ADVERTISEMENT

ദിവസങ്ങളോളമായി ഒന്ന് കണ്ണടച്ചിട്ട്. മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണാലും എങ്ങനെയോ തനിയെ ഞെട്ടി ഉണർന്നേക്കും. ഇതൊരു പതിവായിരിക്കുന്നു. പിറന്നു വീഴുന്ന ചോര കുഞ്ഞിന്റെയും തന്റെ പ്രിയതമയെയും പറ്റിയുള്ള ആവലാതികൊണ്ടാകാനേ തരമുള്ളു. മനസ്സിൽ സന്തോഷ പിരിശങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നത് നേരാണ്. എങ്കിലും അതിനേക്കാളുമുപരി വേദനയാണ്. പ്രസവം എന്താകുമോയെന്തോ എന്നോർത്തിട്ട്. അതിന്റെയിടയിൽ ഭീതി നിറച്ച സംഭവമുണ്ടായി. ലേബർ റൂമിന്റെ അകത്തു നിന്ന് സ്ട്രച്ചറിൽ വെള്ള പുതച്ച ശരീരത്തെ പുറത്തേക്ക് കൊണ്ട് വന്നു. എന്റെ ശ്വാസം നിലച്ചു. കണ്ണിൽ ഇരുട്ട് കയറി. ആശ്വാസത്തിനായി അമ്മാവന്റെ കൈകൾ ഞാൻ ഇറുകെ പിടിച്ചു നിന്നു. കൂട്ടകരച്ചിലുകൾ ഉയർന്നു പൊങ്ങി. പക്ഷേ യാഥാർഥ്യം മറ്റൊന്നായിരുന്നു. എന്റെ പ്രിയപ്പെട്ടവളുടേതല്ലായിരുന്നു ആ ശരീരം. അപ്പുറത്ത് നിന്ന് ഒരു കൂട്ടം പേർ ഓടി വന്നു. ഭർത്താവെന്ന് തോന്നുന്നയാൾ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. എന്റെ കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒലിച്ചിറങ്ങി. എന്റേതല്ലാതിരുന്നിട്ടും അയാളുടെ വേദന അസഹ്യമാണെന്നുള്ള തിരിച്ചറിവ് കൊണ്ടായിരിക്കണം ഞാനും ഒരു പക്ഷെ വിതുമ്പിയത്.

സമയം ഇഴഞ്ഞു നീങ്ങുകയാണ്. അക്ഷമനായി ഞാൻ കാത്ത് നിന്നു. ലേബർ റൂമിന്റെ അകത്തു നിന്നും ഒരു ശബ്ദം പോലും ഇത് വരെ പുറത്ത് വന്നില്ല. എല്ലാവരുടെയും മുഖത്ത് ഭയം നിഴലിച്ച് കിടക്കുന്നുണ്ട്, അതോടൊപ്പം സന്തോഷത്തിന്റെ തെളിനീരും. ഉറക്കച്ചടവിന്റെ ആലസ്യത്തിൽ മയങ്ങുമ്പോഴാണ് അനുജൻ ഓടി വന്നെന്നെ വിളിച്ചുണർത്തിയത്. "ചേട്ടന്റെ കുഞ്ഞാവ ഇങ്ങെത്തി, ചെല്ല് ചേട്ടാ വേഗം അവരൊക്കെ ചേട്ടനെ തിരക്കുന്നുണ്ട്". എന്റെ ഉള്ളം നിറഞ്ഞു. ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞു. സന്തോഷത്തിന്റെ ആനന്ദത്തിന്റെ കണ്ണുനീർ അവിടെ പെയ്തിറങ്ങി. എന്നെ കണ്ടതും അവളുടെ അച്ഛനാദ്യം ശാസിക്കുകയാണ് ഉണ്ടായത്. എന്റെ ഒരു ലക്കും ലഗാനുമില്ലാത്ത ഉറക്കത്തെ പഴി പറഞ്ഞു കൊണ്ട്. ശരിയാണ്, പ്രിപ്പെട്ടവൾ നൊന്തു പ്രസവിക്കുമ്പോഴും സുഖമായി ഉറങ്ങുന്ന ഒരേയൊരു ഭർത്താവ് ഈ ഭൂമുഖത്ത് ഞാനേ കാണൂ. അതിരറ്റ സന്തോഷത്തോടെ ഞാൻ ലേബർ റൂമിന്റെ മുന്നിൽ ചെന്നുനിന്നു. അമ്മാവൻ എന്റെ കൈയ്യിലേക്ക് വെച്ചു തന്നു എന്റെ പൊന്നൂസിനെ, തുരു തുരാ ചുംബനങ്ങൾ കൊണ്ട് മൂടിയവളെ. ഓരോരുത്തരും ആരുടെ പോലെയുണ്ടെന്നുള്ള ചോദ്യ തിരക്കിലാണ്. കുഞ്ഞിനേയുമെടുത്ത് ഞാൻ എന്റെ ഭാര്യയുടെ അടുത്തേക്ക് നീങ്ങി. ഈ ലോകത്തിന് മുന്നിൽ ഞാൻ തലയുയർത്തി നിൽക്കുകയാണെന്ന് എനിക്ക് അനുഭവപ്പെട്ടു. അതെ ഞാനൊരു അച്ഛനായിരിക്കുന്നു.

എന്നെക്കാളും എത്രയോ മടങ്ങ് സന്തോഷം അലതല്ലുന്നത് എന്റെ പെണ്ണിനാണ്. അത്രയേറെ കിനാവുകൾ അവൾ നെയ്തു കൂട്ടിയിട്ടുണ്ട്. ഓരോ നിമിഷങ്ങളിലും അവളുടെ നാവിൽ നിറഞ്ഞു നിന്നത് നമ്മുടെ കുഞ്ഞ് എന്ന് പറഞ്ഞിട്ടായിരുന്നു. അവളുടെ സന്തോഷം തുളുമ്പുന്ന മുഖം പ്രതീക്ഷിച്ച ഞാൻ അവളുടെ മുമ്പിൽ ഇല്ലാതെയായി. അവളുടെ ഭാവം എന്നെ ഞെട്ടിച്ചു കളഞ്ഞു. ആദ്യമായിട്ടാണ് അവളുടെ ഈ ഭാവമാറ്റം  ഞാൻ കാണുന്നത്. "പെണ്ണൂ, എന്താ ഇത്ര വലിയ ദേഷ്യം, നമ്മുടെ മോളെ കണ്ടില്ലേ, നിന്നെ പോലെന്നെ ഉണ്ട് അല്ലെ കാണാൻ, എന്താ പറ്റിയെ നിനക്ക്," "തൊട്ട് പോകരുത് നിങ്ങൾ എന്നെ" അവളുടെ കനത്തിലുള്ള മറുപടി എന്നെ തളർത്തി കളഞ്ഞു. ഹൃദയം വേദന കൊണ്ട് നീറി. ഈ സന്തോഷ നിമിഷം ആസ്വദിക്കേണ്ട ഒരു മുഖത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ?. ആരെക്കാളും സന്തോഷിക്കണ്ട ഒരേ ഒരാളുണ്ട് നമുക്ക്. ചേട്ടന്റെ സ്വന്തം അമ്മ. ഞാൻ ഇത്രയും വേദന സഹിച്ചെങ്കിൽ ചേട്ടന്റെ അമ്മയെ പറ്റി ഒരുവേളയെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ?

അവളുടെ ഓരോ വാക്കുകൾ എന്റെ നെഞ്ചകം കൊത്തി നുറുക്കി. ഹൃദയം വേദന കൊണ്ട് പുകഞ്ഞു. എനിക്ക് അമ്മയെ അറിയില്ല. ഞാൻ ഒരു നോക്ക് കാണാനായി തുനിഞ്ഞിട്ടില്ല. അറിയാൻ ഞാൻ ഒട്ടും ശ്രമിച്ചിട്ടുമില്ല. പിന്നെ എവിടെ എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ എന്റെ പക്കൽ. മനുഷ്യർക്ക് അധിക പറ്റായാൽ, അവരെ വേണ്ടാതെയായാൽ തള്ളിയിടുന്ന സ്ഥലം അതേ വൃദ്ധസദനം തന്നെ. എനിക്ക് വേണ്ടായിരുന്നു അമ്മയെ. അമ്മയെ കാണൽ എനിക്ക് നീരസമായിരുന്നു. ബിസിനസ്‌ മീറ്റിംഗിനായി വീട്ടിൽ ഒത്തു ചേരുമ്പോൾ എല്ലാം കൊണ്ടും അമ്മ എനിക്ക് തടസ്സമായിരുന്നു. അമ്മയുടെ സാമീപ്യം അവർക്കിടയിൽ ഒരു വലിയ കുറവായി എനിക്ക് തോന്നി തുടങ്ങി. അങ്ങനെ എല്ലാത്തിനും പരിഹാരം ഞാൻ തന്നെ കാണുകയായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരണപ്പെട്ടത് കൊണ്ട് തന്നെ എല്ലാ വഴിയും എനിക്ക് സുഖമായി. അവൾ മാത്രമാണ് എന്നെ തടഞ്ഞു നിർത്തിയത്. അവളെയും ഗൗനിക്കാതെ ഞാൻ അമ്മയെ കോരിച്ചൊരിയുന്ന മഴയിൽ വൃദ്ധസദനത്തിന്റെ ചേരികളിലേക്ക് കൊണ്ട് വിട്ടു. ആ അമ്മയെന്ന അടഞ്ഞ അധ്യായമാണ് ഇവൾ വീണ്ടും കുത്തിതുറക്കുന്നത്. എനിക്ക് അവളോട് ദേഷ്യം വന്ന് കൊണ്ടിരുന്നു. മറുത്ത് പറയാൻ വാക്കുകൾക്കായി ഞാൻ പരതി. ഉത്തരമില്ലായിരുന്നു അവളുടെ ചോദ്യങ്ങൾക്ക്.

അവൾ തുടർന്നു, ചേട്ടാ നമ്മുടെ കുഞ്ഞിനെയെങ്കിലും ഓർത്തിട്ട് അമ്മയെ കൊണ്ട് വായോ ചേട്ടാ. അവസാനമായി ഒന്ന് കൂടി അവൾ പറഞ്ഞു വെച്ചു. "ഇത്രയുമായിട്ടും ആ പാവത്തെ ഇനിയും സങ്കടപ്പെടുത്താനാണെങ്കിൽ ചേട്ടൻ ഇനി എന്നെ കാണേണ്ടതില്ല ഞാൻ കാണാൻ വരികയുമില്ല ഒരിക്കലും" ഒരു മറുവാക്ക് ഇത് വരെ എന്നിൽ നിന്ന് പുറത്ത് വന്നില്ല. അവളുടെ സ്വരത്തിൽ സഹതാപം കലർന്നിരുന്നു, അതിനേക്കാൾ ദേഷ്യവും. ഒന്നും പറയാനില്ലാതെ ഞാൻ പുറത്തേക്ക് കടന്നു. അവളുടെ അച്ഛൻ എനിക്ക് മുഖം തന്നില്ല. ചുറ്റിലും നിൽക്കുന്നവർ വെറുപ്പിന്റെ മുഖമൂടി അണിഞ്ഞിരുന്നു. മനസ്സ് കലുഷിതമാണ്. ദിശയില്ലാത്ത പട്ടങ്ങളെ പോലെ മനസ്സ് പാറിപറന്നു. വെറുപ്പിന്റെ കണികകൾ എന്റെ ചുറ്റും വലയം വെച്ചു.

Content Summary: Malayalam Short Story ' Unangatha Novukal ' Written by Asker Muhammad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT