ഓർക്കാൻ പ്രിയമുള്ള ഒരോർമ്മയായിരിക്കണം നീയെനിക്ക്...

Mail This Article
നേരിയതോതിൽ രാത്രിമഞ്ഞ് പൊഴിഞ്ഞു തുടങ്ങിയിരുന്നു. മറ്റൊരു തിരക്കേറിയ ആഴ്ചയുടെ തുടക്കത്തിലേക്ക് കണ്ണുംനട്ട് നീണ്ടുകിടക്കുന്ന ഞായറാഴ്ച രാത്രിയുടെ ഏതാണ്ട് അവസാന മണിക്കൂറിലേക്ക് പതിവുപോലെ അവർ കൈകോർത്തു നടന്നുകൊണ്ടിരിക്കുന്നു. "എടോ.. ദാ ഇപ്പോ നമ്മളെ കടന്നുപോവുന്ന ഈ നിമിഷമില്ലേ.. ഈ നിമിഷം ഈ ലോകത്ത് ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യരാവോ ഓർമ്മിക്കുവാൻ വേണ്ടി ജീവിക്കുന്ന മനുഷ്യരാവോ കൂടുതൽ?" ആയാസരഹിതമായ ആ രാത്രി നടത്തതിന്റെ രസചരട് പൊട്ടിച്ചുകൊണ്ട് അവൾ വഴിയരുകിലെ കൽ ബെഞ്ചിൽ ഇരുന്നു, കൂടെ അയാളും. "അതിപ്പോ.. താനെന്റെ കാര്യം ചോദിച്ചാൽ തന്നെ എനിക്ക് ഉത്തരം തരാൻ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ആലോചിക്കേണ്ടിവരും.. അപ്പോഴാണ് ഈ ലോകത്തൊള്ള മനുഷ്യമ്മാരുടെ മൊത്തം കാര്യം..!" പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഹോം സ്ക്രീൻ ലോക്ക് അഴിക്കുന്നതിൽ വ്യാപൃതനായിരുന്നുകൊണ്ട് തന്നെ തലയുയർത്താതെ അയാൾ പിറുപിറുത്തു. "ഹാ.. വെറുതെ പറയാലോ... തനിക്ക് എന്താ തോന്നുന്നേ.?"
അയാൾ പതുക്കെ ഒരു ദീർഘനിശ്വാസത്തിന് പുറകെ ഫോൺ കൽബെഞ്ചിലേക്ക് മാറ്റിവച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. കക്ഷി ലേശം ഗൗരവത്തിലാണ് എന്ന് മനസിലാക്കി അയാൾ തന്റെ ശബ്ദത്തിലും അതേ ഗൗരവം കലർത്താനുള്ള ശ്രമം തുടങ്ങി. "ഓർമ്മകൾ തന്നെ ഏറ്റവും കുറഞ്ഞത് രണ്ടുതരം എങ്കിലും ഉണ്ടെന്നാണ് എന്റെ ഒരിത്.. ഒന്ന്, നമ്മൾ ഓർത്തുവക്കുന്നത്.. രണ്ട് നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഈ പറഞ്ഞ രണ്ട് തരത്തിലും പല പല സബ് കാറ്റഗറീസ് വരാം കേട്ടോ.. നമ്മുക്ക് ഓർക്കാൻ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ ഓർമ്മകൾ ഈ രണ്ട് കൂട്ടത്തിലും ഉണ്ടാവാമല്ലോ.." "വെയിറ്റ്.. വെയിറ്റ്.. നമ്മുക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാൾ.. അല്ലെങ്കിൽ ഒരു ബന്ധം.. അതിപ്പോ സൗഹൃദമോ.. പ്രണയമോ.. എന്ത് തന്നെയും ആയിക്കോട്ടെ.. ലൈഫിൽ ഒരു പോയിന്റിൽ വച്ചു മുന്നോട്ട് പോകുന്തോറും പിന്നീട് ഓർക്കാൻ ഇഷ്ടം തോന്നാത്ത ഓർമയായിപോവുമെന്ന് തോന്നി തുടങ്ങിയാൽ എന്ത് ചെയ്യും? ലോകത്തെ മൊത്തം മനുഷ്യമ്മാരുടേം കാര്യം അവിടെ നിക്കട്ടെ... തന്റെ കാര്യം പറ.."
"അവിടെ വച്ചു ചിരിച്ചുകൊണ്ട് ഒരു സലാം പറഞ്ഞു പിരിയും.. പിന്നീട് എപ്പോഴേലും ഓർക്കുമ്പോൾ ഹാപ്പി ആയിട്ട് ഓർക്കാനാ എനിക്കിഷ്ടം.. പ്രത്യേകിച്ചു എനിക്ക് ഏറ്റോം ഇഷ്ടോള്ള മനുഷ്യരെ!" "എന്നെയും?" അലസമായി മറ്റെങ്ങോ തറച്ചു നിന്നിരുന്ന ആ നീണ്ട കണ്ണുകൾ പൊടുന്നനെ അയാളുടെ നേർക്ക് മാത്രമായി ചലനമറ്റുനിന്നു. "പിന്നല്ലാണ്ട്.. തനിക്കെന്താ കൊമ്പുണ്ടോ.?!" "ഓഹ്.. അല്ലേലും അങ്ങനെ കഷ്ടപ്പെട്ട് എന്നെ ഓർത്തോണ്ടിരിക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ലേ.." അവൾ മുഖം ചുളിച്ചു. "അതെയോ.. എന്നാ തന്നെ മറക്കാൻ പറ്റുവൊന്ന് നോക്കട്ടെ.." വിടരാൻ വെമ്പി നിന്ന ഒരു കുസൃതി ചിരി ചുണ്ടുകൾക്കിടയിൽ ഞെരുക്കി ഒതുക്കാൻ അയാൾ തെല്ലും പാടുപെട്ടു. "ഓഹ്.. നോക്കിക്കോ.. അല്ലേലും ഇടയ്ക്കൊക്കെ ഒന്ന് മറന്നുപോയെന്നും വച്ചു എന്നാ പ്രശ്നം.. എപ്പോഴായാലും ഓർക്കാൻ കൊതി തോന്നുന്ന ഓർമയായാൽ മതി.. എനിക്കത്രേ ഒള്ളൂ.! ഇടയ്ക്കൊന്നു മറന്നിട്ടു എപ്പോഴേലും ഓർമ്മയിൽ ചാടി വീഴുമ്പോൾ ഓർക്കാൻ പ്രിയമുള്ള ഒരോർമ്മയാരിക്കണം.. രസല്ലേ?"
ഭൂമിയിൽ നിന്നേറെദൂരെ വേറേതോ ഭാവനാ ലോകത്തിൽ അവളുടെ മുഖം സ്വപ്ന സാഫല്യത്തിലെന്നപോലെ ചുമന്നുതുടുത്തു. "പിന്നേ..! അത് അത്രേയൊള്ളൂ.. അപ്പൊ നമ്മളേം നമ്മടെ മനുഷ്യമ്മരേം ഇപ്പൊ കടന്നുപോകുന്ന ഈ നിമിഷത്തെ നമ്മൾ എന്തിന്റെപേരിലാ ഓർക്കണ്ടേ..??" "ബിസ്‌ക്കറ്റ് ചായ.! നമ്മുക്ക് ഒരു ചായ കുടിക്കാൻ പോയാലോ.?" അന്നേരം അവളുടെ കണ്ണുകളിൽ മാത്രമായി ആ രാത്രിയുടെ നിലാവെളിച്ചം വീണുപരക്കുന്നതായി അയാൾക്ക് തോന്നി. "ഹാ.. ചായ ഓക്കെ.. പക്ഷേ കഴിഞ്ഞ വട്ടത്തെ പോലെ മുടി ഒഴപ്പും എന്നും പറഞ്ഞു ഹെൽമെറ്റ് വക്കാതെ വരാനാണേൽ ഞാൻ ബൈക്കിൽ പോയി അവിടെ വെയിറ്റ് ചെയ്യും.. താൻ പയ്യെ നടന്നു വരും.. ഓക്കെ?!" "ഓഹ്.. കുറഞ്ഞത് സി സി ടിവിയെ എങ്കിലും തനിക്ക് പേടിയൊണ്ടല്ലോ.. നല്ലതാ.. ഹെൽമെറ്റ് ഞാൻ എടുത്തോളാം.. ഡോണ്ട് വറി.." ബൈക്കിന്റെ സൈഡ് മിററിൽ നോക്കി ഹെൽമറ്റ് ശരിയാക്കുന്നതായി അഭിനയിച്ചുകൊണ്ട് അവന്റെ മുഖത്തെ കള്ളച്ചിരി ഏറുകണ്ണിട്ട് നോക്കിക്കൊണ്ട് അവൾ കൂട്ടിച്ചേർത്തു.. "പിന്നേ.. ഇടയ്ക്കൊക്കെ ഒന്ന് മറന്നുപോയാലും കൊഴപ്പൊന്നുല്ലാന്ന് ഞാൻ നേരത്തെ പറഞ്ഞതേ.. അത് താൻ അത്ര കാര്യായിട്ട് ഓർത്തിരിക്കണ്ട.. കേട്ടല്ലോ.!!" തമ്മിൽ കൂട്ടിമുട്ടി വലുതാവാൻ തുടങ്ങി നിന്ന രണ്ടു ചിരികളെ മുറിച്ചു കടന്നുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തയാറെടുത്തു.. രാത്രിമഞ്ഞിന്റെ തണുപ്പ് അവരോടൊപ്പം ചായക്കടയ്ക്ക് മുന്നിലെ വഴിവിളക്ക് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
Content Summary: Malayalam Short Story ' Biscuit Chaya ' Written by Archana Kalyan