'ഡിവോഴ്സ് കേസ്' വാദിക്കാൻ വന്ന അഡ്വക്കേറ്റാണ് അവൾ, അയാളോട് പ്രണയം തോന്നിയെന്ന് എങ്ങനെ പറയും?

Mail This Article
"ഒടുവിലായി അവൻ നിന്നെ ഹൃദയത്തോട് ചേർക്കും. അവന്റെ ഹൃദയത്തിൽ അലിഞ്ഞു ചേരുക, അഥവാ അവന്റെ ഹൃദയത്തിൽ അലിഞ്ഞു തീരുക." ഡേവിഡിന്റെ ഡയറിക്കുറിപ്പുകളുടെ അവസാനത്തിൽ ചെന്ന് മുട്ടി, അഡ്വക്കേറ്റ് അലീന കിതച്ചു. ആദ്യമായാണ് വാദിക്കേണ്ട തരത്തിൽ അലീന കേസിന്റെ ഫയലുകൾ വായിക്കുന്നത്. നാളെ പതിനൊന്ന് മണിക്കാണ് കേസ് വിളിക്കുന്നത്. പലവട്ടം ഡേവിഡിന്റെയും മറിയത്തിന്റെയും ഡിവോഴ്സ് കേസ് ഡിസ്കഷൻസ് പണിക്കർ സാറിന്റെ കൂടെയിരിക്കുമ്പോൾ കേട്ടിട്ടുണ്ടെങ്കിലും, അഡ്വക്കേറ്റ് അലീന കേട്ടിരുന്നത് മുഴുവൻ മറിയത്തിന്റെ ഭാഗം മാത്രമായിരുന്നു. പണിക്കർ സാറിന് പെട്ടെന്നൊരു അറ്റാക്ക് വരുമെന്നോ, അദ്ദേഹം ആശുപത്രിക്കിടക്കയിലാകുമെന്നോ തനിക്ക് ഈ കേസ് വാദിക്കേണ്ടി വരുമെന്നോ സ്വപ്നത്തിൽപ്പോലും ചിന്തിക്കാതിരുന്നതിനാൽ അലീന കഥ കേൾക്കുന്ന ലാഘവത്തിൽ, മറിയം പറഞ്ഞതും പണിക്കർ സാറ് പറഞ്ഞതും ഭർത്താവിനെ പിരിഞ്ഞ് താമസിക്കുന്ന പെണ്ണുങ്ങളെ മാത്രം ട്യൂൺ ചെയ്യാൻ നടക്കുന്ന ജൂനിയർ വക്കീൽ ആന്റോ തോമസ് പറഞ്ഞതും കേട്ട് മറന്നു. പക്ഷേ, കേസ് വാദിക്കുമ്പോൾ ഒരു ഭാഗം മാത്രം കേൾക്കുകയും അറിയുകയും ചെയ്താൽ പോരല്ലോ. ഒറ്റ രാത്രി കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ മറിയം പണിക്കർ സാറിന് കൊടുത്തിരുന്ന, ഡേവിഡിന്റെ ഡയറി അലീന വായിച്ചു തുടങ്ങി.
അയാളുടെ, വൃത്തിയിൽ ഉരുട്ടിയെഴുതിയിരിക്കുന്ന കൈയ്യക്ഷരങ്ങളും കടലാസുകളോട് കാണിച്ചിരിക്കുന്ന അച്ചടക്കവും അവളെ, ഏതോ പഴയകാല പ്രണയകവിതകളുടെ കിണറുകളിലേക്ക് കൊണ്ട് പോയി. അതിൽ നിന്ന് തിരിച്ച് കയറാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ പരാജയപ്പെട്ടു. ഒരു തവള അതിന്റെ ഉള്ളിൽ കിടന്ന് "പേക്രോം" വിളിച്ച് പ്രതിധ്വനികളിൽ മറുവിളി തേടുന്നത് പോലെ അവളും ഡേവിഡിന്റെ വരികൾക്കിടയിലൂടെ നിലവിളിച്ച് അതിന്റെ പ്രതിധ്വനിയിൽ താൻ തേടുന്ന അർഥം തന്നെ നേടാൻ ശ്രമിച്ച് പരാജയപ്പെട്ടു കൊണ്ടിരുന്നു. "ഇന്നുമവൾ വന്നു. സൗഗന്ധികങ്ങൾ പൂത്ത് കിടക്കുന്ന വഴിത്താരയിലേക്ക് തുറക്കുന്ന ജനാലയുടെ അടുത്ത് കണ്ണ് നട്ട് നിൽക്കുകയായിരുന്നു ഞാനപ്പോൾ. ആ സ്പർശം എന്റെ ഹൃദയത്തിൽ ഒരു മഴ പെയ്യിച്ചു. അവളുടെ സൗന്ദര്യം വരച്ചിടാൻ ഞാൻ കടലാസുകളെ തേടി."
വരികളിൽ എന്തോ ഒളിപ്പിച്ച ശേഷം അയാൾ ഓരോ താളുകളും അവസാനിപ്പിച്ചിരിക്കുന്നു. മറിയം പറഞ്ഞ വാക്കുകൾ അലീന മനസ്സിന്റെ ഭിത്തിയിലിട്ട് കടഞ്ഞെടുക്കാൻ ശ്രമിച്ചു, "ഭ്രാന്ത് പിടിച്ച ഒരു മനുഷ്യനാണയാൾ. എത്ര പെണ്ണുങ്ങളുമായി പ്രേമവും ബന്ധവുമുണ്ടെന്ന് എനിക്കറിയില്ല. ഓരോ ദിവസവും ഓരോ പുതിയ വാരികകൾ അയാൾ വീട്ടിൽ കൊണ്ട് വരും. ഞാൻ പേടിയോടെയാണ് ഇപ്പോൾ അതൊക്കെ എടുത്ത് നോക്കുന്നത്. അതിലൊക്കെയും അയാൾ എഴുതുന്ന പുതിയ കഥകളുണ്ടാകും. എല്ലാത്തിലും അയാളുടെ പുതിയ പെണ്ണുങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രം. ഉമ്മ വയ്ക്കാൻ തോന്നണെന്നും കൂടെ കെടത്താൻ തോന്നണെന്നുമൊക്കെ. അയാൾ പ്രേമിക്കുന്നതും ഡയറിയിൽ പ്രേമമെല്ലാം എഴുതി വയ്ക്കുന്നതും ഞാൻ ക്ഷമിച്ചു. പക്ഷേ, നാട്ടുകാര് മൊത്തം കാണുന്ന കണക്കിൽ ഇങ്ങനെ വാരികകളിൽ എഴുതി വിടാൻ തുടങ്ങിയാൽ ക്ഷമിക്കാൻ പറ്റുമോ? കൊച്ചിനാണെങ്കിൽ ക്ഷമിക്കാൻ പറ്റുമോ? പറ കൊച്ചേ.."
അവർ തന്റെ മൂക്കിന്റെ തുമ്പറ്റത്തേക്ക് കയറി വന്ന് വിരൽ ചൂണ്ടിയപ്പോൾ അലീന കുനിഞ്ഞു കളഞ്ഞു. ആ സമയം അലീന ഇക്കേസും ഒരു അവിഹിതക്കേസ് തന്നെയാണല്ലോ എന്ന് വിധിയെഴുതിക്കൊണ്ട്, രണ്ടാഴ്ച മുൻപ് വന്ന മറ്റൊരു കേസിലേക്ക് തന്റെ ചിന്തകളെ തൂക്കിയിട്ടു. ആ കേസിലെ ഭാര്യ അന്ന് കുമാരേട്ടന്റെ ചായക്കടയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. അവർ പറഞ്ഞത് ചിന്താശകലങ്ങളിൽ നിന്ന് ഇളകിയിളകി പൊഴിഞ്ഞു തുടങ്ങി. അത് ഏറെക്കുറെ ഇങ്ങനെയായിരുന്നു, "സാറേ, അങ്ങേര് ആപ്പീസീന്ന് വന്നാൽ അപ്പോൾ തുടങ്ങും ഫോണിൽ കുശുകുശുക്കാൻ. എല്ലാം പെണ്ണുങ്ങളാ സാറേ. ഒരീസം ഞാനങ്ങ് ചോദിച്ചു പോയി. ബ്രാണ്ടിക്കുപ്പിയും മണപ്പിച്ചോണ്ട്, അടുത്ത് പൊണ്ടാട്ടി കിടക്കണെന്നെങ്കിലും ചിന്തിക്കാതെ കണ്ട അവളുമാരോടൊക്കെ തുണിയില്ലാത്ത പടങ്ങൾ അയക്കാൻ പറയണത് കേട്ടാൽ ഒരു പെമ്പറന്നോത്തിക്ക് എങ്ങനെ അത് ചോദിക്കാതിരിക്കാൻ പറ്റും?" അതും പറഞ്ഞാണ് അവർ സഹിക്കാൻ പറ്റാത്ത രീതിയിൽ പൊട്ടിക്കരഞ്ഞത്. പണിക്കർ സാർ അലീനയെ നോക്കി. അവൾ എഴുന്നേറ്റ് ചെന്ന് അവരുടെ അടുത്തിരുന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവരുടെ കവിളത്ത് പതിഞ്ഞു കിടന്ന ചുവന്ന കുങ്കുമപ്പൊട്ടിലേക്ക് കണ്ണുകൾ ചെന്നെത്തിയതും ആശ്വസിപ്പിക്കാൻ ചെന്ന അലീനയുടെ കൈകൾ സ്വയം നിശ്ചലമായി. തന്റെ കവിളത്ത് തന്നെ സൂക്ഷിച്ചു നോക്കുന്ന അലീനയെ കണ്ട് അവർ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു,
"ഞാൻ ചോദിച്ചതിന് കിട്ടിയ സമ്മാനമാണ് മോളേ. ഒരു മുഴുത്ത ചീത്തയും വിളിച്ച് കൈയിലിരുന്ന ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചതാ. അങ്ങേർക്ക് രാവിലെ ബോധം വന്നപ്പോൾ ഞാൻ പറഞ്ഞു, ഡിവോഴ്സ് വേണമെന്ന്. അപ്പൊ അങ്ങേർക്ക് ഒരു ചിരി. "ഞാനുണ്ടാക്കിയിട്ട രണ്ട് പിള്ളേരേം കൊണ്ട് നീ തെണ്ടിത്തിന്ന് ജീവിക്കുവോ? എന്നാൽ അതൊന്ന് കാണണമല്ലോയെന്ന്. എന്റെ പൊന്ന് മോളേ, കെട്ടിയിട്ടില്ലെങ്കിൽ ഒരിക്കലും കെട്ടാൻ നിന്ന് കൊടുക്കരുത്. അവന്മാരുടെ വിത്തെറിഞ്ഞ് മുളപ്പിക്കാനുള്ള ഒരു നിലം മാത്രമാണ് പെണ്ണുങ്ങൾ." ആ സ്ത്രീ കൈകൾ കവിളിൽ ചേർത്ത് വച്ചു കൊണ്ട് ചിരിക്കുവാൻ ശ്രമിച്ചു. അലീന മറിയത്തെ കാണുമ്പോഴൊക്കെ ആ സ്ത്രീയുടെ ഓർമകളിൽ മുഴുകി. പക്ഷേ, ആ സ്ത്രീയുടെ ഭർത്താവിനെപ്പോലെ മറിയത്തെ ഡേവിഡ് ഉപദ്രവിച്ചിട്ടേയില്ലെന്നത് അവരെ അതിശയിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള മോശമായ വാക്ക് അയാളിൽ നിന്ന് വീണതായുള്ള ഒരു സൂചന പോലും മറിയം മുന്നോട്ട് വച്ചിരുന്നില്ല. അലീന പല വട്ടം ഡെവിഡിന്റെ ഡയറിയിലൂടെ ഇഴഞ്ഞ് നീങ്ങിയെങ്കിലും അതിലൊന്നും തന്നെ, ഒരിടത്ത് പോലും അയാളുടെ ഭാര്യയെ ഒരു പിശാചെന്നൊ, യക്ഷിയെന്നോ ഉള്ള നിലയിൽ ചിത്രീകരിക്കാൻ അയാൾ ശ്രമിച്ചിട്ടേയില്ല. മുഖം മനസിന്റെ കണ്ണാടിയെന്നത് പോലെയാണല്ലോ ഡയറിക്കുറിപ്പുകളും. ഒരിക്കലും ആരും കാണില്ലെന്ന ധാരണയിൽ മനസ് മുഴുവൻ വരച്ചിടുന്നതാണ് ഡയറികൾ എന്നാണ് അലീന ഈ നിമിഷം വരെയും കരുതിയിരിക്കുന്നത്.
പക്ഷേ, നാളെ കുടുംബ കോടതിയിൽ പ്രസന്നൻ വക്കീല് വന്ന് ഡിവോഴ്സ് ആവശ്യപ്പെടാൻ കാരണമെന്തെന്ന് ചോദിക്കുമ്പോൾ, അവിഹിതത്തിന് തെളിവായി ഈ ഡയറി എങ്ങനെ ഹാജരാക്കുമെന്നോർത്താണ് അലീനയുടെ ഇപ്പോഴത്തെ വിഷമം. അങ്ങനെയാണ് അലീന ഡേവിഡിനോട് തനിക്ക് ഒന്ന് നേരിൽ കാണണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സമയം രാത്രി ഒൻപതിനോട് അടുത്തിട്ടുണ്ടാകും. അവൾ ചെല്ലുമ്പോൾ അയാൾ കോഫീ ഷോപ്പിന്റെ ഏറ്റവും അവസാനത്തെ ചെയറിലിരുന്ന് "ചാരുലത" വായിക്കുകയായിരുന്നു. മറിയം പറഞ്ഞ കാര്യങ്ങൾ മനസിലിട്ട് കൊണ്ട് തന്നെയാണ് അവൾ അങ്ങോട്ടേക്ക് വന്നത്. അതുകൊണ്ട് തന്നെ അയാൾ തന്നെ കറക്കിയെടുക്കാൻ ശ്രമിക്കുമെന്ന് കരുതിക്കൊണ്ടാണ് അവൾ ഒന്ന് ചുമച്ച് ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചത്. അയാൾ കണ്ണുകളുയർത്തി അവളെ നോക്കി. എത്ര മനോഹരമായ കണ്ണുകളെന്ന് മനസ്സിൽ പറഞ്ഞു കൊണ്ടാണ് അലീന അയാൾ ചൂണ്ടിക്കാണിച്ച കസേരയിൽ ഇരുന്നത്.
"വായിച്ചിട്ടുണ്ടോ ചാരുലത?" ഡേവിഡ് പുസ്തകത്തിലേക്ക് കുമ്പിട്ടിരുന്ന് കൊണ്ട് തന്നെ ചോദിച്ചു. സംഭാഷണത്തിന് തുടക്കം കിട്ടട്ടേയെന്ന് കരുതിക്കൊണ്ടുള്ള ചോദ്യമാണെന്ന് അവൾക്ക് മനസിലായി. ഇല്ലെന്ന് പറയാൻ അവൾക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. അതിന്റെ മടക്കിൽ ടാഗോറിന്റെ പേര് അവൾ കണ്ടു. കാമറൂണിന്റ സിനിമകൾ കണ്ടു നടക്കുന്ന, പുസ്തകങ്ങളോട് യാതൊരു കമ്പവും തോന്നാത്ത തന്നോട് തന്നെ ഇത് ചോദിക്കേണ്ടിയിരുന്നോയെന്ന് അവൾ ചോദിച്ചപ്പോൾ അയാൾ ചിരിച്ചു. ഒരു മണിക്കൂറോളം സംസാരിച്ചിരുന്ന് പിരിയുമ്പോൾ, കേസിനെക്കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ലല്ലോയെന്ന് അലീന ചിന്തിച്ചതേയില്ല. എല്ലാ ഡിവോഴ്സ് കേസുകളിലെയും പോലെ മറിയത്തിന്റെയും ഡേവിഡിന്റെയും കൗൺസിലിങ് ഘട്ടത്തിലാണ് അലീന അയാളുമായി കൂടുതൽ അടുക്കുന്നത്. അപ്പോഴേക്കും മറിയവും ഡേവിഡും ഒരിക്കലും തമ്മിൽ ചേരാത്ത വിധം അകന്നിരുന്നു.
"ഒടുവിലത്തെ ദിവസം അവളെ ഞാൻ കണ്ടു. അവളുടെ ഉടയാടകൾ കാറ്റിലുലഞ്ഞ് പറന്നു. ഇനിയുമെത്ര കണ്ടാലാണ് ആ സൗന്ദര്യത്തിന്റെ പൂർണത എനിക്ക് ഗ്രഹിക്കാൻ കഴിയുക." വാരികയിലെ അയാളുടെ പുതിയ നോവലിന്റെ തുടക്കം വായിച്ചതും അലീന അയാളെ വിളിച്ചു. അവളുമിപ്പോൾ വായിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ പേരിൽ ഡേവിഡിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോയെന്ന് മാത്രം അവളപ്പോഴൊക്കെയും കരുതുന്നു. കോഫീ ഷോപ്പിന്റെ പുതിയ ടേബിളിൽ അവൾക്ക് വേണ്ടി കോഫിയുമായി അയാൾ കാത്തിരുന്നു. "എന്താണ് ഇങ്ങനെയെഴുതുന്നത്, എപ്പോഴും? ഏതൊക്കെയോ സ്ത്രീകളെ വർണ്ണിക്കുമ്പോലെ." അലീനയുടെ ചോദ്യത്തിൽ എന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് ആര് കേട്ടാലും ധരിച്ച് പോകും. പക്ഷേ, ഒന്നുമില്ല, ഒന്നും എന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. "ഹേയ്, സ്ത്രീകളെക്കുറിച്ചോ? നല്ല തമാശയാണ്. ഞാനെപ്പോഴും സാഹിത്യത്തെ ഒരു സ്ത്രീയായി കണ്ടാണ് എഴുതുക. എത്ര വായിച്ചാലും പുതിയ പുതിയ ഭാവങ്ങളുമായി അവൾ വരുകയല്ലേ." ഡേവിഡ് അത് പറയുമ്പോൾ അലീന വിശ്വസിക്കാൻ പ്രയാസമാണെന്ന മട്ടിൽ അയാളെ നോക്കി.
"മറിയത്തിനും ഇതായിരുന്നു പ്രശ്നം. ഒന്നും മനസിലാകില്ലെന്ന് മാത്രമല്ല ഇല്ലാത്ത കുറെയൊക്കെ സ്വയം ചിന്തിച്ച് വിശ്വസിക്കുക കൂടി ചെയ്യും. എന്ത് പറയാനാ, എന്തെങ്കിലും വായിക്കുകയോ ചിന്തിക്കുകയോ കൂടിയില്ല. അമ്മയുടെ കുടുംബത്തിൽപ്പെട്ട നല്ല കൊച്ചെന്നും പറഞ്ഞ് നിർബന്ധിപ്പിച്ച് അമ്മ നടത്തിയ വിവാഹമായിരുന്നു. നാട്ടുകാര് എന്ത് കരുതുമെന്ന് പറഞ്ഞ്, വിവാഹത്തിന് മുൻപ് ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. ഹണിമൂണിനിടയിലെപ്പോഴോ കയറി ഒരു ചിത്രപ്രദർശനത്തിനിടയിൽ ഞാൻ പറഞ്ഞു, മുല്ലപ്പൂ ചൂടിയ മലയാളിപ്പെൺകുട്ടിയെ എത്ര മനോഹരമായാണ് രവിവർമ്മ വരച്ചിരിക്കുന്നത് അല്ലേയെന്ന്. അന്ന് തൊട്ട്, പെണ്ണുങ്ങളുടെ ചിത്രങ്ങളെപ്പോലും വെറുതെ വിടാത്തൊരു ആഭാസനായി ഞാൻ. വാരികകളിൽ പുതിയ കഥകൾ വരുമ്പോൾ ഞാനെഴുതുന്നത് അവളുടെ കൂട്ടുകാരികളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെന്നായി. ഒരാളെ എത്രയെന്ന് പറഞ്ഞ് മനസിലാക്കും, അല്ലേ?" ഡേവിഡ് പതുക്കെ ഗ്ലാസ്സ് തന്റെ ചുണ്ടോട് അടുപ്പിച്ചു.
അതിനും രണ്ട് മാസത്തിനു ശേഷം, ഇഷ്ടമുള്ള പുസ്തകങ്ങളെക്കുറിച്ച് അയാളും ഇഷ്ടമുള്ള സിനിമകളെക്കുറിച്ച് അവളും വേണ്ടുവോളം സംസാരിച്ചതിന് ശേഷമാണ് അലീന മനസിലാക്കിയത്, പ്രണയമെന്നാൽ മനസിലാക്കലും പൊരുത്തപ്പെട്ട് ജീവിക്കലും മാത്രമാണെന്ന്. ആ മനസിലാക്കലിന്റെ ഫലമെന്നോണം അവൾ ഡേവിഡിനോട് പറയാനൊരുങ്ങുകയാണ്,
"പ്രിയ ഡേവിഡ്,
സ്നേഹത്തിന്റെ അവസാന വാചകം എന്നൊന്നില്ല. അതുകൊണ്ട്, അലീനയുടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും തുടക്കത്തിലെ വാചകമാകാൻ ഞാൻ ക്ഷണിക്കുകയാണ്. ഈ ക്ഷണം സ്വീകരിക്കുകയില്ലേ?"
Content Summary: Malayalam Short Story ' Mochanam ' Written by Nithya Lekshmi L. L.