ADVERTISEMENT

"നീലിമയെ കണ്ട് പഠിക്ക്. ഇത് പോലെ അടക്കവും ഒതുക്കവും ഉള്ള വേറെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. നിനക്ക് അത് പോലെ ആയാലെന്താ? അവൾക്കും നിന്റെ അതേ പ്രായം അല്ലേ? മൂത്തവരോട് എതിർവാ പറയലോ തർക്കുത്തരം പറയലോ, ങ്ങേ ഹേ! ഇല്ലേയില്ല. അങ്ങനെ ഒരു കുട്ടി ആ വീട്ടിൽ ഉണ്ടെന്ന് പുറത്തേക്ക് അറിയില്ല." നീലിമയുടെ സ്തുതി കേൾക്കാത്ത ഒറ്റ ദിവസം പോലും രാജിക്ക് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ അവളെ രാജിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. അവൾക്കെന്താ കൊമ്പുണ്ടോ? രാജി എപ്പോളും വിചാരിക്കും. വളർന്ന് വലുതായി പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടി രാജി കൊച്ചിയിലെത്തി. ഒരു ദിവസം അമ്മ വിളിച്ച് പറഞ്ഞു, "നളിനിയേടത്തി പോയി മോളെ. നീലിമയെ മുറചെക്കൻ അരവിന്ദൻ കല്യാണം കഴിച്ചു കൊണ്ട് പോയി. എറണാകുളത്ത് എവിടെയോ എന്തോ ഒരു ചെറിയ ജോലി ആണാ പയ്യന്. അവന്റെ രണ്ടാം കെട്ടാ. പാവം കുട്ടി." രാജിക്ക് ആദ്യമായി നീലിമയോട് അനുകമ്പ തോന്നി. മംഗലത്തറ തറവാട്ടിലെ കാരണവരുടെ പേരക്കുട്ടിയായി സമ്പത്തിലും സമൃദ്ധിയിലും വളർന്ന ആ കുട്ടിയുടെ ഇന്നത്തെ അവസ്ഥ എന്താ? പാവം!

മെട്രോയിൽ കേറിയാൽ രാജിക്ക് വേഗം ഓഫിസിൽ എത്താം. പക്ഷേ രാജി മിക്കവാറും കാർ എടുക്കും. എന്നിട്ട് എല്ലാ ജംഗ്ഷനിലും പച്ച വെളിച്ചം കാത്ത് ഇരിക്കും. കാർ ആണെങ്കിൽ രാത്രിയെത്ര വൈകിയാലും പേടിക്കാതെ വീട്ടിലെത്താം. അങ്ങനെ കാർ എടുത്ത ഒരു ദിവസം രാജി പറവൂർ കവലയിൽ സിഗ്നൽ കാത്ത് ഇരിക്കുമ്പോൾ ഒരമ്മയും കുട്ടിയും റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് കണ്ടു. "വണ്ടി നിർത്തിയത് കണ്ടിട്ടെന്താ അവർ റോഡ് മുറിച്ച് കടക്കാത്തത്? ഇനി വണ്ടി എടുക്കുമ്പോളാവും മുന്നിലേക്ക് ചാടുന്നത്. എന്ത് ചെയ്യാനാ വിവരം ഇല്ലാത്ത ആൾക്കാർ." അവൾ അവരെ ശ്രദ്ധിച്ച് നോക്കി. ഇത് നീലിമയല്ലെ. ഇവൾക്ക് ഇത് എന്ത് പറ്റി? മെഴുക്കില്ലാതെ മുടി പാറി പറന്നു കിടക്കുന്നു. ഒക്കത്ത് ഒരു കുട്ടിയും. അതാരാ? അഞ്ചാറ് മാസമല്ലേ ആയുള്ളൂ അവളുടെ കല്യാണം കഴിഞ്ഞിട്ട്. പിന്നെ കുട്ടി? അവളുടെ മുഖം ആകെ മാറിയിരിക്കുന്നു. പഴയ നീലിമയുടെ പ്രേതം ആണോ ഇതെന്ന് പോലും തോന്നി പോകുന്നു. അവർ പേടിച്ച് പേടിച്ച് റോഡ് മുറിച്ച് കടന്ന് നടന്ന് പോയി. സിഗ്നൽ വീണപ്പോൾ രാജി വണ്ടി അവരുടെ പുറകെ എടുത്തു. എന്ത് കൊണ്ടോ അവൾക്ക് അവരെ പിന്തുടരാൻ തോന്നി. പതുക്കെ അവരെ പിന്തുടർന്ന് പോയി നീലിമയുടെ അടുത്ത് വണ്ടി നിർത്തി. ഗ്ലാസ്സ് താഴ്ത്തി നീലിമയല്ലേ എന്ന് ചോദിച്ചു. "നീലിമക്ക് എന്നെ മനസ്സിലായോ?" അവളുടെ മുഖത്ത് ആദ്യം പേടിച്ചരണ്ട ഒരു ഭാവമാണ് വന്നത്. പിന്നീട് ഒരു ചെറിയ ഓർമ വന്നത് പോലെ തലയാട്ടി. "എവിടെയാ വീട്? ഞാൻ കൊണ്ടാക്കാം. കേറിക്കോ." "വേണ്ട പൊക്കോളാം. ഇവിടെ അടുത്ത് തന്നെയാ." രാജി വണ്ടിയിൽ നിന്ന് പുറത്തിറങ്ങി. "മോനെ.. ഇതാരാ കുട്ടി?" "ഏട്ടന്റെ ആദ്യത്തെ ബന്ധത്തിൽ ഉള്ള കുട്ടിയാ. ഇപ്പൊ ഇവിടെയാ." "ഓ! അത് ശരി. എന്നെ വീട്ടിലേക്ക് വിളിക്കുന്നില്ലേ?" നീലിമ ശങ്കിച്ച് നിന്നു. "അല്ലെങ്കിൽ പിന്നീടൊരിക്കലാവാം. ഇപ്പൊ വീട് അറിയാലോ."

ഫ്ലാറ്റിൽ എത്തുന്നത് വരെ രാജിയുടെ മനസ്സിൽ നീലിമയുടെ മുഖം തന്നെയായിരുന്നു. അവളെ ഒന്ന് കൂടി കാണണം. ഞാറാഴ്ചയാവട്ടെ. വീട്ടിലേക്ക് കയറി ചെല്ലുക തന്നെ. പിന്നീട് പല ഞാറാഴ്ചകളും വന്ന് പോയി. നീലിമയെ കാണാൻ പോകാൻ മാത്രം പറ്റിയില്ല. ഒരു ദിവസം രാത്രി ഒരുപാട് വൈകി ജോലി കഴിഞ്ഞ് പോവുകയായിരുന്നു രാജി. പറവൂർ കവല എത്തിയപ്പോൾ ഒരു ഉൾവിളി. അവൾ വേഗം വണ്ടി തിരിച്ച് നീലിമയുടെ വീട്ടിലേക്ക് ഓടിച്ച് പോയി. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു സ്ത്രീയുടെ ഉറക്കയുള്ള കരച്ചിൽ കേട്ടു. ഗേറ്റ് ഇല്ലാത്ത ഒരു വീടാണത്. രാജി നേരേ കേറി വാതിലിൽ മുട്ടി. വാതിൽ പൂട്ടിയിട്ടുണ്ടായിരുന്നില്ല. വാതിൽ തുറന്നതും രാജി കണ്ട കാഴ്ച! പേടിച്ചരണ്ട നീലിമ ചുമരിന്റെ ഒരു മൂലയിൽ തറയിൽ ഇരുന്നു നിലവിളിക്കുന്നു. ഒരാൾ അവളെ കസേര കൊണ്ട് അടിക്കാൻ ഓങ്ങി വരുന്നു. രാജി ഉറക്കെ ആക്രോശിച്ചു "ടോ? നിർത്തടോ." അയാളുടെ കാൽ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല. കുടിച്ച് ബോധം ഇല്ലാതെ നിൽക്കുന്ന അയാൾക്ക് ചുറ്റും നടക്കുന്ന ഒന്നും മനസ്സിലായില്ല. രാജി വേഗം പോയി നീലിമയെ എഴുന്നേൽപ്പിച്ചു. അവള് എന്താണ് നടക്കുന്നത് എന്നറിയാതെ നിൽക്കുമ്പോൾ രാജി അവളെയും കൊണ്ട് കാറിനടുത്തേക്ക് നടന്നു.

"അമ്മേ!" പുറകിൽ നിന്ന് ഒരു വിളി കേട്ട് നോക്കിയപ്പോ അവൻ. അന്ന് അവളുടെ ഒക്കത്ത് ഉണ്ടായിരുന്ന കുട്ടി. അവൻ ഓടി വന്ന് അവളെ കെട്ടിപിടിച്ചു. രാജി അവരെ രണ്ട് പേരെയും ഫ്ലാറ്റിലേക്ക് കൊണ്ട് പോയി. വീടെത്തുന്നത് വരെ ആരുമൊന്നും സംസാരിച്ചില്ല. ഫ്ലാറ്റിൽ കേറി അവർക്ക് ഗസ്റ്റ് റൂം തുറന്ന് കൊടുത്ത് രാജി അടുക്കളയിലേക്ക് പോയി. ഒന്നും ഇല്ല.. ഇന്നും സ്വിഗ്ഗി തന്നെ. അവള് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴും നീലിമ കട്ടിലിൽ തന്നെ ഇരിക്കുന്നു. കുട്ടി അവളുടെ മടിയിൽ കിടക്കുന്നു. അവളനന്തതയിലേക്ക് നോക്കി ഇരിക്കുന്നു. രാജി ഒന്നും പറയാൻ പോയില്ല. അവർക്ക് ഈ മാറ്റം ഉൾക്കൊള്ളാൻ സമയം കൊടുക്കണം. പെട്ടെന്ന് അവളെ ഇങ്ങോട്ട് കൊണ്ട് വന്നു. ഇനിയെന്ത് എന്നതിനെ കുറിച്ച് അപ്പോൾ ഒന്നും ചിന്തിച്ചില്ല. നാട്ടിൽ അവൾക്ക് ഇനി ആരുമില്ല. അമ്മയുടെ ബന്ധുക്കൾ ആരും അവളെ ഏറ്റെടുക്കാൻ തയാറാവില്ല. കുറെ പറമ്പും സ്വത്തും ഒക്കെ ഉള്ള ആൾക്കാരല്ലേ. ആരെങ്കിലും ഒക്കെ സഹായിക്കുമായിരിക്കും. രാജി ഫോണിൽ വനിതാ കമ്മിഷന്റെ നമ്പറും അടുത്തുള്ള വനിതാ പൊലീസ് സ്റ്റേഷന്റെ നമ്പറും എടുത്ത് വെച്ചു. എന്തായാലും കേസ് കൊടുക്കണം. ഗാർഹിക പീഢനം ഒക്കെ വലിയ കുറ്റം തന്നെയാണ്. 

ഫോണിൽ ഓരോന്ന് നോക്കി ഇരിക്കുമ്പോൾ ഫുഡ് വന്നു. അവള് പോയി നീലിമയെ ഭക്ഷണം കഴിക്കാൻ വിളിച്ചു. "എനിക്ക് വേണ്ട." "മോന് വല്ലതും കൊടുക്ക്." ആ കുഞ്ഞു അവളെ നോക്കി. "വാ മോനെ. എന്താ നിന്റെ പേര്." "അനിരുദ്ധ്." "നല്ല പേരാണല്ലോ. മോന് ഫ്രൈഡ് റൈസ് ഇഷ്ടമാണോ. വാ നമുക്ക് കഴിക്കാം." രാജി അവനെയും കൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു. നീലിമ പുറകെ വന്നു. അവൻ കഴിച്ചു തുടങ്ങി. "നീലിമ ഒന്നും കഴിക്കുന്നില്ലെ?" "അവൻ മുഴുവൻ കഴിക്കില്ല. അവന്റെ ബാക്കി ഞാൻ കഴിച്ചോളാം." രാജിക്ക് പെട്ടെന്ന് ദേഷ്യം വന്നു. "അവന്റെ ബാക്കി ഉണ്ടെങ്കിൽ കളയാം. നീ കഴിക്ക്." അവൾക്ക് പ്ലേറ്റ് നീട്ടി രാജി പറഞ്ഞു. "നീ എങ്ങനെ ജീവിച്ച പെണ്ണാ, ഇപ്പൊ ഇങ്ങനെ ആയി പോയത്? നിന്റെ അമ്മയൊക്കെ എത്ര ആഢ്യത്തത്തിൽ ജീവിച്ചതാ. നളിനി ഏടത്തി എന്ന് എന്റെ അമ്മ ഇപ്പോളും മുഴുവൻ വിളിക്കില്ല. ചെറുപ്പത്തിൽ എനിക്ക് നിന്നോട് ചെറിയ ഒരു കുശുമ്പും ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു. നീ എല്ലാവരുടെയും ഗുഡ് ബുക്സിൽ ആയിരുന്നു. നല്ല അടക്കവും ഒതുക്കവും ഉള്ള തറവാട്ടിൽ പിറന്ന കുട്ടി. അവളെ കണ്ട് പഠിക്ക്. ഞാൻ അങ്ങനെ കുറെ കേട്ടിട്ടുണ്ട്." രാജി പാത്രം കഴുകി കഴിഞ്ഞ് നീലിമയുടെ അടുത്ത് വന്നിരുന്നു.

നീലിമ താഴേക്ക് നോക്കി മടിയിൽ കിടക്കുന്ന അനിക്കുട്ടനെ തലോടി പറഞ്ഞു "പണ്ട് ഞാൻ രാജിയെ കൊതിയോടെ ജനലിലൂടെ നോക്കി കണ്ടിട്ടുണ്ട്. രാജിയെ പോലെ ഉറക്കെ പൊട്ടിചിരിക്കാൻ, ഉറക്കെ സംസാരിക്കാൻ, ആൺകുട്ടികളോട് മിണ്ടാൻ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയാമോ? അനികുട്ടന്റെ ബാക്കി ഞാൻ കഴിക്കാം എന്ന് പറഞ്ഞപ്പോ എന്നെ വഴക്ക് പറഞ്ഞില്ലേ? ചെറുപ്പം മുതൽ എല്ലാവരും കഴിച്ച് എണീറ്റു കഴിഞ്ഞാ ഞാൻ കഴിക്കാ. എല്ലാരുടെം എച്ചിലാ ഞാൻ കഴിക്കാറ്. ഡിഗ്രി പരീക്ഷയുടെ സമയത്താ അമ്മക്ക് അസുഖം കൂടിയത്. പരീക്ഷ എഴുതിയില്ല. ചികിത്സയും ഒക്കെയായി പിന്നെ കുറെ വർഷം. പറമ്പൊക്കെ വിറ്റു. ബാക്കി തറവാട് മാത്രേ ബാക്കിയുള്ളൂ. അമ്മ പോയതോടെ ഞാൻ ഒറ്റക്കായി. അന്നും ഇന്നും എല്ലാവരും പറയുന്നത് കേട്ട് മാത്രേ ശീലമുള്ളൂ. അത് കൊണ്ട് അരവിന്ദേട്ടന്റെ ആലോചനയുമായി ചെറിയമ്മാവൻ വന്നപ്പോ അതും സമ്മതിച്ചു. അമ്മക്കും ചെറിയമ്മാവനും കൂടിയാ തറവാട്. ഞാൻ അരവിന്ദേട്ടനെ കല്യാണം കഴിച്ചാൽ തറവാട് ഭാഗിക്കണ്ടല്ലോ. പക്ഷേ എനിക്കോ ആൾക്കോ ഈ ബന്ധം ഇഷ്ടമാണോന്ന് ആരും ചോദിച്ചില്ല. കല്യാണം കഴിച്ചു ഇവിടെ വന്നപ്പോളാ ഞാൻ അറിയണെ അരവിന്ദേട്ടന്റെ ആദ്യ ഭാര്യ സവിത പിണങ്ങി പോയതാ ആളുടെ കുടി കാരണം. ആൾക്ക് ഇപ്പോളും ആദ്യ ഭാര്യ തന്നെ ദേവത. എനിക്ക് അല്ലെങ്കിലും എന്നും കുപ്പ തിന്നാനല്ലേ യോഗം. എന്നെ കൊണ്ട് വന്ന അന്നു മുതൽ ഓരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കും. ഇന്ന് വന്ന് പറയാ സവിതക്ക് തിരിച്ച് വരണംന്നുണ്ട് ഞാൻ കാരണമാ വരാത്തതെന്ന്. അപ്പോ ഞാൻ ഇനി എങ്ങോട്ടാ പോവ്വാ എന്ന് ചോദിച്ചതിനാ പോയി ചാവ് എന്ന് പറഞ്ഞു കസേര കൊണ്ട് തല അടിച്ച് പൊട്ടിക്കാൻ വന്നത്. അപ്പോ രാജി വന്നത് കൊണ്ട് ഞാനിപ്പോ ജീവനോടെ ഉണ്ട്. ഇല്ലെങ്കിൽ..."

അവൾ അലമുറയിട്ട് കരഞ്ഞു. രാജി തന്റെ പഴയ ശത്രുവിന്റെ സത്യകഥയറിഞ്ഞ് തരിച്ച് ഇരുന്നു പോയി. രാജി പറഞ്ഞത് അനുസരിച്ച് അവൾ പിറ്റെ ദിവസം തന്നെ അനികുട്ടനെ അച്ഛന്റെ അടുത്ത് കൊണ്ട് ഏൽപ്പിച്ചു. അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ആ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി ഇറങ്ങി. രാജി അവളെ നേരെ കൊണ്ട് പോയത് അമ്മയുടെ അടുത്തേക്കാണ്. "നീയിനി ഇവിടെ നിൽക്ക്. ജനലിൽ കൂടി കാണുന്ന പോലെയല്ല. നിന്റെ തറവാടും ഈ വീടും തമ്മിൽ വേറെയും ഒരുപാട് വ്യത്യാസങ്ങളുണ്ട്. കാഴ്ചക്ക് വലിപ്പം കുറവായി തോന്നുമെങ്കിലും ഇവിടുള്ള ആളുകളുടെ മനസ്സിന് നല്ല വലുപ്പം ഉണ്ട്. നീ ഇവിടെ നിന്ന് പഠിക്ക്. എഴുതി എടുക്കാനുള്ള പേപ്പർ ഒക്കെ എഴുതിയെടുക്ക്. എന്നിട്ട് ഒരു ജോലി സമ്പാദിക്ക്. സ്വന്തം കാലിൽ നിൽക്ക്. ഇനി നിന്റെ തറവാട്ടിൽ നിന്ന് ആരെങ്കിലും വന്ന് വിളിച്ചാൽ പുറകെ പോകുമോ?" "ഇല്ല ഇത് പഴയ ഞാനല്ല. പുതിയ നീലിമയാ. എന്റെ വാക്കിന് ഇപ്പൊ നല്ല ഉറപ്പാ. മംഗലത്തറയിൽ പോയാൽ സ്വന്തം കാലിൽ ഒരിക്കലും നിൽക്കാൻ പറ്റില്ല. പക്ഷേ എന്റെ ഭാഗം ഞാൻ വാങ്ങും. കുറച്ച് കൂടി ധൈര്യം വരാനുണ്ട് എനിക്ക്." "നീ പറഞ്ഞിട്ടാണ് ഞാൻ അയാളെ പൊലീസിൽ ഏൽപിക്കാത്തത്." "വേണ്ട. ഞാൻ ഇനി അതിന്റെ പുറകെ പോകുന്നില്ല. ഞാൻ ജീവിച്ച് തുടങ്ങാൻ പോകുന്നുള്ളൂ. ആദ്യമായി ഉറക്കെ ചിരിച്ച്, ആദ്യ പന്തിയിൽ വീട്ടുകാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് അങ്ങനെ ആദ്യമായി സൂര്യ പ്രകാശം ഏൽക്കാൻ വെമ്പി നിൽക്കുകയാണ് ഞാൻ. അതിന്റെ ഇടയിൽ പഴയ ഇരുണ്ട കാലത്തിന്റെ ഓർമകൾ പോലും വേണ്ട എനിക്ക്."

തിരിച്ച് പോകുമ്പോൾ രാജി തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് ഓർക്കുകയായിരുന്നു. എത്ര നാൾ മുമ്പ് ആകാമായിരുന്നു. എന്തേ ഇത്ര വൈകിയത് ഞങ്ങൾ കൂട്ടാവാൻ. ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്. കാരണവും ഉണ്ട്.

Content Summary: Malayalam Short Story ' Kuppa Thinnunnaval ' Written by Shiju K. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com