അറിയില്ലല്ലോ. പക്ഷേ, സത്യം ഞാൻ പൊറത്ത് കൊണ്ടുവരും. ഏതായാലും ചീത്തപ്പേരായി. ഇനിയെനിക്ക് ഒന്നും നോക്കാനില്ല. ഞങ്ങടെ ജീവിതം നശിപ്പിച്ച ആ ആളെ വെറുതെ വിടില്ല്യാ, ഞാൻ. ദേ! ഇപ്പൊ അവന്റെ കൈയ്യും, കാലും തല്ലിയൊടിക്കാൻ പോവാ. അതിനുള്ള ധൈര്യത്തിനാ ഞാനിപ്പൊ ഇങ്ങോട്ട് വന്നേ"

"അയ്യൊ! താൻ അബദ്ധൊന്നും കാണിക്കല്ലേ" "അബദ്ധം ഓൾറെഡി പറ്റീതാ, ഡോക്ടറെ. ഇനി ഞാൻ ചെയ്യാൻ പോണതാ ഏറ്റോം വല്ല്യ ശരി. ഇപ്പൊ, ആ ആള് എന്റെ കൈയ്യെത്തും ദൂരത്തുണ്ട്. അതൊക്കെ പോട്ടെ! ഡോക്ടർക്ക്, 'വള്ളുവനാട് ആർട്സ് ആൻഡ് സയൻസ് കോളജ്' ഇക്കണോമിക്സിലെ ഒരു 'നിത്യ'യെ അറിയോ?""ങാ! ങേ? ആരെ" "ഡോക്ടറ് ഞെട്ടിയോ?""ഏയ്.. എന്തിന്?" "അല്ലാ.. ഈ.. വള്ളുവനാട് ആർട്സ് ആൻഡ് സയൻസ് കോളജിലെ 'നിത്യ'യെ അറിയോ..ന്ന്" "ഹേയ്! ഇ.. ഇല്ല! എന്തേ?" "ഒന്നൂല്ല്യ! അവളാ എന്റെ പെണ്ണ്. അവളെ കുടുക്കിയ ആളെയാ, ഞാൻ തല്ലിയൊടിക്കാൻ പോണേ. എന്താ ആൾടെ പേര്? ങാ! ഡോ. സുമേഷ്.. സുമേഷ് ചാമ്പിയത്ത്. മൂപ്പര് ഒരു സൈക്കോളജിസ്റ്റാ. എന്താ, സാറെ? അറിയോ, അയാളെ?" തന്റെ പേര് കേട്ട ആ ഡോക്ടർ, കസേരയിൽ നിന്ന് ഞെട്ടിയെണീറ്റു. "ഇരിയെടാ അവിടെ".

രംഗം 3

ഡോക്ടർ പേടിയോടെ കസേരയിൽ ഇരുന്നു. സുധീർ, ഇരുമ്പ് വടി ചുഴറ്റിക്കൊണ്ട്, മേശമേലും ഇരുന്നു. എന്നിട്ട് ചോദിച്ചു "ഡോക്ടറേ. സത്യം പറ. ആ പാവം നിത്യയെ എന്തിനാ കുടുക്കീത്? എന്തായിരുന്നു ഉദ്ദേശം?". ഡോക്ടർ മൗനം പാലിച്ചു. അപ്പോൾ സുധീർ, ഇരുമ്പ് വടി ഓങ്ങി ഭീഷണി മുഴക്കി "മര്യാദയ്ക്ക് പറയെടോ.. ഡോ.. ഡോക്ടറെ. നിത്യേയെ എങ്ങനാ പരിചയം?" "ശരിക്കും പറഞ്ഞാ.. ഞാനല്ല, എന്റെ അനിയനാ നിത്യയെ കുടുക്കീത്" "എന്തിന്?" "നിത്യ എന്റെ ഹോസ്പിറ്റലിൽ അക്കൗണ്ടന്റായിരുന്നു. എന്റെ അനിയൻ ആദർശിന് നിത്യയെ ഇഷ്ടായിരുന്നു. അവളെയല്ലാതെ മറ്റാരേം കെട്ടാൻ, അവൻ തയാറല്ലായിരുന്നു. തന്റെ ആ ഇഷ്ടം അവളോട് പല പ്രാവശ്യം ആദർശ് പറഞ്ഞു. അപ്പൊ, അവൾ മറ്റാരെയോ പ്രേമിക്കണുണ്ടെന്ന്, നിത്യ പറഞ്ഞു. പക്ഷേ ആദർശ്, അവളെ വിടാൻ തയാറല്ലായിരുന്നു. പിന്നെ നിത്യ, ഒരുത്തന്റെ ബൈക്കിൽ പോണത് ഒന്ന് - രണ്ട് തവണ ഇവൻ കണ്ടു. നിത്യേടെ കാമുകൻ അവനാവുന്ന് ഊഹിച്ചു. അങ്ങനെ, നിത്യയെ കുടുക്കാനും, അവരുടെ ജീവിതം നശിപ്പിക്കാനും, ആദർശ് കുറച്ച് ഡിറ്റർജന്റ് പൊതിയിലാക്കി, നിത്യയ്ക്ക് കൊടുക്കാൻ പറഞ്ഞ്, ആ കൂട്ടുകാരന്റെ കൈയ്യിലേൽപ്പിച്ചു. പക്ഷേ, നിത്യ സ്നേഹിക്കണ ആ ആള് നിങ്ങളാന്ന് എനിക്കിത് വരെ അറിയില്ലായിരുന്നു. മാപ്പാക്കണം. എന്നെ വെറുതെ വിടണം. എന്ത് വേണേലും ചെയ്യാം". ഇങ്ങനെ കേണപേക്ഷിച്ച് ഡോക്ടറോട് അയാൾ പൊട്ടിത്തെറിച്ച് ചോദിച്ചു "പ്ഭാ! ഡിറ്റർജന്റ് കണ്ട്, അത് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിക്കാൻ മാത്രം മണ്ടന്മാരാണ് ഉദ്യോഗസ്ഥരെന്ന് കരുതിയോടൊ, താൻ? ങേ? തെളിച്ച് പറയടോ.. കോപ്പെ.." "അയ്യോ! തല്ലല്ലേ.. ഞാൻ പറയാം.. ഞാൻ പറയാം" "എന്നാ പറ" "നിത്യ, ആദർശിനെ റിജക്റ്റീതോണ്ട് ആദർശ് ഡിപ്രഷനിലായിരുന്നു. അതീന്ന് അവനെ റിക്കവറാക്കാൻ ഞാനൊരു സൂത്രം പറഞ്ഞുകൊടുത്തതാ" "എന്ത് സൂത്രം?" 

"അത്..നെക്സ്റ്റ് വീക്കില് നിത്യേടെ ബർത്ത് ഡേ ആണ്. അപ്പൊ അവളെയൊന്ന് ഇംപ്രസ്സീയാൻ ഒരു ഗിഫ്റ്റ് കൊടുത്താ മതീന്നും പറഞ്ഞ്, ഞാനൊരു സാധനം ആദർശിന്റെ കൈയ്യില് കൊടുത്തു" "എന്ത് സാധനം?" "ലേഡീസ് വാച്ച്" "ങാ.. എന്നിട്ട്?" "പക്ഷേ.. അവൾക്ക് വേറെ ആളെ ഇഷ്ടാന്ന് പറഞ്ഞോണ്ടും, ആദർശിന് ഈ ബർത്ത് ഡേ ഗിഫ്റ്റിലൊന്നും വിശ്വാസല്ല്യാത്തോണ്ടും, ഈ പ്രേമാഭ്യർഥനേല് പ്രതീക്ഷേല്ല്യാത്തോണ്ടും, അവൻ ആ ഗിഫ്റ്റ് കൊടുക്കാൻ തയാറായില്ല്യ" "എന്നിട്ട്?" "അപ്പൊ പിന്നെ ഒറ്റ വഴിയേള്ളൂ- 'തനിക്ക് കിട്ടാത്തത് വേറാർക്കും കിട്ടണ്ട' എന്ന വാശി പ്രകാരം ആദർശ്, ആ വാച്ചിന് പകരം കൊറച്ച് മയക്കുമരുന്ന് പാക്കറ്റിലാക്കി, നിത്യയ്ക്ക് ബർത്ത് ഡേ ഗിഫ്റ്റായി കൊടുത്തയച്ചു. ആ പാക്കറ്റ് ബാംഗ്ലൂര് വച്ച് 'ബർത്ത് ഡേ'യുടെ അന്നേ പൊട്ടിക്കാവൂ എന്നും ആദർശ് പ്രത്യേകം ആ കൂട്ടുകാരനോട് പറഞ്ഞേൽപ്പിച്ചെന്നാ പറഞ്ഞേ. അപ്പൊ, ആ പാക്കറ്റാവും പിടിക്കപ്പെട്ടത്. ആദർശ് അത് പർപ്പസ്ഫുള്ളി ചെയ്തതാ. ഇറ്റ് വാസ് എ റിവഞ്ച്" "ങേ? അപ്പൊ ഡിറ്റർജന്റല്ലേ കൊടുത്തേ?" "എന്നോടങ്ങനാ പറഞ്ഞേ. പക്ഷേ, ഇപ്പൊ മനസ്സിലായി- ആ പാക്കറ്റ് ശരിക്കുള്ള മയക്കുമരുന്നാന്ന്" "പക്ഷേ.. ഈ പറയണേല് എന്തോ കൊഴപ്പണ്ടല്ലോ, ഡോക്ടറേ.." "എന്ത് കൊഴപ്പം?" "ആദർശ്, നിത്യയെ കാണണത് ഈയടുത്ത്. പക്ഷേ, ആദർശ് കെട്ടീത്- പ്ലസ്ടൂ കാമുകിയെ. അന്നേ അവർ പ്രണയത്തിലായിരുന്നു എന്നും, അവർ തമ്മില് കല്ല്യാണം കഴിക്കാൻ നേരത്തേ തീരുമാനിച്ചതാണെന്നും, ആദർശിന്റേം, ഭാര്യേടേം മൊഴികളിൽ നിന്ന് വ്യക്തം. അതിന് തെളിവായി- അവർ പ്ലസ്ടൂ കാലത്ത് കൈമാറിയ ചില പ്രണയലേഖനങ്ങൾ എന്നെ കാണിക്കേം ചെയ്തു. പിന്നെങ്ങനെ ആദർശ്, നിത്യയെ പ്രൊപ്പോസീയും?"

രംഗം 4

വീണ്ടും മൗനം. സുധീർ തടർന്നു "ശരി! എല്ലാം പോട്ടെ! ഡോക്ടർക്ക്, മിഥുൻ എന്നൊരാളെ അറിയോ?" "മി.. മിഥുനോ? ആരാ അത്?" "അങ്ങനെ ഒരാളെ അറിയില്ലാ?" "ഇല്ല" "എടോ, സുമേഷ് 'ചാമ്പി'യത്തേ.. ഒരെണ്ണം 'ചാമ്പി'യാലുണ്ടല്ലോ? സത്യം പറയെടോ. അവന് ഡോക്ടറെ അറിയാന്ന് പറഞ്ഞല്ലോ. നിങ്ങള് തമ്മിലുള്ള ചാറ്റും കാണിച്ച് തന്നു. ഇനി ഒന്നുമറിയില്ല്യെന്ന് പറഞ്ഞിട്ട് കാര്യല്ല്യ, ഡോക്ടറെ. നിത്യേനെ പൊലീസ് പൊക്കീപ്പൊ, അവള് തന്നാ ഈ പേര് പൊലീസിനോട് ആദ്യം പറഞ്ഞേ" "അത് തനിക്കെങ്ങനെ അറിയാം?". ഇത്രയും പറഞ്ഞ് അയാൾ, ക്ലീനിക്കിന്റെ വാതിൽ തുറന്ന് ഉറക്കെ വിളിച്ചു "സുധീർ.. വാ". ഒന്നും മനസ്സിലാവാതെ ഡോക്ടർ അങ്ങോട്ട് നോക്കി. അതാ, മറ്റൊരാൾ ക്ലിനിക്കിലേക്ക് കയറി വരുന്നു- ഒത്ത ശരീരമുള്ള അയാൾ, നിറ കണ്ണുകളോടെ ഡോക്ടറെ തന്നെ തീക്ഷ്ണമായി നോക്കുന്നു. അയാളുടെ മുഖത്തെന്താണ്- പക? നിരാശ? ദേഷ്യം? എന്തായാലും, അയാളുടെ മുഖഭാവം വായിച്ചെടുക്കാൻ, ആ സൈക്കോളജിസ്റ്റിന് പോലും കഴിഞ്ഞില്ല. എന്നിട്ട് അയാൾ തുടർന്നു "ഡോക്ടർ സാറേ. ഇത്, ആദർശിന്റെ കള്ളക്കളീല് കുടുങ്ങിപ്പോയ 'നിത്യ കാമുകൻ'.. അല്ല, നിത്യയുടെ കാമുകൻ- സുധീർ". ഇത് കേട്ട ഡോക്ടർ അന്ധാളിപ്പോടെ വാ തുറന്ന് നിന്നു. ആശയക്കുഴപ്പത്തിലായ ഡോക്ടർ ചോദിച്ചു "അ.. അപ്പൊ.. നിങ്ങൾ?" "ഞാനോ? ഓ! അതിന് വല്ല്യ പ്രസക്തിയില്ല്യ. എന്നാലും പറയാം- ഐ ആം മാധവൻ, ഫ്രം നാർക്കോട്ടിക്ക് സെൽ".

എന്ത് പറയണമെന്നറിയാതെ ഡോക്ടർ സ്തംഭിച്ചപ്പോൾ, മാധവൻ തുടർന്നു "നിത്യേടെ കേസ്, ഞങ്ങളന്വേഷിക്കുമ്പൊ, ഇതിന്റെ കണ്ണി തപ്പി തപ്പി നിത്യയിൽ നിന്നും സുധീറിലെത്തി. അങ്ങനെ, സുധീർ എല്ലാം ഞങ്ങളോട് തുറന്ന് പറഞ്ഞു. അതോണ്ടാ ഇങ്ങനെ ചില നാടകം കളിച്ചേ. ങാ! ഡോക്ടറെ. ഇത് പറ- ആ മയക്കുമരുന്ന്, ആദർശിന് എങ്ങനെ, എവിടുന്ന് കിട്ടി?" "അത്.. അവൻ എവിടുന്നേലും സംഘടിപ്പിച്ച് കാണും. എനിക്കെങ്ങനെ അറിയാം?" "ഓ.. അതാണോ? ഓക്കെ! പിന്നെ ആരെ ഏൽപ്പിക്കാനാടോ, നിത്യേടെ കൈയ്യില് മറ്റേ പൊതി കൊടുത്ത് വിട്ടേ? എടോ, ആ മിഥുൻ ഇപ്പൊ ഞങ്ങടെ കസ്റ്റഡീലാ. സത്യം പറയെടോ". മാധവൻ ഇങ്ങനെ ആക്രോശിച്ചപ്പോൾ, ഡോ. സുമേഷ് പറഞ്ഞു "അ.. അത്.. മിഥുൻ ബാംഗ്ലൂര് ഒരു ഡോക്ടറാ. ഞാൻ, അയാൾക്കൊരു പ്രത്യേക മരുന്ന് കൊടുത്തയക്കാറുണ്ട്" "എന്ത് പ്രത്യേക മരുന്ന്?" "അ.. അത്.. പിന്നെ.." "പറയെടോ. അതോ പറയിപ്പിക്കണോ, ഞാൻ?" "ഒരു ഇൻജക്ഷനിലൂടെ ഏതൊരു മനുഷ്യനും 'ബ്രെയിൻ ഡെത്ത്' വരുത്താവുന്ന ഒരു തരം മരുന്ന്" "അതെന്തിനാ?" "അത്.. ഭാവീല്, ആ മരുന്നിന് മെഡിക്കൽ ഫീൽഡില് നല്ല ഡിമാൻഡുണ്ടാവും. അത് കിട്ടിയാ, നല്ല ലാഭം കൊയ്യാം" "എങ്ങനെ?" "അത്.. അപകടത്തിൽ പെട്ട് ബോധല്ല്യാതെ ഐ.സി.യൂല് കെടക്കണ രോഗികൾക്ക് രഹസ്യമായി ഈ ഇൻജക്ഷൻ കൊടുത്താ, ആ രോഗിയെ കൊറേകാലം അതേ പോലെ ഐ.സി.യൂവില് കിടത്തി, അതിന്റെ വാടകയിനത്തില് നല്ല തുക പിരിച്ചെടുക്കാൻ പറ്റും. അതന്നെ ലാഭം" "അപ്പോ.. പോസ്റ്റ്മോർട്ടത്തില് ഇതിന്റെ സാന്നിധ്യം അറിഞ്ഞാൽ?" "രോഗി മരിച്ചാലല്ലേ പോസ്റ്റ്മോർട്ടണ്ടാവൂ? ഇവിടെ രോഗി മരിക്കണില്ല. ഓൺലി 'ബ്രെയിൻ ഡെത്ത്'. ശ്വാസോച്ഛാസം ഉള്ളോണ്ട് ആർക്കും സംശയണ്ടാവില്ല്യ. അപകടത്തില് പെട്ടോണ്ട് ബോധം നഷ്ടായി എന്ന് ആളുകൾ തെറ്റിദ്ധരിക്കും"

"അപകടത്തില് പെട്ട് മരിക്കണോരും ഉണ്ടല്ലോ? അവർടെ പോസ്റ്റ്മോർട്ടത്തില് ഇതിന്റെ സാന്നിധ്യം അറിഞ്ഞാൽ?" "ഒരാളിൽ ഈ മരുന്ന് ഇൻജക്റ്റ് ചെയ്താൽ, വെറും ആറ് മണിക്കൂറെ അയാൾടെ ശരീരത്തില് അതിന്റെ സാന്നിധ്യണ്ടാവൂ. അത് വരെ പോസ്റ്റ്മോർട്ടം ചെയ്യാതെ വെയ്ക്കും" "ഇതിന്, തനിക്കെന്ത് ലഭിക്കും?" "ഈ മരുന്ന് എത്തിക്കണേന് എനിക്ക് പ്രതിഫലമായി കിട്ടണത് മയക്കുമരുന്നാണ്" "അപ്പൊ.. തനിക്ക് ഇതിന്റെ സപ്ലൈ ഉണ്ടല്ലേ?" "ഉ.. ഉവ്വ്" "ങും! അപ്പൊ.. ഇവിടെ നിത്യേടെ റോളെന്താ?" "ഞാനും, മിഥുനും തമ്മിലുള്ള ഈ മയക്കുമരുന്ന് കച്ചവടത്തെ പറ്റി നിത്യയ്ക്ക് ഏതാണ്ട് സൂചന കിട്ടി. അവളത്, ആദർശിനോട് പറയണതും കേട്ടു. ഇതേ പറ്റി അവൻ എന്നോട് ചോദിച്ചപ്പൊ, ഞാൻ പറഞ്ഞു 'നിത്യ ഒരു ഡ്രഗ് അഡിക്റ്റാണ്. അത് ഞാൻ കൈയ്യോടെ പിടിച്ചപ്പൊ, അവളെന്നെ അക്ക്യൂസീയാണ്' എന്നൊക്കെ. അങ്ങനെ നിത്യേടെ ബർത്ത് ഡേ ആയി. അപ്പൊ, നിത്യയെ കുടുക്കാൻ ഞാനൊരുക്കിയ ട്രാപ്പാണ്.. ആ ബർത്ത് ഡേ ഗിഫ്റ്റ്. ഞാനാണ് കൊടുത്തതെന്ന് അവളറിയാതിരിക്കാൻ, ഞാൻ ആദർശിന്റെ പേരില് വേറാള് വഴി, ആ ഗിഫ്റ്റ് നിത്യേടെ കൈയ്യിലേൽപ്പിക്ക്യായിരുന്നു. ഞാൻ ഉപയോഗിച്ചോണ്ടിരുന്ന ഡ്രഗ്സ് ആ ബർത്ത് ഡേ ഗിഫ്റ്റിലിട്ടു" "ഹൂ.. സൈക്കോളജിസ്റ്റായ താൻ, ഒരു 'സൈക്കോ' ആണല്ലോ. ആ ബ്രെയിൻ ഡെത്തിന്റെ മരുന്ന് തനിക്കാ ശരിക്കും കുത്തിവെക്കണ്ടെ. അപ്പോ.. നിത്യയ്ക്ക്, ആ ഡ്രഗ്സായിട്ട് യാതൊരു ബന്ധവുമില്ല?" "ഇല്ല" "നിത്യ ഈ കേസില് പൂർണ്ണമായും നിരപരാധിയാണല്ലേ?" "അതെ" "അപ്പൊ.. ആദർശും ഈ കേസായിട്ട് യാതൊരു ബന്ധവുമില്ല്യാ?" "ഇല്ല്യ" "ഓക്കെ! താങ്ക്യൂ. എന്തായാലും, താനീ പറഞ്ഞത് മുഴുവൻ, ഞങ്ങടെ ഈ മൊബൈലിൽ റെക്കോർഡായി. ഈ കേസില്, നിത്യയെ മാപ്പ് സാക്ഷിയാക്കാൻ, തന്റെ ഈ മൊഴി തന്നെ ധാരാളം. ലക്ഷ്മൺ, അറസ്റ്റ് ഹിം"

"ല.. ലക്ഷ്മണോ?" "അതെ, ലക്ഷ്മൺ. ലോക്കൽ എസ്. ഐ. ആണ്. വെറും എസ്. ഐ അല്ലാട്ടോ. ക്രിമിനോളജീല് എന്തൊ കോഴ്സ് കഴിഞ്ഞാളാ. പക്ഷേ, എന്നെ പോലെ പി. ജി ഒന്നൂല്ല്യ. ഇപ്പൊ ഈ കേസില് എന്നെ അസിസ്റ്റീയുണു.. ഹഹഹ.." "അ.. അപ്പൊ, ഇത്.. സുധീറാണെന്ന് പറഞ്ഞിട്ട്?" "എടോ! 'സുധീർ'- ഒരു സാങ്കൽപിക കഥാപാത്രം മാത്രാണ്. നിത്യയ്ക്ക് അങ്ങനെ ഒരു കാമുകനേ ഇല്ല. ഡോക്ടറെക്കൊണ്ട് സത്യം പറയിക്കാൻ, ഞങ്ങള് കളിച്ച വെറും നാടകം. ഇങ്ങനെ ചില നാടകങ്ങൾ, കുറ്റാന്വേഷണത്തില് ഒരു 'നിത്യ'സംഭവാണേ" "അതേ. 'നിത്യ' ഒരു സംഭവാണ്" "ങാ! അതാണ്.. അപ്പൊ.. ലക്ഷ്ണൺ, ഈ ഡോക്ടറെ തൂക്കി വണ്ടീലിട്ടൊ". അപ്പോൾ എസ്. ഐ ലക്ഷ്മൺ, സല്ല്യൂട്ടടിച്ച് പറഞ്ഞു "ഓക്കെ സർ".

Content Summary: Malayalam Short Story ' Nithya Kamukan ' Written by Aswin Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT