ADVERTISEMENT

ഛേദിച്ച ശിരസ്സിൽ നിന്നും കണ്ണുകൾ ചൂഴ്ന്നെടുക്കും മുൻപ്, എനിക്കേറെ വേദന തോന്നിയത് ശിരസ്സറുത്തപ്പോളല്ല, മറിച്ച് കാഴ്ചക്കായി വച്ച നെറുകയിൽ അയാൾ ചുറ്റിക കൊണ്ട് വീണ്ടും വീണ്ടും അടിച്ചപ്പോഴായിരുന്നു. ചീറ്റിത്തെറിച്ച രക്തത്തിൽക്കിടന്നു പിടയുന്നത് കണ്ടപ്പോഴും വേദന തോന്നിയില്ല. കത്തികണ്ട മാത്രയിൽ അതിന് കുതറി ഓടാമായിരുന്നു, പക്ഷെ ഇത്രയും നാൾ പോറ്റിവളർത്തിയ അയാളോട് നന്ദികേടുകാണിക്കാൻ തോന്നിക്കാണില്ല. അവയവങ്ങൾ ഓരോന്നായി പ്രദർശനത്തിനെത്തിക്കൊണ്ടിരിക്കുന്നു. തന്റെ തുടകൾക്ക് ഇത്രയും അഴകുണ്ടായിരുന്നോ!. എന്നത് ചിന്തിച്ചിരിക്കാം. തൊലിഉരിഞ്ഞു തൂക്കിയിരിക്കുന്നു.

രോമാവൃതമായ വാൽ ആകാശം മുട്ടെ ഉയർത്താൻ ഒരുപാട് തവണ അത് ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അത്രത്തോളം എത്തിയില്ലെങ്കിലും  എത്രയോ ഉയരെയാണ് അതിപ്പോൾ തൂങ്ങിയാടുന്നത്, ഒരു അടയാളമായി. ഹൃദയം രണ്ടായി പകുത്തു വച്ചിട്ടുണ്ട്. മോഹങ്ങൾ ഉറങ്ങുന്ന മാംസകഷ്ണങ്ങൾ എപ്പോൾ വേണമെങ്കിലും ഒന്നുചേരാവുന്നത്ര അകലത്തിൽ തുടിക്കുന്നുണ്ട്. കരളിലെ മോഹങ്ങൾ ചെറു കഷ്ണങ്ങളാക്കി അയാളുടെ മകൾ കൊണ്ടുപോയി. അവൾ അതിനെ അത്രയ്ക്ക് ലാളിച്ചിരുന്നു.

ദൂരെ മരച്ചുവട്ടിൽ നാവ്‌ മുഴുവൻ പുറത്തേക്കിട്ട് ആകാശം മുട്ടെ വാലുയർത്തിക്കൊണ്ട് മറ്റൊരാൾ വൈക്കോൽ തിന്നുന്നുണ്ട്. തന്റെ ഊഴവും കാത്ത്. മങ്ങിത്തുടങ്ങിയ ഓർമ്മകൾക്കിപ്പുറം, വെന്ത് തുടങ്ങിയ മാംസത്തിന്റ ഗന്ധം മൂ‌ക്കിൻ തുമ്പിലൂടെ കടന്നുപോയതറിയാതെ ഞാൻ കണ്ണുകൾ മെല്ലെയടച്ചു.

Content Summary: Malayalam Short Story ' Oozham ' Written by Gopan Lekshmanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT