'ഓർഡർ ചെയ്യാതെ തന്നെ സാധനങ്ങൾ വീട്ടിലെത്തുന്നു', അക്കൗണ്ടിൽ നിന്നും പൈസയും പോയിട്ടുണ്ട്...
Mail This Article
നടന്നതാണ്. ആ ഉറപ്പിലാണ് ഇവിടെ വന്ന് പറയുന്നത്. എനിക്കത്രയും പരിചയള്ള വീടാണ്. അവര് ആദ്യം പറഞ്ഞപ്പോൾ ഞാനും ശരിക്ക് ഞെട്ടിപ്പോയി. ഈ രണ്ടായിരത്തിമുപ്പതില് ഇതത്ര വല്യ സംഭവാന്നൊന്നും തോന്നാത്തവരുണ്ടാവും. പക്ഷേ നിങ്ങക്കാവുമ്പം കൊറച്ച് ഗ്രാഫിക്സൊക്കെ വെച്ച് ഈ കഥ കൊറേക്കൂടി ഭീകരാക്കാനും പറ്റില്ലേ? അതാണ് ആയിരം പോയാലും വേണ്ടില്ല കഥ വന്ന് പറഞ്ഞുകളയാമെന്ന് വെച്ചത്. ചെലപ്പിത് സിനിമയായാലോ? ല്ലേ? സ്റ്റോറി ബാങ്കെന്നത് നല്ല പരിപാടിയായിട്ടാ എനിക്ക് തോന്നീട്ടുള്ളത്. ഇന്നലെ പ്രൈമില് കണ്ട പടം ഇങ്ങനൊരാള് വന്ന് പറഞ്ഞതാന്ന് ത്രഡില് കണ്ടിരുന്നു. പറയാനാണെങ്കിൽ ആയിരംന്ന്ള്ളത് കൂടുതലെന്ന്യാ. പൈസ കൊടുത്ത് കഥ പറണ്ടവസ്ഥവരെ വന്നു. അല്ല, കഥെടുത്താ പൈസ കിട്ടല്ലോ? ല്ലേ?
ഞാൻ കോട്ടയത്താ പണിയെടുക്കുന്നത്. ഇൻഷൂറൻസ് മേഖലേലാ. രാവിലത്തെ അതിവേഗട്രെയിൻ കേറിയാൽ ഒന്നൊന്നര മണിക്കൂറ് കൊണ്ട് കോട്ടയം പിടിക്കാം. വൈകിട്ടും ഉണ്ട്. അതുകൊണ്ട് കോട്ടയത്ത് നിക്കാതെ കൈച്ചിലാവാറാണ് പതിവ്. ആവുന്ന കാലത്ത് നമ്മള് വീട്ടിലില്ലെങ്കില് കുട്ട്യോള് വലുതാവുമ്പം വീടന്നെ ഓര് പിരിച്ചുവിട്ടാളും. അങ്ങനെയാ എന്റെ തോന്നല്. ഏതാണ്ട് അങ്ങനെ തന്നെ വിചാരിക്കുന്നോനാ ഋതിയും. ഞങ്ങള് ഒന്നുരണ്ട് വർഷം ഒരുമിച്ച് പഠിച്ചതാ. ഞാൻ ഡിഗ്രി മൂന്നു വർഷത്തെ ഡിപ്ലോമ കഴിഞ്ഞ് നിർത്തി. അവൻ നാലു വർഷം തെകച്ചു. ഒമ്പതു വയസ്സുള്ള ഒരു കുട്ടിയാണവന്. നാലില് പഠിക്കുന്നു. അവന്റെ ഭാര്യ നിനി. ഇപ്പം പണിക്കൊന്നും പോകുന്നില്ല. ആദ്യം എൽ.ഐ.സിയിലായിരുന്നു. വീട്ടിന്ന് ചെയ്യുന്നില്ലെന്നാണ് പറയുന്നത്. എന്തോര് വയ്യായ്മ ഉണ്ടായിരുന്നു. ഊര വേദനാന്നൊക്കെയാണ് ഒരിക്കൽ ആ ചെക്കന്റെ പിറന്നാളിന് പോയപ്പം പറഞ്ഞത്. ചെക്കന്റെ പേര് ഋൻമയ്. കൊറച്ച് കളി കൂടുതലാണ്. അതുപിന്നെ ഏതാണ്ടെല്ലാ ചെക്കമ്മാരും അങ്ങനെ തന്നെ. എന്റെ ചെറിയപെണ്ണും മോശൊന്നല്ല. ഇവന്റെ കേസില് കളി മറ്റൊന്നാണ്. എപ്പം നോക്കിയാലും ടി.വി. ചെറുപ്പത്തിലേ ടി.വി ന്റെ മുമ്പില് വെച്ച് തിന്നാൻ കൊടുത്ത് കൊടുത്ത് ശീലായതാ. ഇതൊന്നും വല്യൊരു പ്രശ്നായ് ഇന്നെത്തെ കാലത്ത് ആർക്കും തോന്നൂല. പക്ഷേ വീട്ടിലുള്ളോർക്ക് എല്ലപ്പഴും സ്വൈര്യക്കേട് തന്നെ.
ഒരിക്കൽ ആ ചെക്കന്റെ കാലൊടിഞ്ഞ് കുറച്ചു മാസം കെടപ്പിലായി. അതും കളിക്കുമ്പം പറ്റിയന്നെ. ഒരു കുട്ടിയാവുമ്പം ഒരു വീഴ്ച പോലും വല്ലാത്തൊരു പേടി രക്ഷിതാക്കളിലുണ്ടാക്കും. അതെല്ലാർക്കും അറിയുന്ന കാര്യാ. മൂന്നിലൊരാക്ക് നേരാംവഴിക്ക് കുട്ടിണ്ടാവാത്ത കാലാ. ശരിക്കു പറഞ്ഞാൽ കുട്ടികള് ഇന്ന് അങ്ങനെത്തൊരു ഇൻവെസ്റ്റ്മെന്റു കൂടിയാ. അത് പറഞ്ഞാ മോശാവല്ലോന്ന് വിചാരിച്ച് പറയുന്നില്ലാന്നേയുള്ളൂ. ചെക്കൻ വീണ കാര്യവും പ്ലാസ്‌റ്ററിട്ട് കിടക്കാന്നുള്ള കാര്യവും ഋതി തന്നെയാ ആദ്യം പറയുന്നത്. നിനി വീട്ടിത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് ചെക്കനെ നോക്കാൻ മറ്റു പ്രശ്നങ്ങളുമുണ്ടായില്ല. ഏതാണ്ടെല്ലാ സമയവും ചെക്കൻ ടി.വിയുടെ മുമ്പിൽ തന്നെയിരുന്നു. വീഴുന്നതിനും കുറച്ച് മുമ്പ് കണ്ണിലൊരു ചൊറിച്ചില് വന്ന് അന്ന് ഒരു ഐ സ്പെഷലിസ്റ്റിനെ കാണിച്ചിരുന്നു. ചൂടിന്റെയാണെന്നാണ് പറഞ്ഞത്. അമ്മാതിരിയല്ലേ ചൂട്. കണ്ണ് പൊകഞ്ഞ് അണ്ടി പൊട്ടും പോലെ പൊട്ടാത്തത് ഭാഗ്യംന്ന് വിചാരിക്കാ. അന്ന് കാണിച്ചപ്പം ടി.വി കാണുന്നത് കുറച്ച് കുറക്കാനും അവനോട് പറഞ്ഞിരുന്നു. പക്ഷേ വീണതിനുശേഷം പിന്നെ സമയം പോക്കാനായ് ടി.വി കണ്ടോട്ടെ എന്ന് തന്നെ നിനി തീരുമാനിച്ചു. "അച്ഛൻ വരുമ്പം ചെന്നിരുന്ന് എന്തെങ്കിലും എടുത്ത് വായിക്കണം." ചെക്കനത് സമ്മതമായി. എന്നാലും കൊറേയായപ്പം ഇടയ്ക്കിത്തിരി കണ്ണടച്ച് കിടക്കാൻ നിനി ചെക്കനോട് ഇടയ്ക്കിടെ പറയുമായിരുന്നു.
ഒരു ദിവസം പകൽ ഒരു സംഭവമുണ്ടായി. സമയം പതിനൊന്ന് കഴിഞ്ഞു കാണും. ചെക്കൻ ടി.വി കാണുകയായിരുന്നു. ഋതി ഓഫിസിലായിരുന്നു. കോളിങ്ങ് ബെൽ കേട്ട് നിനി വാതിൽ തുറന്നു. നോക്കുമ്പോൾ ഒരു ഡെലിവറി ബോയ് ആണ്. "ഇതാര് ഓർഡർ ചെയ്തതാ?" ഡെലിവറി ബോയ് അഡ്രസ് വായിച്ചു. കറക്ടാണ്. ചെലപ്പം ഋതിയേട്ടൻ ഓർഡറിയ്തതായിരിക്കുമെന്ന് വിചാരിച്ച് നിനി സാധനം വാങ്ങി. തുറന്ന് നോക്കിയപ്പോൾ പിസയായിരുന്നു. അതുകണ്ട് ഋൻമയ് തുള്ളിച്ചാടി. സാധാരണ അങ്ങനെ പതിവില്ല. ആരെങ്കിലും വരുമ്പഴാണ് പൊതുവെ പുറത്ത് നിന്ന് വാങ്ങാറ്. ഇത് ചിലപ്പോ അവൻ വീട്ടിത്തന്നെയുള്ളോണ്ട് വാങ്ങിയതാവും എന്ന് നിനി വിചാരിച്ചു. "ഞാനിപ്പം ഇതുപോലൊന്ന് ടി.വിക്കണ്ടിക്കേയുള്ളൂ ", ചെക്കൻ പറഞ്ഞു. "ഓ.. പിന്നെ. എന്നാ അതിന് പാവം തോന്നി എറങ്ങി വന്നതാവും." നിനി കളിയാക്കി. ഒരു കഷ്ണം മാത്രം അമ്മയ്ക്ക് കൊടുത്ത് ചെക്കൻ മുഴുവനും തിന്നു. അന്ന് രാത്രി ഋതി വന്നപ്പഴാണ് കാര്യമറിയുന്നത്. അങ്ങനെയൊരു സാധനം ഋതി ഓർഡറ് ചെയ്തിട്ടില്ല. അങ്ങനെയൊരു ചിന്ത പോലുമുണ്ടായിരുന്നില്ല എന്ന് അറിഞ്ഞതോടെ നിനിക്കും ഋതിക്കും എന്തോ ഒരു തെറ്റു ചെയ്തപോലെ തോന്നി. "ചെക്കന് തിന്നിട്ട് വേറെ വല്ലായ്മയൊന്നും ഇല്ലല്ലോ?" ഋതി തിരക്കി. "ഏയ്… ഇല്ലില്ല. മാത്രല്ല നല്ല ടെയ്സ്റ്റുണ്ടായിരുന്നു. ഞാനുമിത്തിരി ടെയ്സ്റ്റ് നോക്കിയതാ." നിനി സമാധാനിപ്പിച്ചു. "അതിന്റെ ബില്ല് ണ്ടോ?" ഋതി വീണ്ടും അസ്വസ്ഥതപ്പെട്ടു. "യ്യോ… ഉണ്ടായിരുന്നു. ഞാനത് അടിച്ചു വാരിക്കഴിഞ്ഞപ്പം എടുത്ത് ഇൻസുലേറ്ററിലിട്ടു." നിനി സ്വയം പഴിച്ചു. പിറ്റേന്ന് ഓഫിസ് സമയത്തിൽ ഋതി എന്നെ വിളിച്ചു. "ഡാ, നീ വല്ലതും എന്റെ വീട്ടിലേക്ക് ഓർഡറ് ചെയ്തിരുന്നോ?" "ഇല്ല." കൂടുതലൊന്നും പറയാതെ അവൻ ഫോൺ വെച്ചു.
അന്ന് തന്നെ ആ വീട്ടിലേക്ക് മറ്റൊരു സാധനം വന്നെത്തി. സമയം ഉച്ച കഴിഞ്ഞു കാണും. നിനി കുറച്ചൊന്നു കിടന്നതായിരുന്നു. സോഫയിൽ കിടന്ന് പതിവുപോലെ ചെക്കൻ ടി.വി കാണുകയായിരുന്നു. പെട്ടെന്ന് വീണ്ടും കോളിങ്ങ് ബെൽ ചിരിച്ചു. ഇത്തവണ അതൊരു ഡൈനിങ്ങ് ടേബിളായിരുന്നു. വാതിൽ തുറന്ന് അസ്രസ്സ് വായിച്ച് കേട്ട് ഉറപ്പിച്ച് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ നിനി പുറത്ത് തന്നെ നിന്നുപോയി. ടേബിൾ വണ്ടിയിൽ നിന്നിറക്കി രണ്ടു മൂന്നുപേർ അകത്ത് കൊണ്ടു വെച്ചു. "സെറ്റ് ചെയ്യട്ടെ മാഡം?" ഏതോരോർമ്മയിൽ തലയാട്ടിയതും ഋതിയുടെ വിളി വന്നു. "അവിടെ എന്തെങ്കിലും വന്നോ?" "ആ... ഉം." "എന്താ... ഫ്യൂച്ചർ ഫർണിച്ചറിന്റെ എന്തെങ്കിലുമാണോ?" "അതെ. ഒരു ഡൈനിങ്ങ് ടേബിൾ.." "ഡൈനിങ്ങ് ടേബിളോ… അതോൾറെഡി ഉളളതല്ലേ…?" "അതാ ഞാനും നോക്കുന്നത്." അന്ന് ഋതി കുറച്ച് നേരത്തെ വന്നു. അവൻ വല്ലാതെ കലങ്ങിയിരുന്നു. വീട്ടിലേക്ക് കേറി ഋതി ടേബിൾ ഒന്ന് തൊട്ടുനോക്കി. വിരലുകൊണ്ട് വല്ല പൊടിയും അതിൽ വിതറിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. "നല്ല ക്വാളിറ്റി ഉള്ളതാ." നിനി ഒന്നു തണുപ്പിക്കാൻ ശ്രമിച്ചു. "ശരിയാ… പക്ഷേ രണ്ടെണ്ണം എന്തിനാ… പൈസ പോയിട്ടുണ്ട്." ഋതി കാര്യം പറഞ്ഞു. നിനിയുടെ നെഞ്ചത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു. "ആണോ…?" "ഉം.." "എത്ര?" "പതിനാറായിരം."
പെട്ടെന്ന് വന്ന കരച്ചിലിൽ നിനി അടുക്കളയിലേക്ക് ഓടി. ഋതിക്ക് കാര്യം മനസ്സിലായി. മകൻ എന്തോ കളർ ചെയ്യുകയാണ്. ഋതി പതിയെ അടുക്കളയിലേക്ക് ചെന്നു. "നീ സങ്കടപ്പെടണ്ട. പോയത് പോട്ടെ. എങ്ങനെയാ അതോർഡർ ആയേന്നതാ പിടിത്തം കിട്ടാത്തത്?" നിനി കണ്ണുതുടച്ചു. "പോളിസി അടച്ചോ?" "അതിനു വെച്ചിരുന്നതാ… ഇന്നാണ് അക്കൗണ്ട് ചെക്കിയ്തത്. ഇന്നലത്തെ പിസയുടെ പൈസയും പോയിട്ടുണ്ട്." നിനി നിറഞ്ഞ കണ്ണുതുടച്ച് ചായക്കുള്ള കെറ്റിലിന്റെ സ്വിച്ചിട്ടു. "ഞാനൊന്നു ഡ്രസ് മാറട്ടെ.." ഋതിക്ക് ഒന്ന് മുങ്ങിക്കുളിക്കണമെന്ന് തോന്നി. അത് നടന്നില്ല. മൂന്നു മാസം മുമ്പാണ് അങ്ങനെയൊന്ന് ഋതി സാധിച്ചത്. ചെറിയ ടൂറായിരുന്നു. തോണിക്കടവിലേക്ക്. കക്കയം ഡാമിലേക്കു പോകുന്ന റൂട്ടാണ്. വലിയ വെള്ളമില്ലാത്ത കുറ്റ്യാടി പുഴയുടെ ഭാഗം. വൈകുന്നേരം നല്ല വൈബാണ്. ഭാര്യയും മോനുമൊപ്പമുണ്ടായിരുന്നു. ആരോ അതിനടുത്ത് മുങ്ങിമരിച്ചത് കൊണ്ട് ടൂറിസ്റ്റുകൾ കുളിക്കരുത് എന്ന് ഒരാൾ വന്നു പറഞ്ഞു. കുറച്ച് കഴിഞ്ഞ് അയാൾ പോയപ്പോൾ ഋതിയും മോനും കുളിക്കുകയായിരുന്നു. രാത്രിയിലെ ചപ്പാത്തിയും കറിയും കഴിച്ച് കഴിഞ്ഞ് നിനി ഋതിയുടെ അടുത്തു ചെന്നിരുന്നു. "ബാങ്കിലൊന്ന് ചെന്ന് നോക്കിക്കൂടെ…" "ഞാൻ വിളിച്ചിരുന്നു. അങ്ങനെ വരാൻ വഴിയില്ല എന്നാണ് പറയുന്നത്. അത് പിന്നെ അങ്ങനെയല്ലേ അവര് പറയൂ."
പിറ്റേന്ന് ആരെങ്കിലും വന്ന് കേറുമെന്ന് ഒരു തോന്നൽ നിനിക്കും ഋതിക്കും ഉണ്ടായിരുന്നു. ഒരു കോളിങ്ങ് ബെൽ അവർ പ്രതീക്ഷിച്ചു. ഓഫിസ് അവധിയായതിനാൽ വീട്ടിൽ തന്നെയിരിക്കാമെന്ന് ഋതിയും തീരുമാനിച്ചു. അച്ഛന്റെ മൂഡത്ര ശരിയല്ലെന്ന് തോന്നി ഋൻമയ് കളറും പുസ്തകവുമെടുത്ത് വരക്കാൻ തുടങ്ങിയിരുന്നു. "കാണിക്കാറായിട്ടുണ്ട്?" നിനി ഇടയ്ക്ക് അടുത്ത് വന്ന് പറഞ്ഞു. "ഉം.. നാളെ പോകാം." ആ കാത്തിരിപ്പ് വെറുതെയായ്. അന്ന് അവിടേക്ക് ഒന്നും തന്നെ വന്നില്ല. പിറ്റേന്ന് ആശുപത്രിയിൽ ചെന്ന് ചെക്കനെ ഒന്നുകൂടി കാണിച്ചു. "വേറെ കുഴപ്പമൊന്നുമില്ല. മൂന്നാഴ്ച കൂടി കഴിഞ്ഞ് വന്നാൽ മതി." ഡോക്ടർ പറഞ്ഞു. ഋതി ചെറുതായ് താടിയുഴിഞ്ഞു: "വേറെ കുഴപ്പമൊന്നുമില്ലല്ലോ?" "ഏയ്… എന്ത് കുഴപ്പം?" ഋതി കൂടുതലൊന്നും പറയാതെ അവിടുന്നിറങ്ങി. ബൈക്കിൽ കേറുന്നതിനു മുമ്പ് നിനി ഋതിയുടെ മുമ്പിൽ വന്നു നിന്നു. ചെക്കൻ അപ്പുറത്ത് നിന്ന് ജ്യൂസ് കുടിക്കുകയാണ്. "വേറൊന്നുല്ല. ഓർഡറ് അവനങ്ങാൻ അറിയാതെ…" "എങ്ങനെ…? വീട്ടിലിരിക്കുന്ന അവനെങ്ങനെ. ഫോൺ നിങ്ങളെ കൈയ്യിലല്ലേ." "അതെ. പക്ഷേ അങ്ങനെയെന്തോ?" "എന്നാ വാ, നമുക്ക് ഇത് പറഞ്ഞുകൊണ്ട് ആരെയെങ്കിലും കാണിക്കാം." നിനി വാശി പിടിച്ചു. ഡോക്ടറോട് ചോദിച്ചത് അവൾക്കിഷ്ടപ്പെട്ടില്ലെന്ന് ഋതി ഉറപ്പിച്ചു.
വീട്ടിലെത്തി ഒന്ന് സോഫയിൽ ചാരിയതും ആരോ കോളിങ്ങ് ബെൽ അടിച്ചു. ഋതിയായിരുന്നു വാതിൽ തുറന്നത്. സാധനം വാങ്ങിയതും മെസ്സേജ് പൊങ്ങി. ഋതി അകത്ത് കേറി. നിനി ഓടി വന്നു. ചെക്കൻ ടി.വി കാണുകയാണ്. നിനി ഋതിയേയും കൂട്ടി ബെഡ്റൂമിലേക്ക് ചെന്നു. സാധനം തുറന്നു. നിനിയുടെ കണ്ണ് തള്ളിപ്പോയ്. പുതിയ മോഡൽ ബ്രായാണ്. ഋതി നിനിയെത്തന്നെ നോക്കി നിന്നു. "എന്നെ നോക്കണ്ട. ഞാനല്ല." നിനി ഉറപ്പ് പറഞ്ഞു. ഋതിക്ക് ഒന്നും പറയാനോ ചിന്തിക്കാനോ കഴിഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം അവരെ ഞെട്ടിച്ചു കൊണ്ട് ടി.വിയിൽ നിന്ന് മുന്നിലുള്ള അതേ ബ്രാൻഡിന്റെ പരസ്യം കൂടുതൽ ഉച്ചത്തിൽ അവർ കേട്ടു. രണ്ടുപേരും അങ്ങോട്ടു ചെന്നു. "അതെ. സെയിം ബ്രാൻഡ്!" ചെക്കനിരുന്ന് കാണുകയാണ്. പക്ഷേ ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ മാത്രം ഒരു സാധ്യതയും ഋതിക്കു മുമ്പിൽ തെളിഞ്ഞില്ല. അടുത്ത ദിവസം ഓഫിസിൽ പോയി ചില കൂട്ടുകാരോട് മറ്റൊരു വഴിയിൽ കാര്യങ്ങളന്വേഷിക്കാൻ ഋതി തീരുമാനിച്ചു. "പൈസ പോയോ.. നിന്റെ സാലറി അക്കൗണ്ടല്ലേ..?" "ഉം." "വേഗം മാറ്റിക്കോ… അല്ലേ തീരുമാനാവും." അഭിപ്രായങ്ങൾ പലതും പൊന്തി വന്നു. ഒരു തരം ഫ്രോഡ് എന്നതിലപ്പുറം കൂടുതൽ ബുദ്ധിപരമായ ഒരുത്തരവും ഋതിയെ തേടിയെത്തിയില്ല. അന്ന് രാത്രി അവനെന്നെയും വിളിച്ചിരുന്നു. അപ്പഴാണ് കഥ മുഴുവനും പറയുന്നത്. ഞാൻ പറഞ്ഞ ഒരു കാര്യം അവൻ ചെയ്യാമെന്നേൽക്കുകയും ചെയ്തു. സാലറി അക്കൗണ്ടിലെ പൈസ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുക.
പറഞ്ഞതു പോലെ അന്ന് രാത്രി തന്നെ ചെറിയൊരു പൈസ മാത്രം സാലറി അക്കൗണ്ടിൽ വെച്ച് ബാക്കിയുള്ളത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. പൈസയില്ലാതെ എങ്ങനെ ഓർഡറാവുമെന്ന് കാണാമല്ലോ. ഋതി സമാധാനിച്ചു. കുറച്ച് ദിവസം ഒന്നും വന്നില്ല. പ്രശ്നം തീർന്നെന്ന് ഋതിയും നിനിയും സമാധാനിച്ചു. അതിനിടയിൽ ഒരു ദിവസം ഞാനവരുടെ വീട്ടിൽ പോയിരുന്നു. ചെന്നപ്പോൾ എന്നോട് ടി.വിയൊന്ന് പരിശോധിക്കാൻ അവൻ പറഞ്ഞു. ഞാൻ ഇലക്ട്രോണിക്സ് കൊറച്ച് പഠിച്ചതാണ്. ആ ബലത്തിലാണ്. പറഞ്ഞ പോലെ ഞാനതിന്റെ സെറ്റിങ്ങ്സൊക്കെ അറിയുമ്പോലെ പരിശോധിച്ചു. പ്രത്യേകിച്ചൊന്നും ശ്രദ്ധയിൽ പെട്ടില്ല. പിന്നെയും ഒരാഴ്ച കഴിഞ്ഞു കാണും. രാത്രി പണി കഴിഞ്ഞ് ഋതി വീട്ടിൽ വന്നു. കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ നേരം നിനി ഒരു ചെറിയ പാക്കെടുത്ത് ഋതിക്ക് കൊടുത്തു. അതു കണ്ടപ്പോൾ തന്നെ ഋതിക്കു ചിരി വന്നു. "നീ തന്നെ വാങ്ങിയോ…? എനിക്കിപ്പഴും ഇത് വാങ്ങുമ്പം കുറവാണ്." പതിയെ മൂഡ്സിന്റെ ഒരു പുതിയ പാക്കറ്റ് പൊളിച്ചു കൊണ്ട് നിനി പറഞ്ഞു: "വാങ്ങിയതല്ല." അതുകേട്ടതും ഋതി ഓടിച്ചുകൊണ്ടിരിക്കുന്ന ബൈക്ക് ഒരു തമിഴ് ലോറിയെ വെട്ടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഋതിക്ക് ഒന്നും പറയാൻ സാധിച്ചില്ല. "ഇന്ന് വന്നതാ. ഇതേ പരസ്യം ടി.വിയിലും ഉണ്ട്. ചെക്കൻ അത് കാണുന്നുമുണ്ട്." അക്കൗണ്ടിലുള്ള ചെറിയ പൈസയ്ക്കാണ് ഓർഡറായിരിക്കുന്നത്. ഒടുക്കം എന്തുവന്നാലും മകനെ ഒന്ന് ജനറൽ ഫിസിഷനെ കാണിക്കാന്ന് രണ്ടുപേരും തീരുമാനിച്ചു. "ഏയ്… ഇത് മറ്റെന്തോവാണ്. ഇവന്റെ പ്രശ്നമല്ല. ഇവൻ ആള് ഓക്കെയാ…" ഋതി സമാധാനിച്ചു. പക്ഷേ മുറിയിൽ നിന്ന് എഴുന്നേൽക്കാൻ നേരം ഡോക്ടർ പറഞ്ഞു: "ഒരു ചൈൽഡ് സൈക്കോളജിസ്റ്റിനെ ഒന്ന് കാണിക്കൂ. സംശയം വേണ്ടല്ലോ…?"
അന്നുതന്നെ തൊട്ടടുത്തുള്ള ഒരു സൈക്കോളജിസ്റ്റിനെ അവര് ചെന്ന് കണ്ടു. കുട്ടിയോട് വിശദമായ് സംസാരിച്ചു. കുട്ടിയെ പുറത്തേക്ക് ഒരു അസിസ്റ്റന്റ് കൊണ്ടുപോയ സമയം ഡോക്ടർ കാര്യം പറഞ്ഞു: "ഏയ്.. കുഴപ്പമൊന്നുമില്ല. കുറേയൊക്കെ നിങ്ങളെ തോന്നലാ.. പക്ഷേ ഒരു ചെറിയ കാര്യണ്ട്. വീട്ടിലേക്ക് വന്ന എല്ലാ സാധനവും അവനിഷ്ടമുള്ള സാധനങ്ങളാ.. അതിനെക്കുറിച്ച് കുറെയൊക്കെ അവനറിയാം. അതുൾപ്പടെ പലതും വാങ്ങണമെന്ന തോന്നൽ അവനുണ്ടായിട്ടുമുണ്ട്. ദേഷ്യപ്പെടരുത്. അത് കാര്യങ്ങളെ വഷളാക്കും. അറിയാത്തതായ് ഒളിപ്പിച്ച് വെച്ചതുകൊണ്ടും കാര്യമില്ല. സമാധാനത്തിൽ സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കണം." ഋതിയുടെ ഉള്ളിൽ ഒരെണ്ണക്കിണറ്റിന് തീയിട്ട അവസ്ഥയായിരുന്നു. "അവനാണോ, വാങ്ങിയത്?" "ഏയ്… അല്ല… ഒരിക്കലുമല്ല. അവനാഗ്രഹിച്ചിരുന്നു എന്ന് മാത്രം." കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ജോലിയുടെ സമ്മർദ്ദങ്ങൾക്കു പുറമെ അത്രപെട്ടെന്ന് പരിഹരിക്കാനാവാത്ത ഒന്നായ് ഋതിക്കിതു തോന്നി. നിനി സമാധാനിപ്പിച്ചു. ദിവസങ്ങൾ കടന്നുപോയി. അതിനിടയിൽ നിനി മകനോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. അവന്റെ തോന്നലുകൾ അവനും പറയാൻ ശ്രമിച്ചു. ഇത്രയധികം ആഗ്രഹങ്ങൾ അവനുണ്ടായിരുന്നതായ് നിനി മനസ്സിലാക്കുന്നത് അപ്പോഴായിരുന്നു. ടി.വിയുടെ മുമ്പിൽ നിന്ന് അവനെ മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കുക എന്നതായിരുന്നു ഒരു പ്രധാന പരിഹാരം. അത് ഒട്ടും എളുപ്പമല്ലെന്ന് നിനിക്കാദ്യമേ മനസ്സിലായിരുന്നു. ഒന്നാം പിറന്നാളിനു തന്നെ സ്വന്തമായ് ടാബ് സമ്മാനമായ് കിട്ടിയ കുട്ടിയാണ്. കുറച്ച് കാലമേ അതുപയോഗിച്ചുള്ളു. സ്കൂളിൽ പോവാൻ തുടങ്ങിയപ്പം ലാപ്ടോപ്പായി. എന്നാലും ടി.വിയുടെ മുമ്പിലിരിക്കുന്നതായിരുന്നു അവനിഷ്ടം.
ഒരിക്കൽ നിനി അവനോട് ചോദിച്ചു; "നിനക്ക് ഫിലിമാ കൂടുതലിഷ്ടം?" "അല്ല." അവൻ മറുപടി പറഞ്ഞു. നിനിക്ക് സന്തോഷം തോന്നി. "പിന്നെ?" "ആഡ്സാ…" കാര്യങ്ങൾ അവിടം കൊണ്ട് തീർന്നില്ല. ചെറിയ തോതിൽ വീണ്ടും വളർന്നു തുടങ്ങിയ സമാധാനത്തിന് അടുത്ത ഒന്നാം തിയതി തന്നെ വലിയൊരു പരിക്കു പറ്റി. ഇത്തവണ തിളക്കമുള്ള ഒരു കാറിലായിരുന്നു വരവ്. നിറഞ്ഞ ചിരിയോടെ ഭംഗിയായ് പൊതിഞ്ഞ ഒരു ചെറിയ പെട്ടി നിനി വാങ്ങി. അരമണിക്കൂറിനുള്ളിൽ ഋതിയും വീട്ടിലെത്തി. നിനി ആ പെട്ടി തുറന്നു കാണിച്ചു. ഡയമണ്ടിന്റെ ഒരു ചെറിയ മോതിരം. ഒരു മാസത്തെ സാലറി. ഋതി തളർന്നിരുന്നു. "നമുക്കിത് തിരിച്ചു കൊടുക്കാം." ഋതിയുടെ ചുണ്ടുകൾ വിറച്ചു. "അന്ന് വന്ന ഡൈനിങ് ടേബിള് തന്നെ ഞാൻ ഒ.എൽ എക്സിലിട്ടിരുന്നു. പത്തുറുപ്പികയാ പറയുന്നത്... ആറുറുപ്പിക ഒറ്റയടിക്ക് പോവും." അന്ന് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ഋതി നേരത്തെ കിടന്നു. നിനിക്കുറക്കം വന്നതേയില്ല "ഒരു മാസം എങ്ങനെ കഴിയും?" "ഗോൾഡ് വെക്കാം. പൈസ കിട്ടുമ്പം തിരിച്ചെടുക്കാം." പിറ്റേന്ന് സാലറി അക്കൗണ്ട് മാറ്റാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഒരു പുതിയ കാര്യം ഋതി കേൾക്കുന്നത്. പെട്ടെന്ന് ഋതി തിരിച്ച് വീട്ടിൽ വന്നു. നിനിക്ക് ശരിക്കും പേടിയായ്. മകനെയും കൂട്ടി ഋതി എങ്ങോട്ടോ വണ്ടിയെടുത്തു. വന്നിട്ട് പറയാമെന്ന നോട്ടം മാത്രമായിരുന്നു മറുപടി. തിരിച്ചെത്തിയപ്പോൾ സമയം സന്ധ്യയായിരുന്നു. കൂടെ ഞാനുമുണ്ടായിരുന്നു. ഋതിയുടെ മകനെ മുമ്പു കാണിച്ച ഐ ഹോസ്പിറ്റലിൽ നിന്നുള്ള വിളിയാണ് എനിക്കാദ്യം വരുന്നത്. ഞാനായിരുന്നു അവിടത്തെ ഡോക്ടറെ കാര്യം ഋതിയോട് ആദ്യം പറയുന്നത്.
തിരികെ വീട്ടിലെത്തിയതും ഋതിയുടെ കോലം കണ്ട് നിനി പരിഭ്രമിച്ചു. ഷർട്ട് ചുക്കിച്ചുളിഞ്ഞിട്ടുണ്ട്. മകൻ നന്നായ് കരഞ്ഞമട്ടുണ്ട്. ഞാൻ കാര്യം പറഞ്ഞു: "ഹോസ്പിറ്റലിൽ പോയിരുന്നു. ചെറിയൊരു വഴക്കുണ്ടായി. അതാ." കൂടുതലെന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല. "എന്താ… എന്താ കാര്യം?" നിനി നിർബന്ധിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യം തുറന്നുപറഞ്ഞു: "കച്ചോടത്തിന്റെ പുതിയ രീതിയാ. എല്ലാ ഹോസ്പിറ്റലിലുമൊന്നുമില്ല. അവിടെയുണ്ട്. നമ്മുടെ ആഗ്രഹവും ടിവിയും അക്കൗണ്ടും തമ്മിലൊരു ലിങ്ക്. ടിവിയിലെ ഇപ്പഴത്തെ പുതിയൊരപ്ഡേറ്റാണത്. പലർക്കുമതറിയില്ല. ടി വി കാണുന്ന നമ്മളെ സ്കാൻ ചെയ്യുന്നുണ്ട്. ഒരു കാര്യം കണ്ട് ഇഷ്ടപ്പെടുമ്പം ശരീരത്തിൽ ഒരു ഹോർമോണൽ ചെയ്ഞ്ച് ഉണ്ടാവുന്നുണ്ടുപോലും. രണ്ടു മൂന്ന് തവണ അത് സംഭവിച്ചാൽ ആ പ്രൊഡക്ട് ഓട്ടോമാറ്റിക്കലി ഓർഡറായ് പാർസലായി വീട്ടിലെത്തും. പൈസ കണ്ണുകൂടി ലിങ്ക്ഡായ അക്കൗണ്ട് വഴി പോകും. അതിനുള്ള ഒപ്പ് കൂടി മുമ്പ് കാണിക്കാൻ ചെന്നപ്പം അറിയാതെ ഇട്ടു കൊടുത്തിട്ടുമുണ്ട്." ഞാനൊന്നു നിന്നു. "അങ്ങോട്ടു മാത്രമല്ല നമ്മളെ കാണുന്ന പലതും തിരിച്ചിങ്ങോട്ടും സ്കാൻ ചെയ്യാൻ തുടങ്ങി. അതാണ് സംഭവിച്ചത്. ചുരുക്കം പറഞ്ഞാ ഇവിടുത്തെ ചെക്കന്റെ കണ്ണും ഋതിയുടെ അക്കൗണ്ടും അത്രയ്ക്ക് ടൈയ്യപ്പാ…" അവിടുന്ന് ഞാൻ ഇറങ്ങി. വീട്ടിലേക്ക് പോകാൻ എനിക്ക് പേടി തോന്നി. ഒരു നിമിഷം നിന്ന് ഞാനെന്റെ അക്കൗണ്ട് പരിശോധിച്ചു. കഴിഞ്ഞ ഒരാഴ്ച വന്ന മെസേജുകൾ വായിച്ചു. വീണ്ടും നടക്കുമ്പോൾ എന്തിനെയെങ്കിലും നോക്കാൻ ഞാൻ അധൈര്യപ്പെട്ടു. എന്നും വൈകിട്ട് വാർത്തയ്ക്കിരിക്കുന്ന ഞാൻ രണ്ടു മൂന്ന് ദിവസം ഒട്ടും ടി.വി യുടെ മുന്നിലേക്ക് വരാതെയായപ്പം എന്റെ ഭാര്യയും ചോദിച്ചു: "നിങ്ങക്കെന്താ ടി.വിയിലേക്ക് നോക്കാൻ പേടിയുണ്ടോ?"
Content Summary: Malayalam Short Story ' Krishnamaniyude Kuzhi ' Written by Vimeesh Maniyur