കാത്തിരിപ്പ് – ആർ. ശ്രീജിത്ത് വർമ്മ എഴുതിയ കവിത

Mail This Article
ബ്രൗൺ നിറമുള്ള ഉറുമ്പുകൾ
വരിയായി പോകുന്നു.
അതെ, ഞാൻ നിലത്തു കിടപ്പാണ്,
തീരത്തടിഞ്ഞ ഡോൾഫിനെപ്പോലെ.
ഉറുമ്പുകളെ ആകർഷിക്കുന്നത്
ചോരമണം.
നിലത്തു വീണ ചുവന്ന ജാമെന്ന്
കരുതിക്കാണും, പാവങ്ങൾ.
ഉറുമ്പുകൾക്കും തെറ്റു പറ്റാം
തെറ്റിദ്ധരിക്കാം.
നായ്ക്കൾ മനുഷ്യരെ
നിരുപാധികമായി സ്നേഹിക്കുന്നില്ലേ?
കരയേണ്ടപ്പോൾ
മനുഷ്യർ ചിരിക്കുന്നില്ലേ?
പ്രേമനൈരാശ്യത്തെപ്പറ്റി കവിതയെഴുതിയവൻ
പിറ്റേന്ന് പുതുപ്രേമത്തെപ്പറ്റി
ആവേശഭരിതനാകുന്നില്ലേ?
ഞാൻ ഈ കിടപ്പിൽ
ആനന്ദിക്കുന്നു.
കടപുഴകിയ
മഹാഗണിയെന്ന്
സ്വയം നിനയ്ക്കുന്നു.
എന്റെയീ കിടപ്പിനെപ്പറ്റി
ശോകഗാനമെഴുതാനൊരു കവി
അടുത്തില്ലാത്തതിൽ മാത്രമാണ്
സങ്കടം!
എന്റെ അയൽക്കാർ
ബോറന്മാരാണ്.
"ബാത്റൂമിന് പുതിയ
വാതിൽ വേണം" എന്നോ
"സ്കൂളിന് ഒരു പുതിയ മേശ വേണം" എന്നോ
മറ്റോ അവർ പറഞ്ഞേക്കും.
ഉറുമ്പുകൾ എന്റെ ചോരയൂറ്റി കുടിക്കുകയാണ്.
ഭീകരവാദികൾ!
ഞാൻ മുഖം ചുളിക്കുന്നു - വേദന കൊണ്ടല്ല
എന്റെ തല ചുറ്റുന്നത് കൊണ്ട്.
ഞാൻ ഒരു നദിയാണ്.
മൃഗങ്ങൾ വന്ന് എന്നിൽ ദാഹം തീർക്കുന്നു.
ജനൽ അടഞ്ഞുതന്നെ കിടക്കുകയാണ്.
പക്ഷേ പുറത്ത്
ഹേമന്തമാണെന്ന് എനിയ്ക്കറിയാം.
ഈയിടെയായി
ഏഴു മണിയ്ക്കാണ്
നേരം വെളുക്കുന്നത്.
മഞ്ഞ്, അതിനാൽത്തന്നെ,
കൂടുതൽ നേരം
നിലനിൽക്കുന്നു. . .
Content Summary: Malayalam Poem ' Kaathirippu ' Written by R. Sreejith Varma