ADVERTISEMENT

മുല്ലപ്പൂവിന്റെ മണം കേട്ട് ഉണ്ണിക്കുട്ടൻ അതിരാവിലെ മുറ്റത്തേക്ക് ഓടി ചെന്നു. മുറ്റം അടിക്കാൻ വന്ന കാർത്തു ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. ഉണ്ണിക്കുട്ടൻ ചോദിച്ചു...? കാർത്തു ചിരിക്കുമ്പോൾ എങ്ങനെയാണ് മുല്ലപ്പൂവിന്റെ മണം വരുന്നത്?... ഉണ്ണിക്കുട്ടന് അറിയില്ലേ അത് അപ്പുറത്തെ വീട്ടിലെ മുല്ല പന്തലിൽ നിന്ന് വരുന്ന മണം ആണ്. മുറ്റത്ത് ഉണ്ണിക്കുട്ടൻ കുറച്ചു നേരം ഓടി കളിച്ചു. മുറ്റത്തിന് ചുറ്റും വിവിധ നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഉണ്ണിക്കുട്ടന് സന്തോഷം തോന്നി. അടുത്ത വീട്ടിലെ മുല്ല പന്തലിൽ നിന്ന് വരുന്ന മണം കേട്ട് ഉണ്ണിക്കുട്ടൻ അവിടേക്ക് ഓടിച്ചെന്നപ്പോൾ ആ വീട്ടിലെ സീത താഴെ വീണു കിടക്കുന്ന മുല്ലപ്പൂവ് പെറുക്കുക ആയിരുന്നു. മുല്ലപ്പൂവ് പെറുക്കാൻ ഉണ്ണിക്കുട്ടനും കൂടി. ആ സമയം കിഴക്കു നിന്ന് വന്ന തണുത്ത കാറ്റിൽ മുല്ലപ്പൂക്കൾ ആടിയുലഞ്ഞു. വടക്കുനിന്നും തെക്കുനിന്നും ദിശ മാറി ഒരേ സമയം കാറ്റടിച്ചപ്പോൾ മുല്ല പൂവിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അടർന്ന് വീണ മുല്ല പൂക്കൾ എല്ലാം ഉണ്ണിക്കുട്ടന്റേയും സീതയുടെയും മേലെ മഴ പെയ്യുന്നത് പോലെ വീണു. അവർ രണ്ടുപേരും സന്തോഷത്തിൽ പൊട്ടി ചിരിച്ചു തുള്ളിച്ചാടി.

ഓണം അടുത്തു. സീതയുടെ വീട്ടു വളപ്പിൽ ഉള്ള പ്ലാവിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടി കളിക്കുന്നതിനായി തൊട്ട് അടുത്തുള്ള കുട്ടികൾ എല്ലാവരും നാല് മണിക്ക് വരും. ഊഞ്ഞാലിൽ ആടാൻ ഉണ്ണിക്കുട്ടനും പോകും. ഓണത്തിന് സീതയുടെ അച്ഛനും അമ്മയും ലണ്ടനിൽ നിന്ന് വരും. ഓണം കഴിഞ്ഞാൽ സീത ലണ്ടനിൽ പോകും. ഉണ്ണിക്കുട്ടൻ ഈ കാര്യം അറിഞ്ഞത് ഊഞ്ഞാൽ ആടുന്നതിനായി പ്ലാവിൽ ചുവട്ടിൽ വന്നപ്പോൾ മറ്റുള്ള കുട്ടികൾ പറഞ്ഞു കേട്ടതാണ്. സീതയുടെ വീട്ടുകാർ പണക്കാരാണ്, എന്നാൽ പണം ഇല്ലാതെ വിഷമിക്കുന്ന മാതാപിതാക്കളാണ് ഉണ്ണിക്കുട്ടന്റേത്. മുല്ലപ്പൂവ് പെറുക്കാൻ അതിരാവിലെ സീതയുടെ വീട്ടിൽ ചെന്നപ്പോൾ സീത അവിടെ ഇല്ലായിരുന്നു. ഉണ്ണിക്കുട്ടന്റെ വിളികേട്ട് സീത ഓടി വന്നു. തണുത്ത കാറ്റിൽ ആടിയുലയുന്ന മുല്ല പൂക്കൾ താഴെ വീഴാൻ മടിക്കുന്നത് കണ്ട് സീത ചോദിച്ചു?  ഉണ്ണിക്കുട്ടന്റെ മുഖത്തു് എന്താ ഒരു സന്തോഷം ഇല്ലാത്തത്...  ഉണ്ണിക്കുട്ടൻ ഉത്തരമരുളി...നീ ലണ്ടനിൽ പോകുന്നു എന്നറിഞ്ഞിട്ടാണ്. രണ്ട് ദിവസം കഴിഞ്ഞാൽ ഓണം ആണ്. സീതയുടെ  അച്ഛൻ വന്നിട്ടുണ്ട്. നാട്ടിൽ എവിടെയും ഓണത്തിനായി ഒരുക്കങ്ങൾ തുടങ്ങി. 

ഉണ്ണിക്കുട്ടന്റെ വീട്ടിൽ ആണ് ഓണത്തിന് പൂക്കളം മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ കുട്ടികളും പൂക്കൾ പറിക്കുന്ന തിരക്കിലാണ്. ഓണത്തിന് ഓണക്കളി മത്സരം കാണാൻ എല്ലാവരും എത്തിയിരുന്നു. ഓണപ്പാട്ട് കേട്ട് സീതക്കും ഉണ്ണിക്കുട്ടനും വളരെ ഇഷ്ടമായി. പുഴയിൽ വള്ളം കളിയും ഉണ്ടായിരുന്നു. വഞ്ചിപ്പാട്ട് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. നിങ്ങൾക്കും കേൾക്കണ്ടേ വഞ്ചിപ്പാട്ട്…

ആണും പെണ്ണും പോകുന്നുണ്ടെ...

വരി വരിയായ് പിന്നാലെ,

കൊയ്ത്തും മെതിയും ഇന്നാണല്ലോ...

പുഞ്ച പാടത്തു, തിതൈ..., തക... തിതൈ.
 

ചന്ദന പൊട്ടു തൊട്ടവൾ വന്നു...

കൊയ്ത്തിന് ഇമ്പം കൂടി ഏവർക്കും,

മുട്ടിന് മേൽ വെച്ച് മുണ്ടും കുത്തി...

പാട്ടിന് ഒപ്പം തുള്ളി അരിവാൾ, തി... തൈ... തക...തിതൈ.
 

പാടത്തെ പാട്ട് കേട്ടയുടനെ....

സൂര്യനുദിച്ചു കിഴക്കു നിന്ന്,

വട്ടം കളിക്കുന്ന പെണ്ണിനെ കണ്ടാൽ...

സൂര്യന് ചൂട് കൂടി പോകും, തി... തൈ... തക...തിതൈ.
 

കഞ്ഞിയും പയറും കാലത്തെത്തി...

തൊട്ടുതലോടാൻ ചമ്മന്തിയും,

വട്ടം കൂടി കഞ്ഞി കുടിച്ചപ്പോൾ...

എന്തൊരു ആശ്വാസം, തി... തൈ... തക...തിതൈ.
 

കൊയ്ത്തു കഴിഞ്ഞു കറ്റകൾ കൂട്ടി...

ക്ഷീണിതരായി നിന്നപ്പോൾ,

ചന്ദനകുറിയിട്ട പെണ്ണ് വന്ന്...

നൃത്തം കളിച്ചു പാട്ടു പാടി, തി തൈ... തക തിതൈ. 
 

വളരെ സ്വാദിഷ്ടമായ ഓണം ഉണ്ടതിന് ശേഷം കുട്ടികൾ എല്ലാവരും പലതരം കളികളിൽ ഏർപ്പെട്ടു. സീത ഉണ്ണിക്കുട്ടനെ കാണാൻ വന്നപ്പോൾ ഉണ്ണിക്കുട്ടനോട് ചോദിച്ചു? "എന്താണ് ഞാൻ ഉണ്ണിക്കുട്ടന് എന്റെ ഓർമക്കായി തരേണ്ടത്. ഓണം കഴിഞ്ഞാൽ നമ്മൾ കാണില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു "നീ എനിക്ക് ഒരു നേന്ത്ര പഴം തന്നാൽ മതി. എനിക്ക് നേന്ത്ര പഴം വലിയ ഇഷ്ടമാണ്. നീ ലണ്ടനിൽ പോയി തിരിച്ചുവരുന്നത് വരെ ഞാൻ നിന്നെ ഓർത്തിരിക്കും." സീത ആരും അറിയാതെ ഒരു നേന്ത്ര പഴം വീട്ടിൽ നിന്ന് എടുത്തു കൊണ്ട് വന്ന് ഉണ്ണിക്കുട്ടന് കൊടുത്തു. സീതക്കും ഉണ്ണികുട്ടനും വളരെയധികം സന്തോഷം ആയി.

വർഷങ്ങൾ പലതും കടന്നു പോയി. ഉണ്ണിക്കുട്ടൻ വലുതായി അറിയപ്പെടുന്ന ഒരു കർഷകനായി മാറി. നാട്ടിൽ ഏക്കർ കണക്കിന് കൃഷി ഭൂമിയും ഒരു ആനയും സ്വന്തമായി ഇപ്പോൾ ഉണ്ട്. കൃഷി ഭൂമി പാട്ടത്തിന് എടുത്തു നേന്ത്ര വാഴ കൃഷി ചെയ്താണ് ഉണ്ണിക്കുട്ടൻ പണക്കാരൻ ആയത്. വീണ്ടും ഓണം അടുക്കാറായി. അടുത്ത വീട്ടുകാർ ലണ്ടൺ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വരികയാണ്. സീതയുടെ അച്ഛനും അമ്മയ്ക്കും പ്രായമായപ്പോൾ ഇനിയുള്ള കാലം നാട്ടിൽ ജീവിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. മകൾ സീത, അവളുടെ എഡ്യൂക്കേഷൻ എല്ലാം കഴിഞ്ഞു. ഒരു വിവാഹത്തെ കുറിച്ച് ഇപ്പോഴും ചിന്തിച്ചിട്ടില്ല. സീതയും കുടുംബവും ഓണത്തിന് ഒരു ആഴ്ച മുൻപ് വന്നു. സീത അതിരാവിലെ അമ്പലത്തിൽ തൊഴാൻ പോയി തിരിച്ചു വരുമ്പോൾ ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് വന്നു. സീതക്ക് ഉണ്ണിക്കുട്ടന്റെ വീട് കണ്ടിട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ട് നില വീടിന്റെ മുൻപിൽ ഉള്ള പൂന്തോട്ടം കണ്ടാൽ ആരും കൊതിച്ചു പോകും. വീടിന്റെ മുറ്റത്ത് നേന്ത്ര വാഴക്കുല ചന്തയിലേക്ക് കൊണ്ട് പോകുവാൻ ഒരു വാഹനം വന്ന് നിൽക്കുന്നുണ്ട്. സീതയെ അപ്രതീക്ഷിതമായി കണ്ട ഉണ്ണിക്കുട്ടൻ വളരെ സന്തോഷവാനായി.

സീതയെ കണ്ട ഉണ്ണിക്കുട്ടൻ… "ഹായ് സീത എപ്പോ വന്നു, എന്താണ് വിശേഷം, നിനക്ക് നേന്ത്രപഴം വേണോ…" ഉണ്ണിക്കുട്ടന്റെ സംസാരം കേട്ട് സീത പൊട്ടിച്ചിരിച്ചു. "നീ വലിയ ആളായല്ലോ! നിന്റെ വീടൊക്കെ അടിപൊളി ആയിട്ടുണ്ടല്ലോ. ഞാൻ ഇനി ലണ്ടനിൽ പോകുന്നില്ല. അച്ഛനും അമ്മയും പ്രവാസി ജീവിതം അവസാനിപ്പിച്ചു. ഞാനും ഇവിടെ കൂടാം എന്ന് വിചാരിക്കുന്നു." സീതയുടെ മറുപടി കേട്ട് ഉണ്ണിക്കുട്ടന് സന്തോഷം ആയി. മറ്റൊരു ദിവസം സീത അവളുടെ മനസ്സിലുള്ള ആഗ്രഹം ഉണ്ണികുട്ടനോട് പറഞ്ഞു. ഉണ്ണിക്കുട്ടന് സന്തോഷമായി. അവൻ ആഗ്രഹിച്ചതും അത് തന്നെ ആയിരുന്നു. അങ്ങനെ ഒരു ദിവസം അവരുടെ വിവാഹം കഴിഞ്ഞു. രണ്ട് പേരും വളരെ ഹാപ്പി ആയി. മുല്ലപ്പന്തലിൽ വീണ്ടും നിറയെ പൂക്കൾ വിരിഞ്ഞു. തെക്കു നിന്നും വടക്കു നിന്നും കാറ്റ് വന്നു. മുറ്റത്തെ മുല്ല പന്തലിൽ നിന്ന് വീഴുന്ന മുല്ല പൂവ് പെറുക്കാൻ രണ്ട് പേരും മുല്ല പന്തലിൽ എത്തി.

Content Summary: Malayalam Short Story ' Unnikkuttante Kathayum Vanchippattum ' Written by Vincent Kunjuvareed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT