ADVERTISEMENT

പാതി പെയ്ത മഴയുടെ പേറ്റുതുള്ളികൾ ചാഞ്ഞുറങ്ങുന്ന ശിഖരങ്ങളിൽ സൂര്യൻ ചേക്കേറി. സന്ധ്യയ്ക്ക് കറുത്ത നിറമാണുള്ളത്... മുൻപ് പെയ്ത മഴയിൽ ആ ചുവപ്പു ചായം ഒലിച്ചുപോയിരിക്കാം!. സഹപ്രവർത്തകരോട് ശുഭയാത്രപോലും പറയാതെ മഴ തോർന്ന തത്രപ്പാടിൽ ബൈക്കെടുത്ത്‌ ഞാൻ വീട്ടിലേക്ക് കുതിച്ചു. "എത്രയും പെട്ടെന്ന് വീട്ടിലെത്തണം". നനുത്ത മഴച്ചീളുകൾ എന്‍റെ മനസ്സിനെ തഴുകിക്കൊണ്ടേയിരുന്നു. റോഡിനോട് ചേർന്ന് വലിയ ആൽമരത്തറക്കരികിലാണ് ഇന്തുപ്പേട്ടന്‍റെ ചായക്കട. വൈകുന്നേരമായാൽ അവിടെ ജനസാഗരമായിരിക്കും. ബോട്ടിയും കൊള്ളിയും, കപ്പയും മീനും, കപ്പയും ഇറച്ചിയും, ദോശയും ചമ്മന്തിയും സുലഭം. ഞാൻ ബൈക്ക് കടയ്ക്കരികിലേക്ക്‌ നിർത്തി. "ഇന്തുപ്പേട്ടാ… പതിവ്.." തിരക്കിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു. ദോശ മറിച്ചിട്ടുകൊണ്ട് അയാൾ ആശ്ചര്യത്തോടെയും അൽപം കാരുണ്യത്തോടെയും എന്നെ നോക്കിയത് എന്തിനാണെന്ന് മാത്രം എനിക്ക് മനസിലായില്ല. "എത്രയും പെട്ടെന്ന് വീട്ടിലെത്തണം". തിക്കിനിടയിലൂടെ നീട്ടിയ പൊതിയും വാങ്ങി ബൈക്കിൽ വീണ്ടും യാത്ര തുടങ്ങി. "വിശപ്പാണ് മനുഷ്യന് ഏറ്റവും വലിയ പ്രശ്നം എന്നെനിക്ക് തോന്നുന്നില്ല. എങ്കിൽ വൈവിധ്യങ്ങൾ നോക്കാതെ ഭക്ഷിക്കാൻ അവൻ തയ്യാറായേനെ". നനുത്ത ജലകണങ്ങൾ കൺപീലികളെ തഴുകിയകലുമ്പോഴും ഞാൻ ഓർത്തു.

വലിയ അംബരചുംബികളായ കെട്ടിടങ്ങൾക്കുമപ്പുറം, മാവുകളും പ്ലാവുകളും കവുങ്ങുകളുമുള്ള നിരത്തിനുമപ്പുറമാണ് എന്‍റെ വീട്. വണ്ടി പോർച്ചിലേക്ക്‌ കയറ്റി നിർത്തി പൊതിയുമായി വന്നു ബെല്ലടിച്ചു. അപ്പുറത്ത്, പുഞ്ചിരിയുമായി വന്നു വാതിൽ തുറക്കുന്ന, പതിവ് പൊതിക്കായി കാത്തുനിൽക്കുന്ന അമ്മയെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആരും വാതിൽ തുറക്കുന്നില്ല. ഞാൻ വീണ്ടും വീണ്ടും ബെല്ലടിച്ചു. അവർ തിരക്കിലായിരിക്കാം. പേഴ്സ് തുറന്നു സ്പെയർ കീ കൈയ്യിലെടുത്തു. പേഴ്‌സിന്‍റെ മടക്കുകളിലൊന്നിലെ സുതാര്യമായ പാളികളിലൊന്നിൽ ഞാൻ സൂക്ഷിച്ച അമ്മയുടെ മുഖം എന്നെ നോക്കി പുഞ്ചിരിച്ചു. "ടാ കള്ളശിരോമണീ.. ചത്ത് കണ്ണോക്കും കഴിഞ്ഞ്.. പിന്നെ ആരെ തീറ്റിക്കാനാടാ പൊതീം കൊണ്ട് കേറീക്ക്ണ്!…". പാതിയുദിച്ച താരകം എന്നെ നോക്കി കണ്ണിറുക്കി. പൊടുന്നനെ പേഴ്സ് അടച്ച് പോക്കറ്റിലിട്ടു. തന്‍റെ ബുദ്ധി മണ്ഡലത്തിലെ കോണിലെവിടെയോ ഭംഗം സംഭവിച്ചിരിക്കുന്നു. എന്‍റെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു. ഈ പൊതി ദൂരേക്ക് വലിച്ചെറിഞ്ഞാലോ?.. ഞാൻ കൈകൾ ഉയർത്തി...

വാതിൽ തുറന്ന് അവള്‍ വന്നത് പെട്ടെന്നായിരുന്നു. വേട്ടയാടപ്പെട്ട ആട്ടിൻ കുട്ടിയെ പോലെ, ശേഷം തീക്ഷ്ണമായ ചെറു ചിരിയോടെ ആ പൊതി ഞാൻ അവൾക്കു നീട്ടി. "ഹായ് കൊള്ളാലോ… ഹെന്താ ഇത്.. നോക്ക്ട്ടെ… " കൈയ്യിൽ നിന്നും പൊതി തട്ടിയെടുത്ത് കുണുങ്ങി കുണുങ്ങി അവള്‍ അകത്തേക്ക് നടന്നു. അവളുടെ കാൽത്തളയുടെ നാദം എന്നെ അലോസരപ്പെടുത്തി. വാതിലടച്ച് ഞാൻ അകത്തേക്ക് കയറി. "മോനെ ടാ.. അവൾടെ പിന്നാലിങ്ങനെ പൂച്ച പായുംപോലെ പോകാതെ കുളിച്ചേച്ച് പോയിട്ടെന്തേലും കഴിക്കാൻ നോക്ക്… " ശബ്ദം കേട്ട് ഞാൻ മുകളിലേക്ക് നോക്കി. മുകളിൽ തൂങ്ങിക്കിടക്കുന്ന അമ്മയുടെ ചിത്രം എന്നെ നോക്കി പുരികം ചുളിച്ചു. കുളിച്ച് പുറത്തേക്ക് വന്ന എനിക്ക് ഒരു കപ്പ് ചായയുമായി അവള്‍ വന്നു. " ജോലികഴിഞ്ഞ് തിരിച്ചെത്തുന്ന എനിക്ക് ഒരു കപ്പ് ചായയുമായി എന്നും അമ്മ കാത്തിരിക്കുമായിരുന്നു". ചായയും വാങ്ങി ഞാൻ ടേബിളിൽ വന്നിരുന്നു. രാവിലത്തെ പത്രത്തിലൂടെ ഒന്നു കണ്ണോടിച്ചു. സൊറ പറയാൻ സുഹൃത്തുക്കളില്ലാതാകുമ്പോൾ, കൂടപ്പിറപ്പുകളില്ലാതാകുമ്പോൾ മനുഷ്യൻ ആശ്രയിക്കുന്നവയിലൊന്ന് പത്രങ്ങളാണ്‌. എന്നാൽ ഈ പത്രങ്ങളിൽ കുത്തിനിറക്കുന്ന വാക്കുകൾ എന്നെ അലട്ടുന്നുണ്ട്. എല്ലാത്തിനെയും അവരുടെ കണ്ണിലൂടെ മാത്രമേ അവർക്ക് കാണാൻ കഴിയൂ. ആ കണ്ണുകളിൽ വിവേചനത്തിന്റെയും വർഗീയതയുടെയും തിമിരം ബാധിച്ചിരിക്കുന്നു.

കൈയ്യിൽ ഒരു പ്ലേറ്റും പൊതിയുമായി അവള്‍ എന്‍റെ മുൻപിൽ വന്നിരുന്നു. പൊതിതുറന്ന് വാഴയിലയിൽ പൊതിഞ്ഞ ചൂടുകപ്പ അവള്‍ പ്ലെയ്‌റ്റിലേക്ക് എടുത്തു വെച്ചു. തിങ്ങിയ ചാറിൽ നിന്നും മീനെടുത്ത് ചുടുകപ്പയിൽ വെക്കുമ്പോൾ ചെറു ചിരിയോടെ അമ്മ എന്നെ നോക്കും. "എന്തെടാ… വായിൽ വെള്ളം വരണുണ്ടാ.. വേണോ നിനക്ക്.. വാ കഴിച്ചോ… അമ്മ വാരിത്തരാം… " "വേണ്ടമ്മേ… അമ്മ കഴിച്ചോ.. ഞാൻ കഴിച്ചതാ…" "ഇതിന്റെടുത്ത് നിന്‍റെ ബർഗറൊന്നുമെത്തൂലട്ടാ… " ചിരിച്ചുകൊണ്ട് ഒരു നുള്ള് കപ്പയും മീനും അമ്മയെടുത്ത് വായിലേക്ക് വെച്ചു. ഞാൻ പത്ര വായന നിർത്തി അവളെയൊന്നു നോക്കി. തന്‍റെ ദംഷ്ട്രങ്ങളിലെവിടെയോ അകപ്പെട്ട മുള്ളുമായി മൽപ്പിടുത്തം നടത്തുകയാണവൾ. ആർത്തിയോടെ അവളത് ഭക്ഷിക്കുന്നത് കണ്ടപ്പോൾ എന്‍റെ ബർഗർ തന്നെയാണ് നല്ലതെന്ന് ഒരു നിമിഷം തോന്നി. അഞ്ചുവിരലുകളും നക്കിത്തോർത്തിയ ശേഷം അഞ്ചു വർഷത്തിനുശേഷം ബുദ്ധിബോധം സംഭവിച്ച പൈതലിനെ പോലെ അവളെന്നെ നോക്കി. "അയ്യോ… വേണായിരുന്നോ!… " "വേണ്ടാ.. നീ കഴിച്ചല്ലോ.. അതുമതി… "

രാത്രിയിൽ ഉറക്കം കിട്ടാനാകാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പുറത്ത് നിദ്രയുടെ യാമങ്ങളിലെവിടെയോ ചൂഴ്ന്നിറങ്ങിയിരിക്കുന്നൂ അവള്‍.. ഞാൻ പതിയെ എഴുന്നേറ്റ് കിച്ചനിലേക്ക്‌ നടന്നു. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്ത് വായിലേക്കൊഴിച്ചു. "ടാ കള്ളപ്പാതിരി.. നിനക്കുറക്കമൊന്നുമില്ലെടാ…" നടുക്കത്തോടെയാണ് ഞാൻ മുകളിലേക്ക് നോക്കിയത്. ഫ്രിഡ്ജിന്‍റെ മുകളിൽ നിന്നും അമ്മയുടെ മൊഴികൾ എന്നെ നോക്കി മന്ദഹസിച്ചു. "ഇതാരിവിടെടുത്ത് വെച്ച്…" "വെടികൊണ്ട് മലർന്ന പന്നിയെപ്പോലെ ഒരുത്തിയവിടെ കിടക്കണില്ലെ… നിന്‍റെ പ്രിയപത്നി… അല്ലാതാര്…" "അവൾക്കെന്തിനാ ഈ ഫോട്ടോ…" "പിന്നെ ഞങ്ങൾക്കും സംസാരിക്കേണ്ടെ.. നിനക്ക് മാത്രം മതിയോ… അവളും എന്‍റെ മോളല്ലെ!.. ഞങ്ങള് പെണ്ണുങ്ങളിങ്ങനെയാ.. കാണുമ്പോ കീരീം പാമ്പൊക്കേന്ന് തോന്നും.. ഉള്ളിൽ സ്നേഹില്ലാഞ്ഞിട്ടാന്നാ നീ കരുത്യെ?…" എന്തോ, ആ തിയറി എനിക്കങ്ങോട്ട്‌ മനസ്സിലായില്ല. കുപ്പി തിരികെ വെച്ച് ബെഡിൽ പോയിക്കിടന്നു.

പതിവുപോലെ രാത്രിയും പകലും മാഞ്ഞു. സന്ധ്യ വീണ്ടും ചുവന്നു. മഴ പെയ്തില്ലെങ്കിലും സൂര്യൻ വീണ്ടും ചില്ലകളിൽ ചേക്കേറി. കൂട്ടുകാരോട് ശുഭയാത്ര പറഞ്ഞ് ബൈക്കെടുത്ത്‌ ഞാൻ വീട്ടിലേക്ക് കുതിച്ചു. "എത്രയും പെട്ടെന്ന് വീട്ടിലെത്തണം!". പതിവിന് വിപരീതമായി ഇന്തുപ്പേട്ടന്‍റെ കടയിൽ അധികം തിരക്കില്ല. ഞാൻ ബൈക്ക് കടയ്ക്കരികിലേക്ക് നിർത്തി. "ഇന്തുപ്പേട്ടാ… പതിവ്… " ഇന്തുപ്പേട്ടൻ പൊതിയുമായി അരികത്തു വന്നു. "ടാ മോനെ… ഇന്നലെ ഞാൻ ചോദിക്കണന്നു വെച്ചതാ… സാധാരണ മോൻ അമ്മയ്ക്കല്ലേ പതിവ് വാങ്ങാറ്?.." "ഇന്തുപ്പേട്ടാ... അമ്മ പോയെങ്കിലും, എന്‍റെ കൂടെത്തന്നെയുണ്ട്!.." ആ തിയറി ഇന്തുപ്പേട്ടനും മനസ്സിലായിക്കാണില്ല. പൊതിയും വാങ്ങി ബൈക്കിൽ ഞാൻ യാത്ര തുടർന്നു. വലിയ അമ്പരചുംബികളായ കെട്ടിടങ്ങൾക്കുമപ്പുറം, മാവുകളും പ്ലാവുകളും കവുങ്ങുകളുമുള്ള നിരത്തുകളെല്ലാം താണ്ടി ഞാൻ വീട്ടിലേക്ക് കടന്നു. വണ്ടി പോർച്ചിലേക്ക്‌ കയറ്റി നിർത്തി പൊതിയുമായി വന്നു ബെല്ലടിച്ചു. അപ്പുറത്ത് ബെല്ലടിയുടെ ശബ്ദം മുഴങ്ങുമ്പോൾ പ്രത്യാശയുടെ വാതിൽപ്പടിയിലേക്ക്‌ നടന്നടുക്കുന്ന കാലൊച്ചകൾ എനിക്ക് കേൾക്കാനാകും. ആ കാലൊച്ചകൾക്ക് കാതോർത്ത് പതിവ് പൊതിയുമായി ഞാൻ കാത്തുനിന്നു!.

Content Summary: Malayalam Short Story ' Pathivu ' Written by Shabeer Mohamed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT