ADVERTISEMENT

ചിങ്ങം പിറക്കുമ്പോൾ ഓണമെത്തുമ്പോൾ

മനതാരിൽ നിറയുന്നു ഓർമ്മതൻ തിരകൾ

കാട്ടിലും മേട്ടിലും വള്ളിപ്പടർപ്പിലും

പുഴതന്നോരത്തും പാട വരമ്പിലും

പൂക്കൾ നിറയുന്ന പൊന്നോണ നാളുകൾ
 

പൂവേപൊലി പാടി ഓലപൂക്കൂടയേന്തി 

കുഞ്ഞുങ്ങളോടുന്ന നാട്ടിടവഴികൾ 

തുമ്പപ്പൂ നിറയുന്ന പാടവരമ്പുകൾ 

മുക്കുറ്റിപ്പൂ വിരിയും തോട്ടിന്നിറമ്പുകൾ 

മന്ദാരം പൂക്കുന്ന വേലിപടർപ്പുകൾ 

ചോരച്ചുവപ്പാർന്ന ചെമ്പരത്തിക്കാടുകൾ

കണ്ണെഴുതി നിൽക്കുന്ന ശംഖുപുഷ്പത്തിൻവള്ളികൾ
 

ഓടപ്പൂ, ഈച്ചപ്പൂ, കണ്ണാന്തളി ചന്തവും 

കനകാംബരവുമാ കാട്ടുകുറിഞ്ഞിയും

തെച്ചി, അശോകം കൊങ്ങിണിപൂക്കളും 

വെണ്മ നിറയ്ക്കുമാ പാരിജാതവും പിച്ചിയും
 

മഴക്കാല മേഘങ്ങൾ പെയ്തൊഴിഞ്ഞ നാളുകൾ

നാടാകെ കേൾക്കുന്ന കൊയ്ത്തുപാട്ടിന്റെ മേളവും

വിളവെടുപ്പിനാനന്ദം നിറയുമാ കളപ്പുരകളും

വിസ്‌മൃതിയിലാണ്ടുപോയ് ആ ഓണത്തിന്നോർമ്മകൾ
 

ഇന്നെത്തിയോണം.. പൂക്കാലമെവിടെ..?  

പൂവിളിയെവിടെ? കൊയ്ത്തുപാട്ടിന്നിതെവിടെ..??
 

ഓലപ്പൂക്കൂടയും ഊഞ്ഞാലുമില്ല 

പൂ നിറയും പാടവരമ്പുകളില്ല,

നെല്ലുനിറയുന്ന കളപ്പുരകളുമില്ല.

പ്രകൃതിതൻ പച്ചപ്പും നന്മയുമില്ല

നാടിന്നൊരുമയും പുഞ്ചിരിയുമില്ല
 

 

അഴകായ് നിറയുന്നു പൂക്കളങ്ങളെങ്ങും 

പ്‌ളാസ്റ്റിക് കവറിലെ പൂക്കളിൻ വർണ്ണത്താൽ 

ഓണസദ്യയുമെത്തുന്നു ഓൺലൈൻ ഓർഡറിൽ  

ഓണമതിന്നൊരു സെൽഫിയും സ്റ്റാറ്റസും
 

കൊതിപൂണ്ട മനമിന്നു കാത്തിരിക്കുന്നു

വന്നെത്തിടൂമോ വീണ്ടുമാ പൊന്നോണ നാളുകൾ..?
 

കടലോളം നീളുന്ന ഓണപ്പൂവിടങ്ങളും 

നാട്ടിടവഴികളിലെ പൂവേപൊലി ആർപ്പും

നെൽമണിമുത്താൽ നിറയുന്ന കളപ്പുരകളും

നാവിൽ നിറയുന്ന പുത്തരി മാധുര്യവും.
 

പ്രകൃതി തൻ പച്ചപ്പും നന്മയും ശുദ്ധിയും

ശാന്തതയും സ്നേഹവും വർണ്ണത്തിളക്കവും  

നിറഞ്ഞാർത്തു തൂവുന്ന ആനന്ദനാളുകൾ…

സുഗന്ധമായ് നിറയുന്ന പൊന്നോണ നാളുകൾ..
 

Content Summary: Malayalam Poem ' Onasugandham ' Written by Roopalekha B.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com