ADVERTISEMENT

തലവേദന അൽപം കുറഞ്ഞെന്നേയുള്ളൂ. ഇപ്പോഴും തല കുനിയുമ്പോൾ തലയ്ക്കകത്ത് ഒരു വിങ്ങൽ അനുഭവപ്പെടും. നെറ്റിയുടെ ഇരുഭാഗത്തും രക്തക്കുഴലുകളിലൂടെ പമ്പ് ചെയ്യുന്നത് വേദനകൾ ആണ്. കൃത്യമായി ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള തലവേദനയും ബുദ്ധിമുട്ടും വേറെയുമുണ്ട്. കഴിഞ്ഞ 14 ദിവസമായി ഇത് തുടങ്ങിയിട്ട്. അടുപ്പിച്ച് അരമണിക്കൂർ ഉറങ്ങാൻ പറ്റുന്നില്ല. മനസ്സുവിട്ട് ഉറങ്ങി എന്ന് തോന്നുമ്പോൾ വലിയ ഒച്ചയും കൂട്ടക്കരച്ചിലും ചെവിയിൽ മുഴങ്ങും. ഞെട്ടിവിറച്ച് കട്ടിലിൽ നിന്നും പലവട്ടം നിലത്ത് വീഴുകയും ചെയ്തു. ബസ് അപകടത്തിന് ശേഷം ഇതാണ് അവസ്ഥ. അത്ഭുതകരമായി രക്ഷപ്പെട്ടത് സത്യമാണ്. എന്നാൽ അതിന്റെ ശേഷിപ്പ് ഒരു കുരിശു മരണംപോലെ നിത്യവും വേദനിപ്പിക്കുന്നതാണ്. 

കഷ്ടകാല സമയത്താണ് കെഎസ്ആർടിസിയിൽ എറണാകുളത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോകാൻ തോന്നിയത്. കെഎസ്ആർടിസിയിലെ യാത്രയുടെ വൈബ് എന്നൊക്കെ ഭ്രാന്ത് പറഞ്ഞ് യാത്ര അതിൽ മതിയെന്ന് നിർബന്ധിച്ചത് ആരോൺ ആണ്. വ്യത്യസ്തമായ ഒരു യാത്രാനുഭവം കിട്ടട്ടെ എന്നേ അവൻ കരുതിയിട്ടുണ്ടാവൂ. പാലക്കാട് എത്തുന്നത് വരെയും അത് അങ്ങനെ തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ പാലക്കാട് എത്തുന്നതിന് 22 കിലോമീറ്റർ മുമ്പ് ആയിരുന്നു. ഉച്ചത്തിൽ പാട്ടുവച്ച് എത്തിയ ഒരു ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത് താനിരുന്ന കെഎസ്ആർടിസി ബസിന്റെ മധ്യത്തിലേക്ക് ആയിരുന്നുവെന്ന് അൽന ഓർത്തു. നല്ല ഉറക്കത്തിൽ ആയിരുന്നതുകൊണ്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വലിയ വ്യക്തതയില്ല. കൂട്ട നിലവിളികൾക്കിടയിൽ ബസ്സ് ചരിയുന്നതും റോഡിന് കുറുകെ മറിയുന്നതും ഓർമ്മയുണ്ട്. തൊട്ടു മുന്നിലെ സീറ്റിലെ കമ്പിയിലാണ് തലയിടിച്ചത്. ഏതാനും നിമിഷത്തേക്ക് ഒരു അപ്പൂപ്പൻ താടി പോലെ ഭാരരഹിതമായി പറക്കുന്നത് അനുഭവപ്പെട്ടു. നിലവിളി, കനത്ത ഇരുട്ട്, ചോരയുടെയും ഡീസലിന്റെയും ഗ്രീസിന്റെയും മണം, ഓടിക്കൂടിയെത്തിയ ആളുകളുടെ വർത്താനങ്ങൾ, ആംബുലൻസിന്റെ ശബ്ദം അപകടത്തിന്റെ ഓർമ്മകൾ ഇങ്ങനെയാണ്. കൈകളിൽ കോരിയെടുത്ത് ആംബുലൻസിലേക്ക് കയറ്റിയത് ഓടിക്കൂടിയ നാട്ടുകാരാണ്. പത്തിലേറെ പേർ അപകടത്തിൽ മരിച്ചു എന്നാണ് രക്ഷാപ്രവർത്തനം നടത്തുമ്പോൾ ആളുകൾ പറഞ്ഞു കേട്ടത്. അബോധത്തിൽ അപ്പോൾ കേട്ട നിലവിളികളും സംസാരവും ആണ് ഇപ്പോൾ ഉറക്കത്തിൽ ആവർത്തിച്ചുവരുന്നത്. 

പിന്നെ രാവിലെ ഓർമ്മ തെളിഞ്ഞപ്പോൾ താലൂക്ക് ആശുപത്രിയിലെ വാർഡിൽ ആയിരുന്നു. അന്നത്തെ പത്രത്തിൽ നിന്നാണ് അപകടത്തിന്റെ പൂർണ്ണ വിവരങ്ങൾ വായിച്ചറിഞ്ഞത്. സചിത്രവിവരണം നൽകാൻ ഓരോ പത്രങ്ങളും മത്സരിച്ചു. ഏഴു പേരാണ് അന്ന് മരിച്ചത്. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ടൂർ പോയ ബസ്സിൽ ഉണ്ടായിരുന്ന അഞ്ചു കുട്ടികളും ഒരു അധ്യാപികയും കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന ഒരു യുവാവും. മരിച്ച ആളുകളുടെ ചിത്രത്തിലേക്ക് നോക്കി. ഒരുവട്ടമേ നോക്കാൻ കഴിഞ്ഞുള്ളൂ. പരിചയക്കാരെ പോലെ തോന്നി. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഏതൊക്കെയോ പത്രക്കാർ വന്ന് അപകടത്തിന്റെ ഓർമ്മകളെക്കുറിച്ച് ചോദിച്ചിട്ട് പോയി. പിറ്റേദിവസം അത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ജില്ലാ വാർത്തയായും ഓൺലൈനിൽ പ്രധാന വാർത്തയായും വന്നിരുന്നത്രേ. പരിചയക്കാർ ഒരുപാട് പേർ വിളിച്ചുപറഞ്ഞു. പക്ഷേ നോക്കാൻ തോന്നിയില്ല. അതിനുശേഷം ഇന്നുവരെ ടിവി വാർത്ത കാണുകയോ പത്രം വായിക്കുകയോ മൊബൈലിൽ നോക്കുകയോ ചെയ്തിട്ടില്ല. സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി കഴിക്കുന്ന ഗുളികകളുടെ ഡോസ് കൂട്ടുന്നത് അല്ലാതെ കാര്യമായ പ്രയോജനമില്ല. 

ചടഞ്ഞു കൂടി ഇരിക്കുന്നതിനേക്കാൾ നല്ലത് ജോലിക്ക് പോകുന്നത് തന്നെയാണ് എന്ന ഡോക്ടറുടെ ഉപദേശത്തെ തുടർന്നാണ് മൂന്നുദിവസമായി ജോലിക്ക് പോയി തുടങ്ങിയത്. അന്നു തുടങ്ങിയതാണ് ഫോൺ വിളി കൊണ്ടുള്ള ഉപദ്രവവും. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും രാത്രി ഗുളികയുടെ ഹാങ്ങ് ഓവറിൽ കഷ്ടപ്പെട്ട് കണ്ണടഞ്ഞു പോകുമ്പോഴും ഫോൺ റിങ്ങ് ചെയ്യും. കുലീനമായി സംസാരിച്ച് ശല്യം ചെയ്യുന്ന ഒരു അപരിചിതനാണ് അങ്ങേതലയ്ക്കൽ. അയാൾക്ക് ഒരുവട്ടം നേരിൽ കാണണം എന്നാണ് ആവശ്യം. കാര്യം പറയാൻ പലവട്ടം പറഞ്ഞപ്പോഴും വിനീത വിധേയനായി  'ഒരു അഞ്ചുമിനിറ്റ് മതി മാഡം പ്ലീസ്' എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നു. സാധാരണഗതിയിൽ ഇത്തരം കോളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് നന്നായി അറിയാമായിരുന്നു എന്ന് അവൾ ഓർത്തു. പക്ഷേ ഇപ്പോൾ ഒന്നിനും പറ്റുന്നില്ല. ദിനചര്യകൾ പോലും നഷ്ടപ്പെട്ട എന്തോ തിരികെ പിടിക്കുന്നതുപോലെ ശ്രമകരമായാണ് ചെയ്തുതീർക്കുന്നത്. അതിന്റെ ഇടയിലാണ് ഈ മാരണം എന്നവൾ ഓർത്തു. ഇപ്പോൾ ചെറിയ ശബ്ദങ്ങൾ പോലും ഭയപ്പെടുത്തുന്നുണ്ട്. ഒരു ഉറക്കത്തിനുശേഷം ഫാൻ തിരിയുന്ന ശബ്ദവും, അസമയത്തെ ഫോൺ റിങ്ങും, കുക്കറിന്റെ വിസിൽ പോലും ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ ഇടയിലാണ് 156 ൽ അവസാനിക്കുന്ന നമ്പറിൽ നിന്നുള്ള കോളുകളുടെ ശല്യം.

ഫോൺ എടുക്കാതെയായപ്പോൾ ശല്യം വാട്ട്സാപ്പ് മെസ്സേജിലൂടെയായി. പൊതിഞ്ഞുകെട്ടിയ ഭവ്യതയോടെ 'ഒരു പ്രധാന കാര്യം സംസാരിക്കാനാണ് മാഡം ഒരഞ്ചുമിനിറ്റ് മാത്രം'  എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. ശല്യമായപ്പോഴാണ് സരുണിനോടും പ്രിയയോടും കാര്യം പറഞ്ഞത്. ഒരു തമാശ കേൾക്കുന്ന പോലെ അവർ രണ്ടുപേരും അത് കേട്ട് ചിരിച്ചു. കാര്യമായി ഒരു കാര്യം പറയുമ്പോൾ അർഹിക്കുന്ന പരിഗണന തരുന്നില്ല എന്ന് തോന്നിയപ്പോൾ പൊട്ടിക്കരച്ചിലോടെ പ്രതിഷേധിച്ച് അവൾ അവരിൽ നിന്നും അകന്നുമാറി. ആ രംഗം അവർക്ക് പുതുമ ഉള്ളതായിരുന്നു. 'കുന്നുകുലുങ്ങിയാലും അൽന കുലുങ്ങില്ല' എന്ന അവരുടെ പ്രത്യയശാസ്ത്രം തെറ്റിയതിന്റെ അമ്പരപ്പും ആ ഫോൺകോൾ കൈകാര്യം ചെയ്യാൻ അവൾക്ക് കഴിയുന്നില്ല എന്ന തിരിച്ചറിവും അവരെ കർമ്മനിരതരാക്കി. പിന്നെ അവർ പറഞ്ഞത് അനുസരിച്ചാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുന്നിലെ ലെമൺ കഫേയിലേക്ക് വന്നാൽ കാണാമെന്ന് സമ്മതിച്ചത്.

സമയം രാവിലെ 10 മണി. അതിവിനയമുള്ള മെസ്സേജും ഉറച്ച ശബ്ദവും കൊണ്ട് അപരിചിതന് ചുരുങ്ങിയത് 35 വയസ്സിനു മുകളിൽ പ്രായമുണ്ടാകും എന്നവൾ ഊഹിച്ചു. മെസ്സേജിലെ ഭാഷ കാണുമ്പോൾ മോശമല്ലാത്ത വിദ്യാഭ്യാസമുണ്ടെന്നും തോന്നി. പത്തുമണി ആകാൻ അഞ്ചു മിനിറ്റു ഉള്ളപ്പോൾ തന്നെ അപരിചിതൻ എത്തി. ധാരണകൾക്കപ്പുറം ഏറ്റവും പുതിയ മഹീന്ദ്ര എസ്.യു.വി.യിൽ നീല ജീൻസും വെള്ള ഷർട്ടും ധരിച്ച് ലാവണ്ടർ മണവും പരത്തി ഒരാൾ ടേബിളിനരികിൽ എത്തി. ചുരുണ്ടു തിങ്ങിയ കുരുവി കൂടുപോലെയുള്ള മുടിയുടെ ഒരു ഭാഗം നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ട്. മറ്റേ ഭാഗം കഷണ്ടി ആകാനുള്ള യാത്രയിൽ ഉയർന്നാണ് ഇരിക്കുന്നത്. അച്ചടിച്ചത് പോലുള്ള മുഷിപ്പിക്കുന്ന ഭവ്യത നിലനിർത്തിക്കൊണ്ട് തന്നെ ഇരുന്നോട്ടെ എന്ന് വന്നയാൾ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചതിനുശേഷം മാത്രം ഇരുന്നു. ചില്ല് വാതിലിന്റെ നേരെ എതിർഭാഗത്ത്, പുതിയ മെനു കാർഡ് ഒട്ടിച്ച ഭിത്തിയോട് ചേർന്നുള്ള ടേബിളിലാണ് അൽനയും പ്രിയയും ഇരുന്നത്. തൊട്ടപ്പുറത്തെ ടേബിളിൽ അപരിചിതനെ പോലെ സരുണും ഓഫിസിലെ ആദർശും ഉണ്ടായിരുന്നു. ആദർശിന്റെ സുഹൃത്തുക്കളിൽ ചിലരും  ഏതൊക്കെയോ ടേബിളുകളിൽ ഇരുന്നിരുന്നു. അത് ആരൊക്കെയാണെന്ന് അൽനക്കും പ്രിയക്കും അറിയില്ല. ഒരു മസാല സിനിമയിലെ സ്റ്റണ്ട് രംഗം പോലെ സീൻ ക്രിയേറ്റ് ചെയ്തു വെച്ചത് കണ്ടപ്പോൾ അൽനക്ക് തന്നെ ചളിപ്പ് തോന്നി.

മുഖവുരയൊന്നും കൂടാതെ അപരിചിതൻ സംസാരിച്ചു തുടങ്ങി. നിങ്ങൾ വന്നിട്ട് ഒരുപാട് നേരമായോ? എന്തെങ്കിലും ഓർഡർ ചെയ്തിരുന്നോ? ഒരു കോഫി പറയട്ടെ? ചോദ്യങ്ങളുടെ ഒരു പ്രവാഹം മാത്രം. 'നിങ്ങൾ ആദ്യം വന്ന കാര്യം പറയൂ ബാക്കി വിശേഷം പിന്നീട് ആലോചിക്കാം' പ്രിയയാണ് പറഞ്ഞു തുടങ്ങിയത്. അത് കേട്ടപ്പോൾ അൽനക്ക് ചെറിയ ആശ്വാസവും ആത്മവിശ്വാസവും തോന്നി. എങ്ങനെ സംസാരിച്ചു തുടങ്ങും എന്നത് സംബന്ധിച്ച ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു അത് തീർന്നു. മറുപടിക്കായി രണ്ടുപേരും അപരിചിതനെ നോക്കി. ഒട്ടും സൗഹാർദ്ദപരമല്ലാത്ത എടുത്ത് അടിച്ചത് പോലുള്ള മറുപടിയിൽ അപരിചിതൻ ചെറുതായി നടുങ്ങി. തങ്ങളിൽ നിന്നും ഇപ്രകാരമുള്ള ഒരു സംസാരമല്ല ആൾ പ്രതീക്ഷിച്ചതെന്ന് മുഖഭാവത്തിൽ നിന്നും ഇരുവർക്കും മനസ്സിലായി. 'ചേട്ടൻ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ ഞങ്ങൾക്ക് പോയിട്ട് ധൃതിയുണ്ട്' പ്രിയ തന്നെയായിരുന്നു ഇതും പറഞ്ഞത്. തൊട്ടടുത്ത ടേബിളിൽ അവരുടെ സംസാരം കേൾക്കാവുന്ന അകലത്തിൽ തന്നെയാണ് സരുണും ആദർശും ഇരുന്നിരുന്നത്. എന്നാൽ അപരിചിതന്റെ മൊത്തം ലുക്കും ഔട്ട്ഫിറ്റും കണ്ടപ്പോൾ വന്നത് എന്തിനായിരിക്കും എന്ന് ഇരുവർക്കും ഊഹിക്കാൻ കഴിഞ്ഞില്ല. നോട്ടത്തിലൂടെ അവർ ആ ധാരണ പങ്കുവയ്ക്കുകയും ചെയ്തു.

തികച്ചും നാടകീയമായി ദേഹത്തിട്ട ക്രോസ് ബാഗിൽ നിന്നും ഒരു പത്രം പുറത്തെടുത്തു. ഒന്നും സംസാരിക്കാതെ പത്രത്തിന്റെ നാലാമത്തെ പുറം തുറന്ന് അൽനയുടെ മുന്നിലോട്ട് നീട്ടി. ബസ് അപകടം കഴിഞ്ഞ് മൂന്നാമത്തെ ദിവസവും അതിന്റെ ഫോളോ അപ്പ് ന്യൂസ് ഉണ്ടായിരുന്നു. അതാണ് തുറന്നുവച്ച പത്രഭാഗത്തുണ്ടായിരുന്നത്. 'അപകടത്തിന്റെ സ്മരണ പങ്കുവെച്ച അൽനയെ ഒന്ന് നേരിൽ കാണാനായിരുന്നു. ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടിയാണ് ഒരു മനസ്സമാധാനത്തിന് വേണ്ടി' അപരിചിതൻ പറഞ്ഞു. പത്രത്തിൽ എന്താണ് എഴുതിയത് എന്ന് അൽന വായിച്ചു നോക്കിയില്ല. പറഞ്ഞുകൊടുത്തത് പൂർണമായും ഓർമ്മയുണ്ട്. പലവട്ടം വായിച്ച് പരിചിതമായതുകൊണ്ട് പ്രിയയും അത് നോക്കിയില്ല. രണ്ടുപേരും അപരിചിതനെ നോക്കി. 'പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ ബസ് മറിഞ്ഞിരുന്നു. എന്റെ തൊട്ടടുത്ത സീറ്റിലുള്ള യുവാവ് ഇരുന്നഭാഗത്തായിരുന്നു ബസ് വന്നിടിച്ചത്. അയാൾ അപ്പോൾ തന്നെ മരിച്ചിരുന്നു' ഓർമ്മയിൽ നിന്ന് ഒരക്ഷരം തെറ്റാതെ അപരിചിതൻ ആ ഭാഗം പറഞ്ഞു.

ഒരൽപം പതറിയ ശബ്ദത്തിൽ ചോദിച്ചു. 'ആ യുവാവ് പെട്ടെന്ന് മരിച്ചിരുന്നോ? നിലവിളിക്കുകയോ പിടയുകയോ ചെയ്തതായി ഓർക്കുന്നുണ്ടോ? അവൻ എന്താണ് അവസാനമായി പറഞ്ഞത് എന്ന് കേട്ടിരുന്നോ? വീണ്ടും ചോദ്യങ്ങൾ മാത്രം. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യാസം. ഒരു ചോദ്യം കഴിഞ്ഞ് അടുത്ത ചോദ്യത്തിന്റെ ആരംഭത്തിലേക്കുള്ള ഇടവേളയിൽ അപരിചിതൻ തകർന്നുവീഴുന്നതും ഉയർത്തെഴുന്നേൽക്കുന്നതും കണ്ടു. എന്താണ് സംഭവം എന്ന് പൂർണമായും മനസ്സിലാകാതെ അൽനയും പ്രിയയും അമ്പരപ്പോടെ പരസ്പരം നോക്കി. അപരിചിതന്റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്ക് അടിയിലൂടെ കണ്ണുനീർ എത്തിയത് കണ്ടു. ടേബിളിൽ നിന്നും ടിഷ്യൂ വലിച്ചെടുത്ത് തുടച്ച് ഉന്മേഷം നടിച്ച് അപരിചിതൻ വീണ്ടും ചോദിച്ചു. 'പെട്ടെന്ന് തീർന്നിരുന്നോ അതോ ഒരുപാട് നേരം വേദനിച്ചു കിടന്നിട്ടുണ്ടാവുമോ?' 'നിങ്ങളാരാണ് സാർ?' ഇപ്രാവശ്യവും ചോദ്യം പ്രിയയുടേതു തന്നെ. പക്ഷേ മുൻപ് ഉണ്ടായിരുന്നത് പോലെ കഠിനമല്ല ആർദ്രമായിരുന്നു. 'മരിച്ച ദീപക് എന്റെ അനുജനായിരുന്നു. പൂജ അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ചു പോയതാണ്. യാത്രയുടെ സുഖം അറിയണമെങ്കിൽ വിൻഡോ സീറ്റ് തന്നെ വേണമെന്ന് പറഞ്ഞു ഓൺലൈനിൽ ബുക്ക് ചെയ്തെടുത്തതാണ് ആ സീറ്റ്. വിവരമറിഞ്ഞ് ഓടിപ്പിടിച്ച് ഞാൻ എത്തുമ്പോഴേക്കും താലൂക്ക് ആശുപത്രി മോർച്ചറിയിൽ അവൻ മരവിച്ചു കിടക്കുകയായിരുന്നു. പിന്നീട് പത്രത്തിൽ അൽനയുടെ ഓർമ്മക്കുറിപ്പ് വായിച്ചപ്പോഴാണ് ഒന്ന് കാണണമെന്ന് തോന്നിയത്. അവന്റെ അവസാനം എങ്ങനെയായിരുന്നു എന്ന് അറിയണമെന്ന് തോന്നി അതാണ് ബുദ്ധിമുട്ടിച്ചത്'.

മറുപടി എന്താണ് പറയേണ്ടത് എന്നറിയാതെ അവൾ കുഴങ്ങി. 'വണ്ടി ഇടിച്ചതും മറിഞ്ഞതും പെട്ടെന്നായിരുന്നു. രണ്ടുമൂന്നു മിനിറ്റ് കൊണ്ട് തന്നെ ആളുകൾ ഞങ്ങളെ പുറത്തെടുത്തു തുടങ്ങി. അപ്പോഴേക്കും...' പറഞ്ഞത് പാതിയിൽ നിർത്തി അവളും ഒരു ടിഷ്യൂ പേപ്പർ എടുത്തു. 'അപ്പോൾ പെട്ടെന്ന് കഴിഞ്ഞിട്ടുണ്ടാകുമല്ലേ. നന്നായി വേദന ഒട്ടും സഹിക്കാത്തവനാണ്'. അൽപ നിമിഷങ്ങളിലെ നിശബ്ദതയ്ക്ക് ശേഷം അയാൾ ചോദിച്ചു 'ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. അവനെ അവസാനമായി കണ്ട ആളോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് വന്നത്. ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടല്ല. ചില കാര്യങ്ങളുണ്ട് ഒരു പ്രയോജനം ഇല്ലെങ്കിലും അറിയണമെന്ന് തോന്നും. വന്നതിന് ഒരുപാട് നന്ദി. കൂട്ടുകാരിക്കും നന്ദി ട്ടോ.' അതിനുശേഷം. വലിച്ച് ചുരുട്ടിയത് പോലെ പേപ്പർ ബാഗിലേക്ക് തിരികെ കയറ്റി തിരിഞ്ഞു നോക്കാതെ അയാൾ പതുക്കെ ഇറങ്ങിപ്പോയി. യാന്ത്രികമായി അവർ എഴുന്നേറ്റു. പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. ചാറ്റൽ മഴയിലേക്ക് വണ്ടിയോടിച്ച് അപരിചിതൻ പേരുപോലും പറയാതെ മറഞ്ഞു. മരിക്കും മുമ്പ് ആ പയ്യൻ പിറുപിറുത്തിരുന്നത് ചേട്ടാ.. ചേട്ടാ... എന്നായിരുന്നില്ലേ എന്ന് സംശയമുണ്ടെന്ന് അയാളോട് പറയാത്തതിൽ അവൾക്ക് കുറ്റബോധം തോന്നി. പുറത്ത് മഴ കനത്തു. അകത്ത് കസേരയിലേക്ക് അവൾ പെയ്തു വീണു.

Content Summary: Malayalam Short Story ' Maranamozhi ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT