ADVERTISEMENT

കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വായിക്കുവാൻ വേണ്ടി മാത്രമാണ് പാലയൂർ ചെറുകാട് സ്മാരക വായനശാലയിൽ ചേർന്നത്.. പുഷ്പനാഥിനെ വായിച്ച്   ചാവക്കാട് കഴിഞ്ഞാൽ ഏറ്റവും പരിചിതമായ സ്ഥലമായി കാർപേത്തിയൻ മലനിരകളും ട്രാൻസിൽവേനിയ താഴ്‌വാരവും.. ഒരു ഹാഫ് എ കൊറോണ വലിച്ചതിനുശേഷം ഡിറ്റക്ടീവ് മാർക്സിന് പരിഹരിക്കുവാൻ കഴിയാത്തതായി ഒരു സങ്കീർണ്ണ പ്രശ്നവും ലോകത്ത് ഇല്ല എന്നൊക്കെ വിശ്വസിച്ച് നടന്ന കാലം.. ആ കാലത്താണ് ലൈബ്രറിയിലെ ചുരുണ്ടമുടിയുള്ള ചേട്ടൻ ഡിറ്റക്ടീവ് നോവലുകൾ മാത്രം വായിച്ചാൽ പോര വേറേയും വായിക്കണമെന്ന് പറഞ്ഞ് എംടിയെ പരിചയപ്പെടുത്തിയത്.. എംടിയുമായി കൂട്ട് കൂടിയതിന് ശേഷമാണ് കാർപേത്തിയൻ മലനിരകളെ വിട്ട് നമ്മുടെ നിളയേയും കണ്ണാന്തളി പൂക്കളേയും സ്നേഹിക്കാൻ തുടങ്ങിയത്.. ഒരിക്കലും മറക്കുവാൻ കഴിയാത്ത എത്രയോ എംടി കഥാപാത്രങ്ങൾ... 

അവസാനം അമ്മുകുട്ടിയും ഭ്രാന്തൻ എന്ന് വിളിച്ചപ്പോൾ വേച്ചു വേച്ചു കൊണ്ട് അമ്മാമയുടെ അടുത്ത് ചെന്ന് എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലക്കിടൂ എന്ന് പറയുന്ന ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനെ ആർക്കാണ് മറക്കുവാൻ കഴിയുക... ഭീമനെ പോലെ റൊമാന്റിക്കായ മറ്റൊരു കാമുകൻ ഉണ്ടോ.. അയാളുടെ മനസ്സ് നിറയെ ദ്രൗപദിയോടുള്ള പ്രണയമായിരുന്നില്ലേ.. അതു കൊണ്ടല്ലേ ദ്രൗപദിയുടെ ഏത് ഭ്രാന്തൻ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ കൂടെ നിന്നത്.. ദ്രൗപദിക്ക് വേണ്ടി കല്യാണസൗഗന്ധിക പൂവ് തേടി പോയത്.. എന്നാലോ ഏറെ പ്രയാസപ്പെട്ട് കൊണ്ടുവന്ന ആ പൂക്കൾ ഒന്ന് മണപ്പിക്കുക പോലും ചെയ്യാതെ ദ്രൗപദി യുധിഷ്ഠിരന് കൊടുത്തു അദ്ദേഹം ആ പൂവ് വഴിയിൽ ഉപേക്ഷിച്ചു... ആരൊക്കെയോ ചവട്ടിയരച്ച് വഴിയിൽ കിടന്ന ആ പൂവ് ഭീമന്റെ ഹൃദയമായിരുന്നോ.. അഞ്ജാതവാസ കാലത്ത് പിടിക്കപ്പെട്ടാൽ വീണ്ടും വനവാസമെന്ന ശിക്ഷ പോലും വിസ്മരിച്ച്  ദ്രൗപദിയെ അപമാനിച്ച കീചകന്റെ തല തല്ലിപ്പൊളിക്കുന്നതും ഭീമൻ തന്നെ.. അപ്പോഴും ഭീമന് അറിയാമായിരുന്നു ഏത് ഛായാമുഖി കണ്ണാടി ദ്രൗപദിക്ക് നേരെ തിരിച്ചാലും അതിൽ അർജ്ജുനന്റെ രൂപമേ പ്രതിഫലിക്കൂ എന്ന്.. എന്നിട്ടും അയാളുടെ ഹൃദയം നിറയെ ദ്രൗപദിയോടുള്ള സ്നേഹമായിരുന്നു.. ഇങ്ങിനെയൊരു ഭീമനെ സൃഷ്ടിക്കാൻ എംടിയല്ലാതെ മറ്റാരുണ്ട്...

ഒരു പ്രസംഗത്തിൽ എംടി പറഞ്ഞിരുന്നു "ദൈവം മനുഷ്യനെ സൃഷ്ടിച്ചത് കഥ കേൾക്കാൻ ദൈവത്തിനു താൽപര്യം ഉള്ളതു കൊണ്ടാണെന്ന്".. എംടിയുടെ കഥകൾ അത്രമേൽ ഇഷ്ടമായത് കൊണ്ടാകും ദൈവം എംടിയോട് നന്നായി എഴുതുന്നവരേയും കണ്ടുപിടിക്കാൻ പറഞ്ഞത്.. അങ്ങനെ സ്വപ്നതുല്യമായ കഥകൾ എഴുതുന്ന എത്രയോ കഥപറച്ചിലുക്കാരെ എംടി തന്റെ മാതൃഭൂമിക്കാലത്ത് കണ്ടെത്തി.. മാതൃഭൂമി സാഹിത്യമത്സരത്തിലൂടെയാണ് എൻഎസ് മാധവനും.. ഡി വിനയചന്ദ്രനും ചന്ദ്രമതിയും കൊച്ചുബാവയുമെല്ലാം അരങ്ങത്തെത്തുന്നത്. ലളിതാംബിക അന്തർജ്ജനം കഥകൾ എഴുതിയിരുന്നെങ്കിലും ഒരു നോവൽ എഴുതിയിരുന്നില്ല. പക്ഷേ അന്തർജനം ഒരു നോവൽ എഴുതിയിരുന്നു അത് വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ആറ് വർഷകാലമാണ് ഒളിപ്പിച്ചു വച്ചത്... ഈ നോവലിന്റെ കാര്യം എങ്ങനെയോ അറിഞ്ഞ എംടി അന്തർജ്ജനത്തെ വളരെ നിർബന്ധിച്ചതു കൊണ്ടാണ് അത് മാതൃഭൂമിയിൽ പ്രസിദ്ധീകരണത്തിന് കൊടുത്തത്.. ആ നോവലാണ് പിന്നീട് ചരിത്രമായ അഗ്നിസാക്ഷി... ഏതാനും ലക്കങ്ങൾ കഴിഞ്ഞാൽ അഗ്നിസാക്ഷി അവസാനിക്കും അപ്പോഴാണ് അതിനോട് കിടപിടിക്കുന്ന ഒരു നോവലിന് വേണ്ടിയുള്ള എംടിയുടെ അന്വേഷണം അന്ന് താരതമ്യേന പുതുമുഖമായ സേതുവിൽ എത്തിയത്.. സേതു തന്നെ പറയുന്നുണ്ട് എംടിയുടെ ആവശ്യം കേട്ട് താൻ നടുങ്ങിയെന്ന്... കുറച്ചെഴുതി പൂർത്തിയാക്കാത്ത നോവലിനെ പറ്റി പറഞ്ഞപ്പോൾ അത് പൂർത്തിയാക്കാൻ നിർബന്ധിച്ചു. എംടിയുടെ നിർബന്ധത്തിൽ പിറന്ന ആ നോവലാണ് സേതുവിന്റെ ഏറ്റവും നല്ല നോവലായി ഇന്നും ധാരാളം ആളുകൾ തേടിപ്പിടിച്ച് വായിക്കുന്ന പാണ്ഡവപുരം...

ഇത്ര മനോഹരമായി എഴുതുന്ന എംടിക്ക് ഒന്ന് പുഞ്ചിരിച്ചാലെന്താണ് എന്ന് എപ്പോഴും മനസ്സിൽ തോന്നിയിരുന്ന സംശയമാണ്.. എന്റെ അതേ സംശയം കാരശ്ശേരി മാഷ് ഒരു അഭിമുഖത്തിൽ ചോദിച്ചതിന് എംടി പറഞ്ഞത്.. അച്ഛൻ വലിയ ഗൗരവക്കാരനായിരുന്നു.. അമ്മയ്ക്കും ചിരിയില്ല.. വീട്ടിലെ അന്തരീക്ഷം പൊതുവേ ലാഘവവും നർമ്മവും ഇല്ലാത്തതായിരുന്നു പിന്നെ എനിക്ക് മാത്രം എങ്ങനെ ചിരി വരും... ലോകത്തെ നിശ്ചലമാക്കിയ എല്ലാ മനുഷ്യരെയും വീടുകളിൽ തളച്ചിട്ട കോവിഡിന്റെ ഭീതിദമായ കാലത്താണ് അസുരവിത്ത് വീണ്ടും വായിച്ചത്.. ആ വായനയിലാണ് നമ്മുടെ മുൻ തലമുറ അതിജീവിച്ച വസൂരിക്കാലത്തെ കുറിച്ച് ശരിക്കും മനസ്സിലായത്.. മരണ വാർത്തകൾ മാത്രം കേട്ട് ഉണർന്നിരുന്ന പ്രഭാതങ്ങൾ.. ആളുകൾ പേടിച്ച് പുറത്തിറങ്ങാത്തത് കാരണം സംസ്കരിക്കാൻ കഴിയാത്ത അനാഥ ശവങ്ങൾ... ആ അനാഥശവങ്ങളെ സംസ്ക്കരിക്കുവാനാണ് സ്വന്തം ജീവൻ പോലും പണയം വച്ച് കിഴക്കുംമുറിയിലെ തന്നെ വേദനിപ്പിച്ചവരുടെ ഇടയിലേക്ക് രക്ഷകനായി ഗോവിന്ദൻ കുട്ടി എത്തുന്നത്.. ഗോവിന്ദൻ കുട്ടി ഓർക്കുന്നു കിഴക്കുമ്മുറിയിലെ ആളുകൾക്ക് തന്നെ ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ശവങ്ങൾക്ക് താൻ വേണം.. ശവങ്ങൾക്ക് മാപ്പിളയും നായരും ഭേദമില്ല.. കള്ളനും തെമ്മാടിയും വ്യത്യാസമില്ല.. മരണത്തിന്റെ ചുഴലികാറ്റിൽ മനുഷ്യൻ ഉതിർന്നുവീണ ആ കാലത്തെ കുറിച്ച് പട്ടാളത്തിൽ നിന്ന് ലീവിൽ വന്ന മകൻ അബ്ദുവിനോട് തിത്തുമ്മ പറയുന്നത് "എന്തൊരു കാലേ കയിച്ചൂട്ടിത് മോനെ.. പടച്ചോന്റെ വേണ്ടു കൊണ്ട് നമ്മളൊക്കെ വാക്കി..."

അസുരവിത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ് കുഞ്ഞരയ്ക്കാർ.. എല്ലാവരും ഗോവിന്ദൻകുട്ടിയെ ഒറ്റപ്പെടുത്തുമ്പോഴും കുഞ്ഞരയ്ക്കാർ മാത്രമാണ് അയാളുടെ കൂടെ നിന്നത്.. എന്നാൽ തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരമായി പൊന്നാനിയിൽ പോയി തൊപ്പിയിട്ട് വന്ന ഗോവിന്ദൻകുട്ടിയെ തള്ളി പറയാൻ കുഞ്ഞരയ്ക്കാർക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല... ഗോവിന്ദൻകുട്ടിയെ മുട്ടുംവിളിയും സൽക്കാരവുമായി മുസ്ലിം പ്രമാണിമാർ കൊണ്ടു നടക്കുന്നത് കണ്ട് തിത്തുമ്മയോട് രോഷത്തോടെ പറയുന്നുണ്ട്... സക്കാത്ത് എന്താണെന്ന് അറിയാത്തവരാണ് വിരുന്നൂട്ടുന്നത്.. യത്തീമക്കൾക്ക് മുക്കാൽ എറിഞ്ഞു കൊടുക്കാത്തവർ ആണ് മുട്ടും വിളിക്കാർക്ക് വേണ്ടി കാശ് ചെലവിടുന്നത്.. മുസ്ലിമായ തന്നെ കണ്ടാൽ ഏറെ ആഹ്ലാദിക്കുക കുഞ്ഞരയ്ക്കാർ ആകുമെന്ന പ്രതീക്ഷയോടെ അവിടേക്ക് വന്ന ഗോവിന്ദൻകുട്ടി കാണുന്നത് കുഞ്ഞരയ്ക്കാരുടെ മറ്റൊരു മുഖമാണ്.. കടുത്ത മുഖത്തോടെ അദ്ദേഹം പറഞ്ഞു "ഇപ്പം വന്നേന് ഒന്നും പറേണില്ല.. ഇനി ഒരിക്കലും ബരണ്ടിനി.. ഞമ്മടെ പടിക്കവുത്തു ചവിട്ട്യാ കുഞ്ഞരക്കാരുടെ കളി മാറും"... പ്രിയപ്പെട്ട കുഞ്ഞരയ്ക്കാനെ പോലുള്ളവർ ഖിയാമം നാൾ വരെ ഇവിടെ ഉണ്ടാവട്ടെ...

ഈ എംടിയുടെ നവതി ഇത്ര മാത്രം കൊട്ടിഘോഷിക്കുവാനുണ്ടോ എവിടെ നോക്കിയാലും എംടി വാഴ്ത്തലുകൾ എന്നൊക്കെയുള്ള ചില പോസ്റ്റുകളും കണ്ടു.. എന്തു ചെയ്യാം.. "അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന നിളാനദിയാണെനിക്കിഷ്ടം" എന്ന് പറഞ്ഞ പ്രിയപ്പെട്ട എംടിയോട് ബഷീറിന്റെ നൂലൻ വാസുവിനോട് ഇത്തിരി ഇഷ്ടം കൂടുതലാണ്... ആലങ്കോട് ലീലാകൃഷ്ണൻ തൃശൂർ വച്ച് നടന്ന മനോരമയുടെ, എംടി കാലം നവതിവന്ദനത്തിൽ പങ്കെടുത്ത് പറഞ്ഞ പോലെ "എത്ര കണ്ടാലും മതിവരാത്ത കടല് പോലെയാണ് എംടി..." പ്രിയ എംടിക്ക് നവതി ആശംസകൾ...

Content Summary: Malayalam Article Written by K. V. Firozghan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT