ചോരക്കളങ്ങൾ – ജയലക്ഷ്മി ജി. നായർ എഴുതിയ കവിത
Mail This Article
കർണ്ണകഠോരമാമാസുര നാദ-
മൊന്നിന്നെന്റെ നിദ്രയെ ഭേദിച്ചുവോ.
എന്റെ ഹൃദയതരംഗങ്ങളാകേയെൻ
ദേഹാത്തിർത്തികൾ ലംഘിച്ചുവോ.
സൂര്യനുദിച്ചില്ല പുലരി പിറന്നില്ല
കണ്ണുകളിൽ ഇരുൾ മാത്രമുണ്ട്.
നേരം പുലരവേ സൂര്യകിരണമെൻ
കണ്ണ് തുറക്കാൻ ശ്രമിച്ചിടുന്നു.
അപരിചിതമായ കാഴ്ചയിലേക്കെന്റെ
കണ്ണുകൾ മെല്ലെ തുറന്നിടുന്നു.
കണ്ടുപഴകിയ നഗരമല്ലിന്നെന്റെ
മുന്നിൽ ഞാൻ കാണ്മതൊരു ശവകുടീരം.
എന്തെന്നുമേതെന്നുമറിയാതെയുഴലവെ
ഭീകരമാമൊരു സർവസംഹാരിവ-
ന്നെന്നുടെ ശ്രദ്ധയെ തീണ്ടിടുന്നു.
മാനത്തു നിന്നും നിലതെറ്റിയെന്തോ
ഭൂമിയിലേക്ക് പതിച്ചതാണോ?
സർവവും ഭസ്മീകരിക്കുമീ വസ്തു നീ
ദൈവമേ സൃഷ്ടിച്ചയച്ചതാണോ?
ആരുടെ കുഞ്ഞു കരങ്ങളാലിന്നെന്റെ
പൂങ്കാവ് രക്‌തഭിഷിക്തമായ് മാറി.
ഞാനന്ന് നൽകിയ വാച്ചിനടയാളത്തിൽ
ദേഹത്തെ വേറിട്ട കൈകൾ ഞാൻ കണ്ടെത്തി.
എന്നൊപ്പമോടി കളിച്ചുനടന്നോരെൻ
ചങ്ങാതി തന്നുടെ കൈകളല്ലേ?
"ഇനിയെന്ത് വേണ്ടു നിനക്കെന്റെ ദൈവമേ
ഇതിനൊന്നുമുത്തരമില്ലയോ നിൻപക്കൽ?"
എന്നുടെ ചോദ്യത്തിനുത്തരമേകുവാൻ
ഒരു സൂര്യ കിരണമിന്നെന്നിലേക്കെത്തുന്നു.
"ഞാനല്ല മകളെ ഇതിനുള്ള ഹേതു, ഞാൻ
സൃഷ്ടിച്ചവർ തന്നെ ഖേദമുണ്ടോമലെ.
തോക്കുകൾ, ബോംബുകൾ,
ക്രൂരഹൃദയങ്ങൾ
മാനുഷർ തങ്ങൾക്കൊരായുധമില്ലയോ?
ഘോരയുദ്ധങ്ങളും, മാനവമനങ്ങളും
മാറ്റുവാൻ ഞാനിന്ന് പ്രാപ്തനല്ല.
മാനവർക്കൊക്കാത്ത കാര്യമീ തുച്ഛനാം
ദൈവത്തിനെങ്ങനെ സാധിച്ചിടും."
Content Summary: Malayalam Poem ' Chorakkalangal ' Written by Jayalakshmi G. Nair