ADVERTISEMENT

"ഇന്ന് എന്താ ചൂട്.. സഹിക്കാൻ പറ്റുന്നില്ല. ഈത്തപ്പഴം മാത്രമല്ല നമ്മളും പഴുക്കുമെന്ന് തോന്നുന്നു.." വിയർപ്പിൽ വസ്ത്രങ്ങൾ നനഞ്ഞ് റൂമിലേക്ക് കടന്നുവരുമ്പോൾ ആരോടെന്നില്ലാതെ ഹംസക്ക പറഞ്ഞു.. റൂമിലെ എ സി യുടെ തണുപ്പ് അയാൾക്ക് വലിയ ആശ്വസമായി തോന്നി. നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. കള്ളി മുണ്ടുടുത്ത് മുഖവും കൈയ്യും കഴുകി സഞ്ചിയിൽ നിന്നും ഭക്ഷണ പൊതി എടുത്തു നിലത്തിരുന്നു. വല്ലാത്ത ധൃതിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. നൈറ്റ് ഡ്യൂട്ടിയുള്ള ആളുകൾ ഉറങ്ങുന്ന മുറിയിലെ അരണ്ട വെളിച്ചത്തിൽ അയാളുടെ മുഖം മൂകമായി കാണപ്പെട്ടു. "നാളെ ഉച്ച ഭക്ഷണം എന്റെ വകയാണ്.. ആരും പുറത്ത് നിന്ന് കഴിക്കരുത്.." ഉണർന്നിരിക്കുന്ന ആളുകൾ കേൾക്കത്തക്ക വിധത്തിൽ അയാൾ പറഞ്ഞു. അത് പറയുമ്പോൾ അയാളുടെ മുഖത്ത് കാണപ്പെട്ടത് സന്തോഷമാണോ അതോ ദു:ഖമാണോ എന്ന് വേർതിരിച്ച് അറിയാൻ പറ്റാത്ത ഒരു വികാരമായിരുന്നു. കുറച്ച് നേരം അയാൾ നിശബ്ദനായി. "നാളെ എന്നാ പ്രത്യേകത ഹംസക്ക" ഡബിൾ കട്ടിലിന്റെ മുകളിൽ നിന്ന് താഴ്ന്ന ശബ്ദത്തിൽ പുതിയതായി വന്ന ഞാൻ ചോദിച്ചു. "അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ? നാളെ ഹംസക്കാന്റെ മകളുടെ കല്യാണമാ... നീ പുതിയതായി വന്നതല്ലേ അതാ അറിയാതെ പോയത്." ശരീഫ് നേർത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി. അതുവരെ ധൃതിയിൽ കയിച്ചിരുന്ന ഹംസക്ക ഭക്ഷണത്തിൽ നിന്ന് കൈ എടുക്കാതെ എന്തോ ആലോചിച്ച് നിന്നു. അദ്ദേഹത്തിന് പ്രായം ഏകദേശം അറുപതിന്റെ അടുത്ത് കാണും. അയാൾ പ്രവാസിയായിട്ട് എത്ര വർഷമായി എന്ന് ചോദിച്ചാൽ നാൽപ്പതിന്റെ മുകളിലായി എന്നാണ് പറയാറ്. കൃത്യമായി എത്ര വർഷമായി എന്ന് എനിക്കറിയില്ല. രാവിലെ റൂമിൽ നിന്നും ആദ്യമായി ജോലിക്ക് പോവുന്നതും ഏറ്റവും താമസിച്ച് വരുന്നതും അയാളാണ്. അയാൾക്ക് എവിടെയാണ് ജോലി എന്നൊന്നും എനിക്കറിയില്ല. ഇത് വരെ ജോലിയെ പറ്റി ചോദിക്കുകയോ അയാൾ പറയുകയോ ചെയ്തിട്ടില്ല... പഴകിയ രണ്ട് മൂന്ന് ഷർട്ടും പാന്റും ആയിരുന്നു അയാൾ എപ്പോഴും ധരിക്കാറ്... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടികെട്ടാൻ പെടാപാട് പെടുകയാണദ്ദേഹം.. 

"എന്തേ ഹംസക്കാ നിങ്ങൾ കല്യാണത്തിന് പോവാഞ്ഞത്" ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ഭക്ഷണത്തിൽ നിന്നും കൈകൾ ഉയർത്താതെ ഹംസക്ക ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി.. ആ മുഖത്ത് ആഗ്രഹങ്ങളുടെ തിരമാലകൾ ഉയർന്നു പൊങ്ങുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. സങ്കടങ്ങൾ താൽക്കാലികമായി എവിടെയോ ഒളിപ്പിച്ച് അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. കാർമേഘങ്ങളുടെ ഇടയിലൂടെ ഉദിക്കുന്ന സൂര്യനെ പോലെ ആ ചിരി എനിക്ക് അനുഭവപ്പെട്ടു. അയാൾ ഒന്നും മിണ്ടാതെ ഏതോ ചിന്തയിൽ ഭക്ഷണം ആർക്കോ വേണ്ടി കഴിക്കുന്നത് പോലെ കഴിച്ചു തീർത്തു. കുറേ സമയം അയാൾ കൈ കഴുകയോ  ഭക്ഷണാവശിഷ്ടങ്ങൾ എടുക്കുകയോ ചെയ്യാതെ അവിടെ തന്നെ ഇരുന്നു എന്തോ ചിന്തിച്ചു.. ഒരു പക്ഷെ വീട്ടിലെ കല്യാണത്തിന്റെ ഓരോ രംഗങ്ങളും അയാൾ മനസ്സിൽ കണ്ടതായിരിക്കാം.. ആർക്കറിയാം..! ഉറങ്ങി കിടന്ന നൈറ്റ് ഡ്യൂട്ടിയുള്ളവരുടെ കൂർക്കം വലി ഏതോ ഭീകര ശബ്ദം പോലെ റൂമിൽ മുഴങ്ങി.. ഞാൻ ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ നിന്ന് താഴേക്കിറങ്ങി.. "എന്നാ ഹംസക്ക ആലോചിക്കുന്നത്." അയാളുടെ ചുമലിൽ തട്ടി പതുക്കെ ചോദിച്ചു. അയാൾ ഉറക്കിൽ നിന്ന് പോലെ ഞെട്ടി ഉണർന്നു.. "ഏയ്.. ഒന്നുമില്ല.. നിന്റെ ഇന്നത്തെ ഇന്റർവ്യൂ എന്തായിന്... ഇതെങ്കിലും പാസാകുമോ? പാസായിരുന്നെങ്കിൽ സമാധാനമായേനെ അല്ലേ?" അയാൾ വിഷയം മാറ്റുന്നത് പോലെ തോന്നി.. "അവർ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്" ഒരു തണുത്ത മട്ടിൽ ഞാൻ മറുപടി പറഞ്ഞു.. അയാൾ അടുത്തിരുന്ന ഫോൺ എടുത്ത് നോക്കി.. "സമയം മൂന്നായി അല്ലേ? ഇനി കിടക്കാൻ സമയമില്ലല്ലോ?" അത് പറഞ്ഞത് എന്നോടാണോ അതോ സ്വയം പറഞ്ഞതാണോ എന്ന് എനിക്ക് വ്യക്തമായില്ല.. അയാൾ എഴുന്നേറ്റു കൈകൾ കഴുകി എന്റെ അടുത്തായി ഇരുന്നു ഫോണിൽ എന്തോ തിരഞ്ഞു... പുറത്തെ ചൂട് താങ്ങാൻ കഴിയാത്ത പഴയ വിന്റോ ഏ സി വല്ലാത്ത ഒരു ശബ്ദം ഉണ്ടാക്കി റൂമിലെ തണുപ്പ് നിലനിർത്താൻ പാട്പെട്ടു കൊണ്ടിരുന്നു. 

"ഇന്നലെ വീട്ടിൽ മഞ്ഞ കല്യാണമായിരുന്നു.. ഏകദേശം അഞ്ഞൂറാളുകൾ പങ്കെടുത്ത പരിപാടിയാ.. ഗംഭീരമായിരുന്നു. നാട്ടുകാർക്കൊക്കെ പരിപാടിയെ പറ്റി ഭയങ്കര അഭിപ്രായമാണെന്നാ ഭാര്യ പറഞ്ഞത്.. ഇത് പോലെ ഗംഭീര പരിപാടി അടുത്തൊന്നും നാട്ടിൽ നടന്നിട്ടില്ലാ എന്നാണ് എന്റെ സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞത്.. ഇന്നാണ് മൈലാഞ്ചി രാവ്. ഇന്ന് അതിലും ഗംഭീരമായിരിക്കും.." ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചത് അഭിമാനത്താൽ മുഖം ചുവന്ന് തുടുത്ത് വരുമെന്നായിരുന്നു.. പക്ഷെ അയാളുടെ മുഖത്ത് കണ്ടത് നിരാശയുടെ ഇരുണ്ട നിഴലുകളായിരുന്നു.. ഒറ്റപ്പെടലിന്റെ അസഹ്യമായ വേദന കടിച്ചമർത്താൻ ശ്രമിക്കുന്നതായിരുന്നു. "ഇപ്പോൾ നാട്ടിൽ കല്യാണമെന്നത് ഒന്നോ രണ്ടോ ദിവസമല്ല. ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിപാടിയാ.. അതിന് ഓരോ ദിവസത്തിനും ഓരോ പേരുകളും.. പണക്കാർക്ക് ഇതൊന്നും പ്രശ്നമില്ല. ജനങ്ങൾക്കിടയിൽ അവരുടെ പണത്തിന്റെ അടയാളപെടുത്തലുകൾക്കുള്ള അവസരങ്ങളാ.. പക്ഷെ പണക്കാരനെ അനുകരിക്കുന്നവർക്ക്, പണക്കാരനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ വലിയ ഭാരമാണ്.." ഫോണിലെ കുറേ ഫോട്ടോകൾ കാണിച്ച് കൊണ്ട് എന്നോട് പറഞ്ഞു.. വലിയ മതിൽ കെട്ടിനുള്ളിൽ വളരെ ആഡംബരത്തോടെയുള്ള മനോഹരമായ ഇരുനില വീട്... ഇന്റർ ലോക്ക് ചെയ്ത മുറ്റത്ത് വിശാലമായ പന്തലുകൾ, പന്തലുകളെ  മനോഹരമാക്കാൻ വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റുകൾ.. പുതിയപെണ്ണും കുറേ സുഹൃത്തുകളും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച നൃത്തം ചെയ്യുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.. ആകെ ഒരു ഗംഭീരമായ ആഘോഷം.. 'ഇത് അയാളുടെ വീടായിരിക്കുമോ; എന്റെ ചിന്തയിൽ എന്തോ സംശയം.. ഇത്ര വലിയ വീടും ആർഭാടവുമുള്ള ആൾ എന്തിന് ഇങ്ങനെ കഷ്ടപ്പെടണം.. കൃത്യമായ ഉറക്കോ, ഭക്ഷണമോ, വസ്ത്രമോ ഇല്ലാത്ത അദ്ദേഹം എന്തിന് ഇത്ര വലിയ വീട് നിർമിച്ചു.. എന്റെ ചിന്തകൾ ഉത്തരം കിട്ടാതെ അലഞ്ഞു.. പക്ഷെ  സംശയം മനസ്സിൽ ഒതുക്കി നിർത്താൻ ഞാൻ ശ്രമിച്ചു.. 

"ഈ മഞ്ഞ കല്യാണത്തിന്റെ പണം ഉണ്ടെങ്കിൽ എനിക്ക് നാട്ടിൽ പോയി കല്യാണത്തിന് കൂടാമായിരുന്നു... പക്ഷെ നമ്മളായിറ്റ് ഒന്നും കുറക്കരുതല്ലോ.. എല്ലാം നാട്ടു നടപ്പാ.. അത് നമ്മൾ തെറ്റിച്ചാൽ ഒന്നിനും കൊള്ളാത്തവരാകും.. ആളുകൾക്ക് നമ്മോട് പുച്ഛമായിരിക്കും." ഫോണിൽ നോക്കി ശബ്ദം കുറച്ച് അയാൾ പറഞ്ഞു.. അയാളുടെ കണ്ണുകൾ നിറഞ്ഞത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. "പിന്ന നീ ചോദിച്ചില്ലേ നിങ്ങൾ എന്താ കല്യാണത്തിന് പോവാത്തത് എന്ന്. നീ പുതിയതായത് കൊണ്ട് പറയുകയാ.. പ്രവാസ ജീവിതം ഒരു വലിയ അഭിനയമാണ്.. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഞമ്മൾ എന്തക്കയോ വേഷങ്ങളിൽ അഭിനയിക്കുന്നു.. നാട്ടിലെ പണക്കാരെ അനുകരിക്കാൻ നമ്മൾ ബാധ്യസ്ഥരാവുന്നു.. അവർ ചെയ്യുന്ന ഓരോ നടപ്പുകളും നാട്ട് നടപ്പായി മാറുന്നു.. ഇപ്പോൾ നാട്ടിൽ പോയാൽ ഈ കല്യാണം ഇത്ര ഗംഭീരമായി നടത്താൻ കഴിയില്ല. അല്ലെങ്കിലും ആളുകൾ കല്യാണത്തിന് ഞാൻ വന്നോ ഇല്ലയോ എന്നൊന്നും അന്വേഷിക്കില്ല.. അവർക്ക് നമ്മളെ ഓർക്കാൻ സമയമൊന്നും ഉണ്ടാവില്ല.. അങ്ങനെ ആരെങ്കിലും അന്വേഷിച്ചാൽ തന്നെ കഫീൽ സ്ഥലത്തില്ല അല്ലെങ്കിൽ വിസ അടിച്ചില്ല എന്നൊക്കെ പറഞ്ഞാൽ ആളുകൾ വിശ്വസിക്കും. പക്ഷെ കല്യാണം നാട്ടു നടപ്പിൽ നടത്തിയില്ലെങ്കിൽ വലിയ കുറച്ചിലാ... പിന്നെ നാട്ടിൽ അത് ചർച്ചയാകും.. പരിഹാസമാകും..നമ്മൾ നാട്ടിൽ വലിയ പേരുള്ള ആളുകളാ.. ആ പേര് നിലനിർത്താൻ വേണ്ടിയ ഊണം ഉറക്കുമില്ലാതെയുള്ള ഈ നെട്ടോട്ടം: മറ്റുള്ളവരെ അനുകരിക്കാൻ നമ്മൾ ഏത് അറ്റം വരെയും പോകുന്നു.. ഒരാൾ ഒരു വീട് നിർമ്മിച്ചാൽ ആവിശ്യമില്ലെങ്കിലും അതിലും വലിയ വീട് നമ്മൾ നിർമ്മിക്കാൻ ശ്രമിക്കുന്നു.. അങ്ങനെ ബാങ്കുകളിലും, മറ്റും കടങ്ങളായി ജീവിതം ദു:ഖവും ടെൻഷനുമായി അങ്ങനെ തീരുന്നു.. ശരിക്കും പറഞ്ഞാൽ നമ്മൾ കടക്കാരാവുന്നത് ഭക്ഷണത്തിന് വേണ്ടിയോ അല്ലെങ്കിൽ ആവിശ്യത്തിനുള്ള വീട് നിർമ്മിച്ചത് കൊണ്ടൊന്നുമല്ല... മറിച്ച് പണക്കാരെ അനുകരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാ.. അവർ ജീവിക്കുന്നത് പോലെ നമ്മളും ജീവിക്കാൻ ശ്രമിക്കുന്നു.. അല്ലെങ്കിൽ സമൂഹം അങ്ങനെ നമ്മളെ ആക്കി മാറ്റുന്നു.." അയാൾ കുറച്ച് നേരം നിശബ്ദനായി നിന്നു..

"നിനക്കറിയാമോ എനിക്ക് ആദ്യം നല്ല ജോലിയും ശമ്പളവുമുണ്ടായിരുന്നു.. ആദ്യമായി ഞാൻ ചെയ്തത് എന്റെ കുടുംബത്തിന് വേണ്ടി വലിയ വീട് നിർമ്മിച്ചു.. പല ആവശ്യങ്ങൾ പറഞ്ഞു പിരിവിന് വരുമ്പോൾ അവർ ആവശ്യപ്പെടുന്ന സംഖ്യകൾ നൽകി.. അങ്ങനെ നാട്ടിൽ രാജകീയമായി തന്നെ ജീവിച്ചു.. നല്ല പേരും അംഗീകാരവും ലഭിച്ചു.. പക്ഷെ എന്റെ ജോലി നഷ്ടപ്പെട്ടു.. അതിന് ശേഷം നാട്ടിൽ എന്റെ പേര് നിലനിർത്താൻ ഞാൻ പാടുപെട്ടു.. പിന്നീട് ലഭിച്ച ചെറിയ ജോലി ആ പേര് നിലനിർത്താൻ മതിയാവുന്നതായിരുന്നില്ല.. പലരിൽ നിന്നും കടങ്ങൾ വാങ്ങി സ്റ്റാറ്റസ് നിലനിർത്താൻ ശ്രമിച്ചു.. അങ്ങനെ കടങ്ങൾ കൂടി.. പിടിച്ച് നിൽക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നപ്പോൾ പാർട്ട് ടൈം ജോലികൾ ചെയ്യാൻ തുടങ്ങി.. രണ്ടും മൂന്നും പാർട്ട് ടൈം ജോലി ചെയ്തിട്ടാണ് ഇപ്പോ കുറച്ചെങ്കിലും പിടിച്ച് നിൽക്കുന്നത്.." സമുദ്രത്തിലെ തിരമാലകൾ പോലെ അയാളുടെ വാക്കുകൾ എന്റെ ഹൃദയങ്ങളിൽ വേലിയേറ്റം സൃഷ്ടിച്ചു... ഒന്നും ശബ്ദിക്കാൻ കഴിയാതെ എന്റെ നാവുകൾ നിശ്ചലമായി.. "ഇതൊന്നും നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. പിന്നെ ചിലരുടെ കഷ്ടപാടുകളാ മറ്റു ചിലരുടെ സുഖങ്ങൾ.. പക്ഷെ ആ സുഖം അനുഭവിക്കുന്നവർ ഒരിക്കലും അവർക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ ഓർക്കാൻ ഇഷ്ടപ്പെടില്ല... ഈ റൂമിലെ ഏ സി തന്നെ നീ നോക്ക് എത്ര കഷ്ടപ്പെട്ടാണ് റൂം തണുപ്പിക്കുന്നത്.. പക്ഷെ നമ്മൾ അതിൽ സുഖമായി കിടന്നുറങ്ങുന്നു.. ഒരിക്കലും അതിന്റെ കഷ്ടപാടുകൾ നമ്മൾ ചിന്തിക്കാറില്ല.. അത് പോലെ തന്നെയാടോ മനുഷ്യരുടെ കാര്യങ്ങളും. അവർക്ക് വല്ല ആവശ്യങ്ങളും വരുമ്പോൾ സ്നേഹം നടിക്കും പിന്നെ അവർ നമ്മെ മറക്കും.. നാട്ടിലെ ഗവൺമന്റിന് പോലും പ്രവാസികളുടെ പ്രയാസങ്ങളിൽ ഇടപെടാൻ താൽപര്യമുണ്ടാവില്ല.."

അയാൾ വെള്ളത്തിന്റെ ബോട്ടിൽ പൊട്ടിച്ച് കുറച്ച് വെള്ളം കുടിച്ച് ചുമരിൽ പരാജിതനെ പോലെ ചാരിയിരുന്നു.. "പിന്നെ നിനക്കൊരു സംശയമുണ്ടാവും നമ്മൾ എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നു എന്ന് അല്ലേ..? നമ്മൾ കാരണം മറ്റുള്ളവർ സുഖമനുഭവിക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം അതിലും വലിയ സന്തോഷം ജീവിതത്തിൽ വെറേ ഇല്ലടോ.. അതാണ് ഓരോ പ്രവാസിക്കും ജീവിക്കാനുള്ള ആവേശം തരുന്നത്.. അല്ലാതെ അവർ നമ്മെ സ്നേഹിക്കുമെന്നൊന്നും വിശ്വസിച്ചല്ല.." അയാൾ മൊബൈൽ എടുത്ത് സമയം നോക്കി പതുക്കെ എഴുന്നേറ്റ് സഞ്ചികെട്ട് കൈയ്യിൽ എടുത്ത് അടുത്ത ജോലിക്കായി പോകാൻ പുറത്തേക്കിറങ്ങി..

Content Summary: Malayalam Short Story ' Naattu Nadappinte Irakal ' Written by Mahmood Idathil

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com