ADVERTISEMENT

ഓരോ ദിവസവും കടന്നുപോകുന്നത് എന്തെങ്കിലുമൊക്കെ സമ്മാനിച്ചിട്ടാണ്. അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ട ഒരു ആവശ്യം വന്നു. അന്ന് എനിക്ക് അത്ര നല്ല ദിവസമായിരുന്നില്ല. എയർപോർട്ടിൽ എത്തിയതും വളരെ അസ്വസ്ഥതയോടെയായിരുന്നു. ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക്. ചെക്ക് ഇൻ ചെയ്ത് ഞാൻ ഒരു മൂലയിൽ ഇടം പിടിച്ചു. ഒരുപാട് ആളുകൾ ഉണ്ട്. കുറേ നേരം എന്തൊക്കെയോ ആലോചിച്ച് ഇരുന്നു. പെട്ടെന്ന് എന്റെ കണ്ണുകൾ രണ്ടുപേരിൽ ഉടക്കി നിന്നു. അവർ വീൽ ചെയറിൽ ആണ്. എൺപത് വയസിനു മുകളിൽ പ്രായമുള്ളവർ. (വയസ് എന്റെ ഊഹമാണെങ്കിലും ഇതിൽ കുറയാൻ സാധ്യത ഇല്ല.) ഇളം നീല കളറിൽ വെള്ളയും ചേർന്നുള്ള ചുരിദാർ ആയിരുന്നു ഒരാളുടെ വേഷം. കൈയ്യിൽ ഒരു ചുവന്ന  ഹാൻഡ്‌ബാഗും ഉണ്ട്. മറ്റെയാൾ വെള്ള ഷർട്ടും കറുത്ത പാന്റും. കൈയ്യിൽ ചെറിയ ഒരു പെട്ടി ഉണ്ട്. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ഉറക്കെ ചിരിക്കുന്നു. ചുറ്റുമുള്ളവർ എല്ലാവരും തന്നെ തിരക്കിലാണ്. ഫോണിൽ സംസാരിക്കുന്നു, ഫോട്ടോ എടുക്കുന്നു, വീഡിയോ എടുക്കുന്നു, ഫോണിൽ നോക്കിയിരിക്കുന്നു. ഇവർ മാത്രം അവിടെ ഇടവിടാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു. 

എനിക്ക് കൗതുകമായി. അവരുടെ ഓരോ ചലനങ്ങളും ഞാൻ നോക്കിയിരുന്നു. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, ഇവരെപോലെ മറ്റാരെങ്കിലുമൊക്ക ഉണ്ടോയെന്നു നോക്കി. ആരെയും കണ്ടില്ല. ഉണ്ടാവില്ല ഞാൻ മനസിലോർത്തു. പെട്ടെന്ന് ആ അച്ഛൻ (അങ്ങനെ വിളിക്കാം) പതിയെ എണീറ്റു. അമ്മയോട് എന്തോ ചോദിച്ചു. തൊട്ട് മുൻപിലുള്ള വെജിറ്റേറിയൻ കടയിലേക്കാണ്. ഓരോ ചുവടുകളും എടുത്തു മെല്ലെ മെല്ലയാണ് നടക്കുന്നത്. പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ ആ നടപ്പിൽ കാണാം. കടയിലെത്തി തിരിഞ്ഞ് ഒന്നും കൂടി അമ്മയോട് എന്തോ ചോദിച്ച് ഉറപ്പുവരുത്തി. തിരിച്ച് ഒരു കൈയ്യിൽ ഇഡ്ഡലിയും മറ്റേ കൈയിൽ കാപ്പിയുമായി പയ്യെ പയ്യെ വന്നു. അമ്മയ്ക്ക് അത് കൊടുത്തിട്ട് വീണ്ടും പോയി അദ്ദേഹത്തിനുള്ളത് എടുത്തുവന്നു. ഇരിക്കാൻ തുടങ്ങുമ്പോൾ പാത്രത്തിൽനിന്ന് കുറച്ച് ചമ്മന്തി നിലത്തു വീണു. പതിയെ പിടിച്ച് ഇരുന്നു. ഭക്ഷണം കഴിക്കുമ്പോഴും അവർ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് അമ്മ താഴെ വീണ ചമ്മന്തി ചൂണ്ടി കാണിച്ച് എന്തോ പറഞ്ഞു. അതു തുടച്ചു കളയാൻ ഉള്ള തിടുക്കമാണെന്ന് എനിക്ക് മനസിലായി. അവിടെ ചെന്ന് അത് ചെയ്യാൻ ഞാൻ പതിയെ എണീറ്റു. പക്ഷെ അവരുടെ ഇടയിലേക്ക് കയറിചെല്ലാൻ എന്തോ എനിക്ക് തോന്നിയില്ല. ഞാൻ അവിടെത്തന്നെ ഇരുന്നു.

കഴിച്ച് കഴിഞ്ഞ് വീണ്ടും അച്ഛൻ എണീറ്റു, അമ്മയുടെ പാത്രവും ഗ്ലാസും വാങ്ങി പതിയെ നടന്നു. ഈ സമയം അമ്മ വീൽചെയർ പതിയെ നീക്കി ചമ്മന്തി വീണ സ്ഥലത്തെത്തി. ബാഗിൽ നിന്നും ടിഷ്യൂപേപ്പറെടുത്ത് നിലത്തിട്ടു. കാലുകൊണ്ട് തുടച്ചു. അപ്പോഴേക്കും ക്ലീനിങ് സ്റ്റാഫ്‌ എത്തി. ഒരു ചെറിയ പുഞ്ചിരിയോടെ അമ്മ അവർക്ക് നന്ദി പറഞ്ഞു. അച്ഛൻ തിരിച്ചുവന്നു വീൽചെയറിൽ ഇരുന്നു. അമ്മ ബാഗിൽ നിന്ന് ഒരു ചെറിയ പാത്രം എടുത്തു. എന്തൊക്കെയോ പഴങ്ങളാണ്. അത് രണ്ടുപേരും കൂടി കഴിച്ചു. ചുറ്റുമുള്ളവയൊന്നും അവരെ ബാധിക്കുന്നില്ല. അച്ഛന്റെ വീൽചെയറിന്റെ ഫൂട്ട്പ്ലേറ്റ് തിരിഞ്ഞ് കാലുവെക്കാൻ പറ്റുന്നില്ല. തന്റെ വാക്കിങ് സ്റ്റിക്ക് എടുത്ത് അമ്മ അതു നേരെയാക്കുന്നു. പിന്നെയും ചിരിയും സംസാരവും തുടരുന്നു. അവർ അവരുടെ ലോകത്താണ്. ഇത് മറ്റുള്ളവരെ കാണിക്കാനുള്ള പ്രഹസനങ്ങളല്ല, അഭിനയമല്ല. എത്ര വർഷമായിട്ടുള്ള ബന്ധമാണ്. എത്ര മനോഹരമാണ് കാണാൻ. അനുകരിക്കാൻ പോലും കഴിയാത്ത ആത്മബന്ധം, സൗഹൃദം, സ്നേഹം. ഇതുപോലെ ആയിരിക്കാൻ എനിക്കോ ചുറ്റുമുണ്ടായിരുന്ന ആർക്കെങ്കിലുമൊ കഴിയുമെന്ന് തോന്നുന്നില്ല. ആഗ്രഹിക്കാം. ഇങ്ങനെ ഇല്ലെങ്കിലും കുറച്ചെങ്കിലും പരസ്പരം സംസാരിക്കാൻ സാധിച്ചാൽ പല പ്രശ്നങ്ങളും സംഘർഷങ്ങൾക്കും മാറ്റം ഉണ്ടാകും. ആരാണെന്നറിയില്ലെങ്കിലും പേരറിയില്ലെങ്കിലും നിങ്ങൾ എന്റെ ഹൃദയത്തിലുണ്ട്. എന്റെ ആ ദിവസത്തെ മനോഹരമാക്കിയതിനു നന്ദി.

Content Summary: Malayalam Short Story ' Aa Randuper ' Written by Shiyon Sunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com