ADVERTISEMENT

"മോനെ അപ്പൂ നാളെ ഉത്രാടത്തിനു മാവേലി വരുന്നുണ്ടെന്നും പറഞ്ഞു നീ കഴിഞ്ഞ വർഷങ്ങളിലെ പോലെ പുലർച്ചക്ക് ഞാനറിയാതെ കിണറിനടുത്തു പോയി കാത്തു നിൽക്കരുത്, അല്ലേലും നിന്നോടാരാ പറഞ്ഞെ മാവേലി കിണറിനകത്തു നിന്നാണ് വരുന്നെന്നു." "എന്റെ അച്ഛാ മാവേലി പാതാളത്തിലേക്കല്ലേ പോയെ, അപ്പൊ തിരിച്ചു വരുന്നത് കിണറിൽ കൂടിയായിരിക്കണമല്ലോ." "എന്റെ മോനെ ഇതൊക്കെ നിന്നോടാരാ പറഞ്ഞു തരുന്നത്, നിനക്കു മാവേലിയെ ഞാൻ നാളെ അസോസിയേഷന്റെ പരിപാടിക്കു പോവുമ്പോ കാണിച്ചു തരാ, അല്ലേലും നിനക്കു മാവേലിയെ കണ്ടിട്ടെന്തിനാ." "എനിക്കൊന്നും കാണണ്ട ഡ്യൂപ്ലിക്കേറ്റ് മാവേലിയെ, എനിക്ക് ഒറിജിനൽ മാവേലിയെ തന്നെ കാണണം, എന്നിട്ടു എനിക്കെന്റെ അമ്മയെ തിരിച്ചു ഭൂമിയിലേക്കു കൊണ്ട് വരാൻ പറയണം." "മോനെ ഞാൻ നിന്റടുത്തു പറഞ്ഞതല്ലേ , 'അമ്മ നമ്മളെ വിട്ടുപോയതാണ്, മാത്രമല്ല 'മോന്റെ അമ്മ സ്വർഗ്ഗലോകത്തേക്കായിരിക്കും, മാവേലി പാതാള ലോകമല്ലേ, മാവേലി എങ്ങനെ അമ്മയെ കൊണ്ട് വരാനാ, അതോണ്ട് മോൻ നാളെ കിണറിനടുത്തേക്കൊന്നും പോവരുത്ട്ടോ, അപകടമല്ലേ അത്, മോന് വല്ലോം പറ്റിയാൽ അച്ഛന് ആരാ ഉള്ളത്, (കണ്ണ് നിറയുന്നു). മോൻ ഉറങ്ങിക്കോട്ടോ."അപ്പു ഒന്നും മിണ്ടാതെ കിടക്കുന്നു.

പിറ്റേന്ന് രാവിലെ എല്ലാ ഉത്രാട ദിനങ്ങളിലെ പതിവ് പോലെ തന്നെ അപ്പു പുലർച്ചക്ക് എഴുന്നേറ്റു അച്ഛനറിയാതെ കിണറിനടുത്തു പോയി മാവേലിയെ കാത്തിരിക്കാൻ തുടങ്ങി, മുറ്റത്തുള്ള കൂട്ടിൽ പൂവൻ ചെറുതായി കൂവി തുടങ്ങിയിട്ടുണ്ട്. അച്ഛൻ എങ്ങാനും എണീക്കുമോയെന്നുള്ള ഭയം അപ്പുവിലുണ്ട് എന്നാലും പ്രതീക്ഷ കൈ വിടാതെ അപ്പു കാത്തിരിക്കാൻ തുടങ്ങി, കിണറിനു പുറത്തുള്ള തിണ്ണയിൽ അപ്പു ചെറുതായൊന്നു മയങ്ങിയപ്പോഴെക്കും ആരോ കൈയ്യിൽ തട്ടിയപ്പോ അച്ഛനാണെന്നു കരുതി ഞെട്ടിയെഴുന്നേറ്റപ്പോ കണ്ട രൂപം കണ്ടു പേടിച്ചു പോയി. അപ്പു ഭയന്നു വിറങ്ങലിച്ചു കൊണ്ട് കണ്ണ് പൊത്തി ആരാണെന്നു ചോദിച്ചു. "നീ ആരെയാണോ ഈ കിണറിനടുത്തു കാത്തിരുന്നേ, ആ ആളാണ് നിന്റെ മുന്നിൽ നിൽക്കുന്നത്." അപ്പു ചെറുതായി കണ്ണ് തുറന്നു, "മാവേലിയോ, മാവേലി ഇങ്ങനെയല്ലലോ, കൊമ്പൻ മീശയില്ല, വെളുത്ത നിറമില്ല, കുടവയറുമില്ല പിന്നെ കുടയുമില്ല." "ഹഹഹ, അതൊക്കെ ജനങ്ങളെ ഭാവനയിൽ ഓരോരോ രൂപമുണ്ടാക്കിയതല്ലേ, എനിക്കീ മണ്ണിന്റെ രൂപമാണ്, ഞാൻ നിങ്ങളിലൊരാളാണ്, പിന്നെ എന്റെ കാലഘട്ടത്തിലായതോണ്ട് എനിക്കിത്തിരി വണ്ണം കൂടുതലാണെന്നു മാത്രം, അപ്പു പേടിക്കണ്ടാട്ടോ, ഇത്രയും കാലം മോൻ എന്നെ കാത്തിരുന്നതല്ലേ മോന് എന്താ മാവേലി തരിക, മോന് എന്ത് സമ്മാനമാണ് വേണ്ടത്."

അപ്പുവിന്റെ മുഖത്തു ചിരി വിടർന്നു, ഇനി ഇത് സ്വപ്നം കാണുകയാണോ എന്നുള്ള സംശയത്തിൽ ചെറുതായി മാവേലിയുടെ കൈ ഒക്കെ തൊട്ടു നോക്കി നോക്കി ഉറപ്പു വരുത്തി പറഞ്ഞു, "എനിക്ക് സമ്മാനമൊന്നും വേണ്ട, എനിക്കെന്റെ അമ്മയെ തിരിച്ചു കൊണ്ട് വന്നു തന്നാൽ മതി." "അയ്യോ മോനെ മോന്റെ അമ്മ ഈ ലോകംവിട്ടു പോയതാണ്, അങ്ങനെയുള്ളവരെ ഒന്നും തിരിച്ചു കൊണ്ട് വരാനാവില്ലലോ മോനെ." "അങ്ങ് പ്രജകളുടെ ഏതാവശ്യവും നിറവേറ്റികൊടുക്കുന്നയാളല്ലേ, വാമനന് വേണ്ടി സ്വന്തം ശിരസ്സ് കാണിച്ചു കൊണ്ട് പാതാളത്തിലേക്കു പോയ അങ്ങ് എന്റെയൊരു ചെറിയ ആഗ്രഹം പോലും നിറവേറ്റാൻ പറ്റില്ലേ." "മോന്റെയമ്മ സ്വർഗ്ഗലോകത്തല്ലേ, അവിടെ ഭരിക്കുന്നത് ദേവന്മാരാണ്. അവിടെയുള്ളവരെയൊന്നും തിരിച്ചു ഭൂമിയിലേക്കു അയക്കില്ല, അതവിടുത്തെ നിയമമാണ്." അപ്പു കരയാൻ തുടങ്ങി.. "മാവേലി എനിക്കെന്റെ അമ്മയെ ഓർമയും കൂടിയില്ല, ഞാൻ രണ്ടു വയസായപ്പോ പോയതാണ്, എനിക്കൊന്നു കണ്ണ് നിറയെ കണ്ടാൽ മതി, കുറച്ചു നേരത്തേക്കെങ്കിലും ഒന്നു സംസാരിച്ചാൽ മതി, അമ്മയുടെ മടിയിൽ ഒന്നു തല വെച്ചാൽ മതി, പ്ലീസ് മാവേലി." "മോനെ.. ഞാൻ ശ്രമിക്കാം, അവിടെ ദേവന്മാർ കാണാതെ കുറച്ചു നേരത്തേക്ക് ഞാൻ അമ്മയെ കൊണ്ട് വരാൻ പറ്റുമോന്ന് നോക്കാം, പക്ഷെ കുറച്ചു നേരത്തേക്ക് മാത്രമേ പറ്റുള്ളൂ, അതുവരേക്കും മോൻ കണ്ണടച്ചിട്ടു 25 വരെയെണ്ണണം, എണ്ണിക്കഴിഞ്ഞിട്ടേ തുറക്കാൻ പാടുള്ളു."

അപ്പുവിന്റെ മുഖത്തു വീണ്ടും ചിരി തെളിഞ്ഞു. അപ്പു വേഗം കണ്ണടച്ചു എണ്ണാൻ തുടങ്ങി, ഒന്ന്, രണ്ട് ഓരോന്നും എണ്ണുമ്പോഴും അപ്പുവിന് ആവേശം കൂടി, എണ്ണിക്കഴിഞ്ഞു അപ്പു ചെറുതായി കണ്ണ് തുറന്നപ്പോഴെകും അപ്പുവിന്റെ 'അമ്മ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തുടങ്ങി. അപ്പുവും അമ്മയെ നോക്കി കരയാൻ തുടങ്ങി, അമ്മയ്ക്ക് അപ്പുവിനെ കെട്ടിപിടിച്ചും തലോടിയും മതിയാവുന്നില്ല. "എന്തിനാ അമ്മെ എന്നെ വിട്ടുപോയെ" അപ്പു തേങ്ങിക്കൊണ്ടു ചോദിച്ചു. "അമ്മയെ ദൈവം തിരികെ വിളിച്ചതാ മോനെ, വിട്ടു പോയതല്ല, എന്റെ പൊന്നു മോനെ വിട്ടു പോവാൻ അമ്മയ്ക്ക് കഴിയുമോ, എന്റെ പൊന്നുമോൻ വലുതായല്ലോ, ഞാൻ പോവുമ്പോ നീ കുഞ്ഞായിരുന്നു, മോൻ പറയുമ്പോ എത്രവട്ടമാണ് ഞാനീ മുറ്റത്തു കൂടി എടുത്തു നടന്നതെന്ന് അറിയുമോ, ഭയങ്കര കുസൃതിയായിരുന്നു, മോനിപ്പോ സ്കൂളിലൊക്കെ പോവാൻ തുടങ്ങിയോ, അച്ഛനെവിടെ?? ഉറങ്ങുവാണോ." അപ്പു കണ്ണുനീര് തുടക്കുന്നു, "ഞാനിപ്പോ ആറാം ക്ലാസിലാ അമ്മെ, അച്ഛൻ ഉറങ്ങുവാ, ഞാൻ അറിയാതെ മെല്ലെ വന്നതാ, എനിക്കറിയാമായിരുന്നു മാവേലി അമ്മയെ കൊണ്ട് വരുമെന്നു. എന്നിട്ട് മാവേലി എവിടെ ആള് പോയോ." "ആറാം ക്ലാസിലെത്തിയോ എന്റെ പൊന്നുമോൻ, മാവേലി ഇപ്പൊ വരും, മോനെ അച്ഛൻ നന്നായി നോക്കാറുണ്ടോ, മോൻ നന്നായി ഭക്ഷണമൊക്കെ കഴിക്കണംട്ടോ, മോൻ നന്നായി പഠിക്കണം, മോന് ഒരുപാട് കൂട്ടുകാരൊക്കെയുണ്ടോ?" "അച്ഛൻ എന്നെ പൊന്നുപോലെ നോക്കാറുണ്ട്, ഞാൻ ക്ലാസിൽ സെക്കന്റ് ആണ്, ശ്രീകുട്ടിയാണ് ഫസ്റ്റ്, അടുത്ത പരീക്ഷക്കു ഞാൻ ഫസ്റ്റ് ആവും, എനിക്ക് ഇഷ്ടംപോലെ കൂട്ടുകാരുണ്ട്, പക്ഷെ എല്ലാരും അമ്മയെ പറ്റി ചോദിക്കുമ്പോ എനിക്ക് കരച്ചിൽ വരും. എനിക്ക് അച്ഛൻ മാത്രമേയുള്ളു എന്നു പറയേണ്ടി വരും." അമ്മ കണ്ണ് തുടക്കുന്നു, "അത് സാരമില്ല മോനെ, മോന് അച്ഛനും അമ്മയുമൊക്കെയായി അച്ഛൻ ഒരാൾ മതി. മോൻ കുസൃതിയൊന്നും കാണിച്ചു അച്ഛനെ ബുദ്ധിമുട്ടിക്കരുത്ട്ടോ." "ഇല്ല അമ്മെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാ."

മാവേലി അപ്പോഴേക്കും വന്നു. "അതേ അമ്മയുടെ സമയം കഴിഞ്ഞു. ഇപ്പൊത്തന്നെ തിരിച്ചു പോവണം, ഇല്ലെങ്കിൽ പ്രശ്നമാവും." "ഇല്ല ഞാൻ അമ്മയെ വിടില്ല, വാ അമ്മെ നമുക്ക് അച്ഛന്റടുത്തേക്കു പോവാം," അപ്പു കരയാൻ തുടങ്ങി. "മോനെ അപ്പു, എനിക്ക് പോയെ പറ്റുള്ളൂ, ഞാൻ പോവുന്നതിനു മുമ്പ് അപ്പു എനിക്കൊരു കാര്യം പ്രോമിസ് തരണം, അച്ഛനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കണം, മോന് പുതിയൊരു അമ്മയെ വേണം, മോന് അനിയനും അനിയത്തിയൊക്കെ വേണം. മോന്‍ അച്ഛനെ നിർബന്ധിക്കണം." "ഇല്ല അമ്മെ, എനിക്കെന്റെ അമ്മ മതി, എനിക്ക് അമ്മയെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. എനിക്കെന്റെ അമ്മയെ ഇനിയും കെട്ടിപിടിച്ചു കിടക്കണം. എനിക്കെന്റെമ്മയെ കൂട്ടുകാരെ കാണിക്കണം." അപ്പു കരഞ്ഞു കൊണ്ട് പറഞ്ഞു. അമ്മ കരഞ്ഞു കൊണ്ട് അപ്പുവിനെ കെട്ടിപിടിക്കുന്നു. "അതല്ല മോനെ അച്ഛനും ഒരു കൂട്ട് വേണം, എനിക്ക് പോയെ പറ്റുള്ളൂ." മാവേലി "മോൻ ഇപ്പൊ കണ്ണടക്കണം, എന്നിട്ടു 25 വരെ എണ്ണിത്തുടങ്ങണം, എന്നാലെ അമ്മയ്ക്ക് തിരിച്ചു പോവാൻ പറ്റുള്ളൂ. ഇല്ലെങ്കിൽ അമ്മയെ നരകത്തിലാക്കും." "അയ്യോ വേണ്ട എന്റെയമ്മ നരകത്തിൽ ആവണ്ട," അപ്പു അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കരഞ്ഞു കൊണ്ട് കണ്ണടച്ചു എണ്ണി തുടങ്ങി.

പെട്ടെന്നു ആരോ കൈയ്യിൽ തട്ടി. അപ്പു ഞെട്ടി കണ്ണ് തുറന്നപ്പോൾ അച്ഛൻ വന്നിട്ടുണ്ട്‌. "മോനെ അപ്പു നിന്റടുത്തു ഞാൻ എത്ര പറഞ്ഞിട്ടുള്ളതാ ഈ കിണറിനരികെ വന്നു ഉറങ്ങരുതെന്നു." "അച്ഛാ ഇപ്പൊ അമ്മയേം കൊണ്ട് മാവേലി വന്നിരുന്നു, ഞാൻ കണ്ണടച്ചപ്പോഴേക്കും അവർ പോയി, അമ്മയെ ഞാൻ കണ്ടു കെട്ടിപ്പിടിച്ചു അച്ഛാ." "എന്താ മോനെ ഇവിടെ കിടന്നുറങ്ങി വല്ല സ്വപ്നവും കണ്ടതായിരിക്കുമല്ലേ" "അല്ല അച്ഛാ സത്യായിട്ടും ഞാൻ മാവേലിയെ തൊട്ട് നോക്കി ഉറപ്പു വരുത്തിയതാ, ഞാനും അമ്മയും ഒരുപാട് കരഞ്ഞു." "ഉം ശരി നീ വാ," അച്ഛൻ അപ്പുവിനേം കൂട്ടി വീടിനകത്തോട് നടക്കുമ്പോ, കിണറിനരികെ അവിടെങ്ങുമില്ലാത്ത മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റിനോടൊപ്പം അലയടിക്കുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Maveliye Kathirippoo ' Written by Rezlan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT