ADVERTISEMENT

ഇന്ന് (24.09.23) കുറ്റിക്കണ്ടത്തിൽ വലിയപ്ലാവുങ്കൽ വീട്ടിലെ അമ്മച്ചിയുടെ ഓർമദിന പ്രാർഥനയിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോഴാണ് ജോർജ് സാറിന്റെ വേർപാട് അറിയുന്നത്...! സുറിയാനി ക്രിസ്ത്യാനികളുടെ പ്രത്യേകമായ ഓർമദിന പ്രാർഥനയിൽ പങ്കെടുത്തപ്പോൾ യാദൃച്ഛികമായി കെ.ജി. ജോർജ് സാറിന്റെ അമ്മയുടെ വിയോഗത്തിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് നടത്തിയ ചരമപ്രസംഗം എങ്ങനെയോ മനസ്സിലേക്കു കടന്നുവന്നു.. അതിന് അര മണിക്കൂറിനു ശേഷമാണ് ജോർജ് സാറിന്റെ വേർപാട് അറിയുന്നത്...! കഥാകൃത്ത് ജോൺ പോളിന്റെ കൂടെ അദ്ദേഹം ചില പരിപാടികളിൽ വേദിയിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും പഴയ കെ.ജി. ജോർജിനെ കാണാൻ കഴിയുമായിരുന്നില്ല.. എങ്കിലും സംസാരം വ്യക്തമാകാത്ത അവസ്ഥയിലും സത്യസന്ധമായി തന്നെ മനസ്സിലുള്ളത് തുറന്നു പറയാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല.. ഞങ്ങൾ മധ്യതിരുവിതാംകൂറുകാരുടെ കൂടെയുള്ള വലിയ പൊങ്ങച്ചം പറച്ചിലുകളിൽ നിന്ന് സാറെന്നും അകലം പാലിച്ചിട്ടേയുള്ളൂ...! 

എൺപതിൽ ഫാക്ട് കൊച്ചിൻ ഡിവിഷനിൽ ട്രെയിനിയായിരുന്ന കാലത്ത് നാനയിൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നായിരുന്നു തുടക്കം. അക്കാലത്തിറങ്ങിയ മേളയും കോലങ്ങളുമേൽപ്പിച്ച ആഘാതമായിരുന്നു ലേഖന രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. അത് ജോർജ് സാറിനെ അറിയിക്കാനുള്ള തത്രപ്പാടിൽ മണർകാട് മാത്യു സാറിൽ നിന്ന് ലഭിച്ച വിലാസത്തിൽ കത്തയച്ചു. ഞെട്ടിച്ചു കൊണ്ട് മറുപടിയുമെത്തി... പക്ഷേ, അപ്പോഴേക്കും വിദേശത്തേക്ക് ഒരു 'പ്രവാസി'യായി ഈ പാവവും എത്തപ്പെട്ടിരുന്നു. പിന്നീട് കത്തുകളിലൂടെയും നേരിട്ടും തുടർന്ന ആ ബന്ധം ഒരു പോറലുമേൽക്കാതെ ഇന്നും നിലനിൽക്കുന്നു. പഴ്സനൽ കാര്യങ്ങൾ പറയുന്നതിൽ വരെ ആ ബന്ധം എത്തി. തിരുവനന്തപുരത്തു നിന്നും സെൽമചേച്ചിയുമൊത്ത് എന്റെ വിവാഹത്തിൽ സംബന്ധിക്കാനദ്ദേഹമെത്തിയതും ഓർക്കുന്നു. 

എത്ര ജീവിത ഗന്ധിയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം.. എല്ലാത്തിനും ഈ മണ്ണിന്റെ ഗന്ധവും. ഒരിക്കൽ സംഭാഷണമധ്യേ കോലങ്ങളിലെ ഒരു സീനിനെക്കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയ മറുപടി 'അതൊക്കെ നമ്മുടെ അമ്മമാർ സാധാരണ പറയുന്നതല്ലേ...' എന്നായിരുന്നു...! പശുവിന് കച്ചി ഇട്ടു കൊടുത്ത ശേഷം മറിയച്ചേടത്തി പശുവിനോട് "മുഴുക്കെത്തിന്നോണം ചവിട്ടിത്തേച്ചു കളയരുത്.." എന്നു പറയുന്നതിനേക്കുറിച്ചായിരുന്നു ചോദിച്ചത്. ആദാമിന്റെ വാരിയെല്ലിലെ വാസന്തിയുടെ അമ്മ കമലമ്മ കാപ്പിയിടാൻ അടുപ്പു കത്തിച്ച ശേഷം മകളോടു ചോദിക്കുന്നു "ഏതാ മോളേ... കാപ്പിപ്പൊടി...." യവനികയിൽ ഭാവന തിയറ്റേഴ്സിന്റെ നാടക വണ്ടിയുടെ ഡ്രൈവർ വണ്ടിയിലേക്ക് കയറുന്ന സീൻ ഓർക്കുന്നുവോ...! കോലങ്ങളിലെ തന്നെ ക്രിസ്മസ് പാചക സീൻ കണ്ടിട്ട് പ്രശംസിച്ചത് സാക്ഷാൽ അടൂർ ഗോപാലകൃഷ്ണൻ. സമാന സീൻ യാത്രയുടെ അന്ത്യത്തിലും കാണാം. ഏബ്രഹാം സാറിന്റെ ഇറച്ചിക്കറി പാചകം.. സസ്യഭുക്കുകൾ പോലും രുചിച്ചു പോവാൻ ആഗ്രഹിക്കും ഈ പാചകങ്ങൾ കണ്ടാൽ... 

തീരെ ചെറിയ കാര്യങ്ങളിൽ പോലും പുലർത്തുന്ന കൃത്യതയും മനോഹാരിതയും സാറിന്റെ സിനിമയിലെ ഓരോ സീനിലും സ്ഫുടമായിരുന്നു.. പണത്തിന്റെ കുറവിൽ വീർപ്പുമുട്ടി എടുക്കുന്ന സീനാണെങ്കിലും ഭംഗിക്ക് കുറവൊന്നുമില്ല. ജീവിതത്തിൽ എന്റെ എല്ലാമായിരുന്ന പിതൃ സഹോദരന്റെ മരണം ഏൽപിച്ച നൊമ്പരത്തിൽ നിന്ന് കരകയറാൻ വളരെ പാടുപെട്ടു നടന്ന കാലം യാദൃച്ഛികമായി ജോർജ് സാറിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് കാണാനിടയായി. എന്റെ താടിയും മുഖഭാവവും കണ്ട സാർ അപ്പോൾ അമൃത ടിവിക്കു വേണ്ടി ചെയ്തു കൊണ്ടിരുന്ന ലഘുചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിപ്പിക്കുകയും ചെയ്തു. അതിനു മുൻപ് അവുസേപ്പച്ചൻ വാളക്കുഴി ഫിലിംസിന്റെ ബാനറിൽ നിർമിച്ചു സാർ സംവിധാനം ചെയ്ത ഈ കണ്ണി കൂടിയിലും തീരെ ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു. പക്ഷേ, ടൈറ്റിലിൽ പേരെഴുതി കാണിക്കാനുള്ള സന്മനസ്സ് അദ്ദേഹം കാട്ടി. 

k-g-george-young
കെ.ജി. ജോർജ്

ഓരോ തവണ അവധിക്ക് നാട്ടിലെത്തുമ്പോഴും സാറിനെ കാണാതെ മടങ്ങാറില്ല. '86ൽ എത്തുമ്പോൾ മണക്കാട്ടായിരുന്നു താമസം. പിന്നീട് പൂജപ്പുരയിലും കലൂരിലും ഏറ്റവുമൊടുവിൽ വെണ്ണലയിലുമൊക്കെ സാറിനെ കാണാനെത്തിയിട്ടുണ്ട്. NFDC യുടെ ഒരു പ്രോജക്ടിനെക്കുറിച്ചൊക്കെ കുറെ ആലോചിച്ചെങ്കിലും നടന്നില്ല... സാറിന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായിരുന്ന സി.വി. ബാലകൃഷ്ണന്റെ 'മരണം എന്നു പേരുള്ളവൻ' എന്ന കഥയായിരുന്നത്. സാർ എഴുതിയ തിരക്കഥയുടെ ഒറിജിനൽ ഒറ്റയിരുപ്പിനു വായിച്ചതും ഓർക്കുന്നു.. അഭിപ്രായം പറഞ്ഞതിൽ ചിലത് സാർ സ്വീകരിക്കുക പോലും ചെയ്തു. അത്രയ്ക്ക് വിശാലമായിരുന്നു ആ മനസ്സ്. വലിയ ഒരു മനസ്സിനുടമയായിരുന്ന ഗുരു രാമു കാര്യാട്ടിന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചിരുന്നിരിക്കാം ശിഷ്യൻ കെ.ജി. ജോർജിനും. രാമു കാര്യാട്ടിനെ അനുസ്മരിപ്പിക്കുന്ന ബുൾഗാനിൻ താടിയെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് 'മുഴുവൻ താടിയുണ്ടായിരുന്നത് കോംപ്രമൈസ് ചെയ്തു ചെയ്തു ഇങ്ങനെയായി' എന്നാണ്. 

സാർ തിരുവനന്തപുരത്തെത്തിയ കാലം മുതലേ സെൽമ ചേച്ചിയേയും അരുണിനേയും താരയേയും അറിയാം. ആസ്റ്ററിക്സിന്റെ കോമിക് ബുക്ക് വായിക്കാനുള്ള താരയുടെ ഇഷ്ടം ഓർക്കുന്നു... വളരെ വിനയത്തോടെ പെരുമാറിയിരുന്ന മിടുക്കനായ അരുണിനേയും ഓർക്കുന്നു. ഒന്നാന്തരമായി ഭക്ഷണം തയാറാക്കാൻ കഴിവുള്ള, വല്ലപ്പോഴുമൊക്കെ ഫോണിലൂടെ സംസാരിക്കുമായിരുന്ന, ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനമായ 'ശരതിന്ദു മലർദീപം നാളം നീട്ടി' തുടങ്ങി ഒട്ടേറെ ഗാനങ്ങളാലപിച്ച സെൽമചേച്ചിയുടെയും (107 വയസ്സു വരെ ജീവിച്ചിരുന്ന, 'കേരള സൈഗാൾ' എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ) കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. 

തിരുവല്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് മലയാള സിനിമയെ ലോക നിലവാരത്തിലെത്തിച്ച ഉജ്വല പ്രതിഭ കെ.ജി. ജോർജ് സാറിന് പ്രണാമം...

Content Summary: Malayalam Memoir Written by Jose K. Thomas Kulanada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT