പ്രണയമൈലാഞ്ചി പൂക്കവേ – മമ്പാടൻ മുജീബ് എഴുതിയ കവിത

Mail This Article
ഓ ആലിയാ,
മുഹബ്ബത്തിന്നത്തർ പുരട്ടിയ
ഏതുറുമാലിലാണു നിന്റെ പേരു
ഞാൻ തുന്നിച്ചേർക്കുക
ബാല്യത്തിലോതിപ്പഠിച്ച,
ഹൂറികളുടെ മൊഞ്ചിനപ്പുറം
ഹൃദയവാടത്തിലെവിടെയാണു
നിന്നെ ഞാൻ കാത്ത് വെക്കുക
മൈലാഞ്ചിച്ചോപ്പിലിടകലരുന്ന
നാണത്തിൽ കുതിർന്ന മുഖകാന്തി
വിരലുകൊണ്ടെത്ര നേരമാണു നീ
കുസൃതിയിലൊളിപ്പിച്ച് കാക്കുക
ജിന്നുകൾ ഇണതേടാനിറങ്ങുന്ന
മൂവന്തി നേരത്ത്, പള്ളിത്തൊടിയിൽ
കാത്തിരുന്നതെന്നെയല്ലെന്ന്
ആരെയാണു നീ വിശ്വസിപ്പിക്കുന്നത്
ഇനിയുമാലിയാ, എന്റെ ഹൃദയം
കൽക്കണ്ടം ചാലിച്ച്, കുങ്കുമപ്പൂ വിതറവേ
എന്റെ പ്രണയത്തിലേക്ക് നീ വീണ്ടും
കടക്കണ്ണെറിഞ്ഞെന്നെ തളർത്തായ്ക
ഏത് കടലിനപ്പുറവുമെന്റെ പ്രിയതമേ
നിന്റെ ഹൃദയം തമ്പുരുമീട്ടുന്നതെപ്പഴും
എന്നെയോർത്തല്ലെന്നാരെ ഉണർത്തണം
അസർമുല്ലയായകതാരിൽ പൂത്ത് നിൽക്കുന്ന
നിന്നെ ഞാനെങ്ങനെയാണാലിയ, കൂർത്ത
കള്ളിച്ചെടികൊണ്ട് മീസാൻ കല്ല് കൊണ്ട്
അടയാളമിട്ട്, കരളിൽ നിന്ന് കരിച്ചൊടുക്കുന്നത്
Content Summary: Malayalam Poem ' Pranayamylanchi Pookkave ' Written by Mambadan Mujeeb