ADVERTISEMENT

ഇരിക്കുന്നവരാരും

കരഞ്ഞേക്കല്ലെന്ന്

കുഞ്ഞേനച്ഛൻ പറഞ്ഞ്

ഏൽപ്പിച്ചിട്ടുണ്ട്.

കുഞ്ഞേനച്ഛന്റെ

മരണത്തിന്

എല്ലാവരും

കോമാളി ചിരി ചിരിച്ചാൽ മതി.
 

ആറ്റ പുല്ലിറങ്ങി

കുഞ്ഞേനച്ഛൻ വെളിക്കിറങ്ങിയ

പറമ്പെല്ലാം,

ഒറ്റക്കിരുന്ന് പൂശാറുള്ള

മൊട്ടക്കുന്നെല്ലാം

കുഞ്ഞേനച്ഛനെ കാണുമ്പോൾ മാത്രം

അനുസരണയോടെ നിൽക്കണ

അമ്മിണി പശുവെല്ലാം

വരിവരിയായി വന്ന്

ചിരിച്ച് പോകട്ടെ.
 

ഇനിയാര്

അതിരിട്ട പറമ്പിൽ

വെളിക്കിരിക്കും.

മൊട്ട കുന്നിലെ

പെൺ ദൈവങ്ങൾ

കൊപ്പമിരുന്ന്

കള്ള് പൂശും.

"ഉടയോരില്ലാത്ത

ഭൂമി പോലെയാണ്

ഉറ്റവരാരുമില്ലാത്ത

താനുമെന്ന്"

കുഞ്ഞേനച്ഛൻ പറയും.
 

തെക്കേ തൊടിയിൽ

കുഞ്ഞേനച്ഛനും

പടിഞ്ഞാറെ തൊടിയിൽ

ആയിരം പെൺദൈവങ്ങളും

ഒരുമിച്ച് പെറന്നു.

എന്നിട്ടും ഒരൊറ്റ ദൈവം പോലും

കുഞ്ഞേനച്ഛന്റെ

മരണത്തിന് പാന പാടാൻ

ധൈര്യപ്പെട്ടില്ല.

തെക്കെ തൊടിയിലുള്ളവരെ

ആശ്വസിപ്പിച്ചില്ല.
 

കടത്തൂന്ന്

വന്ന ആൾ കാറ്റ്

മാത്രം

കുഞ്ഞേനച്ഛന്റെ

മരണം പറഞ്ഞിരുന്നു.

കാറ്റടിക്കുമ്പോൾ പാറാറുള്ള

അയാളുടെ ജട പിടിച്ച മുടിയെവിടെ?

കുഴഞ്ഞ നാവിന്റെ പാട്ടെവിടെ?

കുഞ്ഞേനച്ഛൻ ചത്തു.

പുലർച്ചയ്ക്ക്.

കുഞ്ഞേനച്ഛൻ ചത്തു

നട്ട പാതിരയ്ക്ക്.
 

ഇനിയൊരു കടത്തും

കുഞ്ഞേനച്ഛന്റെ മക്കൾക്ക്

പുഴ തരില്ല.

സർക്കാർ സ്കൂളിൽ

കുഞ്ഞേനച്ഛന്റെ കുട്ടികൾ

പാഠം പഠിക്കേണ്ടതില്ല.

കുഞ്ഞേനച്ഛന്റ കുട്ടികൾ

കുഞ്ഞേനച്ഛനായാൽ മതി.

ഉടയവരും

ഉറ്റവരും

ഇല്ലാത്തവരായാൽ മതി.
 

കുഞ്ഞേനച്ഛൻ ചത്തു.

ചത്തവരാരും 

തിരിച്ചു വരില്ല.

ചത്തവരുടെ കവിതകൾ

വഞ്ചി പായയിലിട്ട്

പുഴ കടത്തുന്നു. നാടുകടത്തുന്നു.
 

കുഞ്ഞേനച്ഛന്റെ മക്കൾ

കരയിലൊറ്റയ്ക്ക്.. 

നാട്ടിലൊറ്റയ്ക്ക് ..

പടിഞ്ഞാറെ തൊടിയുടെ

അതിരിൽ

തെക്കെ തൊടി നോക്കി.

ആയിരം പെൺ ദൈവങ്ങൾ

ഒപ്പം കരഞ്ഞു.
 

ചിരിച്ചു കുളിച്ച

ചാവടിയന്തിരത്തിന്

കുഞ്ഞേനച്ഛന്

അര കള്ള് കാക്ക കരച്ചിൽ മാത്രം കൂട്ട് .

കുഞ്ഞേനച്ഛനുള്ളപ്പോൾ

നാട്ടിലൊരു കാക്കയും

കരഞ്ഞോണ്ട് പുലരികളെ

വരവേറ്റിട്ടില്ല
 

Content Summary: Malayalam Poem ' Kunjenachante Chavadiyanthiram ' Written by Adith Krishna Chempath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT