ADVERTISEMENT

ജീവിതം എന്നും ഒരു ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുകയാണ്. ആരാണ് എന്റെ കൂട്ടുകാരൻ എന്ന് ചോദിച്ചാൽ ആരും തന്നെയില്ല എന്ന്  പറയേണ്ടിവരും. സുഹൃത്ത് ബന്ധങ്ങളൊക്കെ തുടങ്ങുന്നത് സ്കൂൾ ജീവിതത്തിന്റെ ആരംഭത്തിൽ ആയിരിക്കുമല്ലൊ. എനിക്കും ഒന്നാം ക്ലാസ് മുതൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. കൊച്ചുകുട്ടികൾ ആകുമ്പോൾ വഴക്കുണ്ടാക്കുകയും തല്ലു കൂടുകയും ഒക്കെ പതിവായിരിക്കും. ഒരു ദിവസം എന്റെ കൈയ്യിൽ ഇരുന്ന പെൻസിൽ കൂട്ടുകാരന്റെ കണ്ണിൽ കൊണ്ട് ചോരവന്നു തുടങ്ങി ഞാൻ ശരിക്കും പേടിച്ചുപോയി. കാരണം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു കൂട്ടുകാരന്റെ വീട്. ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. അതുവഴി വന്ന എന്നെ അവന്റെ അമ്മ ബലമായി അവിടെ പിടിച്ചുവച്ചു. എന്റെ മകന്റെ കണ്ണിൽ കുത്തിയ നിന്നെ പൊലീസിനെ കൊണ്ട് പിടിപ്പിക്കും എന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ പേടിച്ച് കരഞ്ഞു തുടങ്ങി. 

കുറെ മാസങ്ങളോളം അതുവഴി നടന്നു പോകാൻ പോലും എനിക്ക് പേടിയായിരുന്നു. എന്തോ ദൈവഭാഗ്യം കൊണ്ട് കൂട്ടുകാരനും കുടുംബവും അവിടെ നിന്ന് താമസം മാറി. അതോടെ എന്റെ പേടിയൊക്കെ മാറി സന്തോഷത്തോടെ സ്കൂളിലേക്ക് പോകാൻ തുടങ്ങി. എന്നാൽ ഇതൊന്നും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ഒരു വിധത്തിലും ബാധിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും ഒരുമിച്ച് തന്നെയായിരുന്നു. അഞ്ചാറ് വർഷത്തോളം അവന്റെ വീട്ടിലേക്ക് ഞാൻ പോയില്ല. അവൻ എപ്പോഴും വിളിക്കുമെങ്കിലും എനിക്ക് പോകാൻ പേടിയായിരുന്നു. പക്ഷെ ഒരു ദിവസം ഞാൻ അവന്റെ വീട്ടിലേക്ക് പോയി. അവന്റെ അമ്മ എന്നെ സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു ഇവനല്ലേ പണ്ട് നിന്റെ കണ്ണീട്ട് കുത്തിയത്. ഞാൻ നിന്ന് പരുങ്ങി. എനിക്ക് പണ്ടത്തെ കുറ്റബോധം വീണ്ടും തോന്നി. പക്ഷേ പിന്നീട് ആ വീട് ആയിട്ടുള്ള എന്റെ ബന്ധം വളരെ ദൃഢമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. പത്താം ക്ലാസ് വരെ എല്ലാ തരികിട പ്രശ്നങ്ങൾക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. അതിനുശേഷം വർഷങ്ങളോളം ആ സുഹൃത്ത് ബന്ധം നിലനിന്നു പോന്നു. ഒരു ദിവസം പോലും ഞങ്ങൾ കാണാതെയോ, സംസാരിക്കാതെയൊ ഇരുന്നിട്ടില്ല സുഹൃത്ത് ബന്ധം എന്നത് അത്രക്ക് വലുതായിരുന്നു. 

പക്ഷേ ഒരു ദിവസം ഞാൻ അവനെ തിരക്കി  വീട്ടിൽ ചെന്നു. അവന്റെ അമ്മ പറഞ്ഞു അവൻ കോയമ്പത്തൂർ പോയെന്ന് നിന്നോട് പറഞ്ഞില്ലേ എന്ന്. ഞാൻ പെട്ടെന്ന് ഏതോ ഒരു അവസ്ഥയിൽ ആയിപ്പോയി. ആ എന്നോട് പറഞ്ഞിരുന്നു. ഞാൻ മറന്നു പോയതാ. അവൻ മൂന്നാലു മാസം കഴിഞ്ഞേ വരൂ എന്നാ പറഞ്ഞത് അവന്റെ അമ്മ പറഞ്ഞു. ശരി ചേച്ചി എന്നു പറഞ്ഞു ഞാൻ അവിടെനിന്നിറങ്ങി. ഞാൻ ആ വീട്ടിൽ നിന്നും നടന്നത് ഭൂമിയിലൂടെ ആണോ പാതാളത്തിലൂടെ ആണോ എന്നെനിക്കറിയില്ല. ഓരോ അടി നടക്കുമ്പോഴും കാലുകൾ താഴ്ന്നു താഴ്ന്നു പോയിക്കൊണ്ടിരുന്നു. ഫ്രണ്ട്ഷിപ്പിന് മറ്റുള്ളവർ എന്ത് വില കൽപ്പിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം. പിന്നീട് ഞാൻ അവനെ കാണുമ്പോൾ എല്ലാം സംസാരിക്കാതെ ഒഴിഞ്ഞുമാറി പോകാൻ ശ്രമിച്ചു. കുറച്ചുനാളുകൾക്കു ശേഷം കാണുമ്പോൾ സംസാരിക്കുമെങ്കിലും പഴയ ബന്ധം ഒരിക്കലും ഉണ്ടായില്ല. ഇപ്പോഴും ഞങ്ങൾ ഫ്രണ്ട്സ് ആണ്. പക്ഷേ എന്തോ ഒരു അകൽച്ച അത് ഇപ്പോഴും എനിക്ക് ഫീൽ ചെയ്യുന്നു. 

എനിക്ക് സുഹൃത്തുക്കൾ വാഴില്ല എന്നത് സത്യമാണ്. പിന്നീട് അങ്ങോട്ട് ഉണ്ടായ ഒരു സുഹൃത്ത് ബന്ധവും നിലനിർത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ചോദിച്ചാൽ ഞാൻ തന്നെ ആയിരിക്കും കാരണം. സുഹൃത്ത് ബന്ധം എന്നത് 100% വും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ മറ്റുള്ളവർ അത് 99% വും നിലനിർത്താനാണ് ശ്രമിച്ചത്. പക്ഷേ ഒരു ശതമാനം അത് എന്നെ സംബന്ധിച്ചിടത്തോളം 100% ത്തേക്കാൾ മുകളിലായിരുന്നു. ഒരു കൂട്ടുകാരോട് പോലും വഴക്കുണ്ടാക്കിയൊ, അടിപിടി കൂടിയോ ഞാൻ പിരിഞ്ഞിട്ടില്ല. ചെറിയ ചെറിയ പിണക്കങ്ങൾ കാരണം എല്ലാ സുഹൃത്ത് ബന്ധങ്ങളും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ഇപ്പോഴും എല്ലാവരെയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എന്നല്ലാതെ കൂട്ടുകാരൻ എന്ന വാക്കിന്റെ അർഥം അറിയാവുന്ന ആരും തന്നെ കൂട്ടുകാരായിട്ട് ഇന്നും എനിക്കില്ല.

Content Summary: Malayalam Article ' Friends ' Written by Timto Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com