ADVERTISEMENT

യുവ എഴുത്തുകാരി ജസീറ അനസിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് "മഞ്ഞവെയിൽ നാളങ്ങൾ" നിത്യ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് കോർത്തെടുത്ത ഹൃദയഹാരിയായ ഓർമ്മകളാണ് ഈ പുസ്തകത്തിൽ. ഓരോ ചെറിയ കാര്യങ്ങളിൽ നിന്നും നാം കാണാതെ പോകുന്ന ഒരു നാളം എഴുത്തുകാരി കണ്ടെത്തുന്നു..അത് ആദ്യ ലേഖനമായ "അംഗനവാടി മധുര"ത്തിലെ പോലെ ഗൃഹാതുരത ഉയർത്തുന്ന ഒരനുഭവത്തിൽ നിന്നാകാം, ചിലപ്പോൾ പ്രിയതമനുമായുള്ള പ്രണയാതുരമായ ഒരു നിമിഷത്തിൽ നിന്നാകാം.. ഏതിൽ നിന്നും ഒരനുഭവമുണ്ടാകാം, അത് ജസീറയുടെ ചാരുതയാർന്ന ഭാഷയിൽ, ശൈലിയിൽ അനുവാചകന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് "മഞ്ഞവെയിൽ നാളങ്ങൾ"

ഏത് ചെറിയ കാര്യവും ഗ്രന്ഥകാരി എത്ര ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പലപ്പോഴും നാം കണ്ടിട്ടുണ്ടെങ്കിലും അതിലും ഒരു ചിന്ത ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതിയിട്ടുണ്ടോ? ഇത്തരം വ്യത്യസ്ത ചിന്തയിലൂടെയുള്ള സഞ്ചാരമാണ് ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിയെ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തനാക്കുന്നത്. ഇങ്ങനെ ചെറിയ കാര്യങ്ങളിൽ നിന്ന് വലിയ കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു കഴിവ് ഗ്രന്ഥകാരിക്ക് സ്വായത്തമാണ്.

വീണു കിടക്കുന്ന പൂവിനെ കണ്ടപ്പോൾ മഹാകവി കുമാരനാശാനുണ്ടായ ചിന്തകളാണല്ലോ. "ഹാ, അധിക തുംഗ പദത്തിലെത്ര ശോഭിച്ചിരുന്നയേ, രാജ്ഞി കണക്കെ നീ.." എന്ന കവിതയായി മാറിയത്. ആ വീണു കിടന്ന പൂവിൽ നിന്നാണ് മലയാളം കണ്ട ഗഹനീയമായ, തത്വചിന്താ പരമായ ഒരു കവിത പിറന്നത്.

സാധാരണക്കാരുടെയും എഴുത്തുകാരുടെയും വീക്ഷണങ്ങൾ വ്യത്യസ്തമായതു കൊണ്ടാണ് പലരും നിസാരമായി കണ്ടു മറന്നു പോകുന്ന കാര്യങ്ങളിൽ നിന്ന് എഴുത്തുകാരൻ അനുഭവങ്ങളെ കണ്ടെത്തുന്നത്, അല്ലെങ്കിൽ കഥ, കവിത കണ്ടെത്തുന്നത്. പൂർവ വിദ്യർഥി സംഗമം സംഘടിപ്പിക്കാൻ ആഗ്രഹിച്ചതും പിന്നെ അതിന്റെ പുലിവാലുകളോർത്ത് അത് വേണ്ടെന്ന് വെച്ചതിനെപ്പറ്റിയും "ഉയർന്നു പൊങ്ങുന്ന റീ യൂണീയനുകൾ" എന്ന കുറിപ്പിൽ ജസീറ എഴുതിയത് വായിച്ചപ്പോൾ പത്രങ്ങളിൽ ചില പൂർവ വിദ്യാർഥി സംഗമങ്ങളുമായി ബന്ധപ്പെട്ടു വന്ന പൊല്ലാപ്പുകളെക്കുറിച്ചുള്ള ആനുകാലിക പത്രവാർത്തകൾ ഓർമ്മയിൽ വന്നു.

പ്രവാസം എന്നും പല സൃഷ്ടികൾക്കും കാരണമായിട്ടുള്ള വിഷയമാണ്. "എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ.." എന്നു തുടങ്ങിയ അനേകം കത്തു പാട്ടുകളും "അബുദാബിയിലുള്ളൊരെഴുത്തു പെട്ടി, അന്നു തുറന്നപ്പോൾ കത്തു കിട്ടി.." തുടങ്ങിയ മറുപടിപ്പാട്ടുകളും ഒരു കാലത്ത് മലയാളി പ്രവാസികൾ അനുഭവിച്ച ഹൃദയവേദനയുടെ നേർച്ചിത്രമായിരുന്നു. മൊബൈൽ ഫോണും വാട്ട്സാപ്പും ഫെയ്സ് ബുക്കും എല്ലാം അരങ്ങുതകർക്കുന്ന ഇക്കാലത്ത് പുതു തലമുറയ്ക്ക് ഇതൊരു വിഷയമല്ലെങ്കിലും അത് മനസ്സിൽ വിങ്ങുന്ന ഒരു വിഷയം തന്നെ ആയിരുന്ന കാലത്തെ ചിന്തകൾ പങ്കുവെക്കുകയാണ് ജസീറ "പ്രവാസി വിരഹകഥകൾ" എന്ന കുറിപ്പിൽ..

മഴയത്ത് കടത്തിണ്ണയിൽ കയറി നിന്നപ്പോൾ കടത്തിണ്ണയിൽ തണുപ്പിൽ നിന്ന് രക്ഷപെടാൻ വൃഥാശ്രമം നടത്തുന്ന ഒരു വൃദ്ധനെപ്പറ്റിയുള്ള നൊമ്പരം പങ്കു വെച്ചിരിക്കുന്നു "ചില വേദനക്കാഴ്ച്ചകളിൽ.." കണ്ടിട്ടും നാം കാണാതെ പോകുന്ന ഇത്തരം കാഴ്ച്ചകളിൽ നൊമ്പരം തുടിക്കുന്ന ഒരു മനസ്സുണ്ടാവുക എന്നത് തന്നെ ഇക്കാലത്ത് വലിയ കാര്യമാണ്.

മലയാളിയുടെ മനസ്സിൽ ഓണക്കളികളും ഊഞ്ഞാലാട്ടവും ഓണ സദ്യയും ഒക്കെയായി ആഘോഷം പകർന്ന നാളുകളാണ് ഓണക്കാലം. ഇന്ന് ഇൻസ്റ്റന്റ് പൂക്കളങ്ങളും ഹോട്ടലുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന സദ്യയുമൊക്കെയായി ഓണം മാറിയപ്പോൾ കാണം വിറ്റും ഓണം ഉണ്ടിരുന്ന ആ കാലവും ഗൃഹാതുരത നിറഞ്ഞ ഒരോർമ്മയായി. "മധുരമീ ഓണം" എന്ന അനുഭവക്കുറിപ്പ് ഓണത്തെക്കുറിച്ചുള്ള മധുരതരമായ ഓർമ്മകൾ പങ്കുവെക്കുന്നു

ഇങ്ങനെ പെരുന്നാളിനെക്കുറിച്ചും സ്കൂളിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും അങ്ങനെയങ്ങനെ വൈവിധ്യമായ, വിശാലമായ അനുഭവങ്ങളുടെ അവിസ്മരണീയമായ ലോകമാണ് അൻപത് കുറിപ്പുകളടങ്ങിയ "മഞ്ഞവെയിൽ നാളങ്ങളി"ലൂടെ ജസീറ അനസ് പകർത്തുന്നത്, ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയ കുറിപ്പുകളാണ് അവയെല്ലാം. ഹൃദയാവർജ്ജകമായ ഭാഷ അതിന് കൂട്ടായിരിക്കുന്നു. അത് പൂർണ്ണമായും അനുഭവ വേദ്യമാകണമെങ്കിൽ ഈ പുസ്തകം മുഴുവനായും വായിക്കുക തന്നെ വേണം.

പെൺമഷി റൈറ്റേഴ്സ് ഫോറത്തിന് വേണ്ടി കണ്ണൂർ പായൽ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  വില. 130 രൂപ.

Content Summary: Malayalam Article Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT