ADVERTISEMENT

പുസ്തകത്താളുകളിൽ എഴുതിവച്ചത് അതുപോലെ വിദ്യാർഥികൾക്ക് പകർന്നു കൊടുക്കൽ അല്ല ഒരു യഥാർഥ അധ്യാപകന്റെ ബാധ്യത. തന്റെ മുന്നിലെത്തുന്ന വിദ്യാർഥികളെ നാല് ചുവരുകൾക്ക് അപ്പുറമുള്ള വിശാലമായ ലോകത്തേക്ക് നയിക്കാൻ പ്രാപ്തനാക്കുക എന്നതാണ്. ഗുരുവും ദൈവവും ഒരുമിച്ചു വന്നാൽ ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല ഗുരുവിനെ തന്നെ. കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരു ആണല്ലോ? പതിനഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന വിഖ്യാത കവിയായ കബീർദാസ് അധ്യാപക പദവിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിവ. സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി നമ്മുടെ രാജ്യം ആചരിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഈ വാചകങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോട് ഉള്ള ആദരസൂചകമായിട്ടാണ് ദേശീയ അധ്യാപക ദിനമായി ഈ ദിവസം നാം കൊണ്ടാടുന്നത്. 

ഞാനൊരു അധ്യാപികയല്ല, എന്നാലും വളരെ ചെറുപ്പത്തിൽ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എന്റെ മറുപടി എപ്പോഴും ടീച്ചർ എന്ന് തന്നെ ആയിരുന്നു. പിന്നീട് കാലവും ജീവിതസാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് എന്റെ മോഹങ്ങളും സ്വപ്നങ്ങളും മാറിക്കൊണ്ടേയിരുന്നു. കുട്ടികളെ പഠിപ്പിക്കുക എന്ന മോഹം അയൽവക്കത്തുള്ള ചില കുട്ടികളെ പഠിപ്പിച്ചു തീർത്തു. ഏർലി ചൈൽഡ്ഹൂട് എജുക്കേഷനിൽ (Early Childhood Education )ഒരു ഡിപ്ലോമ നേടിയെടുത്തപ്പോൾ അതിന്റെ ഭാഗമായി കുറെ ചൈൽഡ് സൈക്കോളജിയും ഞാൻ പഠിച്ചിരുന്നു. പഠിച്ച അറിവുകൾ ഒക്കെ സ്വന്തം മക്കളിൽ മാത്രം പ്രയോഗിച്ചു. എന്നാലും എന്റെ അടുത്ത കൂട്ടുകാരിയായ കവിതാ ബാലകൃഷ്ണപിള്ള എന്ന മലയാളം ടീച്ചർ പങ്കുവച്ച ചില സരസമായ അനുഭവക്കുറിപ്പുകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 

ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചു. ആ സ്കൂളിലെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം മാത്രം പഠിപ്പിക്കാൻ ആകെ രണ്ട് ടീച്ചർമാരെ ഉള്ളൂ. അതിൽ ഒരാളായിരുന്നു കവിത. ഓണാവധി കഴിഞ്ഞ് വരുന്ന കുട്ടികൾക്ക് താമസമില്ലാതെ ഓണപ്പരീക്ഷയുടെ പേപ്പർ കറക്റ്റ് ചെയ്ത് കൊടുക്കണം. അവസാന ആഴ്ച പ്രോഗ്രസ് കാർഡും. ഭാഷ അധ്യാപികമാർക്ക് ക്ലാസിന്റെ ചാർജ് ഇല്ല. ക്ലാസ് ടീച്ചർ എന്ന പദവി ഇല്ലാത്തത് കൊണ്ട് ജോലിയും ഉത്തരവാദിത്വങ്ങളും കുറവാണെന്നൊരു ഗുണമുണ്ട്. എത്രയും വേഗം പേപ്പർ കറക്റ്റ് ചെയ്ത് മാർക്കിട്ട് അതാത് ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചാൽ തന്റെ ഡ്യൂട്ടി തീർന്നു. ഓണ തിരക്ക് കഴിഞ്ഞ് പേപ്പറുകൾ നോക്കാൻ ഇരുന്നപ്പോഴാണ് ചിരിയുടെ അമിട്ട് പൊട്ടുന്ന രീതിയിൽ ഓരോ വിരുതന്മാർ എഴുതിവച്ചിരിക്കുന്നത് കണ്ടത്. 

വാക്യത്തിൽ പ്രയോഗിക്കുവാൻ കൊടുത്തിരുന്ന വാക്കുകളായിരുന്നു. ‘ജീവന്റെ ജീവൻ’, ‘ചോരനീരാക്കി’, ’പിടികിട്ടി’. അതിന് ഒരു കുട്ടി എഴുതി വെച്ചത്. 

1. ജീവന്റെ ജീവൻ:- 

ഭാര്യയ്ക്ക് ഭർത്താവിനെ ജീവന്റെ ജീവനായിരുന്നതുകൊണ്ട് അവർ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു. 

2. ചോര നീരാക്കുക:- 

മകൻ കണക്ക് പരീക്ഷയിൽ തോറ്റു എന്ന് അറിഞ്ഞപ്പോൾ ദേഷ്യം വന്ന് അച്ഛൻ മകന്റെ ചോര പിഴിഞ്ഞു നീര് ആക്കി. 

3. പിടികിട്ടി:- 

മുറി വൃത്തിയാക്കിയപ്പോൾ കട്ടിലിനടിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കളഞ്ഞുപോയ എന്റെ കുടയുടെ പിടികിട്ടി. 

‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു’ അത് ഗുണപാഠം വരുന്ന രീതിയിൽ ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടിട്ടുള്ളത് ആയിരുന്നു അടുത്ത ചോദ്യം. അതിന് മറ്റൊരു വിരുതൻ എഴുതി വച്ചിരുന്നത് ഇങ്ങനെ. 

രാമുവും ശ്യാമുവും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവർ അടുത്തടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു കുടുംബങ്ങളും വളരെ സൗഹാർദ്ദത്തിൽ ആണ് കഴിഞ്ഞിരുന്നത്. പക്ഷേ ഒരു ദിവസം രാമു കുടുംബസമേതം സിനിമയ്ക്ക് പോയപ്പോൾ ശ്യാമു അവന്റെ വീടിന്റെ ഗേറ്റ് തുറന്ന് ഒരു ടൈം ബോംബ് അവിടെ കൊണ്ടുവച്ചിട്ട്‌ തിരികെ സ്വന്തം വീട്ടിലെത്തി. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും അത് പൊട്ടുന്ന ശബ്ദം ഒന്നും കേൾക്കാത്തതുകൊണ്ട് അത് എന്താണ് പൊട്ടാത്തത് എന്ന് നോക്കാൻ ശ്യാമുവിന്റെ മുറ്റത്തേക്ക് കാലെടുത്ത് വെച്ചതും ആ ബോംബ് പൊട്ടി. അങ്ങനെ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. ശ്യാമു ഇട്ട ബോംബിൽ ശ്യാമു തന്നെ പൊട്ടി. 

ഇതൊക്കെ വായിച്ചു കവിത ടീച്ചർ കുറെ നേരം ചിരിച്ച് തലയിൽ കൈവെച്ച് ഇരുന്നു പോയി. എന്ത് ചെയ്യണം ഈ കുസൃതികളെ? ഈയിടെ ലക്നോവിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപികയെ ഏൽപ്പിച്ചു കൊടുത്താലോ?

സ്കൂൾ തുറന്നപ്പോൾ ഈ വിരുതന്മാരെ പ്രത്യേകം സ്റ്റാഫ് റൂമിൽ വിളിപ്പിച്ച് ഇങ്ങനെ എഴുതാനുള്ള കാരണം അന്വേഷിച്ചു കവിത ടീച്ചർ. കഥയെഴുതിയ കുട്ടി പറഞ്ഞത് അത് ഒരു സുരേഷ് ഗോപി ചിത്രത്തിൽ നിന്ന് കിട്ടിയ ഐഡിയ ആയിരുന്നു എന്ന്. വാക്യത്തിൽ പ്രയോഗിച്ച വിരുതന്മാരെ വിളിച്ചു ചോദിച്ചപ്പോഴാണ് ഇതിന്റെയൊക്കെ യഥാർഥ കാരണം മനസ്സിലായത്. അവർ മലയാള പാഠപുസ്തകം അല്ലാതെ മറ്റൊന്നും മലയാളത്തിൽ വായിക്കാറില്ല. വീട്ടിൽ സംസാരിക്കുന്നത് പോലും ഇംഗ്ലിഷിലാണ്. പിന്നെ ചില മലയാള സിനിമകളിലും സീരിയലുകളിലും നിന്നും ഉള്ള അറിവ് വച്ചാണത്രേ ഇങ്ങനെ എഴുതിയത്. 

മറ്റ് വിഷയങ്ങൾക്ക് അമിതപ്രാധാന്യം നൽകി മലയാളത്തിനെ തഴയുന്ന കാഴ്ചയാണ് എല്ലായിടത്തും കണ്ടുവരുന്നത്. മലയാളത്തിന് ജയിക്കാനുള്ള മാർക്ക് മാത്രം കിട്ടിയാൽ മതിയെന്നാണ് കുട്ടികളുടെ മാത്രമല്ല അച്ഛനമ്മമാരുടെ പോലും ചിന്താഗതി. കേരളത്തിലെ കുട്ടികളുടെ മാതൃഭാഷ മലയാളം ആണെന്നും നമ്മുടെ ഭരണഭാഷയും മലയാളം തന്നെയെന്ന് കവിത ടീച്ചർ കുഞ്ഞുങ്ങളെ ക്ഷമയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ആഴ്ചയിൽ ഒരു ദിവസം എല്ലാ കുട്ടികളും സ്കൂളിലെ വായനശാലയിൽ നിന്ന് മലയാളത്തിലെ ഒരു കൊച്ചു കഥ പുസ്തകം എടുത്തു കൊണ്ടുപോയി വായിച്ചു അടുത്ത ദിവസം കുട്ടികൾ മാറി മാറി ആ കഥ മറ്റു കുട്ടികൾക്ക് അവരവരുടെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു കേൾപ്പിക്കണം എന്ന ടീച്ചറിന്റെ ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

അതുകൊണ്ട് രണ്ട് ഗുണങ്ങൾ ഉണ്ടായി. ഒന്ന് കൊച്ചു കൊച്ചു ഗുണപാഠകഥകളിലൂടെ കുട്ടികൾ ഭാഷാപ്രാവീണ്യം നേടിയെടുത്തു. മറ്റൊന്ന് കുട്ടികളുടെ സ്റ്റേജ് ഭയം ഇല്ലാതായി. അങ്ങനെ കവിത ടീച്ചർ ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു. എന്തിനും ഏതിനും കുട്ടികളെ കുറ്റപ്പെടുത്തി, അപമാനിച്ച്, മറ്റുള്ളവരുടെ മുമ്പിൽ വച്ച് പരിഹസിച്ച് ചിരിച്ച്, തല്ലിച്ചതയ്ക്കുന്ന ടീച്ചർമാരിൽ നിന്നെല്ലാം വ്യത്യസ്തയായ മാതൃകാ ടീച്ചർ എല്ലാ വിദ്യാർഥികളുടെയും കണ്ണിലുണ്ണിയാണെന്ന് പിന്നെ പ്രത്യേകം പറയണ്ടല്ലോ? 

Content Summary: Malayalam Short Story ' September 5 Deshiya Adhyapaka Dinam ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT